1 : ഭയഹരം
തീയാളും മിഴിയുള്ളവൻ
ഉത്തുംഗ പ്രണയത്തിന്റെ ഹിമാർദ്രതയ്ക്കു മേൽ
പാതിമെയ് കടം കൊടുത്തവൻ കേവലാഹ്ളാദത്തിന്റെ ചന്ദ്രികച്ചാറണിഞ്ഞവൻ
ശ്മശാനവാസി, നിസ്വൻ ഏകാന്തശൈലങ്ങളിൽ സ്വയം പ്രകാശിക്കുന്നവൻ , ഭയഹരൻ..
അപഥ സഞ്ചാരിയാം ഒരു ദുർഗ്ഗംഗയെ ശിരസ്സിലണിഞ്ഞവൻ
അവന്റെ തൃപ്പാദങ്ങളിലെന്റെ
നിത്യ ശയനം..
2. നീലാഭം
നിർവ്വികാരതയുടെ നീലാഞ്ജനക്കല്ലിനെയാണ് പ്രതിഷ്ഠിച്ചത്.. പഞ്ചാഗ്നി മദ്ധ്യത്തിൽ നിന്ന്
ഉടൽ വെന്ത് ജീവ പ്രതിഷ്ഠ.. കാടിന്റെ രൗദ്രസംഗീതത്തിൽ സിരകൾ..
മഴയുടെ ചടുലതാളത്തിൽ മന:സ്പന്ദനം..
ജീവനെ ഊതി ഊതിപ്പെരുക്കി പ്രാണപ്രതിഷ്ഠ..
ഉള്ളിലെ നെരിപ്പോടു കൊണ്ട് നെറ്റിക്കണ്ണ്..
അഹോരാത്രം തിരുനാമസഹസ്രങ്ങളുടെ
കണ്ണീർ ജപത്തിൽ
ഉടലിന്റെ തടവറയിൽ
നിത്യ പ്രതിഷ്ഠ..
ഇനി നിർവ്വികാരതയുടെ നീലാഞ്ജനക്കല്ല്
തിരികെച്ചോദിക്കരുത്..
3. ആനന്ദ പൂർണ്ണിമ
ആ നീലാഞ്ജനക്കല്ല്
ആയിരം കുടംകണ്ണീർ ധാരയിൽ കുളിപ്പിച്ച് ധർമ്മവൃക്ഷത്തണലിൽ പ്രതിഷ്ഠിച്ചത് ഒരു തൃക്കൺ വെളിച്ചത്തിലലിഞ്ഞ്
ആർദ്രതയുടെ പാൽക്കടലായ് ഹൃദയത്തിൽ നിറയെ ... അഹംഭാവമുടഞ്ഞ്
കാലദിഗ്ഭ്രമങ്ങൾ മാഞ്ഞ് ബന്ധനങ്ങളുടെ
കടുംകെട്ടുകളൂർന്നു പോകുന്ന
ഒരു ബോധ പൂർണ്ണിമയിൽ
ആനന്ദ ലയനം...
4. ചിലന്തി ഒരു ചിലന്തിയാണത്.. നിശ്ശബ്ദമായിരുന്ന്
വലകൾ നെയ്ത്
ഓരോ പ്രാണിയേയും തന്നിലേയ്ക്കാകർഷിക്കുന്ന കരകൗശലം..
ഒരു മരുഭൂമിയിൽ
നിശ്ശബ്ദമായി നില്ക്കുന്ന
ഏക മരമായിരുന്നുവത്...
ഇല കളെല്ലാം പൊഴിഞ്ഞ്
മൗനമായി
വിഷാദമെന്ന വാക്കിന്റെ
ആഴത്തോളം..
പെട്ടെന്നുറന്നൊഴുകുന്ന
നീർച്ചാലുകൾ പോലെ
നിറയെ തളിരുകൾ
പൊടിയുന്നതിൽ ശപിച്ച്
നീറി നീറി എപ്പോഴേ
പട്ടുപോകുന്ന ഒരു പാഴ്മരം..
5. ഗീതാജ്ഞലി
നിന്റെ നിദർശനങ്ങൾ പുറത്തെങ്ങും നിറഞ്ഞിരിക്കുന്നതു കൊണ്ട്
അകം പ്രകാശ നിർഭരം.. നിരസ്തതാരകം ഉയർത്തിപ്പിടിച്ച
വെള്ളി വിളക്കുകൾ..
വെറുതേ വെറുതേയെന്നു കാത്തു നില്ക്കുന്ന വിളറിയ തിങ്കൾക്കല.. തണുത്ത മഞ്ഞ നാളം മറന്നു വച്ചു പോയ പകൽപ്പെരുമാളിനെ
കാത്തു കിടക്കുന്ന രാജ രഥ്യകൾ..
തീ തിന്നുന്ന പക്ഷി പാടുന്ന
പാട്ടിൽ സംഗീത സാന്ദ്രമാകുന്ന സായാഹ്നങ്ങൾ..
ഇത്രയേറെ ജലഭര മേഘങ്ങൾ
നിറഞ്ഞയാകാശമെങ്ങിനെയാണ് പ്രളയം കയറിയിറങ്ങിയ
പാഴ്പ്പറമ്പു പോലെ
നി:ശ്ശൂന്യമായത്..
6. വെറുതേ ഒരു പുഴ
നേർവഴിമാത്രം ഒഴുകുന്ന പുഴ കരകളെ നനച്ച്
മീൻ കുഞ്ഞുങ്ങളെ നെഞ്ചോടു ചേർത്ത്
ശാന്തി മാത്രം കുടഞ്ഞെറിയുന്ന നിർവ്വികാരതയുടെ നേർത്ത പുഴ.. വഴി തിരിയാതെ
ചുഴികളും മലരികളും
കടം കൊള്ളാതെ
അഗാധ ഗർത്തങ്ങളെ
അശാന്തിയുടെ
അടിയൊഴുക്കുകളെ ഹൃദയത്തിലൊതുക്കാതെ പുഴ.. അലറിക്കുതിച്ച്
ഒടുങ്ങാത്ത സംവേഗങ്ങളെ
നുരയായ്
പതയായ് ഒഴുക്കി
സാഗരം തേടി പാഞ്ഞു പോകാതെ തലതല്ലിപ്പിടഞ്ഞ്
അനന്ത സങ്കടങ്ങളെ
പ്രളയമായിപ്പുറത്തെടുക്കാതെ
ആയിരം കൈകൾ കൊണ്ടു തലോടുന്ന പ്രാണ വൃക്ഷങ്ങളെ തട്ടിത്തെറുപ്പിച്ച് ഒടുങ്ങാത്ത നിലവിളിപെയ്യാതെ പുഴ..
7 : പ്രണയിനി
പ്രാണനിൽ കുടികൊള്ളുന്ന അനന്തശായിയ്ക്കു ചുറ്റും
നാരദാദി മുനികൾ നൂറ്റെട്ടുപനിഷത്സുന്ദരികൾ
ആ തൃക്കൺ വെളിച്ചത്തിൽപ്പെടാത്തവൾ, തിരസ്കൃത,
ഹൃദയബന്ധനങ്ങളുടെ
അംഗുലീയകം
തിരിച്ചെടുക്കേണ്ടി വന്നവൾ, നോവുണ്ടു മുഷിഞ്ഞ ഹൃദയം അലക്കിയലക്കിത്തേഞ്ഞു പോയ വിരലുകൾ കൊണ്ട്
അവൾ കൊരുത്ത ജന്മാന്തരപാശങ്ങളുടെ
തുളസീ മാല നിന്റെ വക്ഷസ്സിൽ - അവളുടെ പ്രാണ സ്പന്ദനങ്ങൾ
നിന്റെ തിരുമുടിയിലെ മന്ദാരമലരുകൾ... നാവുണരുന്നതെല്ലാം
നാമജപങ്ങൾ..
കാഴ്ച മടുത്ത കണ്ണുകളിലെപ്പോഴും മയിൽപ്പീലിക്കണ്ണ്..
ഓരോ അണുവിലും ആ നീലാഞ്ജനദ്യുതി നിറഞ്ഞിരിയ്ക്കുന്നതു കൊണ്ട്
സാദൃശ്യേമോ സാരൂപ്യമോ അല്ല
വിരൂപയായ കൂനിയുടെ
സായൂജ്യഭാവം .
8: ജ്ഞാനകാണ്ഡം
ഇനി പ്രാണനിൽ നിന്നു
ചൂഴ്ന്നെടുത്ത ആ നീലാഞ്ജനക്കല്ല് ബാഡവാഗ്നിയേയും
കാള കൂടത്തേയും ഒളിപ്പിച്ച സമുദ്രത്തിലേയ്ക്ക് വലിച്ചെറിയാം..
അത് സമുദ്രത്തെ തിളപ്പിച്ച് വറ്റിയ്ക്കുന്നത് അല്ലെങ്കിൽ
പ്രളയ ജലത്തിനും മേലെ നീലത്താമരയായ്
ഉയർന്നു നില്ക്കുന്നത്
അന്തർദ്ദർശനം..
പിന്നെ വെറുതേ മുളച്ച ഒരു പാഴ്ച്ചെടിയേയും ലാവണ്യത്തിന്റെ നിലാവൊളിയേയും ഒരു പോലെ മോഹിപ്പിച്ച ആ മയിൽപ്പീലി ആകാശത്തിനു സമ്മാനിയ്ക്കുക..
അതു നിരുദയ താരകങ്ങൾക്കു വെളിച്ചവും ക്ഷണികതയുടെ ഇന്ദ്രചാപങ്ങൾക്ക്
നിത്യതയും നല്കട്ടെ..
9 : മഴ
മരമൊരു മഴ നനഞ്ഞു
ഒന്നു കുടഞ്ഞ്
നിവർന്നു നിന്നു തുവർത്തിക്കൊടുക്കുന്ന
കാറ്റിനെ കണ്ടില്ലെന്നു നടിച്ച്
തണുത്ത കൈകൾ കൂപ്പി ആകാശത്തിനു മുന്നിൽ
വിനയം ഭാവിച്ച് പിന്നെ
മടുത്തു നരച്ച് മുഖം
കുനിയ്ക്കുമ്പോൾ
വീണ്ടും മഴ ...
10 : ചോദ്യോത്തരങ്ങൾ
നക്ഷത്രങ്ങൾ
കെട്ടുപോവുന്നതിനെ ചൊല്ലി
ഇരുട്ടിലൂടെ കണ്ണുതുറന്നു നടന്ന് തുറക്കാത്ത വാതിലിനു മുന്നിൽ നിന്നു നിലവിളിച്ചിട്ടുണ്ടു ഞാൻ.. ആകാശമൊക്കെ നരയ്ക്കുന്നതിനെപ്പറ്റി പൂത്ത രാജമല്ലിമരത്തിനു മുന്നിൽ നിന്ന് തീ പിടിച്ച കാടു പോലെ പൊട്ടിപ്പിളർന്ന് നൊമ്പരപ്പെട്ടിട്ടുണ്ട് ഞാൻ.. ലോകത്തിന്റെ മുഴുവൻ നിശ്ശബ്ദതയും കൈയ്യിലെടുത്തു പിടിച്ച് ഒടുങ്ങാത്ത അവഗണനയ്ക്കു മുന്നിൽ ഉന്മാദത്തോടെ സാഗരം പോലെ കലമ്പൽ കൂട്ടിയിട്ടുണ്ടു ഞാൻ..
ഞാൻ മാത്രം നിർവ്വചിച്ച താളത്തിൽ തുടിയ്ക്കുന്ന നിന്റെ ഹൃദയത്തെ പൊതിഞ്ഞു പിടിയ്ക്കുന്ന തിരുവസ്ത്രങ്ങളെങ്ങിനെയാണ് എനിയ്ക്കന്യമാവുക..
തീയ്ക്കും വെള്ളത്തിനും മേലെ നടന്ന് എന്റെ വഴി നിർണ്ണയിക്കുന്ന നിന്റെ തൃപ്പാദങ്ങളെങ്ങിനെയാണ് എനിയ്ക്കദൃശ്യമാവുക..
കണ്ണീരിലും മൗനത്തിലും അലിഞ്ഞ നിന്റെ അംഗരാഗങ്ങൾ
എന്റെ ജന്മ ജ്വര താപത്തെ ശമിപ്പിയ്ക്കാതെയെങ്ങിനെ...
11 : സ്നേഹത്തിന്റെ പെരുക്കപ്പട്ടിക
അവനെ സ്നേഹം പഠിപ്പിച്ചത് അഴലാർന്ന കണ്ണുകൾ മാത്രമുള്ള അമ്മയാണ്...
കരുതലിൽ അരുതുകൾ
മൊഴിയുന്ന ഉടപ്പിറന്നവളാണ്.. അനന്തമായ സഹനം കൊണ്ട് ജീവന്റെ തരിശുനിലങ്ങൾ താണ്ടിയ സഹചാരിണിയാണ്..
സ്വന്തം ശരീരത്തിൽ
നിന്നൂറിക്കൂടിയ
അരുമയായ പെൺ പൈതലാണ്.. അവനെ വെറുപ്പു പഠിപ്പിച്ചത് പ്രണയിനിയാണ്..
മുഖ പ്രസാദങ്ങളിൽ ഉത്സവമാഘോഷിച്ചവൾ.. വെളിച്ചപ്പെടാതെ
ഇന്ദ്രിയങ്ങളിലെല്ലാം കാഴ്ചയുടെ കേൾവിയുടെ തീവ്ര സംവേഗങ്ങൾ നിറച്ചവൾ..
ശരിയിലും തെറ്റിലും നങ്കൂരമിട്ടവൾ.. വഴിക്കണ്ണും മൗനവും തുഴയാക്കി വാചാലതയുടെ കടലുകൾ കടന്നവൾ.. ചുണ്ടിന്റെ ഓരത്തടിയുന്ന
ചീഞ്ഞളിഞ്ഞ ജമന്തിപ്പൂക്കൾ കൊണ്ട് അവജ്ഞയുടെയെത്ര പെരുക്കപ്പട്ടികകളാണ് അവൾക്കു വേണ്ടി ചൊല്ലിയുറപ്പിച്ചത്..
മാനം കാണാതെ ഒളിപ്പിച്ചു വയ്ക്കാൻ മയിൽ പ്പീലികൾ കൊടുത്ത്
അവളെ ബന്ധിച്ച മാന്ത്രിക ചത്വരങ്ങളെത്ര..
പിന്നെ പതിനഞ്ചുത്സവം കൊടിയിറങ്ങിയ പൂരപ്പറമ്പു പോലെ സ്നേഹത്തിന്റെ കാരുണ്യത്തിന്റെ തോരണങ്ങളില്ലാതെ
കെട്ടുകെട്ടു പോകുന്ന പുരുഷ പ്രതാപത്തിൽ അവളവന്റെ അഹന്തയുടെ ധാർഷ്ട്യത്തിന്റെ അവഗണനയുടെ ഉപപാoപുസ്തകം..
12 : അഹന്ത
നിലാക്കൊയ്ത്തു കാത്തു കിടക്കുന്ന പാടങ്ങളെപ്പറ്റി വീണാവാദിനി...
പാതി മറഞ്ഞ നിലാവെന്ന് പ്രിയംവദ.. ആകാശവും ആകാശദീപ്തികളും സ്വന്തമെന്നു സ്വകാര്യം പറയുന്ന മിന്നാമിനുങ്ങിന് സ്വപ്നങ്ങളുടെ ഇത്തിരിയിടങ്ങളിലലയാനാണിഷ്ടം.. അവിടെയെല്ലാം ദേവനികേതനങ്ങൾ.. അറിഞ്ഞതെല്ലാം അചഞ്ചല സൂര്യതേജസ്സുകൾ..
ആ ബോധപൂർണ്ണിമയിൽ ആകെയലിയുന്ന ഒരു പ്രാചീന കൃഷ്ണശിലയുടെ അഹന്ത..
13 : പ്രണയഭരിതം
ലോകം മുഴുവൻ ഉറങ്ങുമ്പോൾ
നിന്നെ മറന്ന് ഞാനും ഉറങ്ങിപ്പോകുമോ എന്നു വ്യാകുലപ്പെട്ട് കണ്ണുതുറന്നിരിക്കുന്നു ഞാൻ.. ഏതിരുളിലും വെളിച്ചത്തിലെന്ന പോലെ നിന്റെ വദന സൂര്യൻ..
മഞ്ഞിന്റെ നേർത്ത പതനങ്ങളിൽ നിന്റെ കാലൊച്ചകൾ.. മേഘപടലങ്ങൾക്കിടയിൽ നിന്നൂറിവരുന്ന നിലാവിൽ നിന്റെ മുഖപ്രസാദവും ഗംഭീരാവലോകനവും.. എന്റെ സ്മൃതികളൊക്കെ നീയെന്ന കാഴ്ചയുടെ നിരാനന്ദത്തിൽ അവസാനിക്കുന്നു..
ഓരോ നിമിഷവും നിന്നിൽ ലയിച്ച് ഞാൻ ഉണർന്നിരിക്കുന്നു...
14 : പെരുങ്കളിയാട്ടം
എപ്പോഴും വായിക്കുന്ന പുസ്തകത്തിൽ നിന്നു ചീന്തിയെടുത്ത
ചോര പൊടിയുന്ന ഒരേട്
നിരാശയുടെ കനലുകളിലേയ്ക്ക്
എന്നേ വലിച്ചെറിഞ്ഞതാണ്..
എത്ര തീയൂതിപ്പിടിപ്പിച്ചിട്ടും കണ്ണു നിറഞ്ഞു തുളുമ്പിയതല്ലാതെ
തീയതിനെ ദഹിപ്പിക്കുന്നതേയില്ല .. കാറ്റതിനെ ശമിപ്പിയ്ക്കുന്നതേയില്ല.. കൊടുങ്കാറ്റിൽ, കണ്ണീർ പ്രളയത്തിൽ പെരും തീക്കളിയാട്ടത്തിൽപ്പെട്ട ഒരിലയുടെ പ്രയാണമെങ്ങോട്ടാണ്..?
15 : അസ്വാതന്ത്ര്യം
നീ മരിയ്ക്കണേയെന്ന് ആകാശം മുട്ടുന്ന ഒരു പ്രാർത്ഥന
എന്നിൽ ശ്വാസം മുട്ടിപ്പിടയുന്നു..
ഓരോ അണുവിലും നീ ജീവിയ്ക്കുന്നതു കൊണ്ടാണത്..
എന്റെയാകാശങ്ങളെല്ലാം
നരയ്ക്കുന്നത്
വഴികളിലൊന്നും പൂ വിരിയാതിരിയ്ക്കുന്നത്... സ്വാതന്ത്ര്യത്തിന്റെ അലകടലുകളെല്ലാം ഒരു ചിരിച്ചെപ്പിലൊതുങ്ങുന്നത്... എല്ലായിടത്തും നീ നിറഞ്ഞിരിയ്ക്കുന്നതുകൊണ്ടാണ്....
16.ദേവീപൂജ
കാഴ്ചയുടെ കേൾവിയുടെ
കാളകൂടം കുടിച്ച്
ഏഴു നാവു നീട്ടി അടുക്കുന്ന സ്പർശാഗ്നിയ്ക്കും മേലെ
ഒരംഗുലം ഉയർന്നു നില്ക്കുന്ന ചണ്ഡികാ ഭാവം..
ഒരു കൈ നിറയെ ക്രോധത്തിന്റെ വിത്തുകൾ...
എണ്ണമില്ലാത്ത മറ്റു കൈകളിലൊക്കെ അനന്ത വാത്സല്യത്തിന്റെ മാണിക്യ കല്ലുകൾ...
17 : പ്രളയകാലം
കാറ്റിൽപ്പെട്ട ഒരില പോലെ
വിറയാർന്ന്
നയന ദ്യുതിയിൽ
ഇടിവെട്ടേറ്റ്
ത്രികാല ബോധമില്ലാതെ
അലഞ്ഞു നടന്ന
രാഹുഗ്രസ്ത കാലം..
അനുകമ്പയുടെ
തുള്ളി പൊടിയാത്ത
കരിമ്പാറ പോലെ
അനന്തശായി
ഹൃദയം ഭരിക്കവെ
കണ്ണീർ പ്രളയത്തിലാകെ
മുങ്ങിപ്പിടയുന്ന പ്രാണനെ
ജീവന്റെ
പാഴ് നിലങ്ങളിലേയ്ക്ക് ഞാനെങ്ങിനെയാണ് ഉയർത്തിപ്പിടിച്ചത്..!
ഇപ്പോൾ സാന്ത്വനത്തിന്റെ
കറുക..
സൗമനസ്യത്തിന്റെ
പുറംപടം..
ഇനിയും കടലെടുത്ത
ഇത്തിരി മൺതിട്ടയാകുക
വയ്യ...
18. പ്രാർത്ഥനയുടെ അടരുകൾ
ഒരു മഹാദേവിയുടെ കൺവെട്ടത്തിൽ ചെന്നു നിന്ന ആദ്യത്തെ കൂടിക്കാഴ്ചയിൽ
സദ്ബുദ്ധിയും ആയുരാരോഗ്യ സൗഖ്യവുമെന്ന നിരന്തര പ്രാർത്ഥനയ്ക്കും മേലെ
പ്രിയതരമായ ഇത്തിരി സൗമനസ്യത്തിന്നു വേണ്ടി
ഒരു വഴിവിട്ട പ്രാർത്ഥന..
പൂത്ത രാജമല്ലിയുടെ സാന്ധ്യ പ്രസാദത്തിൽ പ്രാർത്ഥനാ സിദ്ധി... പിന്നെ പൂർണ്ണപുരീശനു മുന്നിൽ
ഈ അബോധ നിലാവിലെന്നെ മറയ്ക്കരുതേയെന്ന അർത്ഥന... കൈക്കൊണ്ടിട്ടില്ലെന്ന് ശിവമൗലിയിൽ നിന്ന് ചന്ദ്ര കലികയുടെ നേർഹാസം... വീണ്ടും മഹേശ്വരനു മുന്നിൽ മഹാദ്ധ്യക്ഷനു മുന്നിൽ മഹാസംയോജകനു മുന്നിൽ കാര്യാന്തകാലത്തുപേക്ഷയരുതേയെന്ന കണ്ണീരുപ്പു കലർന്ന പ്രാർത്ഥനയ്ക്കു പകരം വാടിയ എരുക്കിൻ പൂക്കളുടെ പ്രസാദമില്ലായ്മ... മേഘമൽഹർകൊണ്ട് മഴയെന്ന പോലെ ദീപകം കൊണ്ട് വിളക്കെന്ന പോലെ മൃൺ മയശരീരത്തിലെ ഓരോ അണുവിലും ആർദ്രതയും വെളിച്ചവും നിറയണേയെന്ന് നിത്യപ്രാർത്ഥന... ഏറ്റവും തലപ്പൊക്കം കുറഞ്ഞ മരത്തെ കൊടിമരമാക്കി എന്റെ പ്രാണനെ അതിന്റെ കൊടിയടയാളമാക്കി
മുദ്രണം ചെയ്ത
മഹാസങ്കല്പമതിയോട്
അവസാനപ്രാർത്ഥന..
'ബന്ധമോക്ഷം
വരുത്തേണമെന്നീശ്വരാ
സന്തതീ സൗഖ്യം വരുത്തേണമെന്നീശ്വരാ' ...
19.ഇലവുമരം
മഞ്ഞുകാലത്തു മാത്രം
ഇല പൊടിയുന്ന ഒരു മരമുണ്ട്... പറഞ്ഞു നിർത്തിയ കഥ
പെട്ടെന്ന് തുടരുന്നതു പോലെ
നിറയെത്തളിർത്ത് തുടുത്ത്
എല്ലാ നിസ്സംഗതകളിലേയ്ക്കും തണൽചായ്ക്കുന്ന ഒരു മരം... ചന്ദ്രകലികയേയും
മൂവിലച്ചെടിയേയും ഒരേ പോലെ ഓരത്തു ചേർത്തു നിർത്തി
വേരും ചില്ലയും നീട്ടുമ്പോൾ
വേദനയുടെ കർക്കടകപ്പെരുക്കങ്ങൾ സമ്മാനിയ്ക്കുന്ന
വെറുതേ പരിചയം ഭാവിയ്ക്കുന്ന കാറ്റിനും
ചിരി പകരം കൊടുക്കുന്ന അപൂർവ്വമരം..
വസന്തത്തിമർപ്പിൽ എല്ലാ ദുർമ്മന്ത്രവാദിനികളും നരച്ച പുറംപട്ടകൾ അഴിച്ചുമാറ്റുമ്പോൾ പെട്ടെന്നിലപൊഴിച്ച് തന്റെ വേരുകളിലേയ്ക്ക് മുഖമൊളിപ്പിച്ച്
ഒരു ഇലവുമരം പോലെ സ്വയം ശൂന്യനാകുന്ന ഈ പെരുമരമേതാണ്...
20.തിരുസങ്കീർത്തനത്തിലെ ആദ്യപേജ്
ഇടത്തും വലത്തും തിരിയാത്ത ദിഗ്ഭ്രമങ്ങളിലെന്നെ വലയ്ക്കുന്ന നീ ദൈവമാകാത്തതെന്ത്?
കൊമ്പും കുലശ്ചിഹ്നങ്ങളും കിരീടവും കൊണ്ട് എന്റെ വഴി തടയുമ്പോൾ നീ വീണ്ടും ദൈവമാകാത്തതെന്ത്.. പിൻവലിയുന്ന നാവും അമ്പരക്കുന്ന നോക്കുമായ് ഞാൻ രംഗപടത്തിനു പിന്നിലേയ്ക്കു മാറിനില്ക്കുമ്പോൾ നീ സർവ്വേശ്വരനാകാത്തതെന്ത്? അവിടേയും ഇവിടേയും എല്ലായിടത്തും ഞാൻ നിന്നെ മാത്രം കാണുമ്പോൾ നീ ദൈവമാകാത്തതെന്ത്?
നിന്റെ അനുഗ്രഹങ്ങളൊക്കെ എമ്പാടും വാരി വിതറുമ്പോൾ ഒന്നും എത്തിപ്പിടിയ്ക്കാനാവാതെ നിസ്വയാകുന്നയെന്റെ മുന്നിൽ
നീ വീണ്ടും ദൈവമാകാത്തതെന്ത്?
എല്ലാ അവ്യക്തതകളേയും സുമേരുവിന്റെ മടിത്തട്ടിൽ ഭൂമിയെയെന്നപോലെ
ഞാൻ പ്രതിഷ്ഠിക്കവെ പിന്നെയും
നീ ദൈവമാകാത്തതെന്ത്?
എന്തിനാണു ശിരസ്സിലീ കുടഞ്ഞു കളയാനാകാത്ത വേദനയുടെ മുൾക്കിരീടം മാത്രം ചൂടിക്കുന്നത്.. എന്തിനാണു നിസ്സഹായതയുടെ മരക്കുരിശുകൾ വീണ്ടും വീണ്ടും ചുമലിൽ എടുത്തു വയ്ക്കുന്നത്..
ഓരോയിടത്തും വ്യർത്ഥതയുടെ തുള്ളികൾ മാത്രം ഇറ്റിച്ചു തന്ന്
ഭൂമി പിളരണേയെന്ന ഒരു നിലവിളിയോളം നീയെന്നെ തരം തിരിക്കുന്നതെന്തിനാണ്...
പകരം ഒരു ഭൂകമ്പമോ
മിന്നൽപ്പിണരോ കൊണ്ട്
എന്നെയും നിരന്തര സത്യബോധത്തിലേയ്ക്ക് ഉയിർപ്പിയ്ക്കേണമേ...
21.നിന്റെ വാക്ക്
വചനങ്ങൾ പെയ്യുന്നു അമൃതായ് കണ്ണീരായും ....
പുറംപടങ്ങൾ ഉലയുന്ന വാക്കിന്റെ നേരൊഴുക്കുകൾ ....
മഹാ മൗനങ്ങളുടഞ്ഞു കുറുകി ഗീതയാകുന്നു
എന്റെ ജീവന്റെ വിഷമ വൃത്തങ്ങളിൽ നിന്റെ വാക്കിന്റെ മുറിച്ചങ്ങാടം .... നിന്റെ വെറും വാക്കിന്റെ അനന്ത പ്രവാഹങ്ങളിൽ
എന്റെയെത്രയെത്ര ജലസമാധികൾ .... പിന്നെ ഓർമ്മ കേടിന്റെ ഒടുക്കത്തെപ്പടിയിലും
നല്ല വാക്കിന്റെ വെയിൽ ത്തുള്ളികൾ - കാഴ്ച മറയ്ക്കുന്ന വിഷാദ മേഘങ്ങൾക്കു മേൽ
നേർത്ത നിസ്വനങ്ങളുടെ
വാക പൂക്കുന്നു വാക്കെന്റെയുള്ളിൽ
അലിവായഴകായ് ആദിപ്രരൂപമായുറഞ്ഞു നില്ക്കുന്നു.. നീ മൊഴിയുന്നതേ സുഖം,
നിത്യ സൗഗന്ധികങ്ങൾ
നിന്റെ ക്ഷുഭിത മദ്ധ്യാഹ്നങ്ങളിൽ ശവംനാറി പൂക്കുന്നു വാക്കിന്റെയൊരു പുറം പടപ്പുറപ്പാട്, മറുപുറം നിതാന്തം, നിർമ്മലം, ശാന്തം... ആ രണഭൂമികളിൽ ഞാനായുധമെടുത്തവൾ
അപ്പുറം ഒരു വെണ്മേഘത്തുണ്ടിലെന്റെ ദേവായനം ....
ആകാശത്തിന്റെ മഴയൊലികളിൽ കാടിന്റെ ഏകാന്ത മൗനവചനങ്ങളിൽ കാറ്റിന്റെ സാഗര ഗർജ്ജനത്തിലും ഭൂവിന്റെ അതിലോലവചനങ്ങളാം
പച്ചപ്പുല്ലിലുമെന്റെ അവസാന ശയനം നിത്യ നിമഞ്ജനം. ...
( 2010 ആഗസ്റ്റ് 20 )
22 ഭാഷാന്തരം
എണ്ണിത്തീരാത്ത വേദനാ പുസ്തകത്തിലെ ഒരു താളിൽ പ്രളയകാലത്തെ കാണുന്നു ഞാൻ..
ഗണിതുമശക്യസ്യ യാതനാ പുസ്തകസ്യൈകപുടേ
പ്രളയകാലം ദർശിതം മയാ -
എഴുത്തും ശബ്ദവും അരുതുകളുടെ തടവിലാകുമ്പോൾ "നല്ലായിരുക്കാ" എന്ന പരസ്യ സന്ദേശത്തിനു വർത്തമാനപ്പത്രത്തിൽ മറുപടി തിരയുന്നത് -
അദൃശ്യശബ്ദ സ്പർശേ പ്രത്യക്ഷാക്ഷരദർശനേ ച അനുമതിരഹിത നിർവ്വികാര കാലേ വർത്തമാന പത്രേ "സുഖം വാ' ഇതി പരസ്യ സന്ദേശസ്യ സമാധാനാന്വേഷണവ്യഗ്രാം നിമേഷാണി..
ശാസനയുടെ നെറ്റിപ്പട്ടവുമായ് നില്ക്കുന്ന ശാരദാ കാശത്തിന്റെ കയ്യിൽ കൊടുത്തയച്ച യാത്രാമംഗളങ്ങൾ..
ശാസനാ പൂർണ്ണ ഫാല നേത്രേണ സ്ഥിതം ശാരദാകാശസ്യ ഹസ്തേ പ്രദത്തം യാത്രാമംഗളാനി ..
തീതിന്നു പൊള്ളിത്തിണർത്ത് നില തെറ്റി കടം കൊണ്ട ഉയിരിലൊക്കെ കവിത വിരിയിച്ചത്..
അഗ്നിം പീത്വാ ദഗ്ധോദ്ഗമ ജലഭരവൃണേന ശരീരേണ സ്ഥിതിം അലബ്ധ്വാ ഋണേന സ്വീകൃതം പ്രാണം കവിതയാ പൂരയിത്വാ...
തിരുവുടലിനെപ്പൊതിഞ്ഞ അംഗ രാഗങ്ങളൊന്നും അണിയാൻ കഴിയാവതെ നിലവിളിച്ചത്...
സുശ്യാമതനുശ്രീവിഗളി താങ്കരാഗൈരയോഗാത് ഉദിതം രോദനാനി...
(2020 ഫെബ്രുവരി 25 )
23.ആനന്ദന്റെ തിരുവായ്മൊഴികൾ
ആനന്ദൻ പറയുന്നു ഞാനൊരു രോഗിയാണെന്ന് -
ധാരാളം വിശ്രമവും , മുറതെറ്റാതെ മരുന്നുകളും ....
കിടക്കയിൽ തന്നെ കഴിച്ചു കൂട്ടണമെന്നും..
എനിക്ക് മാംസളങ്ങളായ പഴങ്ങളും കടുത്ത നിറങ്ങളുള്ള പൂക്കളും അവൻ സമ്മാനിക്കുന്നു.
പുറത്തെ തിരക്കുകളെപ്പറ്റിയോ അവന്റെ വാക്കുകളെപ്പറ്റിയോ വരകളെപറ്റിയോ അവനെന്നോടു പറയുന്നതേയില്ല !
ഞങ്ങളുടെ രാത്രി മൗനങ്ങളും
വ്യർത്ഥ സൗക്ഷ്മ്യവും നോവും മുറിവുമായ് കരഞ്ഞു ചീർക്കുന്നു.
ഞാൻ വെളുത്ത തലയിണയുറകളിൽ കരിഞ്ഞ അടുപ്പിന്റെ ചിത്രം വരയ്ക്കുന്നു.
നീല ജനൽ വിരികളിൽ മഞ്ഞച്ചായം തട്ടിത്തൂവുന്നു ..
അപ്പുറം ചുവന്ന വാകപ്പൂക്കൾ കൊഴിഞ്ഞ വഴിയിലേയ്ക്ക് ഞാൻ നോക്കാറേയില്ല..
ഇവിടെപ്പകലൊരു വയസ്സൻ സന്യാസിയാണ് ...
എല്ലായ്പ്പോഴും ധ്യാന വേളകളിലാണ് എന്റെ മിഴിയുണരുന്നത് ..
രാത്രിയൊരു മായാവിനിയും .
ഒരിക്കലും എനിയ്ക്കവളെ
കാണാനേ വയ്യ !
നിരത്തിനപ്പുറം ആനന്ദൻ മോഹാഗ്നി ഫണം വിടർത്തി വിഷം തുപ്പിത്തളർന്ന്
മായാമകുടിയുടെ മുഖംപോലെ ആടുന്നു .
പിന്നെ കുമ്പസാര പ്പനിയായ് ,
നീതി വാക്യമായ് പ്പിടയുന്നു.
ഭ്രാന്ത കല്പനകളെപ്പറ്റി വ്യാകുലപ്പെടുന്നു , തപ്തദുംഖങ്ങളെപ്പറ്റി
കവിതയെഴുതുന്നു ...
വീണ്ടും രാത്രി കെടുത്തിയ
വഴികളിലൂടെ ശവംനാറിപ്പൂക്കളുടെ സുഗന്ധമാവുന്നു
കണ്ണീരുപ്പു കലർന്ന
ദാഹശമനികൾ തൊണ്ട നീറ്റി , ചുണ്ടുണക്കുന്നു.
മരണത്തിന്റെ
മഞ്ഞ നിറമുള്ള വസ്ത്രം ധരിച്ച
എന്റെ അതിഥികൾ
ഇന്നൊഴിഞ്ഞ
കൈകളോടെയാണു വന്നത് -
എന്റെ തലയ്ക്കൽ അവരൊരു മെഴുകുതിരി കൊളുത്തിക്കെടുത്തി .... പിന്നെ വിശുദ്ധ വചനങ്ങളും. തറയിൽച്ചിതറി വീണ ഓറഞ്ചു കുരുക്കൾ, മഞ്ഞ സൂര്യകാന്തികൾ .... എനിയ്ക്കൊരു വെളുത്ത സഭാ
വസ്ത്രം ...
തീമഞ്ഞത്തിളക്കമുള്ള
മുൾക്കിരീടവും.
ഇതൊരവിശുദ്ധന്റെ
കുരിശിന്റെ പാത , എന്റെ സ്വർഗ്ഗാരോഹണം .
നിനക്കു ശാന്തി!
( 1992 ആഗസ്റ്റ് 21)
24. സൂര്യകാന്തി
പകലെന്ന നന്ത്യാർവട്ടപ്പൂവിനു
നേരെ നില്ക്കുമ്പോൾ കണിക്കൊന്നയ്ക്ക്
അവനെ ഉള്ളിലൊളിപ്പിച്ച്
പുറം നീലിച്ചു പോയ
കാളിന്ദിയുടെ ഭാവം ...
പെട്ടെന്നു വാടുന്നവൾക്കല്പം
സുഗന്ധം തരൂ
എന്ന പ്രാർത്ഥനയ്ക്കു
ചുണ്ടു ചേർക്കും മുൻപേ
എല്ലാ ഒളിവിടങ്ങളിലും
പ്രകാശ പൂരം നിറച്ച്
അവന്റെ രഥം
പൊയ്ക്കഴിഞ്ഞിരുന്നു ...
ത്തൊടുന്ന പൂക്കളുടെ
മഞ്ഞ വിരലുകളെ
കൂട്ടിത്തൊടുന്നു ഞാൻ " ...
25 : തിരിച്ചറിവ്
എന്റെ സങ്കല്പനങ്ങളുടെ ചക്രവർത്തിയാകാൻ
കഴിയാത്തതു കൊണ്ട്
കരയുന്ന കുട്ടിയ്ക്ക് കളിപ്പാവയെക്കൊടുക്കുന്ന
പോലെ അവനെനിയ്ക്കു
ദൈവത്തെ തന്നു..
വളരെ വളരെ
അപൂർവ്വമായി മാത്രം
ജീവനുണ്ടെന്നു
തോന്നുന്ന കളിപ്പാട്ടം..
ഹൃദയത്തിന്റെ ആഴത്തോളം ചെന്നെത്തുന്ന ഒരു തെളി നോട്ടം, നരച്ചയാകാശത്തിൽ ഒരു മഴവിൽത്തുണ്ട് ,
തിരിച്ചറിവിന്റെ വെളിപാടു പുസ്തകത്തിലെ ഒരേട്, അവസാനമില്ലാത്ത
വ്യഥകൾക്ക് ഒരു പകൽ സാക്ഷി ഇതൊന്നുമാവാതെ ഭ്രാന്ത പലായനങ്ങളിൽ , വെയിൽപ്പിടച്ചിലുകളിൽ, പ്രളയാന്ധതയിൽ
കാരുണ്യത്തിന്റെ
തിരി തെളിയ്ക്കാതെ
മുഖം മറച്ചു കടന്നുപോയവനെ ഞാനെന്റെ സാമ്രാജ്യത്തിൽ
നിന്ന് പുറത്താക്കി പടിയടച്ച് നിസ്സംഗതയുടെ
കൊടി ഉയർത്തുന്നു.
26. നഷ്ടബോധം
ആകാശം പൂക്കുന്നുവെന്ന് കവിത മൊഴിഞ്ഞത് കിളിയായിരുന്നു.
ചുവന്ന കൊക്കും
വെളുത്ത തൂവലുമുള്ള കിളി ...
കൂകിയും കുറുകിയും എത്ര സ്വരഭേദങ്ങളിലൂടെയാണ് അതെന്റെയുള്ളിലേയ്ക്കു കടന്നത്.. ഞാനെന്റെ കണ്ണുകൊണ്ടാകാശമളന്നു എന്ന വമ്പു പറച്ചിലിൽ അതെന്റെ കൈത്തലം വിട്ടു പറന്നു പോയല്ലോ!
27. തടവ്
വീടിന്റെ തടവിലാണു ഞാൻ
അദൃശ്യമായ പൊടിക്കൈകൾ കൊണ്ട് എത്ര തുടച്ചാലും മുഷിച്ചിൽ തീരാത്ത തറയോടുകൾ കൊണ്ട്
അമർഷത്തിന്റെ പിറുപിറുക്കലുകളും പിന്നെ പരിഭവക്കൊഞ്ചലും കൊണ്ട് വീടെന്നെ തടവിലാക്കുന്നു.
പകുത്തു കൊടുത്ത സ്വാതന്ത്ര്യം കൊണ്ട് പൂർണ്ണമാക്കിയ വാഗ്ദാനങ്ങൾ കൊണ്ട് ജലരഹിത മേഘത്തിന്റെ
നിസ്വതയോടെ
ഞാനീത്തടവിലലിഞ്ഞുവല്ലോ.
28. ആക്രിക്കട
മനസ്സ് ആക്രിക്കടയാണ് -
ബാല്യം, കൗമാരം , യൗവ്വനം
ഒഴിഞ്ഞ കുപ്പികൾ
സ്മരണകളുടെ കീറച്ചാക്കുകൾ
തീഷ്ണതയും വീറും ചോർന്നുപോയ
പഴമ്പൊതികൾ, വർണ്ണക്കടലാസുകൾ
പിന്നെ പൊട്ടിയ ചെരുപ്പുകൾ
നടന്നു തളർന്ന വഴികളുടെ ക്ഷതം പേറുന്നവ..
29 . സാന്ത്വനം
മഴയുടെ പാദപതനങ്ങളിൽ ചടുലത.. ഇനിയും ഒന്നിനെയും
നനയ്ക്കില്ലെന്ന ഉറപ്പ്.. ആർദ്രതയൊക്കെ വറ്റിപ്പോയെന്ന്
മുഖം കറുപ്പിയ്ക്കുന്നു..
എന്നിട്ടും ഇടയ്ക്കൊന്നു നിർത്തി
ചെവി കൊടുക്കുന്നു..
ആരുടേയോ തേങ്ങൽ, സാന്ത്വനിപ്പിയ്ക്കണോ എന്ന്
പിന്നെയും ആർദ്രത പെയ്തു.. അതാണല്ലോ മഴ!
30. അവൾ
അവൾ നരച്ചിരിയ്ക്കുന്നു.
ഇളം വെയിൽ പുരണ്ട ചന്ദന നിറം മങ്ങി
വിളർത്ത് നരച്ച് തളർന്ന്
അവൾ മുഷിഞ്ഞിരിയ്ക്കുന്നു.
കഴുകിയാലും കഴുകിയാലും വെളുക്കാത്ത നിറം പിടിയ്ക്കാത്ത
പഴയ ഉടുപ്പു പോലെ
അവൾ മുഷിഞ്ഞിരിക്കുന്നു.
യൗവ്വനത്തിൽ വാർദ്ധക്യത്തിന്റെ പുതപ്പണിഞ്ഞ് കൂകിയും കുറുകിയും
കുരച്ചും ശപിച്ചും അവൾ
ഉണർന്നിരിയ്ക്കുന്നു -
സ്ഥാനം തെറ്റുന്ന വിരിപ്പുകളിൽ വ്യാകുലപ്പെട്ട് ഇടം മാറുന്ന കൊച്ചു കൊച്ചു രസക്കുപ്പികളെ തിരിച്ചു വച്ച് ഒടുവിലുണ്ടാകുന്ന ചെറിയ നിസ്വനങ്ങളിലും അസ്വസ്ഥപ്പെട്ട് അവൾ രാത്രി മുഴുവൻ ഉറങ്ങാതിരിയ്ക്കുന്നു.
31. കവിത പൂക്കുന്നത് -
കവിത പൂക്കുന്നത് വിഷം പുരട്ടിയ
അമ്പുകളായാണ് -
അഹന്തകളിൽ ആഞ്ഞു തറഞ്ഞ്
പിടഞ്ഞൊടുക്കുന്നതു കാണാനുള്ള
കൊതിയോടെ -
പിന്നെ കവിത പൂക്കുന്നത്
മൂടൽമഞ്ഞിലാണ് -
വഴിയറിയാതെ മഞ്ഞ വെളിച്ചം
കണ്ണു കുത്തിപ്പൊട്ടിയ്ക്കുമ്പോൾ
ഉത്തരമില്ലാച്ചോദ്യങ്ങളിൽ വെറുത്തു വെറുത്ത് ഒറ്റ നക്ഷത്രേത്തേയും ചന്ദ്രക്കലേയേയും ഒരുമിച്ചു കുത്തിക്കൊലെപ്പെടുത്തി കവിത പെരുക്കുന്നു.
ഒടുവിൽ നരച്ച ഭൂതകാലത്തിെന്റെ
എലിമടകളിലേയ്ക്ക് മനസ്സിനെ കുത്തിക്കയറ്റി മടക്കിച്ചുരുട്ടി
ഉറക്കെത്തെറി പറഞ്ഞ് കാറിത്തുപ്പി
കവിതയെ കാറ്റിൽപ്പറത്തുന്നു
നശിയ്ക്ക് നശിയ്ക്ക് എന്ന തീരാ പ്രാക്കോടെ -
മടുത്ത് മടുത്ത് വിയർത്തു തളർന്ന്
എരിവെയിലിനെ ശപിച്ച് നിലാവുണ്ട്
പിന്നെയും കവിത തിരിച്ചു വരുന്നു
വേണ്ട വേണ്ട എന്ന കനിവോടെ
മങ്ങുന്ന കാഴ്ചകളിേയ്ക്ക് ഇളനീർക്കുഴമ്പായി
കവിത പാടി നില്ക്കുന്നു
നവനവഗീതകങ്ങൾ.
32. ഉയിർത്തെഴുന്നേൽപ്പ്
ഞാൻ പുഴുവാണ്
അവന്റെ മഹത്വ ഗോപുരങ്ങളിലേയ്ക്ക് ഇഴഞ്ഞിഴഞ്ഞുകയറി
അവനെ അസ്വസ്ഥപ്പെടുത്തുന്നവൾ
അവന്റെ സുഖശയനങ്ങളിൽ
ഒളിഞ്ഞിരുന്ന്
വെറുപ്പു വിതയ്ക്കുന്നവൾ
അവന്റെ കൈ ഞൊടിയ്ക്കലിൽ
ഉടഞ്ഞു ചിതറുന്നത്
എന്റെ ഹൃദയമാണ്
ഞാൻ മുള്ളാണ്
അവന്റെ അലസ പദങ്ങളിൽ
അപഥ സഞ്ചാരങ്ങളിൽ
മറഞ്ഞു കിടന്ന് തറഞ്ഞു കയറി
ചോര വാർക്കുന്നവൾ
അവന്റെ കാൽക്കരുത്തിൽ
പൊടിഞ്ഞുമായുന്നവൾ
ഒരു പുഴുവിന് മുള്ളിന്
അവനെ ശരികളിലേയ്ക്ക് ഉയർപ്പിയ്ക്കുവാനായെങ്കിൽ
പുഴുവും മുള്ളും തിരുപ്പിറവികളായേനെ..
33. മൃത്യുഞ്ജയം
നീല സർപ്പം പോലെ
നെറ്റിയിലൊരു മാണിക്യക്കല്ലുമായ് ഓരോ ഒഴിവിടങ്ങളിലും അതുണ്ട്..
നിതാന്ത വൈരത്തിന്റെ
ഒളിനോട്ടങ്ങളോടെ
ഒഴിഞ്ഞു നില്ക്കുമ്പോഴൊക്കെ
തീക്കണ്ണിന്റെ ചൂട്ടുഴിഞ്ഞ്
എന്റെ ഒളിയിടങ്ങളിൽ നിന്നെല്ലാം
അതെന്നെ പുറത്തെത്തിയ്ക്കുന്നു
ഓരോ മറകൾക്കപ്പുറത്തേയ്ക്കും
നീളുന്ന നിരന്തരാന്വേഷണത്തിന്റെ
ഇരട്ടനാവുകൾ
എന്റെ ബോധ സീമകൾക്കൊക്കെ അപ്പുറത്തെത്തുന്ന
അഹന്തയുടെ വാൽ ചുഴറ്റി
അതിന്റെ നിത്യ നടനം
ഒരു തുള്ളി വിഷം
കോടി കോടി ജന്മങ്ങളിലേയ്ക്ക്
പകരുന്ന അതിന്റെ പാൽപ്പല്ലുകൾ
നിർമമവും അനാസക്തവുമായ ഉടലിനെ ഇന്ദ്രചാപമാക്കുന്ന അതിന്റെ
നിഗൂഢ സംദംശനം ..
34 ചാവുകടൽ
അനന്തരത്നങ്ങൾ ഒളിപ്പിച്ചു വച്ച സമുദ്രം
ആസക്തിയുടെ കൈകൾ നീട്ടി
ചന്ദ്രക്കലയെ പ്രണയിക്കുകയായിരുനന്നു.
എപ്പോഴും കെട്ടുപോകുന്ന പ്രാണന്റെ
ഒരു തരി ഊതിപ്പെരുക്കി മിന്നാമിനുങ്ങ്
കാത്തിരുന്നു
മാണിക്യ മരതക പ്രഭയിൽ
തനിയ്ക്ക് ജീവപ്രതിഷ്ഠ ലഭിക്കുമെന്ന് -
എല്ലായിടത്തും അലയുന്ന കാറ്റ്
അടക്കം പറഞ്ഞു
ഇത് ചാവുകടലാണെന്ന് -
35. മുന്നറിയിപ്പ്
ഹൃദ്യമെന്നു തോന്നുന്ന മുഖ സ്മേര ങ്ങളിലലിയരുതെന്ന്
ഉദാത്ത ഭാവങ്ങളിലഭിരമിയ്ക്കരുതെന്ന്
വാക് വൈഖരികളെ ഹൃദയത്തിൽ
പ്രതിഷ്ഠിയ്ക്കരുതെന്ന്
എല്ലാം ഒടിയന്റെ മായം തിരിയലെന്ന് സ്വയം പറഞ്ഞുറപ്പിച്ചു ഞാൻ
കളിപ്പാട്ടക്കടയിൽ നിന്നു തിരിച്ചു പോരാൻ കൂട്ടാക്കാത്ത കുട്ടിയേപ്പോലെ മനസു പിന്നെയും..
ദുഷ്ടമൂർത്തികളുടെ ഉപാസകനെന്ന്
വീണ്ടും വെളിപാടു കൊണ്ട്
ഉറക്കെപ്പറഞ്ഞു ഞാൻ
ഒന്നും ഉള്ളിലേയ്ക്ക് കടന്നതേയില്ല
ചരിത്രത്തിന്റെ താക്കീതുകൾക്കും ശാസനകൾക്കും മുന്നിൽ
ഉദാസീനതയോടെ
മറ്റാരും ചെന്നെത്താത്ത
ലോകത്തിൽ ഉടലാർന്ന
തളിർ മരം പോലെ
നളിനകാന്തിയോടെ
ഒരു ഇന്ദ്രജാലത്തിൽ ഭ്രമിച്ച്
വെറുതേയങ്ങിനെ ഞാനും...
ഇപ്പോഴും രീതിശാസ്ത്രം
പഴയതു മതി
ഹൃദയ ഘടനയ്ക്കു മാറ്റമൊന്നുമില്ല
കോപാവേഗങ്ങളും പരിഭവവും
പരിഹാസവും ഗർവ്വുമാകാം
ഇടയ്ക്കൊരു ഒളിനോട്ടവും
പ്രണയ ഭാവവും വേണം
അപൂർവ്വമായി മതി
ഇര അകന്നു
പോവാതിരിയ്ക്കാൻ ...
ദേഷ്യപ്പെട്ട് ഒരു പുസ്തകം വലിച്ചെറിയണം
പ്രിയതരമായ് ഹൃദയത്തിൽ
ചെന്നു വീഴട്ടെ ..
ഇത്തിരി കുട്ടിക്കളിയും കുസൃതിയും
കാതര ഭാവവും വാരി വിതറണം
സ്വപ്ന ശൈലങ്ങളിലേയ്ക്ക്
നടന്നടുക്കുന്നുണ്ടോയെന്ന്
നിഗൂഢമായി നിരീക്ഷിക്കണം
അമ്മ, വല്യേച്ചി പോലുള്ള
മാനക വചനങ്ങൾ ഒറ്റത്തവണ
മാത്രം ഉപയോഗിക്കുക
എവിടെയും പാകം, ഒന്ന് എപ്പോഴും ഓർമ്മ വയ്ക്കുക
കാലികാനുഭാവങ്ങളുടെ
പഴയ പട്ടിക ഇര കാണാതെ കരുതണം
യഥാതഥ വാദിയ്ക്ക്
വേറൊരാശ്വാസത്തിനു വകയുണ്ട്
ഇനി കവിതാ ശല്യം ഉണ്ടാകാനിടയില്ല
പിന്നെ കരിമ്പാറ മേലുറച്ച
കരിമ്പനപോലെ ഇലയനങ്ങാതെ
നില്ക്കണം
പ്രാണന്റെ ആയിരം
വിരലുകളുള്ള ആൽമരമെന്നു കരുതി
ആശ്ലേഷിച്ചവൾ
ഓരോ വാക്കും തപിച്ച് രൂപപ്പെടുത്തിയവൾ
ഉടലിൽ നിന്നെ ഈശ്വരനായ്
ഉരുവമാർന്നവൾ
പിടഞ്ഞു പിടഞ്ഞു മുന്നിലൂടെ
പുഴുവിനെപ്പോലെ ഇഴയുന്നതു കാണാം , അപ്പോൾ വരുന്ന
ചിരി നിനക്കു സ്വന്തം ..
പക്ഷേ ഒടുവിലെത്തെച്ചിരി നിന്റേതാവില്ല.
36. യാത്രാമൊഴി
ഏഴു വെള്ളക്കുതിരകളെ പൂട്ടിയ
അരുണ രഥത്തിന്റെ ആകാശ യാത്രയിൽ അദൃശ്യരായ കാവൽക്കാരെപ്പോലെ
ചന്ദ്രേലേഖയും നക്ഷത്ര കുഞ്ഞുങ്ങളും .
ഭൂമിയിൽ നിന്ന് യാത്രാ മംഗളങ്ങളുമായ്
കൈയ്യുയർത്തിയ മൂവിലച്ചെടി
ഉദ്വേഗത്തിൽ വേരറ്റ് നിലതെറ്റി
കാറ്റിലുലയുന്നു.
തന്റെ മേലെ പിടിച്ച
ആഹ്ളാദത്തിന്റെ വെൺകൊറ്റക്കുടകൾ
ആത്മപ്രകാശനത്തിെന്റെ ഉത്സവ നർത്തനങ്ങൾ
കൈനീട്ടിത്തൊട്ട സ്വച്ഛാകാശങ്ങൾ
പിന്നെ ഇലയുണങ്ങി നിറം കെട്ടു
നില്ക്കുമ്പോഴും ഉയിരു നല്കി
പ്രാണനെ ത്രസിപ്പിയ്ക്കുന്ന ആയിരം
കോടി സൗര നേത്രങ്ങൾ.
37. അന്ത്യശാസനം
കാറ്റു പോലും തൊട്ടു നോക്കാത്ത
ഇരുണ്ട കാലത്തിലാണ്
അവന്റെ വിരൽത്തുമ്പിൽ
സുദർശനമാകുന്ന പെണ്ണുടലെന്ന
ഉപമ തോന്നിയത്
തേൻകിളികൾ മയിലാഞ്ചിക്കൊമ്പിലെന്നപോലെ
സ്വച്ഛമായി അവനിലൂയ
ലാടുന്നുവെന്നും
കൃഷ്ണകാന്തക്കല്ലായ് ജ്വലിയ്ക്കുന്നുവെന്നും
നീലക്കടമ്പായ് പൂക്കുന്നുവെന്നും
പറഞ്ഞു മടുത്ത പഴഞ്ചൻ
സുഖസമന്വയങ്ങളിലേയ്ക്ക്
അവളെക്കൊണ്ടുപോയ്
ത്തളച്ചു ഞാൻ
പക്ഷേ വളർക്കൊമ്പും തേറ്റയും നീട്ടി നിന്ന്
അഹന്തയുടെ പള്ളി വാളേറ്റ്
തുറന്നിരിയ്ക്കുന്ന മുറിപ്പാടു കാട്ടി
ഈ സൗമ്യ സങ്കല്പ സങ്കീർത്തനങ്ങൾ
കൊണ്ടെന്റെ വഴി തടയരുതെന്നന്ത്യശാസനം.
38. പാലം പണി
ഹൃദയത്തിൽ നിന്ന് ഹൃദയത്തിലേയ്ക്കുള്ള
പാലങ്ങൾ
മമത കൊണ്ട് സഹാനുഭൂതി കൊണ്ട്
ആർദ്രത കൊണ്ട്
നിർമ്മിയ്ക്കപ്പെടുന്നതാണ്
അതിന്റെ ഏറ്റവും പശിമയുള്ള
അവസാനത്തെക്കല്ല്
അനന്തമായ കാരുണ്യമാണ്.
അതേ പോലെ ഗർവ്വു കൊണ്ടും
ധാർഷ്ട്യം കൊണ്ടും
പഞ്ചേന്ദ്രിയങ്ങളും നിറഞ്ഞു കവിയുന്ന
പരാന്യത കൊണ്ടും
ഹൃദയത്തിലേയ്ക്കു പാലം
പണിയുന്നവരുണ്ട്
അതിന്റെ നിർവ്വികാരവും
നാശമില്ലാത്തതുമായ
ഒടുവിലത്തെക്കല്ല്
കലുഷമായ അഹന്തയാണ്.
39. നിരർത്ഥകം, ശൂന്യം.
ആൺ ദൈവങ്ങൾ പുരുഷന്റെ
സ്ത്രീപഠനങ്ങളാണ്
ആവേണ്ടതും ആവാത്തതും
ആയതുമെല്ലാം
കുത്തിനിറച്ച
ലോകോത്തര ഗവേഷണ പ്രബന്ധങ്ങൾക്ക്
(തത്വ ശാസ്ത്ര പഠനങ്ങൾക്ക് )
സ്ത്രീ കുലത്തോടു കടപ്പാട്
പാതി മെയ് പകുത്തു നല്കിയ
സമത്വബോധം
അഴലിൽ തണുപ്പായ്പ്പൊതിഞ്ഞു
നില്ക്കുന്ന നീല മേഘം
കാട്ടിലും മേട്ടിലുമെല്ലാം
പരയെത്തൊടാത്ത
ശുദ്ധഹസ്തങ്ങളുടെ
തലയിണ
അവളെ സുരക്ഷിതയാക്കി
പിന്നെയും ദശാങ്കുലം
ബാക്കി വയ്ക്കുന്ന
അനന്ത മഹിമാവ്...
എല്ലാ പാഠഭേദങ്ങളും
സംശുദ്ധരൂപങ്ങളും
ക്ഷുഭിതവും ഭീതിദവുമായ
കടലിനരുകിൽ ഭയന്നു നില്ക്കുമ്പോൾ പെട്ടെന്നു
കടൽ വറ്റിപ്പോയാലെന്നപോലെ
നിരർത്ഥകം .
ആകെ മുറിവേറ്റു തോൽക്കുമെന്നുറച്ചു
യുദ്ധത്തിനു നടുവിൽ നില്ക്കുമ്പോൾ
പെട്ടെന്നെതിരാളികളെ മുഴുവൻ കാണാതായാലെന്നപോലെ
നിശ്ശൂന്യം..
40. തീച്ചാമുണ്ഡി
അനന്തകോടി സൂര്യശോഭയുള്ള
നീയെന്ന ഈശ്വരീയത്തിലലിഞ്ഞ്
ഇടയ്ക്ക് ചുരുക്കുകളുള്ള നീണ്ട കാൽ വിരലിൽ പുരണ്ട ചുവന്ന
മൺതരികൾ തൊട്ടു നിറുകയിലണിഞ്ഞ്
വ്യഥകൾ മറന്ന് കുറച്ചു നാൾ
എല്ലായിടത്തും അലയുന്ന കാറ്റിൽ നിന്റെ വിടത്തം കണ്ടു നൊന്തു നൊന്ത് വെറുത്തു വെറുത്തു പിന്നേയും കുറേ നാൾ
ഞാൻ നിന്റെ സ്രഷ്ടാവെന്ന
ആശയ ഗരിമയെ
ഉള്ളിൽ ചിന്തേരിട്ട്
വീണ്ടും കുറേ നാൾ
പിന്നെയും ആഭിചാരത്തിന്റെ
മാന്ത്രിക ദണ്ഡു വീശി
കഥാകഥനഭ്രമങ്ങൾ കൊണ്ടെന്നെ
ഉന്മാദിനിയാക്കി
തീച്ചാമുണ്ഡി കെട്ടിച്ചു
തീക്കടലിലേയ്ക്കു
പാഞ്ഞുകയറി
എരിഞ്ഞൊടുങ്ങാൻ
എന്റെ സമയം
നീട്ടുന്നതെന്തിന്?
41. പ്രണാമം.
എന്നെപ്പൊതിഞ്ഞു നിന്നിരുന്ന
വിശ്വാസത്തിന്റെ മഹാകാശ പുതപ്പുകൾ മാഞ്ഞു പോകുന്നു.
ഞാനൊരു മായാമൃഗത്തിന്റെ
പിന്നാലെയാണ്.
എനിയ്ക്കൊരു അമ്പേറ്റു പിടയുന്ന
ജന്മം തന്നതിന്
അനന്തകോടി നമസ്ക്കാരം.
എല്ലായ്പ്പോഴും വേദനകളുടെ
വൻകരകളിലേക്ക്
നാടു കടത്തുന്നതിന്
രാത്രി വന്ദനം .
കാറ്റും വെളിച്ചവും
കടക്കാത്ത ഏകാന്ത തടവറകളിൽ
തളച്ചിടുന്നതിന്
ഒരു കോടി പ്രണാമങ്ങൾ .
മൗനത്തിന്റെ മഞ്ഞുമലകളിലേയ്ക്കെടുത്തു വച്ച്
രക്തമുറഞ്ഞു വിറങ്ങലിച്ചു
മരണം വരിയ്ക്കാനുവദിച്ച്
ഓടിപ്പോവുന്നതിന്
പിന്നെയും പിന്നെയും
കൂപ്പുകൈകൾ.
42. അജ്ഞാതവാസം
സൂക്ഷ്മ സംവേദനങ്ങൾ മാത്രം
പ്രകൃതമായുള്ള സ്പർശനികളുമായ്
നിന്നിലേയ്ക്കു നടക്കുമ്പോൾ
എത്ര തവണ വിറയാർന്ന
ഉടലുമായ് നിന്നു പോയിട്ടുണ്ടു ഞാൻ
എത്രയോ തവണ
പകലിന്റെ തീയുണ്ടു
പൊള്ളിത്തിണർത്തു പോയിട്ടുണ്ടു ഞാൻ
എത്ര ശ്യാമരാത്രികളുടെ
ഇരുട്ടു കുടിച്ച്
ഉണർന്നിരുന്നിട്ടുണ്ടു ഞാൻ
ജാലകത്തിലൂടെ നിന്നെത്തൊടുന്ന
പൂക്കളുടെ മഞ്ഞ വിരലുകളെ
കൂട്ടിത്തൊടുന്നു ഞാൻ
ആകാശ വിഷാദങ്ങൾ
ഉച്ഛസ്ഥായിയിലൊഴുക്കുന്ന
മഴയിൽ നനയുന്നു ഞാൻ
ഒന്നു പിൻതിരിഞ്ഞു നോക്കാത്ത
പകലോന്റെ നിരാസത്തിൽ
ഒറ്റയ്ക്കെരിയുന്നു ഞാൻ
വിഷം തീണ്ടിയ
മോക്ഷമില്ലാത്ത
വാക്കുകൾ കൊണ്ട് ഏകാന്ത കാന്താരങ്ങളിലലയുന്നു ഞാൻ..
43. പകരം
കൈയ്യെത്തുന്നിടത്ത് വന്നു നിന്ന്
കൈ നീട്ടിത്തൊടാനാവാത്ത
വശ്യ നിഗൂഢതയായ്
എന്നെ ഭ്രമിപ്പിച്ചതിന്
കൊടുങ്കാറ്റിൽപ്പെട്ട ഒരിലയുടെ
ഉന്മാദം എന്റെ സിരകളിൽ
നിറച്ചതിന്
നീയേ തീർത്ത വൻമതിലുകൾക്കപ്പുറം നിന്ന്
പ്രണയനീലിമയിൽ
എന്നെ ലയിപ്പിച്ചതിന്
നിന്റെ നാമജപ ധ്യാനസങ്കീർത്തനങ്ങൾ
കൊണ്ടെന്റെ പകൽ സ്വപ്നഭരിതമാക്കിയതിന്
ആരും കാണാതെ
അനന്തസമുദ്രമായ്
ആയിരം രത്നങ്ങൾ കൊണ്ടെന്നെ
അലങ്കരിച്ചതിന്
ഞാനെന്താണു പകരം വയ്ക്കുക ?
44. നൃത്തം
വാക്കുകൾ കൊണ്ട്
ആകാശം തൊടുന്ന ഒരു പൂമരം വരയ്ക്കാമായിരുന്നു
ആ പഴയ വനജ്യോത്സ്ന അതിൽ പടർന്നു കയറുമായിരുന്നു.
മൗന വിപിനങ്ങൾ പൂച്ചിരിത്തലപ്പുകൊണ്ടതിനൊപ്പം
നില്ക്കുമായിരുന്നു
ഒരിക്കലും പൂക്കാക്കടമ്പുകൾ
ആഹ്ളാദം കൊണ്ടു പൂവണിയുമായിരുന്നു
മരിച്ച വാക്കിന്റെ
ശവഘോഷയാത്രയിൽ
ഒപ്പം ചേർന്നവർ
നിറങ്ങൾ വാരിയണിഞ്ഞ്
വാദ്യഘോഷങ്ങളുമായ്
നിന്റെ മുന്നിൽ നൃത്തം വയ്ക്കുമായിരുന്നു..
45. തിരുഹൃദയം
ഒരു തിരി മാത്രം അവശേഷിയ്ക്കുന്ന
പ്രാണനെ ഊതിപ്പെരുക്കുന്നത്
അവന്റെ ദിവ്യപ്രണയത്തെക്കുറിച്ചെഴുതാനാണ്
ആ ഏകാന്ത സൂര്യന്റെ
ചിത്രവർണ്ണ വസന്തപ്പുതപ്പുകൾ
എന്നെ മൂടുന്നതേയില്ല
ജന്മപുണ്യങ്ങൾ ഉരുകിയൊലിച്ചു പോയ പ്രളയ പയോധിയിൽ അവന്റെ
വചനങ്ങളുടെ കടത്തുവഞ്ചിയില്ല
സംസാരജ്വരതപ്ത മദ്ധ്യാഹ്നങ്ങളിൽ
കരുണയുടെ പൂക്കൂട അവൻ കൊടുത്തയച്ചതേയില്ല.
അവനെങ്ങിനെയെന്നെ കാണുന്നുവെന്നറിയാനുള്ള വെമ്പലിൽ
ഞാനെന്റെ
പ്രതിബിംബത്തിലേയ്ക്കുറ്റു നോക്കുമ്പോൾ കാഴ്ച മങ്ങിയ പുളിയിലക്കണ്ണുകളിൽ
നീലത്താമരകൾ
നരച്ച ഹൃദയാകാശങ്ങളിൽ
ഇന്ദ്രധനുസുകൾ ...
ഒരു കരസ്പർശത്തിലോ
ഒളിനോട്ടത്തിലോ
ചോർന്നു പോകാതെ
അവനെപ്പറ്റിയെഴുതിയെഴുതിയെൻ
വാക്കുകൾ പിന്മടങ്ങുന്നു.
തിരുവചനങ്ങളുടെ
ശരീര വിഭൂതികളുടെ
പാദരജസുകളുടെ
തിരുശേഷിപ്പുകൾ
ബാക്കിയുള്ളതു കൊണ്ട്
എന്റെ ഓരോ കാൽവെയ്പുകളിലും
അവന്റെ നിർവ്വികാരതയുടെ
കൽച്ചീളുകൾ
തറച്ചു കയറുന്നതു കൊണ്ട്
മുറിവേറ്റ തിരുഹൃദയത്തിന്റെ ചിത്രം
വേറെ വേണ്ട.
എന്നിട്ടും
ഒരിയക്കലും മുഖാമുഖം വന്നു നില്ക്കാതെ
പേരു ചൊല്ലി വിളിയ്ക്കാതെയെന്നെ
ഒറ്റിക്കൊടുത്ത
തിരുവത്താഴവേളകളെത്ര ..
എങ്കിലും എന്റെ ഹൃദയത്തിൽ
തടവുകാരനാക്കപ്പെട്ട നീ
അവതാര ശേഷവും
നിത്യനാകുന്നു...
46. അജ്ഞാതം
നെഞ്ചിൽ ചുട്ടുപഴുത്ത
ഇരുമ്പുണ്ട കുടുങ്ങി
തൊണ്ടയിൽ വാക്കു പിടഞ്ഞ്
ലോകാനുശാസനങ്ങളൊന്നും
ബോദ്ധ്യം വരാതെ
പഞ്ചേന്ദ്രിയങ്ങളും
ഇരുളടഞ്ഞ് സ്തംബ്ധമായി
യുക്തിയുടെ
സൂക്ഷ്മദർശനിയിൽപ്പെടാത്ത
എത്ര അജ്ഞാത ലോകങ്ങളിലാണ്
പ്രാണൻ പ്രാർത്ഥനകളും
യാതനകളുമായ്
അലയുന്നത് -
അരുതുകളുടെ
കൈചൂണ്ടികൾ
കണക്കിലെടുക്കാതെ
ശാസനകളുടെ
കൺമിഴിയ്ക്കലും
മറികടന്ന്
രോഗജരാബാധകളുടെ
വേദനാ പർവ്വങ്ങളും
അസ്വാതന്ത്ര്യത്തിന്റെ
അവസാനത്തെ
ചങ്ങലക്കെട്ടും തകർത്ത്
ഉള്ളിലെ ഉലയിൽ വച്ച് നീറ്റി
തെളിയിച്ചെടുത്ത
പ്രണയ പ്രതിഷ്ഠയിൽ
അതലിഞ്ഞു പോകുന്നു.
47. സന്ദേഹം
ചിപ്പിയുടെയുള്ളിൽപ്പെടുന്ന
സദാ അലോസരപ്പെടുത്തുന്ന
യാതനയാണ്
മുത്തായ്ത്തിളങ്ങുന്നത്
ജന്മവിഷാദത്തിന്റെ ഭാണ്ഡവും
പേറിപ്പതിയെ നീങ്ങുന്ന മേഘം
കാറ്റുതട്ടി നിലവിളിയ്ക്കുമ്പോൾ
ഭൂമിയിൽ ജീവന്റെ പച്ചപ്പ്
മുറിവേറ്റ മുളന്തണ്ടിന്റെ
മുറിവുണക്കണേയെന്ന പ്രാർത്ഥന
കാടിന്റെ മൗനത്തിനു മേൽ
കല്ലുമലിയുന്ന ഗന്ധർവ്വ ഗീതം.
പ്രകൃതിയുടെ ക്ഷമതയും ഏകാഗ്രതയും
മനുഷ്യ ജീവിയ്ക്കില്ലാത്തതു കൊണ്ടാവുമോ അനന്ത സങ്കടങ്ങളൊക്കെ രത്നങ്ങളായും മഴയായും സംഗീതമായും പെയ്യാത്തത്?
48: എഴുന്നെള്ളത്ത്
ആളി ആളിനിന്നിരുന്ന തീ
അണഞ്ഞണഞ്ഞു
പോകുമെന്നു
പറയുക വയ്യ
കാറ്റിന്റെ കൈ പിടിച്ച്
ഓർമപ്പുറങ്ങളിലേയ്ക്ക്
ഉണങ്ങിയ പുൽനാമ്പുകൾ
വന്നു വീഴാം
ചിരി വരണ്ട മുഖമോ
കാണാക്കണ്ണുകളിലെ
ഉദാസീനതയോ
ഒളിവിടങ്ങളിലെ
കണ്ണീർപ്പെരുക്കങ്ങളോ
തീക്കനലിൽ വീണ്
അതൊരു
പെരുങ്കനലാട്ടമാവുമ്പോൾ
എപ്പോഴും അപ്പോഴും
നിർവ്വികാരനായ
കാഴ്ചക്കാരൻ
ആനയും അമ്പാരിയുമായ്
ആ വഴി നടക്കണേ -
49 : അപരിഗ്രഹം.
അയിത്തവും ശുദ്ധവും നോക്കി
അപര ഗ്രഹത്തിലേയ്ക്കു
നാടുകടത്തപ്പെട്ടപ്പോൾ
ഒരു ബിംബ ചൈതന്യത്തിന്റെ
ദൃഷ്ടിപാതം മതിയെന്നൂറ്റം കൊണ്ട്
പതറാതെ നിന്നു
അക്ഷരക്കലി പൂണ്ട്
ആഞ്ഞു വെട്ടി
ചോരയിറ്റിച്ച്
ജീവനെ ഊട്ടിയൂട്ടി
അടങ്ങില്ലടങ്ങില്ലെന്നു വെളിപാടു കൊണ്ട്
പിള്ള മനസ്സിന്റെ ഒടുങ്ങാ വാശി പോലെ നിലവിളിയൊതുക്കിയൊതുക്കി എക്കിട്ടമായ്
ഈ ജന്മം പോ പോ
മറുജന്മം വാ വാ എന്നു
വായ്ത്താരി കൊണ്ട്
ചെമ്പരുത്തിക്കണ്ണുമായ്
കാളി കരാളരൂപിണി...
50 : തിരിച്ചു വരവ്
ചില ശബ്ദ സൗമ്യതകളെന്നെയീ
മാന്ത്രിക ചത്വരങ്ങളിൽ
നിന്നു പുറത്തേയ്ക്കു ക്ഷണിയ്ക്കുന്നു
ഇതുവരെ വരച്ചിട്ട
കരിപ്പൊടിക്കോലങ്ങളൊക്കെ
മായ്ചു കളഞ്ഞ്
ചിരിയുടെയൊരു ചെറു തിരി
തെറുക്കാൻ
പ്രേരിപ്പിയ്ക്കുന്നു
ഭാവാർദ്രതയുടെ
ഒരു വിളക്കു കാൽ മാത്രമല്ല
പ്രത്യാശയുടെ ആയിരം
മിന്നാമിനുങ്ങുകളുണ്ടെന്നും
കാണിച്ചു തരുന്നു
ചാഞ്ഞും ചരിഞ്ഞും
ചന്തം കാട്ടി മോഹിപ്പിച്ച
സദാചാരപ്പക്ഷിയുടെ
പുറംമിനുക്കലുകളിലേയ്ക്കു
വിരൽ
ചൂണ്ടുന്നു
എല്ലായ്പ്പോഴും തിരിച്ചറിവിന്റെ
ഒരു വെള്ളക്കൊടി ഉയർത്തി വീശുന്നു
അകം നിറഞ്ഞു നില്ക്കുന്ന
ഒരു മദഗജത്തിന്റെ
മായക്കാഴ്ചയിൽ നിന്ന്
ഭ്രാന്താശുപത്രിയിലെ
രാത്രി ഭക്ഷണത്തിൽ നിന്ന്
ആത്മഹത്യയുടെ
ഇടവഴിയിൽ നിന്ന്
പതുക്കെ തിരിച്ചു വിളിച്ച്
ഹൃദയത്തോടു ചേർത്തുപിടിച്ച്
നെറുകയിൽ ചുംബിക്കുന്നു ..
ഞാൻ ഒരു തവണ കൂടി
തിരിച്ചു നടക്കുന്നു
ഒരു തവണ കൂടി -
51 : നിരീക്ഷണം
കാഴ്ചയ്ക്കപ്പുറം
മറഞ്ഞു നിന്നിന്ദ്രജാലം
കാട്ടുന്നവളെ
ഉടമസ്ഥൻ കണ്ണു കൊണ്ടളക്കുകയായിരുന്നു '
ഉടുപുടവ ഉലഞ്ഞിട്ടുണ്ടോ
പൊട്ടടർന്നിട്ടുണ്ടോ
നിശ്വാസതാളദ്രുതിയെത്ര
കവിൾത്തുടിപ്പ്, കൺനനവ്..
അടിമ വടക്കുപുറത്തിറ്റു വീണ
മഹാകാശച്ചീളുകൾ കൊണ്ട് തന്റെ ചിത്രം ബഹുവർണ്ണത്തിൽ
വരയാനാണാഗ്രഹിച്ചത്..
അകത്തു കിനിയാത്ത ഗുരു കാരുണ്യം പുറത്തു തിരഞ്ഞ്
അവളുടെ ഉള്ളുലഞ്ഞത്
നിരീക്ഷകൻ കണ്ടതേയില്ല..
52 : മോഹന നടനം
പ്രിയനേ നിന്റെ
നടന ചതുരത
ഒരിക്കൽ കൂടി
പുറത്തെടുക്കുക
ഒരു തെളി നോട്ടം കൊണ്ട്
ഹൃദയത്തിന്റെ ആഴത്തോളം
ചെന്നെത്തുന്ന പ്രിയത
ചുണ്ടിന്റെ അറ്റത്തു മാത്രം
ഊറുന്ന ചിരി കൊണ്ട്
ഉള്ളുണർത്തുന്ന മമത
ഒരു വാക്കിന്റെ
ആർദ്രതയിൽ
മറുജന്മത്തോളം
നീളുന്ന കരുണ....
തൂവൽ പൊഴിഞ്ഞ്
കോലം കെട്ട്
മൃതിയ്ക്കൊപ്പം
നടക്കുന്ന
എന്റെ മൺ മയൂരത്തിന്
ഒരിക്കൽക്കൂടി
ഒരു ജലഭരമേഘദർശനം
തരിക.
53 : കൃഷ്ണമേഘം
നിന്റെ കുഴൽവിളി കേൾക്കാതെ
കാതുപൊത്തി
കടമ്പായ്പ്പൂക്കുന്ന ഹൃദയത്തിൽ നിന്ന്
എത്ര തവണ നിന്നെ രാധ
പടിയിറക്കിയതാണ് .....
ഹൃദയത്തിൽത്തെളിയുന്ന
ആയിരം മയിൽപ്പീലിക്കണ്ണുകൾ
കാണാതിരിയ്ക്കാൻ
അന്ത:പ്പുരത്തിലെ ഇരുട്ടു വാരിപ്പുതച്ച് എത്ര തവണ
മീര സ്വയം ബന്ധിച്ചതാണ് ...
എന്നിട്ടുമവർ
ആ നീല മേഘത്തിലലിഞ്ഞുവല്ലോ -
എന്റെ രക്ഷകാ
മുഞ്ഞപ്പുല്ലിന്റെ
നടുത്തണ്ടെന്നപോലെ
സൂക്ഷ്മതയോടെ
മുറിപ്പെടുത്താതെ
എന്റെ പ്രാണനെ
നീയെന്ന ഉപാധിയിൽ നിന്നു
വേർപെടുത്തുക
അല്ലെങ്കിൽ അരയാലിലയിൽ
നീല ഞരമ്പെന്ന പോലെ
എന്നെ നിന്റെ കൃഷ്ണ ശരീരത്തിൽ
അലിയാനനുവദിയ്ക്കുക
തടവുകളിൽ നിന്ന്
അരുതുകളിൽ നിന്ന്
ഞാനുമൊരു
മേഘ മാർഗ്ഗത്തിൽ
ഉയർന്നു പോയല്ലോ!
54 : വിശ്വരൂപം
നിന്റെ അഷ്ടൈശ്വര്യങ്ങൾ
എന്റെ കൺമുന്നിൽ..
എന്നിൽ ദീപ്തമാവാത്ത
പ്രകാശ സമുച്ചയത്തിൽ
നിന്റെ മഹിമാവ് ..
എന്റെ ശബ്ദാകാശത്തിൽ
മുഖരിതമാവാത്ത
നിന്റെ ശ്രുതിഗരിമ..
നിന്റെ കൺനോട്ടത്തിൽപ്പെടാത്ത
ഒരു പ്രാണനൊഴികെ
സകലജീവനും
നീ ഈശിതാവ്
കാറ്റും വെളിച്ചവും കാലവും
നിന്റെ വശത്ത് -
എവിടേയും കാമചാരിയായ
നിന്റെ പദചലനങ്ങൾ ..
ഇത്രയേറെ മഹിമാവുകൾ
സ്വന്തമായുള്ള നീയെന്തിനാണു ഭഗവാനേ എന്നെ കാലത്തിനും
പുറത്തേയ്ക്കു മാറ്റി നിർത്തുന്നത്?
55 : ജലപാതം
കല്ല് കല്ലായിരിക്കുന്നത്
എങ്ങിനെയെന്ന്
ജലത്തിനേയറിയൂ.
കല്ല് ജലത്തോടൊപ്പം
ഒഴുകുന്നുണ്ട്
ജലം തളിർക്കൈകൾനീട്ടി
കല്ലിനെത്തൊടുന്നുണ്ട്...
കൂട്ടിത്തൊടാതെ കല്ല്
കല്ലിനോടു മാത്രം
ഗർവ്വം കൊള്ളുന്നുണ്ട്.
ഉരുകിപ്പിടഞ്ഞ് വിലപിടിച്ച
രത്നമാകാതെ
ഒഴുകിപ്പൊടിഞ്ഞ്
പഞ്ചാരമണലാകാതെ
ഉള്ളിൽനിന്ന്
ഒരു തുള്ളി ആർദ്രത
പൊടിയാതെ കല്ല്
കല്ലായിരിക്കുമ്പോൾ
ജലം കണ്ണിൽ
വെള്ളം നിറയ്ക്കുന്നുണ്ട് -
56. അതി മൃദുലം .
ജലം ജലമായിരിയ്ക്കുന്നത്
എങ്ങിനെയെന്ന്
കല്ലറിയുന്നതേയില്ല
ചുട്ടുപൊള്ളി
നൊന്ത് നൊന്ത് /
പ്രാണൻ
ഉടലിൽ നിന്നു വേർപെട്ട്
സങ്കല്പ കാന്താരങ്ങളിൽ
അലഞ്ഞുതിരിഞ്ഞ്
തണുത്തു വിറങ്ങലിച്ച്
ആലിപ്പഴമായുറഞ്ഞ്
കല്ലു പോലെ മരവിച്ച്
പിന്നെയും ഉരുകിയൊലിച്ച് ...
ജലം എന്നും കല്ലായിരുന്നല്ലോ ..
കല്ലറിഞ്ഞിരുന്നില്ലെങ്കിലും -
57 : ആൽമരം
പനമരം ചുവന്നു
തുടുത്ത പൂക്കൾ
അനന്തതയിൽ
വിരിയിക്കുന്ന
തിരക്കിൽ
നരച്ച
ആശയവാദത്തിന്റെ
നിറഞ്ഞു കവിയുന്ന
ജലപാത്രം
കണ്ടതേയില്ല
പ്രാണന്റെ ആയിരം
വിരലുകളുള്ള
ആൽമരമാണ്
ഒരു പുല്ലു പോലും
മുളയ്ക്കാത്ത
പാറകൾക്കു മേലെ
തീ പിടിച്ച നട്ടുച്ച പോലെ
പനയായ് ഉറഞ്ഞു
നില്ക്കുന്നത് -
58 : ക്രോധത്തിന്റെ പൂക്കൾ
അവളുടെ തുടുത്തുരുണ്ട
ചുമലുകളുടെ ഭംഗി
അമ്പതാം പിറപ്പു വർഷത്തിലാണവൾ
തിരിച്ചറിയുന്നത്
സാഗര ലാവണ്യത്തിന്റെ
കൈയ്യൊപ്പു പോലെ
അരുമയായ ചുഴികൾ
തെളിയുന്ന ചുമലുകളുടെ
ചാരുതയിൽ ആരും
ചുണ്ടമർത്തിയിട്ടില്ല
ക്രോധത്തിന്റെ ചെമ്പരത്തിപ്പൂ
വീണു ചതഞ്ഞിടം
മനസ്സിൽ തട്ടിയുരഞ്ഞുരഞ്ഞ്
മുത്തു വിളയിക്കുന്നതിനു പകരം
അർബ്ബുദ പിണ്ഡമായ്
ചുട്ടു നീറുന്നത് അവളുടെ
പ്രകൃതി കാമനകൾ
പുറത്തേയ്ക്കു വലനീട്ടുന്നതു
കൊണ്ടെന്ന് പൂർവ്വപക്ഷം
അത് സഹാനുഭൂതിയുടെ
ചില്ലകൾ മാത്രമാണെന്ന്
ശരീരമെഴുതുന്നതു
മുഴുവൻ മനസ്സാണ് വായിക്കുന്നതെന്ന്
പര ബോധത്തിലെന്നെങ്കിലും
ഇടി വെട്ടിയുയിർക്കുമോ -
59 : നിന്റെ സങ്കല്പനങ്ങൾ
ഏകാന്ത മൗന
വിപിനങ്ങൾക്കു മേൽ
ആർത്തലച്ചു മഴ
വന്നു വീഴുന്ന പോലെ
ഇടതടവില്ലാതെ നിന്റെ സ്വരം ..
കേട്ടുകേട്ടിരിയ്ക്കെ
ജന്മാന്തരങ്ങളിലേയ്ക്ക്
തനിച്ചു നടക്കുന്ന പോലെ ...
തലതിരിച്ചു നോക്കാത്ത ധാർഷ്ട്യം
ഉള്ളലിവില്ലാത്ത അഹന്ത
കൺകോണുകളിലുറയുന്ന അവജ്ഞ
ചുണ്ടു കോട്ടുന്ന പരിഹാസം
നിസ്സാരവത്ക്കരിക്കുന്ന
അവഗണന
നിന്റെ അവതരണങ്ങൾ
തിരിച്ചറിവിന്റെ സ്വപ്ന ഭാവങ്ങൾ
തിരസ്ക്കരിക്കില്ലെന്ന ഉറപ്പുകൾ
ആവിഷക്കാരത്തിന്റെ നന മണ്ണ്
ചിരിച്ചിലമ്പിലും കണ്ണീർക്കലമ്പലിലും
സഹാനുഭൂതിയുടെ പുതപ്പുകൾ
നിന്റെ സങ്കല്പനങ്ങൾ
ഒന്നിനെത്തന്നെ
പലതായിക്കണ്ട് പിന്നെ
ഒരു മൺകട്ടയിലെല്ലാ
മൃത്ഭാവങ്ങളുമറിഞ്ഞ്
ചിത്തഭ്രമം കൊണ്ട്
വിലക്ഷണമായിച്ചിരിച്ചു
നില്ക്കുന്നവൾക്ക്
തത്വജ്ഞാനിയുടെ
നിസ്സംഗത പകരുക.
60 : നവശാകുന്തളം
രാജാവ് പ്രിയംവദയ്ക്കും
അനസൂയയ്ക്കും ഒപ്പം
പ്രാക് ചരിത്രവും
ദേശ ഭാവനകളും
തിരയുകയായിരുന്നു
ഓർമ്മകളുടെ മുദ്രാങ്കുലീയം
നീട്ടുന്നവളെ
തിരിച്ചറിയില്ലെന്നു
പണ്ടേ
തീർച്ചപ്പെടുത്തിയിരുന്നതു
കൊണ്ട് അലട്ടലൊന്നുമില്ല
ക്ഷാത്രവീര്യത്തിൽ
ഭ്രമിച്ചവളെന്ന
പഴിയിൽ നിന്ന് അവൾ
മുക്തയായ്ത്തുടങ്ങിയിരുന്നു
ഇന്ദ്രതേജസ്സിൽക്കണ്ട
ഐരാവതങ്ങളെല്ലാം
കുഴിയാനകളെന്ന് തിരിച്ചറിഞ്ഞിരുന്നു
മുള്ള് , മുരട്, മൂർഖൻ പാമ്പ്
പശു ,പട്ടി ,പുഴു ,പല്ലി ...
എല്ലാറ്റിനേയും
സംരക്ഷിച്ച്
അവന്റെ തേരുരുളുന്നുണ്ട് .
എങ്കിലും ഇപ്പോഴും
ഒരു തവണ
ലാവ പോലെ സദാ
പൊളളിത്തിളയ്ക്കുന്ന
ഹൃദയത്തിലെ
തീക്കടലിലേക്ക്
തേരോടിയ്ക്കുന്ന
ചക്രവർത്തിയായ്
അവനെ വരച്ചു വയ്ക്കാൻ
ഒരു എഴുത്താണി
ബാക്കിയാവുന്നു.
61 : അനുശാസനം
നിന്റെ കോട്ടവാതിലിൽ
അന്യർക്ക് പ്രവേശനമില്ലെന്ന
മുന്നറിയിപ്പിനി വേണ്ട
അന്യരെല്ലാം അകത്തായിക്കഴിഞ്ഞു.
പേരു ചൊല്ലി വിളിക്കാൻ
ഒടുക്കം വരെ
കാത്തു നിന്നവൾ
ക്ഷതങ്ങളിൽ കുരുക്കുന്ന
വൃശ്ചികപ്പൂക്കളെ ഭയക്കുന്നവൾ
കൊഴുത്ത രക്തത്തിന്റെ
വേലിയേറ്റത്തിൽ
പ്രാണൻ കിട്ടാതെ കിതയ്ക്കുന്നവൾ
പിന്നിലേയ്ക്കു നില്ക്കുന്ന
ഇടങ്കാലിനെ
കുറച്ചു കൂടി ദൂരം
മുന്നോട്ടേയ്ക്കെന്നു
ശാസിയ്ക്കുന്നവൾ
ആ
ദുർന്നടപ്പുകാരിയുടെ
പിച്ചപ്പാത്രത്തിലേക്ക്
ക്ലാവു പിടിച്ച
ആരും എടുക്കാത്ത
സ്നേഹത്തിന്റെ
ഒരോട്ടു കാലണ
വലിച്ചെറിഞ്ഞേക്കുക
അതവൾക്ക്
ജന്മമോക്ഷം നല്കും
നിനക്കും.
62 : വീടും തടവും.
വീട് എന്റേതല്ല
വീടിനുള്ളിലെ ഞാനും
എന്റേതല്ല
ആയിരം തടവുകൾ
ഭേദിച്ചവയാണ്
ചിന്തകൾ
ആയിരം ചോദ്യങ്ങൾക്കുത്തരം
പറഞ്ഞവയാണ്
സ്വപ്നങ്ങൾ
ആയിരം ദണ്ഡന മുറകൾക്കു മുന്നിൽ
മുട്ടിൽ നില്ക്കുമ്പോഴും
തളരാത്തവയാണ്
അക്ഷരങ്ങൾ
പക്ഷേ സ്രഷ്ടാവ്
തിരിച്ചറിയാതിരുന്നപ്പോഴാണ്
അവ
ഏകാന്ത തടവിലായത്
മഹാരണ്യങ്ങളിലേയ്ക്ക്
നാടുകടത്തപ്പെട്ടത്
പീഢാനുഭവങ്ങളുടെ
കഴുകുമരമേറിയത് -
63 : അന്നവും ഉപ്പും
ഇനിയൊരു
കടുകുമണിയ്ക്കുപോലും
പഴുതില്ലാത്ത നിന്റെ
ഹൃദയത്തിൽ
വിത്തിനുള്ളിൽ
ആൽമരം പോലെ
ഞാനെന്ന കടൽ..
വേണ്ടാതെ
പൊഴിയുന്ന
ചിരിച്ചവർപ്പിലേയ്ക്ക്
വെറുപ്പിന്റെ
വിഷം നീട്ടി തുപ്പി
തിരിഞ്ഞു നോക്കാത്ത
തിരസ്ക്കാരമായ്
നിനക്കു നടന്നു പോകാം
എനിയ്ക്കു
തവിനിറച്ച്
കോരി വിളമ്പുന്ന
സ്വാസ്ഥ്യത്തിന്റെ
അന്നവും
ഇത്തിരി
ഉപ്പുമേ വേണ്ടൂ....
64 : മണി ദീപിക
മൺചിരാതുപോലെ
മെല്ലെത്തെളിയുന്ന
വാക്കിനും മേലെ
നിന്റെ സൂക്ഷ്മ
ദർശനങ്ങളുടെ
മണിദീപിക
പ്രകാശിച്ചിരുന്നുവെങ്കിൽ
ഉടൽ വെന്ത നാഗിനിയെപ്പോലെ
ഉഴറിപ്പാഞ്ഞ് ഞാൻ
നിന്റെ കാല്ക്കൽ വന്നടിയില്ലായിരുന്നു
സദാ ഉമിത്തീയിൽ നീറി
ഉന്മാദിനിയേപ്പോലെ
പുലഭ്യം പറഞ്ഞ് നാടു
ചുറ്റില്ലായിരുന്നു
പാതി മാഞ്ഞ കാഴ്ചയും
ഓർമ്മയുമായ്
പിന്നെയും പിന്നെയും
നിന്റെ വാതിലിൽ വന്നു
മുട്ടില്ലായിരുന്നു ....
നിന്റെ ഗതകാല
വിസ്മൃതിയുടെ
ഘനീഭവിച്ച കറുപ്പിൽ
കടമ്പു പൂക്കട്ടെ
വർത്തമാനത്തിലെ
അഹന്തയുടെ
രാജസത്തിലൊരു കുല
കുങ്കുമപ്പൂക്കളും.
എത്ര സ്തുതിവചനങ്ങളും
ശാപങ്ങളുമാണ്
നിന്റെ കാൽപ്പാദങ്ങളെ
നനയ്ക്കുന്നത്
എത്ര പരിദേവനങ്ങളും
പ്രിയങ്ങളുമാണ്
നിന്നെ അനുധാവനം
ചെയ്യുന്നത്
കൊച്ചു കാര്യങ്ങളുടെ
തമ്പുരാനേ
നീയെന്നാണീ
ചക്രവർത്തി പദവികൾ
ശിരസ്സിലണിയുക ?
തിരിച്ചറിവിന്റെ
ഒരർദ്ധമാത്ര
പ്രതീക്ഷിക്കുന്നവൾക്ക്
ഉടലിൽ തീ പിടിച്ചോടുന്ന
തനു മാനസിയ്ക്ക്
അന്ത: ക്ഷോഭങ്ങൾ കൊണ്ട്
അലറിച്ചിരിച്ച്
കണ്ണീർ വീഴ്ത്തുന്നവൾക്ക്
നാടുകടത്തലും
ഏകാന്ത തടവുമെന്ന
ഒടുക്കത്തെ ശിക്ഷ ...
65 : നുണ
ചിരിയിലെ കയ്പ്
വിളിയിലെ ചവർപ്പ്
കാഴ്ചകളിൽ
ഊറിക്കിടക്കുന്ന
കറുപ്പ്
ഒരു കടൽ
ഒരു തുള്ളി
ജലത്തോട്
പകർച്ച വാങ്ങുന്നതു
പോലെയാണത്
പ്രിയം, ഇഷ്ടം
പ്രണയം
മമത ....
ദുർബ്ബലമായ
പദസഞ്ചയിക കൊണ്ട്
സത്തയെ
പരിമിതപ്പെടുത്തരുത്
ഒരുറവയും പൊടിയാത്ത
കരിമ്പാറക്കൂട്ടം
പ്രകാശ ലോകത്തിൽ മാത്രം
ഉയർന്നു പറക്കുന്ന
മേഘത്തിന്റെ
ആർദ്രതയിൽ
അലിഞ്ഞുവെന്നു
പറയുന്നതു പോലെ
നുണ..
66 : ആമുഖം
ആകാശം മഴ പൊഴിയ്ക്കുന്നതു പോലെ
സ്വയം പെയ്തൊഴിയുന്നവളെ
ആമുഖങ്ങളും
ആദ്യന്തങ്ങളുമില്ലാതെ
പ്രിയം വാരിത്തൂവിയവളെ
ഭേദഭാവനകളെല്ലാം
മായ്ചു കളഞ്ഞ്
നിഴൽ പോലെ
അനുധാവനം
ചെയ്തവളെ
കപട ഭാവങ്ങളുടെ
കൊടുമുടിയിൽ നിന്നു
വേണ്ട വേണ്ടെന്നുച്ചാടന
ക്രിയകൊണ്ടു
മാരണമൊഴിച്ച്
അനീതി
കാണിച്ചവൻ...
അവൻ
ചിത്തരോഗാശുപത്രിയിൽ
സമാധാനത്തിന്റെ
ലില്ലി പൂക്കളും
തേനൂറുന്ന പിയർ പഴങ്ങളും
മുഖം നിറയെ
മമതയുമായി
അവൾക്കു മുഖാമുഖം നില്ക്കും
അവിടെ സാമഗായകരായ
കാഴ്ചക്കാരുടെ
അകമ്പടിയുണ്ടല്ലോ -
അവന്റെ ഛല ഭാവങ്ങൾ
കണ്ടു ചുട്ടു നീറാൻ
അവൾക്കപ്പോൾ
മനസ്സുമില്ലല്ലോ!
67 : വ്യാമോഹം
ഒരു ചിരിമുനയിലെന്താവാം
ഏറ്റവും വിലകുറഞ്ഞ റീത്തെന്ന
തീർച്ചയാവാം
മതി മതിയെന്നു
പ്രാണൻ
നിലവിളിച്ചപ്പോൾ
തീവ്രവിഷസംവേഗങ്ങൾ കൊണ്ട്
ശരീരം കൂട്ടുനിന്നു
പിന്നെ
ഇനിയും വായിച്ചിട്ടില്ലാത്ത
അടിമുടി ഉലയ്ക്കുന്ന
ഒരു പുസ്തകം
എഴുതപ്പെടാനിടയുള്ള
അജയ്യമായ രണ്ടു വരികൾ
എന്നൊക്കെ വ്യാമോഹത്തിന്റെ
കറുപ്പു തീറ്റിച്ച്
നേരെ നിലക്കാൻ വിധിച്ചു
നിലതെറ്റുന്നുണ്ടെന്നാലും ..
വെറും മുഖ സ്മേരങ്ങൾ കൊണ്ട്
ഇനിയും തടയണ
തകർക്കരുതെന്നർത്ഥന ..
68 : സൂക്ഷ്മദർശനി
നിന്റെ കാഴ്ച സഹായിയിലൂടെ
ലോകത്തെക്കാണുന്നു ഞാൻ
കർമ്മബന്ധങ്ങളുടെ കാട്
നീതി ബോധങ്ങളുടെ വള്ളിക്കുരുക്കുകൾ
വ്യക്തിസത്തയിലെ
പ്രാചീനതമമായ
അരുതടരുകൾ
നരച്ച് നിറം കെട്ട് സദാ
ശാസനാ ദണ്ഡുയർത്തി
നില്ക്കുന്ന പിതൃബിംബങ്ങൾ
കാഴ്ചകളിലൂടെ
ഞാൻ നിന്നിലേക്ക്
കുടിയേറുന്നു
ഈ കണ്ണടയിലെല്ലാം
അസമദർശനങ്ങൾ ...
മരം കാറ്റിന്റെ
കൈ തൊടുമ്പോൾ
തളിരും പൂവുമാർന്ന്
ചമയുന്നത്
നരച്ച വള്ളിപ്പടർപ്പുകൾ
ഇരുണ്ട പച്ചപ്പും
വെളുത്ത പൂങ്കുലയുമായ്
നിന്നിലേയ്ക്കു ചായുന്നത്
വഴികളെല്ലാം
നിന്നോടു കുശലം
ചോദിയ്ക്കുന്നത്
അറ്റുവീഴാൻ തുടങ്ങുന്ന
ജീവൻ പ്രത്യാശയോടെ നിന്റെ ചിരിമലർക്കുലയ്ക്കായ്
കൈ നീട്ടുന്നത്
ഈ കണ്ണടയിൽ
കാണുന്നതേയില്ല ....
69 : എള്ളും പൂവും
കല്പനാ ശൃംഗങ്ങളിൽ
പൂക്കുന്ന കൽഹാരങ്ങൾ
സങ്കല്പ സാനുവിൽ പറക്കുന്ന
വെളളിൽപ്പക്ഷികൾ
ഭാവനാ നിലയങ്ങളിൽ
സ്ഥിരം ചേക്കേറുന്ന
അഭൗമ സ്വപ്ന ജീവികൾ
ഈ അപ്രമേയ
സൗധങ്ങളെല്ലാം
ഇടിച്ചു നിരത്തി
തീയിട്ടതിന്റെ
ചാരത്തിൽ നിന്ന്
ഉയിർത്ത ഒരെള്ളിൻ
ചെടിയിലാണിപ്പോൾ
ജീവൻ നിലനില്ക്കുന്നത് -
70 : മൃത്യുഞ്ജയം
കാലാന്തകന്റെ
ഇരുണ്ട പാദത്തിൽ
തലചായ്ച്
പറന്നു തളർന്ന
പഴയ പക്ഷി
ഇനി മതി
വയ്യ വയ്യെന്നു
ജപിയ്ക്കുകയായിരുന്നു
ഓർമ്മകൾ
അത്രയേറെ
ചിതറി
ഒളി കെട്ട്
അടിവേരറ്റ്
ഉപ്പുപരലായ്
ഉറച്ചു പോയിരുന്നു
തന്റെ
പെരും കാതലെന്നൂറ്റം
കൊണ്ടതൊക്കെയും
കടലെടുക്കുമ്പോൾ
മമതയുടെ മന്ത്ര വടി ചുഴറ്റി
വെള്ളം കുടഞ്ഞ്
പുനർജ്ജനി നല്കുമെന്നു
കരുതി
പ്രതിഷ്ഠിച്ച
ബിംബ ചൈതന്യവും
കണ്ണു തുറന്നതേയില്ല
ഒന്നാളിപ്പടർന്ന്
നോവുണ്ടു തീർത്ത്
കഥ പകുതി നിർത്തി
തിരിച്ചു നടക്കാനിനി
പഴുതില്ലയെന്ന്
ഒരവസാന വാക്യം..
71 : പ്രകൃതി
നീയൊരു കല്ലായിരുന്നു
ഏകാഗ്രത കൊണ്ട്
ഉപാസന കൊണ്ട്
ഭാവന കൊണ്ട്
ധ്യാനം കൊണ്ട്
മുപ്പത്തിമുക്കോടി
ദേവ ചൈതന്യം
നിന്നിലാവഹിച്ചു ഞാൻ
എനിക്കു മാത്രം
സംവേദ്യമാകുന്ന
നിജാത്മ ഭാവത്തിൽ
ലയിച്ചു ഞാൻ
ഇനി എങ്ങിനെയാണ്
പ്രകൃതി പ്രത്യയത്തിൽ
നിന്നു വേർപെടുക
ഇനിയുമെങ്ങിനെയാണ്
സ്വപ്രകാശമാർന്ന ജീവൻ
ഇരുൾ ഗുഹകളിൽ
സ്വയമൊളിയ്ക്കുക
സമസ്യകളും
സങ്കീർണ്ണതകളും
നിഗൂഢതയും
നിശ്ശബ്ദതയും
അഗാധ ഭാവ നൈർമ്മല്യവും
പ്രകൃതിയാണല്ലോ.
72 : ജ്ഞാനസ്നാനം
ഒരു വാക്കിന്റെ വെളിച്ചമാണു
യാചിച്ചത്
ഗുരോ
കല്ലിൽ കാറ്റുതട്ടാത്ത
മൗനം നിന്നനുശാസനം..
വിഷമവാക്യങ്ങൾ
കൊണ്ടെന്നെ
ജ്ഞാനസ്നാനപ്പെടുത്താനാണെങ്കിൽ
ഉടൽ ബദ്ധമായ
ഇന്ദ്രിയ സംവേദനങ്ങൾ കൂടി മായ്ച്ചുകളഞ്ഞ്
എന്നെ വിശുദ്ധയാക്കണേ ...
73 : കാര്യ കാരണങ്ങൾ
കണ്ണുകൾ നിറയാൻ ഒരു പാട്
കാരണങ്ങളുണ്ട്
വഴികളൊക്കെ മറയുന്നതാവാം
ഒരു കാരണം
എന്നാലും
നിന്റെ മൗനം
ഒരു കാരണമാകേണ്ടിയിരുന്നില്ല.
അസ്വാതന്ത്ര്യത്തിന്
ഒരുപാട് കാരണങ്ങളുണ്ട്
എന്നാലും
സ്വാതന്ത്ര്യത്തിലേക്ക്
തുറക്കുന്ന വഴികളെല്ലാം
അടയ്ക്കാൻ
നീയൊരു
കാരണമാകേണ്ടിയിരുന്നില്ല.
ഇരുട്ടിലൊളിയ്ക്കാൻ
ഒരു പാട് കാരണങ്ങളുണ്ട്
എന്നാലും
ഹൃദയാകാശത്തിലെ
സൂര്യനെ ശാസന കൊണ്ട്
തടഞ്ഞെന്നെ
ഇരുട്ടിലാക്കാൻ
നീയൊരു
കാരണമാകേണ്ടിയിരുന്നില്ല
ഇല കൊഴിഞ്ഞ മരം പോലെ
സ്വയമടങ്ങുന്നതിന്
ഒരു പാട് കാരണങ്ങളുണ്ട്
എന്നാലും
നശിച്ച് നരച്ച് തല കുനിച്ച്
സ്വയം ശപിച്ച്
പണ്ടാറമടങ്ങുന്നതിന്
നിന്റെ നിരാസം
ഒരു
കാരണമാകേണ്ടിയിരുന്നില്ല.....
74 : അറിവ്
ആകെ മൂടി നില്ക്കുന്ന
വിളറിയ
ചർമ്മപ്പുതപ്പിൽ പോലും
നിന്റെ വിരൽപ്പാടില്ല
പിന്നെ
ഏഴടരുകൾക്കുമുളളിൽ
പൊലിയാതെ
മങ്ങി മങ്ങി നില്ക്കുന്ന
പ്രാണന്റെ
നിത്യ സ്പന്ദനങ്ങൾ
നീയെങ്ങിനെ
തൊട്ടറിയാനാണ് ?
നീ ഒരു നേർത്ത
ചിരിച്ചിലമ്പിനു പോലും
കാതു നല്കുന്നില്ല
പിന്നെ
എഴു പാതാളങ്ങൾക്കും
താഴെ
അമർത്തി വച്ച
ആക്രന്ദനങ്ങൾ
തടവു ഭേദിച്ച്
പാഞ്ഞു വന്ന്
നിന്റെ
ശബ്ദാകാശത്തെ
തൊടുന്നത്
എങ്ങിനെ
കേട്ടറിയാനാണ് ?
പുറമേ അണിഞ്ഞ
വിഷാദത്തിന്റെ
മുഖാവരണമൊന്നുയർത്തി
നോക്കിയിട്ടേയില്ല നീ
പിന്നെ ഉളളിൽ
നീറി നീറി നില്ക്കുന്ന
സ്വസമർപ്പണത്തിന്റെ
ആത്മബലിയുടെ
ഉമിത്തീ
നീയെങ്ങിനെ
കണ്ടറിയാനാണ്?
നീ കാഴ്ചയ്ക്കും
കേൾവിയ്ക്കും
സ്പർശത്തിനും
അന്യനായിട്ടും
കേവലനായിട്ടും
എങ്ങിനെയാണ്
എന്നിൽ
പഞ്ചേന്ദ്രിയാനുഭവമായ്
സദാ നിറഞ്ഞു
കവിയുന്നത്?
75 : ചിരി
സൂര്യനറിയില്ലല്ലോ
ലോകത്തിന്റെ
ഇരുട്ടു മുഴുവൻ
ഒരു കൺമിഴിയ്ക്കലിൽ
തീർന്നു പോകുമെന്ന്
നക്ഷത്രമറിയുന്നില്ലല്ലോ
നിരാശകളുടെ തടവറയ്ക്കു
മേലെ തുറക്കുന്ന
ഏകജാലകമാണതെന്ന്
ആകാശ മറിയുന്നില്ലല്ലോ
തണുത്തു
വിറയ്ക്കുന്നവർക്കുള്ള
ഒറ്റപ്പുതപ്പാണതെന്ന്
എന്നിട്ടും മൗനം പുതച്ച്
കാലകല്പനകളെ
മറികടക്കുന്നവർക്കും
രാജശാസനകൾക്കു
ചെവി
കൊടുക്കാത്തവർക്കും
മേലെ
നിന്നു ചിരിക്കുക
ആകാശ സൂര്യ താരകമേ -
76 : സ്മരണിക
അറിയാതെ തട്ടിത്തൂവിയ
പ്രിയതയുടെ
പൊട്ടും പൊടിയും
പെറുക്കിക്കൂട്ടി
അതിൽ പുഷ്യരാഗവും
വൈഡൂര്യവും
തിരയുന്നു ഞാൻ
ഇരുട്ടിന്റെ ഒഴിമുറികളിൽ
നിന്നു വെളിച്ചത്തെ
ആട്ടിപ്പായിച്ച്
അമാവാസി
നിറയ്ക്കുന്നതാണവനു
കളിമ്പം
വിലാപങ്ങൾക്കു
മുന്നിലെ ബധിരതയവന്റെ
സൗശീല്യം
മൗനം ഭജിക്കുമ്പോൾ
ഉച്ചസ്ഥായിയിലവന്റെ
മാഹാത്മ്യം
ഉരുകിയുരുകിത്തീരുന്ന
അന്ധജന്മത്തിനിതിലും
വലിയ
സ്മരണികയെന്തിന്?
77 : മധുപാത്രം
നശിച്ച് നരകിച്ച്
നാറാണക്കല്ലു പിടിച്ച്
പ്രാകി നേർന്ന്
പുലഭ്യം പറഞ്ഞ്
ഒരു പകലറുതി കൂടി...
നേർക്കുനേരെ
നില്ക്കുന്ന
സത്യത്തിന്റെ
കയ്പ്
നടന
ചതുരത കൊണ്ട്
തേൻ പോലെ
മധുരിക്കുന്നു..
ഉയർത്തിപ്പിടിച്ച
മധുപാത്രത്തിൽ
നിറയെ
കണ്ണുനീർ...
എപ്പോഴും
എന്നിലേയ്ക്കു
നടക്കുന്ന
സ്മൃതികളേ -
എടുക്കുക,
കുടിയ്ക്കുക -
ഒരു ചാവുകടൽ
കൂടി രൂപപ്പെടട്ടെ.
78 : പുരുഷ സ്വരൂപം
നീയേ തീർത്ത
അതിരുകളെല്ലാം
ഭേദിച്ച് നിന്റെ ഹൃദയത്തിന്റെ
ചുവരുകളിൽപ്പതിഞ്ഞ
എന്റെ രൂപം
നിന്റെ ഹൃദയാകാശത്തിൽ
സദാ
മുഖരിതമാവുന്നത്
എന്റെ സ്വര കലാപം
നിന്റെ ചുവന്ന സിരകളെ
ത്രസിപ്പിക്കുന്നത്
ഞാനെന്ന ഗന്ധപ്രവാഹം
നിന്റെ തൊലിപ്പുതപ്പ്
മെനഞ്ഞത്
എന്റെ സ്പർശ തന്തുക്കൾ.
നിന്റെ രസനയിൽ
നവരസങ്ങളായ്
ഞാനെന്ന
ലവണ സാഗരം
കാണാതെ കേൾക്കാതെ
മിണ്ടാതെ അറിയാതെ
നീ അന്ധനും ബധിരനും
മൂകനും നിസ്വനുമാകുമ്പോൾ
നിനക്ക് അവിശുദ്ധിക്ഷയത്തിൽ
രസിക്കുന്ന കേവലമായ
പുരുഷസ്വരൂപം.
79 : ക്രമഭംഗം
എന്റെ പ്രിയനേ
നീ സംസാരിക്കാൻ ചുണ്ടനക്കുമ്പോൾ
ഞാനെന്നെ മൗനത്തിന്റെ
ചതുപ്പുനിലത്തിലേയ്ക്ക്
ചവിട്ടിയാഴ്ത്തും ,
ഒരിക്കലും നമുക്ക് ഒരേ
തരംഗായതിയിൽ
ശബ്ദിക്കാൻ കഴിയില്ലെന്നു
തീർച്ചയുള്ളതിനാൽ -
നിന്റെ അനുതാപത്തിന്റെ തുള്ളി പൊടിയാത്തതിനാൽ ഞാൻ
തപിച്ചു തുഴഞ്ഞ
കണ്ണീർക്കടലുകളെത്ര..
നിന്റെ സഹാനുഭൂതിയുടെ
പെരുവിരലുയരാത്തപ്പോൾ ഞാൻ
തനിച്ചായ തടവറകളെത്ര..
നിന്റെ സൗഹൃദത്തിന്റെ
കൈപിടിച്ചു ഞാൻ
കയറാനാഗ്രഹിച്ച
ആകാശപ്പടവുകളെത്ര..
പ്രിയനേ , നീ എപ്പോഴും
ഒടുവിലത്തെപ്പടവിൽ ..
ഞാനെപ്പോഴും
മുകളിലത്തെപ്പടവിലും ..
ഞാൻ താഴേയ്ക്ക് വരാം
അല്ലെങ്കിൽ നീ മുകളിലേയ്ക്ക്
എപ്പോഴെങ്കിലും
ക്രമഭംഗങ്ങളിലൂടെ
നമുക്കൊരുമിക്കാനായെങ്കിൽ -
80 : അഭേദം
26/05/2021 : ബുധൻ : 7 : 50 PM
പ്രിയം തരൂ എന്നു
കൈ നീട്ടിയവൾക്കൊഴികെ
എല്ലാവർക്കും പ്രിയം വാരിവിതറുന്നവൻ....
മൊഴിയുകയെന്നു
കാതോർത്തവൾക്കു
മുന്നിൽ മാത്രം
മൊഴിയടക്കം
ഭാവിയ്ക്കുന്നവൻ ....
അവന്റെ ശബ്ദ ന്യാസത്തിൽ
മഴ നനഞ്ഞവളെ
അവന്റെ മുഖപ്രസാദത്തിൽ
സുഖമയ ലോകങ്ങളിൽ
അലിഞ്ഞവളെ
വഴിതടഞ്ഞ്
നാവു പിഴുത്
പ്രാണനെ ബന്ധിച്ച്
നിർമ്മമത കാട്ടിയവൻ...
എന്നിട്ടും അവന്റെ
ഒളിവിടങ്ങളിൽ
വെളിപാടുകളായ്
വിരസാകാശങ്ങളിൽ
ഇടിമുഴക്കമായ്
മോഹമേലങ്കികളെല്ലാം
വലിച്ചെറിഞ്ഞ്
അഭേദബോധത്തിലവളവനെയും
മറികടന്നുപോകുന്നു ....
എഴുത്ത് രൂപഭേദങ്ങൾ
ഇരുട്ടു കടിച്ചു കൂട്ടി അത്താഴമുണ്ട്
തനിച്ചു ഭയന്നുറങ്ങാതെ കിടക്കവെ
ഓർമ്മയിൽ മിന്നാമിന്നിത്തളിരുള്ള
ഒരു മരം മുടിയഴിച്ചിട്ടു നില്ക്കുന്നു
ജീവന്റെ തടവറകളിൽ ശ്വാസ
നിശ്വാസങ്ങളും പിഴയൊടുക്കുമ്പോൾ
പ്രാണന്റെ ആയിരം വിരലുകളുള്ള
ഒരരയാൽ മരം കൈ നീട്ടുന്നു
സ്വപ്നമയ കല്പനകൾ പറന്നുപറന്ന് ഗിരിരാജ മുടി തൊടുമ്പോൾ
ഹൃദയ താഴ്വരകളിൽ
ദേവദാരു പൂക്കുന്നു
മഴ മാറി വന്ന മഞ്ഞവെയിൽ പോലെ
പുത്തിലഞ്ഞിയും
ഹൃദയം കീറി മുറിച്ചു നീട്ടിയ
സ്നേഹം പോലെ പൂവാകയും
ഉരുകിയൊലിക്കുന്ന മനസ്സുപോലെ
കണിക്കൊന്നയും
ചിരി പൊഴിച്ചെന്റെ വഴിയിൽ
വന്നു നില്ക്കുന്നു
കണ്ടേ പോകുക ചുറ്റിപ്പടർന്ന്
അലിഞ്ഞേ തീരുക വരിക
വരികെന്നു മൊഴിയുന്ന പോലെ
ഒടുങ്ങാത്ത പൂമഴ .. തേൻ ചിരി ..
കുളിർത്തണൽ .. ഒരു മരമെന്ന
കാരുണ്യ വർഷം ....
81 : ഓർമ്മ മരങ്ങൾ
(എഴുത്ത് രൂപാന്തരം )
ഇരുട്ടു കടിച്ചു കൂട്ടി
അത്താഴമുണ്ട്
തനിച്ചു ഭയന്ന്
ഉറങ്ങാതെ കിടക്കവെ
ഓർമ്മയിൽ
മിന്നാമിന്നിത്തളിരുള്ള
ഒരു പെരുമരം
മുടിയഴിച്ചിട്ടു നില്ക്കുന്നു
ജീവന്റെ തടവറകളിൽ
ശ്വാസനിശ്വാസങ്ങളും പിഴയൊടുക്കുമ്പോൾ
പ്രാണന്റെ ആയിരം
വിരലുകളുള്ള
ഒരരയാൽ മരം
കൈ നീട്ടുന്നു
ഓർമ്മപ്പെരുക്കങ്ങളിൽ
കണ്ണീർത്തടങ്ങൾക്കരികിൽ
അമ്പിളിത്തളിരുടലാർന്ന്
അനുനയച്ചിരിയുമായ്
ഒരമ്മമരം വന്നു നില്പൂ
സ്വപ്ന സദൃശ
കല്പനാ സാനുവിൽ
രുദ്രഭാവങ്ങളിൽ
ഇരതേടിയലയുന്ന
വീര കണ്ഠീരവന്റെ
കനൽക്കണ്ണുകളിൽ
ദേവദാരു പൂക്കുന്നു
വേനലിൽ വർഷത്തിൽ
ശിശിര ഹേമന്ദത്തിലും
മനോമയ രാജഹംസങ്ങൾ
പറന്നു പറന്നു ചെന്ന്
ഗിരിരാജ മുടി തൊടുമ്പോൾ
ഹൃദയ താഴ്വരകളിൽ
നീർമരുതിൻ മണം..
മഴ മാറി വന്ന
മഞ്ഞവെയിൽ പോലെ
പുത്തിലഞ്ഞിയും
ഹൃദയം മുറിച്ചു നീട്ടിയ
പ്രണയം പോലെ പൂവാകയും
ഉരുകിയൊലിക്കുന്ന
മനസ്സുപോലെ
കണിക്കൊന്നയും
പിന്നെയും പിന്നെയും
ചിരി പൊഴിച്ചെന്റെ
വഴിയിൽ
വന്നു നില്ക്കുന്നു
കണ്ടേ പോകുക
ചുറ്റിപ്പടർന്ന്
അലിഞ്ഞേ തീരുക
വരികവരികെന്നു
മൊഴിയുന്ന പോലെ
ഒടുങ്ങാത്ത പൂമഴ
തേൻ ചിരി
കുളിർത്തണൽ
ഒരു മരമെന്ന
കാരുണ്യ വർഷം ..
82 : തടവ്
എനിയ്ക്കു സ്വാതന്ത്ര്യം വേണ്ട
എന്റെയുള്ളിലെ മാൻകുട്ടി
കറുക തേടി പോയ്പ്പോയ്
ചതിക്കുഴികളിൽ വീഴും
എന്റെ പുളളിപ്പുലി
എതിർപ്പുകളെ
ക്കൊന്നു കൊന്ന്
കൊലയാളിയാകും
എന്നിലെ രാജഹംസങ്ങൾ
സർഗാത്മകതയുടെ
താമരവളയങ്ങൾ തേടി
മലിന സരോവരങ്ങളിലാണ്ടു മുങ്ങും
സ്വാതന്ത്ര്യത്തിന്
രക്ഷയുടെ
അഹിംസയുടെ
സഭ്യതയുടെ
അതിർത്തി രേഖകൾ
ഇല്ലാത്തതു കൊണ്ട്
എനിയ്ക്കു സ്വാതന്ത്ര്യം വേണ്ട.
83 : തിരു ചുംബനം
എന്റെ കരുണാമയനായ
ഏക ദൈവമേ -
എനിക്കു നിന്റെ
തിരു ചുംബനം വേണം
അധരം അധരത്തെ
കൂട്ടിത്തൊടാതെ
ശിലയായ്ത്തന്നെ
ഉറഞ്ഞു നില്ക്കുന്ന
ശില്പത്തിൽ
പ്രാണനൂതിത്തെളിയിക്കുന്ന
ദഹരാഗ്നി വിദ്യ
അപ്പോൾ മുളയ്ക്കുന്ന
ചിറകുകൾ
എന്നെ ആകാശചാരിയാക്കും
അപ്പോൾ പൊടിയ്ക്കുന്ന
തളിരുകളെല്ലാം
രസഫലങ്ങളായ്ത്തീരും
എന്റെ ശബ്ദവും
കാല്പാടുകളും
ഭൂമിയിൽപ്പതിഞ്ഞു കിടക്കും
ആ അമൃതസ്പർശം കൊണ്ട്
ഏറ്റവും കരുണാമയനായ
എന്റെ ഏക ദൈവമേ
എന്നെയും
നിന്നിലേയ്ക്കുയർത്തേണമേ -
84 : കൊടുങ്കാറ്റ്
കൊടുങ്കാറ്റുകൾ
വരാതിരിയ്ക്കുന്നില്ല
എല്ലാ സുരക്ഷാ വലയങ്ങളും
ഭേദിച്ച്
മുന്നറിയിപ്പുകളേയും
മറികടന്ന്
സ്വച്ഛമായ ഹരിതാഭയുടെ
ഏഴടരുകളും കശക്കി ഞെരിച്ച്
ഉള്ളിലെ മാലിന്യങ്ങൾ
മുഴുവൻ പുറത്തെടുത്തിട്ട്
വേദനകൾക്കും
പ്രാർത്ഥനകൾക്കും മേലെ
തുള്ളിയുറഞ്ഞ്
ഒടുവിലൊരു അറവു മാടിന്റെ
കണ്ണിലെ നിശൂന്യത പോലെ
എന്തോ ഒന്നു മാത്രം
അവശേഷിപ്പിച്ച്
കൊടുങ്കാറ്റുകൾ
കൂടണയുന്നു.
85 : നീലയും മഞ്ഞയും ചുവപ്പും
വേനലിന്റെ ഉള്ളുരുക്കങ്ങളെല്ലാം
ഏറ്റുവാങ്ങി
ഒടുവിലെത്തളിരും
പൊഴിച്ചു കളഞ്ഞ്
കണിക്കൊന്ന പൂക്കുന്നു
ഒരു ദുർന്നടത്തക്കാരിയെപ്പോലെ
തന്റെ ആഭരണപ്പെട്ടിയിലെ
അവസാനത്തെ ചമയങ്ങളും
വാരിയണിഞ്ഞ് തളർന്ന്
വിറയാർന്ന ഉടലോടെ
വാക പൂക്കുന്നു
വെളിച്ചത്തിന്റെ
കുപ്പിച്ചില്ലേറ്റ്
മുറിപ്പെടുന്നവരിൽ
ഇവർ ഒന്നാമതല്ല
ആ പുല്ലാങ്കുഴലിന്റെ
പ്രണയ നീലിമയിൽ
പൂ പൊഴിയ്ക്കുന്നവൾ
ആ പീലിക്കൺ നോട്ടത്തിൽ
മുറിവേറ്റ് ചുവപ്പണിഞ്ഞവൾ
മീരയായ് രാധയായ്
എന്നെ മോഹിപ്പിക്കുന്നു.
86 : ഇര , വേട്ടക്കാരൻ .
ഞാനിപ്പോഴും
അത്ഭുതപ്പെടുന്നു
വേട്ടക്കാരന്റേയും
ഇരയുടേയും
ചിത്രങ്ങൾ
എക്കാലവും
ഒരേ പോലെ ..
ഇരയുടെ നിസ്സഹായത
വേട്ടക്കാരന്റെ ഉന്മാദം
ഇരയ്ക്ക് നിരാലംബതയുടെ
മരുപ്പറമ്പുകൾ
വേട്ടക്കാരൻ നിസ്സംഗതയുടെ
ഇലവുമരം
അർത്ഥനയുടെ കൂമ്പിയ
കൈ മൊട്ടുകൾ
നിർവ്വികാരതയുടെ
ചിറി കോട്ടലും മുഖം
തിരിക്കലും ..
ഇരയ്ക്ക് രൂപവും
ശബ്ദവുമില്ല
വേട്ടക്കാരൻ
ശബ്ദം കൊണ്ടും
രൂപം കൊണ്ടും
പരമോന്നത
പദവിയ്ക്കും
മേലെ -
ഇര , വേട്ടക്കാരൻ
ഇര, വേട്ടക്കാരൻ
എല്ലാം പഴയതു പോലെ
തന്നെ...
86 : കാളകൂടം
കടൽ പോലെ
ആകാശം പോലെ
നൂറ്റൊന്നാവർത്തി
പെയ്തു തോർന്നിട്ടും
അറിയുന്നില്ലല്ലോയെന്ന്
കണ്ണീരും മൗനവും
പ്രളയം
പോലെ
കാൽക്കൽ വന്നു
തലതല്ലിപ്പറഞ്ഞുവല്ലോ
കാഴ്ചപ്പുറങ്ങളിൽ
കടമ്പായ് പൂത്തതും
കാണാമറയത്തും
പ്രാണനിൽ
അമൃതു തളിച്ചതും
പിന്നെയും പലതവണ
പറഞ്ഞറിയിച്ചുവല്ലോ
രാധയായ് മീരയായ്
തീക്കോലം കെട്ടിയതും
കാരമുൾക്കാട്ടിലേക്ക്
വീണ്ടും വീണ്ടും
എടുത്തുചാടിയതും കണ്ടു
കൺനിറഞ്ഞതാണല്ലോ
വിരസമായ ആവർത്തനങ്ങൾ
അടക്കിപ്പിടിച്ച നിലവിളികൾ
അവനെത്തൊട്ടുവന്ന
കാറ്റിനെ ചുംബിക്കുക
അവനെക്കൺ
നിറയെക്കണ്ട
സൂര്യനെ കൈ
നീട്ടിപ്പുണരുക
അവൻ ബാക്കിവച്ച
കാളകൂടം കുടിച്ച്
ജനിമൃതികളുടെ
പടവുകൾ കയറുക ....
87 : നി:സ്വത
ഈ ആത്മാവിഷ്കാരങ്ങളിൽ
ഒരു കല്ലായിരുന്നു കേൾവിക്കാരനെങ്കിൽ
അത് ഒരു നാരായണക്കിളിയെപ്പോലെ
അതിലോലമായ് ആകാശത്തിൽ
പറക്കുമായിരുന്നു
ഒരു മൺകട്ടയുടെ മേലാണ് ഈ സ്വാനുഭവഗീതികൾ
പൊഴിഞ്ഞിരുന്നതെങ്കിൽ
ആ തീച്ചൂളയിൽ വെന്ത് അത്
സ്ഫടികമണിയായ്
സ്വയം പ്രകാശിയ്ക്കുമായിരുന്നു
ഒരു മരുഭൂമിയ്ക്കു മേലെയായിരുന്നു
ഈ ഓർമ്മകളും പ്രതീക്ഷകളും
വിശ്വാസ ധാരകളും വർഷിച്ചിരുന്ന തെങ്കിൽ അത്
ഉള്ളു കുളുർത്ത് ഒരിക്കലും
വാടാത്ത
കരിങ്കൂവളപ്പൂക്കളുടെ
വസന്തം രചിക്കുമായിരുന്നു.
എന്റെ പ്രിയനേ
ഒരു നെടുനിശ്വാസത്തിന്റെ
കയ്പു ചിരിയുടെ
കത്തുന്ന നോട്ടത്തിന്റെ
നഷ്ടബോധം പോലും
നിക്ഷേപമായില്ലാത്ത നീ
അത്രമേൽ
നി:സ്വനാണല്ലോ!
88 : മനസ്സ്
അതൊരു മനസ്സു
മാത്രമായിരുന്നു
മുള്ളുകളിൽ വീണ്
കീറിപ്പറിഞ്ഞ്
ചവിട്ടടികളിൽപ്പെട്ട്
ശ്വാസം മുട്ടിപ്പിടഞ്ഞ്
നിരാസങ്ങൾക്കു മുന്നിൽ
രൂപം തരൂ
രസം തരൂ ഗന്ധം തരൂ
എന്ന് യാചിക്കുന്ന
ഭിക്ഷാപാത്രം
രക്ഷകന്റെ സംസ്പർശംകൊണ്ട്
അതൊരു കടമ്പു പൂക്കുന്ന ശരീരം
അവനാകാശം ചമയ്ക്കുമ്പോൾ
അതൊരു തേനുലാവുന്ന സ്വരസമുദ്രം
അവൻ ഗന്ധവാഹകനായ
കാറ്റാകുമ്പോൾ
അത് പൂത്ത പൊൻചെമ്പകം
അവന്റെ പ്രാണപ്പകർച്ചയിൽ
അതിന് പഞ്ചേന്ദ്രിയ ലബ്ധി ...
അല്ലെങ്കിൽ അല്ലെങ്കിൽ
അതൊരു കീറിപ്പറിഞ്ഞ
അരൂപിയായ
മനസ്സുമാത്രമാകുന്നു.
89 : ജലഭരമേഘഭ്രമം
നീ പരിഹാസങ്ങളുടെ കൊടുമുടിയിൽ നിന്ന് ചുണ്ടുകോട്ടുമ്പോൾ
പാതാളത്തിൽ
മുഖമൊളിപ്പിക്കുന്നു ഞാൻ
നീ മൗനം കൊണ്ട് ഇഞ്ചിഞ്ചായ് മരണം വിധിക്കുമ്പോൾ
ഒരു വിഷ ചഷകത്തിന്റെ
നെടുംചുംബനത്തിനായ്
കൈ നീട്ടുന്നു ഞാൻ
കയ്പുനീർ മാത്രം നിറഞ്ഞ എന്റെ പാനപാത്രത്തിൽ നീ പകർന്ന
കാട്ടു വത്തയ്ക്കനീർ
തേൻ പോലെ
മധുരിക്കുന്നു.
നീ തന്ന നിർന്നിദ്രനിശകളുടെ സമ്പാദ്യം മുഴുവനും
ഓർമ്മകേടിന്റെ
സുഖദോന്മാദത്തിനു
തീറെഴുതുന്നു ഞാൻ
പഞ്ചാനലനിൽ നിന്നെരിയുന്നവൾക്കു മേലെ
നീ നിവർത്തിയ ജലഭരമേഘ ഭ്രമത്തിൽ
ജന്മാന്തരങ്ങൾ
കടക്കുന്നു ഞാൻ ....
90 : സന്ദേഹം
കണ്ണടച്ചിരിയ്ക്കുമ്പോൾ ലോകം മുഴുവൻ വിളറി മുഷിഞ്ഞ് ...
വയ്യ
ചിപ്പിയ്ക്കുള്ളിൽ
മൺതരി പോലെ
എന്തോ ഒന്ന്
ഉള്ളിൽക്കിടന്ന്
സദാ കരുകരുക്കുന്നു..
തലതിരിയുന്നു
ചുറ്റുപാടും നിറം പൊഴിഞ്ഞ
ചിത്രം പോലെ അവ്യക്തം
ചോദ്യങ്ങളൊന്നും
ശബ്ദരൂപമാർജ്ജിയ്ക്കുന്നില്ല
ഒന്നും പറഞ്ഞു
പ്രതിഫലിപ്പിയ്ക്കാനാവുന്നില്ല
ഒരു ഉദാത്ത ഭാവം കൊണ്ട്
പൂർണ്ണമാക്കാവുന്ന
നിയോഗങ്ങളെപ്പറ്റി
ഞാനിനിപ്പറയില്ല
ഒന്നുമുണ്ടായിരുന്നില്ല
കുടം കമഴ്ത്തി വച്ച്
വെള്ളമൊഴിയ്ക്കുകയായിരുന്നു
സത്യസ്വരൂപ ഹൃദയ പ്രതിബദ്ധമായിട്ടും
എന്തുകൊണ്ടിങ്ങനെ
എന്ന സന്ദേഹം മാത്രം.
91: അവളുടെ ആകാശ സഞ്ചാരങ്ങൾ
പുരുഷ കല്പനകളിൽ
അവളഭിസാരിക
ശരീരത്തെ തുറുങ്കിലടച്ചിട്ടും
ആത്മാവിൽ വ്യഭിചരിക്കുന്നവൾ
നരച്ചു നിറം കെട്ട കണ്ണും
കണ്ണീരുണങ്ങി കരുവാളിച്ച
കവിളും പിന്നെയും
സ്വപ്നങ്ങളെ നോക്കി
പുഞ്ചിരിച്ചതിന്
വീണ്ടും വീണ്ടും
ശിക്ഷാകാലം നീട്ടി
വാങ്ങുന്നവൾ ..
മാതൃബിംബത്തോട്
പടപൊരുതുന്നവൾ ,
പുത്ര ശാസനങ്ങളിൽ
ഉരുകിനിവരുന്നവൾ ,
സഹചരരവൾക്ക്
പ്രണയ നഷ്ടത്തിന്റെ
അലുക്കു പതിച്ച
കറുത്ത ഒറ്റവസ്ത്രം
ചാർത്തിക്കൊടുത്തു..
അവളുടെ അലിവിൽ ,
വിധേയത്വത്തിൽ,
നേത്രാർദ്രതയിൽ -
ശരീരകാമനകൾ തിരയാൻ
തോഴനും പ്രിയം.
ഓരത്തു നിന്നടക്കിച്ചിരിച്ചവർക്കാർക്കും
പേരും മുഖവുമുണ്ടായിരുന്നില്ല..
എന്നിട്ടും ആര്യ മഹിമാവിനും
ഏഴങ്കുലം മേലെ
ആകാശമാർഗ്ഗത്തിൽ
അവളുടെ തേരുരുളുന്നു...
92 : ചതുരംഗം
അതൊരു
ചതുരംഗക്കളമായിരുന്നു
അനുതാപവും സഹാനുഭൂതിയും
ഇടങ്കൺകോണിൽപ്പോലും
ബാക്കിയില്ലാത്ത രാജാവിനു
മുമ്പിൽ കാലാൾ എപ്പോഴും മുട്ടുകുത്തുകയായിരുന്നു
കോണോടു കോൺ
തിരിഞ്ഞ് നീങ്ങുന്ന
ദന്തിവീരരും
എല്ലാം ചവിട്ടിമെതിച്ച്
പായുന്ന
കുതിരപ്പടയും
നേരെ ഉരുളുന്ന
തേരിന്റെ സാരഥിയും
കാവലാളിന്റെ സ്വാതന്ത്ര
വാഞ്ചയ്ക്ക്
മുഖം കൊടുത്തതേയില്ല.
യുദ്ധമെന്നത്
മനസ്സിനെ തടവുകളിൽ
നിന്നു മോചിപ്പിക്കുന്നതിനുള്ള
കല്പനാ വ്യാപാരമാണ് -
ഒരു നർമ്മ സചിവനോ
ലാവണ്യത്തിന്റെ
സ്ത്രീഭാവത്തിനോ
അവിടെയൊന്നും
വില്പനയ്ക്കു
വയ്ക്കാനില്ല.
അനന്തമായ
പൊരുത്തക്കേടുകളുടെ
കരുക്കൾ കറുപ്പും
വെളുപ്പുമായ് നിറം മാറിക്കൊണ്ടിരിക്കുന്നു
ദുർമ്മരണം വരിച്ച്
ഗതിയില്ലാതലയുന്ന
ജീവൻ രക്ഷ
രക്ഷയെന്നുരുവിട്ട്
ചതുരംഗപ്പലകയിൽ
തലതല്ലുന്നു...
93 : നാരായണ സ്മൃതി
സംസാര ദാവാനലനിൽ
പൊരിയുന്നവർക്കായ്
സദ്വാക്യമോതി കാരുണ്യ
ക്കടലായ്ത്തുളുമ്പും
ഗുരുമൂർത്തിയ്ക്കെന്റെ
നമസ്ക്കാരം
അജ്ഞാന തിമിരാന്ധ്യത്തെ
ചിത്ജ്ഞാനാഞ്ജനം
തൊട്ടു തെളിച്ച്
ജന്മ ബന്ധമൊഴിക്കുന്ന
മഹാമാന്ത്രികനെന്റെ
കൂപ്പുകൈ
എല്ലാം മായയെന്നോതി
മറ നീക്കി നേരെ നടത്തും
ഗുരുകൃപയാർന്ന
മഹാ മനീഷിയ്ക്കെന്റെ
കൃതാഞ്ജലി
പരം പൊരുളോരാതെ
പൊള്ളിപ്പിടയുന്ന ജീവനെ
നേരിന്റെ കണ്ണാടി കാട്ടി
പെരുതാം ചിരി ചൊരിയും സർവ്വജ്ഞനെന്റെ
സാഷ്ടാംഗപ്രണാമം
പലമാതിരിയിലയും ചില്ലയും
തായ്ത്തടിയും ചേർന്നൊരു
പെരുമരം പോലെ
ഉലാവുന്നു ലോകം
അതിൽ നിറയുന്ന
ജീവന്റെയേകരസം
സനാതനമെന്നരുളിയ
ഗുരുമൂർത്തിയ്ക്കെന്റെ
നമസ്ക്കാരം ....
94 : ഉദയ സൂക്തം
കവിളിൽ കരിമഷി തൊട്ട
മഞ്ഞമന്ദാരപ്പൂവിന് നേരെ
മുന്നറിയൊപ്പൊന്നുമില്ലാതെ
നീണ്ടുവന്ന അലയൊടുങ്ങാത്ത
പാൽച്ചിരിയിലെന്താവാം ....?
ഒന്നുമൊന്നുമില്ലെന്ന്
കാറ്റിന്റെ നേർഹാസം.
ആ ചിരിയിലുമമാവാസിയെന്ന്
രാത്രി സഞ്ചാരിണി....!
അഗ്നി ശൈലങ്ങളിലേക്കു
പാഞ്ഞുകയറിയതും
കാരമുള്ളിലേക്ക്
ആഞ്ഞുപതിച്ചതും
തനിച്ചു പടവെട്ടി
തോറ്റൊടുങ്ങിയതും സദാ
ആഴ്ന്നാഴ്ന്നു പോകുന്ന
ജീവന്റെ ചതുപ്പുനിലങ്ങളും
കണ്ടുകണ്ടകമഴിഞ്ഞു
ചിരിച്ചതാവാമെന്നു വാടാതെ
പുഷ്പസമാനഹൃദയ..
വെറും ചിരിനിഴലെന്നു
പിന്നെയും സത്യസഞ്ചാരിണി -
സങ്കല്പ ധാരയിൽ
നൂറ്റൊന്നാവർത്തിച്ച ഈശ്വരദർശനങ്ങൾ
ആകാശവും ഭൂമിയും
ഉരുക്കിച്ചേർത്ത്
നീറ്റിത്തെളിയിച്ച
പ്രണയ സാക്ഷാത്ക്കാരങ്ങൾ
ശരീരത്തെ സ്ഫുടം ചെയ്ത്
ദേവ പ്രതിഷ്ഠയാക്കിയ
പഞ്ചാഗ്നി വ്രതങ്ങൾ
ഏക ഭാഷണങ്ങളിൽ
അലിഞ്ഞലിഞ്ഞൊഴുകിയ
വിൺഗംഗകൾ
കല്പനാ ശൃംഗങ്ങളിൽ പൂത്ത
നീലത്താമരകൾ
കണ്ടുകണ്ടകമലിഞ്ഞ്
നാവു കെട്ടപ്പെട്ടവന്റെ
നിറകൺചിരിയാവാമെന്ന്
പിന്നെയും മലർമൊഴി....
വെറും വെറുതേയെന്ന്
നിത്യസഞ്ചാരിണി ....
തിരുത്തെഴുത്തുകൾ
വിരസഭാവങ്ങളാരുടേയും
കണ്ണിൽപ്പെടാതെ മുഖം
മഷി തൊട്ടു കറുപ്പിച്ച്
മുനിഞ്ഞു നില്ക്കുന്ന
മഞ്ഞമന്ദാരപ്പൂവിന് നേരെ
മുന്നറിയൊപ്പൊന്നുമില്ലാതെ
നീണ്ടുവന്ന ചെറു - ചിരിയലയിലെന്താവാം ....
ഭൂമിയെ
ആകാശത്തെപ്പോലും
ചുട്ടുപൊള്ളിച്ച്
സ്വയം നീറിത്തെളിഞ്ഞ
പ്രണയ ഭൂമികകൾ ....
തിരസ്ക്കാരങ്ങൾ കൊണ്ട്
വെളിച്ചം കെട്ട കണ്ണിൽ
വിരസതയുടെ
കരിമഷിയെഴുതി
മുനിഞ്ഞു നില്ക്കുന്ന
മഞ്ഞമന്ദാരപ്പൂവിന് നേരെ
മുന്നറിയൊപ്പൊന്നുമില്ലാതെ
നീണ്ടുവന്ന ഒരു ചെറു - ചിരിയലയിലെന്താവാം ....?
കവിളിൽ കരിമഷി തൊട്ട
മഞ്ഞമന്ദാരപ്പൂവിന് നേരെ
മുന്നറിയൊപ്പൊന്നുമില്ലാതെ
നീണ്ടുവന്ന അലയൊടുങ്ങാത്ത
പാൽച്ചിരിയിലെന്താവാം ....?
ഒന്നുമൊന്നുമില്ലെന്ന്
കാറ്റിന്റെ നേർഹാസം.
ഭൂമിയെ
ആകാശത്തെപ്പോലും
ചുട്ടുപൊള്ളിച്ച്
സ്വയം നീറിത്തെളിഞ്ഞ
പ്രണയ ഭൂമികകൾ..
95. തിരസ്ക്കാരം
പാതി മനസ്സെങ്കിലും
വായിക്കാതെ
പ്രണയം
തുളുമ്പുന്നതെടുക്കാതെ
പുന്നാമ നരകത്തിൽ
നിന്നു കൈപിടിയ്ക്കാതെ
പ്രാണന്റെ വ്യഥകളെ
പകുക്കാതെ
മുഖം തിരിക്കുന്ന
പുല്ലിംഗങ്ങളെ
തിരസ്ക്കരിക്കുന്നു
ഞാൻ.
96: ദസ്തയേവ്സ്ക്കിക്ക് -
ഉള്ളു നൊന്തു നൊന്ത്
ഉടലിൽ പുണ്ണു പൂക്കുന്നു
ഫിയോദർ , ഞാൻ
അങ്ങയുടെ പാദങ്ങൾ
തൊടുന്നു..
മനുവംശത്തിന്റെ
വ്യഥകൾ
മുഴുവൻ പങ്കിട്ടെടുത്ത
അങ്ങ് എന്റെയീ
നാരകീയ വ്യഥകൂടി
പകുക്കണേ -
ഒരിക്കലും പ്രസാദിക്കാത്ത
ദുർദ്ദേവതയ്ക്ക്
അംഗങ്ങളോരോന്നും
അറുത്തു ബലി കൊടുത്ത്
രക്ഷ രക്ഷ എന്നു
പുലമ്പുന്നവൾ -
ഭയന്നും കരഞ്ഞും
ചുളുങ്ങിയൊതുങ്ങി
സ്വയമൊളിപ്പിച്ച്
വെളിച്ചത്തിന്റെ
ഒരു വിരൽത്തുമ്പ്
കാത്തിരിക്കുന്നവൾ
കണ്ണീരിന്റെ
വേലിയേറ്റങ്ങളിൽ
അപസ്മാരം
കൊണ്ടുറഞ്ഞു
തുള്ളുന്നവൾ.
എത്ര എഴുതിയാലും
അവതരിപ്പിക്കാനാകാത്ത
നിലാവു പോലെ,
എത്ര ആണ്ടുമുങ്ങിയാലും
നനയ്ക്കാത്ത സാഗരം പോലെ,
ആവിഷ്ക്കരിക്കാനാവാത്ത
വ്യഥകളുടെ തിളയ്ക്കുന്ന
ചെമ്പുകുട്ടകം
നിന്റെ നെഞ്ചിലേയ്ക്ക്
മാറ്റി വയ്ക്കുന്നു ഞാൻ
മനുഷ്യയാതനയുടെ
തീ പിടിച്ചയാത്മാവുപോലെ
നീയെന്റെ മുന്നിൽ
നിന്നുരുകുന്നുവല്ലോ -
എന്റെ മുഴുവൻ പിഴകളും
ഏറ്റു പറഞ്ഞ്
എനിക്കൊന്നു നിന്റെ മുന്നിൽ മുട്ടുകുത്താനായെങ്കിൽ -
97 : അന്ധകാരനഴി
നീരസവും
അറപ്പും
വെറുപ്പും
പുച്ഛവും
ആറ്റിക്കുറുക്കി
കോരിച്ചൊരിഞ്ഞ ആ
നിമിഷത്തിൽ
പഞ്ചഭൂതങ്ങളേ
എന്നെ ഏറ്റുവാങ്ങുക
അഷ്ടദിക്കുകളേ
എന്നെ മറയ്ക്കുക
എന്ന്
ഇടത്തും വലത്തും
തിരിഞ്ഞു തൊഴുത്
തലതല്ലി കരഞ്ഞ്
മതിഭ്രമം കൊണ്ട്
അലഞ്ഞത്
എവിടെയൊക്കെ -
തേടിയ അനന്ത
ലാവണ്യം
ആകാശ വിശാലത
രജോലേശമില്ലാത്ത
അക്ഷയ ഭൂമാവ്
യശോധവളിമയാർന്ന
തൃപ്പാദങ്ങൾ
കാലുഷ്യമേലാത്ത
കാരുണ്യപ്പുതപ്പ് ....
ഒരു
നിർദ്ദാക്ഷിണ്യ ഭാവത്തിൽ
എന്റെ സാമ്രാജ്യം
അസ്തമിച്ചു പോയ്
എന്റെ ബോധിവൃക്ഷച്ചുവട്
കടലെടുത്തു പോയ് ...
ഉള്ളു വെന്ത്
ഉടലുരുകിയൊലിക്കുന്ന
ലാവാപ്രവാഹത്തിൽ
എന്റെ ഹൃദയവും
അന്ധകാരനഴിയിലേയ്ക്ക്
ആണ്ടു പോകുന്നു..
98 : പ്രണയം - വീണ്ടും
ലോകത്തിലെ ആദിമ സ്ത്രീ
ആദ്യ പുരുഷനെയെന്നപോലെ
പ്രണയമെന്ന വാക്ക്
ആദ്യം ഉരുവംകൊണ്ടപ്പോൾ
ഉണ്ടായിരുന്ന അതേ
കൃത്യതയോടും
ശുദ്ധിയോടും കൂടി
ഞാൻ നിന്നെ പ്രണയിക്കുന്നു.
നിന്റെ സ്വാർത്ഥത്തിന്റെ
മുന്തിരിക്കിണ്ണത്തെയല്ല
ഫണം നീർത്തി നില്ക്കുന്ന
പുരുഷ പ്രതാപത്തെയല്ല
ദുരഭിമാനത്തിന്റെ
മാറാപ്പുകളെയല്ല
കാപട്യത്തിന്റെ
ചിറികോട്ടലുകളെയല്ല
ഗാംഭീര്യത്തിന്റെ
തൃക്കൺപാർക്കലുകളെയല്ല
രേഖീയ
വിശുദ്ധ ഭൂമികകളിൽ
നിന്നുയർന്ന് നിന്ന്
നീ ചൊരിഞ്ഞ
വചനഗരിമകളെ
ജീവന്റെ വരൾ
നിലങ്ങളിലേയ്ക്ക്
ചാലുകീറിയ
സൗമനസ്യത്തിന്റെ
ജലരാശിയെ
ഊഷരതകളിൽ
നീ മുളപ്പിച്ച
ജീവബിന്ദുക്കളെ
എന്റെ അക്ഷരജാലങ്ങളിൽ
അനന്ത കല്പനകളായ്
ജ്വലിച്ച നീയെന്ന
രാഗഭാവത്തെ
അതിതീവ്രമായ് .
പ്രണയിക്കുന്നു ഞാൻ -
99 : ജ്ഞാന സ്നാനം
വാർദ്ധക്യം ചുംബിച്ച പരുപരുത്ത
കൈവിരലുകൾ നീട്ടി
ഞാൻ നിന്റെ
ശിരസ്സിൽത്തൊടുന്നു..
ശുദ്ധസത്തയിൽ നിന്ന്
നാരകീയ വ്യഥകളിലേയ്ക്ക്
ഞാൻ നിന്നെ ജ്ഞാനസ്നാനപ്പെടുത്തുന്നു
ജീവിതകാമനകളും
മൃതിലഹരിയും
നാവിലിറ്റിക്കുന്നു ഞാൻ
നേരിന്റെ കടവുകളിലേയ്ക്ക്
കാരുണ്യത്തിന്റെ
കടത്തു വഞ്ചിയിലേക്ക് ഞാൻ
നിന്നെ മാറ്റിപ്പാർപ്പിക്കുന്നു ...
100 : മകളായ് -
ഒരു പൂമ്പാറ്റ പൂവിൽ
മുഖമമർത്തിയിരിക്കുന്നതു
പോലെ
നിഷ്കളങ്കമായി
അരികിലവൾ
അവളെ മൂടുന്ന
മൃദുല പദങ്ങളിൽ തുന്നിയ
വാത്സല്യപ്പുതപ്പിലേക്ക്
ഞാനും നുഴഞ്ഞുകയറുന്നു
നിരാസത്തിന്റെ
കുടകപ്പാല
പൂത്തു നിൽക്കുമ്പൊഴും
വശ്യതയുടെ കാശാവു
തിരഞ്ഞ്
മതിഭ്രമം കൊണ്ട്
അലഞ്ഞത്
ഈ
കാരുണ്യപ്പുതപ്പ്
തിരഞ്ഞായിരുന്നുവല്ലോ !
(നിരാസത്തിന്റെ
കുടകപ്പാലപ്പൂക്കൾi...
വഴി തടയുമ്പൊഴും
പൂത്തു നിൽക്കുന്ന
കടമ്പിന്റെ
വശ്യതയിലേയ്ക്ക്
എന്റെ വഴി
തിരിയുന്നു.. )
101 : ചോദ്യോത്തരങ്ങൾ
പകലോൻ
ഈ വിളക്കിൽ
തിരിതെളിക്കാത്തത്
തന്നെ മറച്ചു പിടിയ്ക്കാൻ
സ്വയം ഇരുട്ട്
തിരഞ്ഞെടുത്തതുകൊണ്ടാണ്..
വ്യഥ ചവച്ചുതിന്ന
ഹൃദയം തുപ്പുന്ന
ചെന്നിണമാണ്
പാതയിലെ പൂക്കളെ
ചുവപ്പിക്കുന്നതെന്നറിഞ്ഞിട്ടും
തിരിഞ്ഞു നോക്കാത്തത്
തന്റെ തടവുമുറിയിൽ
തിരിച്ചെത്താൻ
വൈകരുതെന്നുള്ള
നിബന്ധനയുളളതു
കൊണ്ടാണ് ...
ജന്മ കദനങ്ങളിൽ
വാടി വാടി നില്ക്കുമ്പോൾ
കരുണക്കടലാവാത്തത്
ഹൃദയം ജീവപര്യന്തം
കടം കൊടുത്തതു
കൊണ്ടാണ് ....
പ്രാണസ്പന്ദനം പോലെ,
കാലുറപ്പിച്ചു നില്ക്കുന്ന
പച്ച മണ്ണു പോലെ -
തിരിച്ചറിഞ്ഞിട്ടും
കൈ പിടിയ്ക്കാത്തത്
കൈവിലങ്ങിൽ നിന്നു
മോചനമില്ലാത്തതു
കൊണ്ടാണ് ....
102 : മായാവിനി
പൂത്ത നീലക്കടമ്പു പോലെ
നില്ക്കുന്ന ആകാശത്തിന്റെ
മൗനം എനിക്കുള്ള
സമാധാനങ്ങളാണ്..
തോരാതെ പെയ്ത്
കണ്ണീർക്കടലുകൾ
ഒഴുക്കിക്കളയാമെന്നു -
റപ്പു നല്കുന്നു..
ഇരുട്ടിൽ വിദ്യുത്കാന്തങ്ങൾ
കൈ പിടിയ്ക്കുന്നു..
വിറയ്ക്കുന്ന താരകങ്ങൾ
കണ്ണീർക്കണങ്ങളെ
മുത്തുകളാക്കി
തിരികെത്തരുന്നു . .
അടങ്ങാത്ത
തേങ്ങലുകളെ
ജതിസ്വനങ്ങളാക്കി
മാറ്റുന്ന പവമാനൻ
ഒരു പുല്ലാങ്കുഴൽ
സമ്മാനിക്കുന്നു.
ഹൃദയത്തിൽ
നറും വെണ്ണയും
പാലും നിറച്ച്
ചന്ദ്രകിരണങ്ങൾ ...
ഈ മഹാ നടനങ്ങൾക്കു
മിഴി കൊടുക്കാതെ
വെളിച്ചം വെളിച്ചം എന്നു
ജപിച്ചു ജപിച്ച്
സൂര്യനെന്നു നിനച്ച്
പൊള്ളൽ മാത്രം തരുന്ന
ഒരു കനലെടുത്ത്
നെഞ്ചിൽ വച്ച്
മനുഷ്യരിൽ
ഈശ്വരനെ തിരഞ്ഞ് ഒരു
മായാ മകുടിയ്ക്കു പിന്നാലെ
അലയുന്നു എന്നിലെ
മായാവിനി..
103 : വെളിപാടുകൾ
തളർച്ചയുടെ
മറവിയുടെ
ആന്ധ്യത്തിന്റെ
വിത്തുകൾ
വീണു കഴിഞ്ഞു ...
ഒരു നന കൂടിയേ വേണ്ടൂ
വേരോടാൻ ...
എണ്ണ പകരാതെ തന്നെ
ആളിനില്ക്കുന്ന
എരിതീയ്യിന്റെ
ആലിംഗനത്തിൽ നിന്ന്
പുറത്തേയ്ക്കു
പാഞ്ഞു പോകും മുമ്പ് -
പ്രിയതകൾ മറവിയിലേയ്ക്ക്
പടിയിറങ്ങും മുമ്പ് -
ജീവന്റെ അക്ഷരങ്ങൾ
മൃതമാകും മുമ്പ് -
നിന്റെ നക്ഷത്രങ്ങൾക്കും
ചന്ദ്രനുമൊപ്പം
എനിക്കൊരു
വിദ്യുല്ലതയുടെ
ക്ഷണപ്രഭ പകരുക
സൂര്യ പ്രതാപമേ ...
104 : വിഷനീലിമ
ഞാനുയരത്തിലാണ്
നീ മണ്ണിലുറച്ചു
നില്ക്കുന്നുവെന്ന്
കാറ്റു പറഞ്ഞു
ഞാൻ മറകൾക്കപ്പുറമാണ്
നിനക്കു മുഖാമുഖമെന്ന്
കാണാതെ കണ്ണുകൾ
മൊഴിഞ്ഞു
കൊടുങ്കാറ്റിരമ്പം മൃദുവും
സ്നിഗ്ദവുമായതെനിക്കു
വേണ്ടിയെന്ന് ഭ്രമിച്ച്
മനസ്സലിയുന്നു
ഹൃദയത്തിൽപ്പടരുന്ന
ആയിരം വിഷപ്പച്ചകൾ
പ്രാണനൂറ്റുന്നുവെന്ന്
സാക്ഷിയുടെ നേർമൊഴി -
105 : കിളിയും വിത്തും പ്രാർത്ഥനയും
പതംഗമായിരുന്നു ,
പറന്നുയരാനാത്തിരി
ആകാശമാണു ചോദിച്ചത്..
പരാദമായി വേരുറപ്പിച്ചു
പ്രാണനെടുക്കുമെന്നു ഭയന്നു നീ ..
വിത്തായിരുന്നു ,
മുള പൊട്ടി ഇല നീട്ടി
ആകാശത്തെ തൊഴുതു നില്ക്കാൻ
ഒരു തണലിടമാണു ചോദിച്ചത്..
നിന്നിലേയ്ക്കു
ചുറ്റിപ്പടർന്നു ജീവഭോഗങ്ങൾ
പങ്കുപറ്റുമെന്നു ഭയന്നു നീ..
ജീവൻ പൊടിയ്ക്കാതെ
ഉറകൂടിയമണ്ണിനോട്
ഒരു വിത്തിന്റെ
പ്രാർത്ഥനകളിൽ
എത്ര നിശ്ശബ്ദതയാണ് -
106 : സമാധാനം
ഉള്ളുരുക്കങ്ങൾ കൊണ്ട്
ഉടലിൽ പുണ്ണു പൂക്കുന്നു.
കാഴ്ചപ്പുറങ്ങളുടെ
വറുതിയിൽ
വിഷജ്വരം പെരുക്കുന്നു.
അറിയില്ലെന്ന
മൊഴിയിലെ
ഞ്ഞെരിഞ്ഞിൽക്കാടുകൾ ,
അറിഞ്ഞലിഞ്ഞ
അപഥ സഞ്ചാരിണിയുടെ
വഴിനീളെ ...
കുരിശേറിപ്പിടഞ്ഞതിന്റെ
വേദന ...
തീയിൽപ്പെട്ടതിന്റെ പൊള്ളൽ ..
എവിടെയാണ്
വെള്ളിൽപ്പറവകൾ -
സമാധാനത്തിന്റെ
ഒലിവിലകൾ ..
107 : തച്ചുശാസ്ത്രം
ഒരു വടക്കൻ ചൊവ്വ
മദം കൊണ്ട നിന്റെ
പൊട്ടിച്ചിരിയെടുത്ത്
ഹൃദയത്തിൽ
പ്രതിഷ്ഠിച്ചാൽ -
ഒരു കാളരാത്രി
നിന്നെ സൂര്യനായ്
നെഞ്ചിലണിഞ്ഞാൽ -
ഒരു വാടിയ പെൺപൂവ്
മൃദു സ്നിഗ്ദ വചനങ്ങൾക്കു
പിന്നാലെ ഗുരു ചരണം
തേടി വന്നാൽ -
ഒരപഥസഞ്ചാരിണി
എന്നെയും എന്നു
കൈനീട്ടിയാൽ -
പ്രപഞ്ചശില്പിയ്ക്ക്
അവഗണനയുടെ
തച്ചുശാസ്ത്രം
തിരയേണ്ടതില്ല
മഹാ മൗനത്തിന്റെ
മുഴക്കോൽ
മാത്രംമതി..
108 : ആശിസ്സ്
ഒരു പുരുഷായുസു മുഴുവൻ
മഹാസംയോജകനായും
മഹാദ്ധ്യക്ഷനായും
വാഴട്ടെയെന്ന്
ഉള്ളു നൊന്തൊരു
പ്രാർത്ഥന നിനക്കായ് -
ഇപ്പോഴത്തെ
അന്നത്തെ
എന്നത്തേയും
മഹത്തായ
നിമിഷമേതായിരിക്കും
അതു കഴിയും
ചെയ്യൂ എന്ന്
കണ്ണുകളിലെ
സൂര്യൻ
പ്രകാശിച്ചപ്പോൾ
അപ്പോഴാണ്
മണ്ണിൽ മുഖം പൂഴ്ത്തി
ഒളിച്ചിരുന്ന ഒരു ഒട്ടകപ്പക്ഷി
ആകാശം കണ്ടത് -
നരച്ച് മടുത്ത്
മണ്ണടിയാൻ പോകുന്ന
ഒരു പാഴ്മരം
കാടിനെ മുഴുവൻ
സുവാസിതമാക്കിക്കൊണ്ട്
പൂവിട്ടത്
ഭയന്ന്
വിറയാർന്ന്
എന്നാൽ അതിലേറെ
ഉൾപ്പുളകത്തോടെ
കൊടുങ്കാറ്റിൽ
ഉലയാതെ
ഒരു മൂവിലച്ചെടി
തീർപ്പുകളിലേക്ക്
പടർന്നുകയറിയത്
അതു തന്നെയാണ്
ആ ശിലാപ്രതിഷ്ഠയുടെ
അചഞ്ചലത .
വിഗ്രഹങ്ങളെല്ലാം
ഉടയുമ്പോഴും
കണ്ണടച്ചു
വിശ്വസിക്കുന്നത് -
എല്ലാ ബിംബകല്പനകൾകൊണ്ടും
നിരന്തരം പൂജിക്കപ്പെടുന്നത് -
ആ പ്രതിഷ്ഠയെയാണ് -
ഇനിയും
നിരാസങ്ങളുടെ
മണൽക്കാടുകൾ
നിറച്ച ഭൂപടം
നിവർത്താതിരുന്നെങ്കിൽ ....
110 : മൗനം, അവഗണന
ലോകം എന്നോടു
മൗനം പാലിക്കുന്നു ...
ആകാശത്തിലും ഭൂമിയിലും
ഞാനതു കണ്ടു
ലോകം എന്നെ
നിഷേധിക്കുന്നു ...
നക്ഷത്രത്തിലും
കാറ്റിലും
മരങ്ങളിലും
ഞാനതു കണ്ടു.
ഉള്ളുര മുഴുവൻ
അറിഞ്ഞറിഞ്ഞുറവാർന്ന
മൗനം.
അലിഞ്ഞലിഞ്ഞിനിയൊന്നും
പകരം തരാനില്ലാത്തതു
കൊണ്ട്
അവഗണന.
അവന്റെ മൗനവും
നിരാസവും
അതുപോലെ -
അതുപോലെ -
ശുദ്ധം, പൂർണ്ണം ....
.
111 : സത്യവാചകം
പൂവിടാൻ നില്ക്കുന്ന
വൃശ്ചികക്കാടുകളും
പൊട്ടാൻ തുടങ്ങുന്ന
ഹൃദയ ഗ്രന്ഥികളും
പറഞ്ഞു കൊണ്ടേയിരുന്നു
നീലാജ്ഞനക്കല്ലിനോടു
ചോദിക്കൂ ...
കല്ലു പറഞ്ഞു
കാരുണ്യം, മമത ....
ജീവഭാവങ്ങളൊന്നും
ഉറവെടുക്കുകയേയില്ല ..
ഉരഞ്ഞുരഞ്ഞ്
നിനക്കൊപ്പം
മൺതരിയാകാം ....
മതി, മതി , മതി.
സത്യവചസുകളെത്രപേർ
തന്നെ മനസ്സിലാകാത്ത
ആൾക്കൂട്ടത്തോട്
നിരന്തരം ഉത്തരം
പറഞ്ഞ് കത്തിയുടെ
വായ്ത്തലയിലൂടെ
നടന്നിരിയ്ക്കുന്നു
പിന്നെ നിനക്കെന്ത് ?
കാറ്റ് എന്നത്തെയും പോലെ
അടക്കം പറഞ്ഞു..
112 : മൃതി ചഷകം.
ഇനി വെളിപാടുകൊണ്ടുറയരുത്
കുമ്പസാരിക്കരുത്
ആത്മാവിഷ്ക്കാരങ്ങളരുത്
എന്നുള്ളുരുകിയുണ്ടാക്കിയ
നിയമ വിധി
എഴുത്തക്ഷരങ്ങൾ
വലിഞ്ഞു മുറുകി
വലം കൈകരിഞ്ഞപ്പോൾ
കടലെടുത്തു പോയ്..
അവളിപ്പോഴും
നേർവഴി നടക്കാത്തവൾ
നിഷേധി , നെറികെട്ടവൾ
അഭിനയത്തിലും
ആയിരം തവണ മനോധർമ്മം
ചേർത്തഭിനയിച്ച്
ജീവിതം അഭിനയിക്കാത്തവൾ
ഒരു തിരശ്ശീലയ്ക്കപ്പുറം
ജീവിതം അഭിനയിക്കപ്പെടുന്നുണ്ട്
ചിരിയിലും ചിരിയഭിനയിക്കുന്നു
സ്നേഹത്തിലും സ്നേഹം അഭിനയിക്കുന്നു ...
കണ്ട് കണ്ട് മതിവിഭ്രമം കൊണ്ട്
മൃതി ചഷകത്തിനു
കൈ നീട്ടുന്നവൾക്കു വേണ്ടി
ഇപ്പോഴെങ്കിലും
എന്തെങ്കിലും പറയുക ...
113 : സ്വപ്രകാശം
കൈത്തലത്തിൽ
തിളങ്ങുന്ന
നെല്ലിയ്ക്ക പോലെ
ഞാൻ
പ്രകാശിക്കുമായിരുന്നു
സ്വയംഭരിതമാകുമായിരുന്നു
ഉപമകൾ കൊണ്ടുമാത്രമല്ലാതെ
സംവദിക്കുമായിരുന്നു
കിളിക്കുഞ്ഞ്
കൂട്ടിലെന്നപോലെ
സ്വാസ്ഥ്യം
അനുഭവിക്കുമായിരുന്നു
വെയിലിൽ
മഴയെന്ന പോലെ
ചിരിയിൽ കരച്ചിൽ
പെയ്യില്ലായിരുന്നു...
നിരന്തരം
നീർച്ചുഴികളിൽപ്പെട്ട്
ശ്വാസം മുട്ടി
പിടയില്ലായിരുന്നു
താളബദ്ധമായ ഒരു
പാട്ടിന്റെ ഒടുവിലെ
വരിയെങ്കിലും
ഒത്തുമൂളുമായിരുന്നു
സ്വപ്രകാശത്തിന്റെ
ഒരു സൂചിമുന കൊണ്ട്
പെരുന്തച്ചാ നീയെന്റെ
മിഴി തെളിയ്ക്കാത്തതെന്ത് -
114 : അന്യത
ഒരു ചിരി
എനിക്കുള്ളതാണെങ്കിൽ
അതിലാകാശം തെളിയണം
എനിക്കു വേണ്ടിയുള്ളിൽ
കരുണ നിറയ്ക്കുമ്പോൾ
കടലാവട്ടെ അളവുപാത്രം
അനുതാപം കൊണ്ട്
ഒപ്പം നടക്കുമ്പോൾ
എന്റെ
പഞ്ചേന്ദ്രിയങ്ങളും
മനസ്സും
നീയെടുക്കുക
അത്ര ആഴത്തിൽ
അതിരുകളില്ലാതെ
കാണാതെ
കേൾക്കാതെ
നീളുന്ന
സംവേദനങ്ങളെ
ഭയന്ന് നീ അന്യനാവുക
115 : ഒഴിയാബാധ
നൂറ്റൊന്നാവാഹിച്ച്
മൺകുടത്തിലാക്കി
പാതാളത്തിലൊളിപ്പിച്ചാലും
ഒഴിയാത്ത
ബാധകളുണ്ട്
പുറംകാലുകൊണ്ടു തട്ടി
കാറിത്തുപ്പി പടിയിറക്കി
വിട്ടാലും
ഇറങ്ങിപ്പോകാത്തവർ
ഓർമകളുടെ
ഞരമ്പുകൾ
പൊള്ളിത്തിണർത്തു
നില്ക്കുന്ന കൈ
നീട്ടി യാചിക്കുന്നവർ
തീവ്രസംവേഗങ്ങളിൽ
കാഴ്ച മങ്ങിയവർ
കാണാതെ കേൾക്കാതെ
രൂപഭാവങ്ങളെ
സ്വയം വരിച്ചവർ
തിരസ്ക്കാരങ്ങളുടെ
ബലിക്കല്ലിൽ അറുത്തു വച്ച
അവരുടെ തല പിന്നെയും
പിന്നെയും മുളച്ചു വന്ന്
ചോദിച്ചു കൊണ്ടേയിരിക്കുന്നു
എന്നെ അറിയുമോ -
116 : ആവാഹനം
നിന്റെ ശബ്ദത്തിനും
മൗനത്തിനും
ആയിരം വ്യാഖ്യാനങ്ങൾ
ചിരിക്കും ചിരികേടിനും
ആയിരമായിരം
അനുവ്യാഖ്യാനങ്ങൾ
ജ്ഞാനാഞ്ജനം കൊണ്ട് കൺതെളിയുമെന്നാണ്
വിശ്വസിച്ചത്
അന്ത: ക്ഷോഭങ്ങളുടെ
തിമിരത്തിലേയ്ക്കാണ്
വലിച്ചെറിഞ്ഞത്.
എഴുതിയും തിരുത്തിയും
ചോര വാർന്ന
രണഭൂമി പോലെ
മനസ്സ് .
ഒരു കാഞ്ഞിരപ്പലകയിൽ
മുള്ളാണി തറച്ച്
ബന്ധിക്കണം
അലറണ്ട , ഇനി
അലയുകയും വേണ്ട.
അല്പം സ്ഥിരപ്രജ്ഞയുടെ
ചുണ്ണാമ്പു തേച്ചേക്കണം
എനിക്കു വെളിച്ചം വേണ്ട.
117 : വില്പന
അനുഭവങ്ങളുടെ
കൂട്ടിക്കൊടുപ്പുകാരിയാണു
ഞാൻ .
ചിലർ കാറിത്തുപ്പി
ചിലർ മുഖം തിരിച്ചു
ചിലർ മൃദുവായ്
ചേർത്തണച്ചു
ചിലർ വ്യഭിചരിച്ചു
ചിലർ ചിലർ മാത്രം -
കാണുന്നില്ല ,
കേൾക്കുന്നില്ല ,
അറിയുന്നില്ലെന്നു ,
ഭാവിച്ചിട്ട്
ഓർമ്മപ്പുറങ്ങളിൽ
അവയെ
രഹസ്യമായി
സംഭോഗിച്ചു.
ആ ജാരസന്തതികളാണ്
എനിക്കിപ്പോൾ
വായ്ക്കരിയിടുന്നത് -
എന്റെ പ്രേത സഞ്ചാരങ്ങളിൽ
നനഞ്ഞ കൈകൊട്ടി
എന്നെയനുഗമിക്കുന്നത് -
എനിയ്ക്ക് പരലോകത്തിലേയ്ക്കുള്ള
വാതിൽ തുറന്നുതരുന്നത് ....
118 : യാചനാ മൊഴികൾ
അത് ആകെ മൂടി നിന്ന
കോടമഞ്ഞിനെപ്പോലെ
മെല്ലെ
മലയിറങ്ങി
അടുത്തെത്തുമ്പോൾ
മാഞ്ഞു പോകുന്നതല്ല
അത്
കാടിളക്കി പാഞ്ഞു വരുന്ന
കാട്ടുപോത്തിനെപ്പോലെയാണ്
അതൊന്നും ബാക്കി വയ്ക്കുന്നില്ല
അല്പം ഉണക്കലരിയും
നീരും വാങ്ങി
തൊഴുതു നമസ്ക്കരിച്ച്
മണ്ണോടു ചേർന്ന്
സ്വയം
കെട്ടുപോകുന്നപോലെയാണത്
ആകെ മാറ്റിമറിക്കുന്ന
അക്ഷരങ്ങളോട്
മുഴുവനിരുളിനും
പകരം നില്ക്കുന്ന
ഒരൊറ്റ നക്ഷത്രത്തോട്
വ്യാഴവട്ടത്തിലൊരിക്കൽ
പൂക്കുന്ന
നിത്യസുഗന്ധികളോട്
കൈനീട്ടി
ഇരക്കുന്നു ഞാൻ
മറുകര കടത്തണേ
എന്റെ തോണിയെ
ഏകാന്ത ശാപങ്ങളുടെ
ഈ കടവിൽ നിന്ന്
മറുകര കടത്തണേ -
119: തെളിവ്
എഴുതുന്നതു
നിന്നെ
മറക്കാനാണ്
എന്നിട്ടും
എഴുത്തിൽ നീ
മാത്രമേ
തെളിയുന്നുള്ളൂ
അലകടലും ആകാശവും
നിന്റെ രൂപകങ്ങൾ
സൂര്യനും ചന്ദ്രനും
നിന്റെ നിദർശനങ്ങൾ
നീ ആഴക്കടലാകുമ്പോൾ
നിന്നിൽ
തലതല്ലിപ്പടയുന്ന
നുരയും പതയും
ചുഴിയും മലരിയും ഞാൻ
നീയെന്ന ആകാശത്തിൽ
നിന്നെ വാരിപ്പുതച്ച
തമോഗർത്തം
ഞാൻ
സൂര്യ നാളത്തിൽ
ചന്ദ്രഹൃദയത്തിൽ
ഇരുട്ടു ചാലിച്ച
അദൃശ്യമായ
തൊഴുകൈ പോലെ
ഞാൻ
മൃതി കൊണ്ട്
മണ്ണിലലിയുന്നപോലെ
എഴുതിയെഴുതി
മറന്ന് മറന്ന്
നിന്നിൽ ലയിക്കുന്നു
ഞാൻ
120 : സത്യപ്രസ്താവന
പൂത്ത കണിക്കൊന്ന
ഒരു പ്രിയപ്പെട്ട
കാഴ്ചക്കാരിയെ ഓർത്ത്
പൂക്കൾ കൊണ്ട് കണ്ണീർ പൊഴിക്കുന്നില്ല
ആകാശം അവളുടെ കൺനോട്ടമേൽക്കാതെ
നരച്ച മേഘം കൊണ്ടു മൂടി
മ്ലാനത മറയ്ക്കുന്നില്ല
ഒപ്പം നടന്നിരുന്നവളുടെ
അഭാവത്തിൽ
കാറ്റ് വേദനയൊതുക്കി
മെല്ലെവന്ന്
ഒരു ചുടുവീർപ്പിടുന്നില്ല
വ്യഥകൾ
ഏറ്റെടുത്തിരുന്ന
ഭൂമി വരണ്ടുണങ്ങി
വിണ്ടുകീറിയ
ചുണ്ടുകൂട്ടി
മൗനിയാകുന്നുമില്ല
അവളുടെ കാഴ്ചഭ്രമങ്ങളിൽ
അനുയാത്രകളിൽപ്പെടാതെ
അവന്റെ ചലനങ്ങളും
പതിയെയാകുന്നില്ല
പ്രിയവും മമതയും
സൗഹാർദ്ദവും
അനുരാഗിതയും
പ്രണയനവുമില്ലാത്ത
പരീക്ഷകനേ
നിന്നെപ്പോലെ
എവിടെയും
നിസ്സംഗതയുടെ
ഏകമുഖം മാത്രം
ഓ സാർസ്
നീയെനിക്ക്
സത്യബോധങ്ങൾ
കൊണ്ടുവന്നുവല്ലോ -
121 : സ്നേഹം
സ്നേഹം
മൃതി ഭയം
മാത്രമാണ് -
നഷ്ടബോധം
മാത്രമാണ് -
അസാന്നിദ്ധ്യം
വേദനാ
നിർഭര
മായിരിക്കുമെന്ന
ആശങ്ക മാത്രമാണ് -
കടം നല്കിയ
വാക്കുകളുടെ
കടൽ
ജന്മാന്തരങ്ങൾ
സഞ്ചരിച്ചതാണ് ..
നൊന്ത്
നീറി
നൂറ്റൊന്ന്
ആവർത്തിച്ച്
അനുഭവം
ധാരകോരിയ
വാക്കുകൾ ...
അണഞ്ഞണഞ്ഞു
പോകുന്ന
ജീവന്റെ
വിളക്ക്
എത്ര ജന്മങ്ങളിൽ
നീളെ
തെളിയേണ്ടിവരും
ഈ വാക്കുകളുടെ
ഋണ വിമോചനത്തിന് -
122 : ജലച്ഛായകൾ
എല്ലാം മറന്നു
തുടങ്ങിയിരിക്കുന്നു..
സ്നിഗ്ദസിത
തനു വല്ലരിയിൽ
തെളിഞ്ഞു കാണുന്ന
നീലഞരമ്പു പോലെ
എഴുന്നു നില്ക്കുന്ന
കടമ്പിൻ പൂക്കുലകളെ ..
ആസക്തിയുടെ
കടും മഞ്ഞപ്പൂക്കളെ ..
ഹൃദയം മുറിഞ്ഞ്
ചെന്നിണം തുപ്പുന്നതുപോലെ
വിടരുന്ന കുങ്കുമപ്പൂക്കളെ ..
എല്ലാം മറന്നു
തുടങ്ങിയിരിക്കുന്നു
ഒരു വാടാത്ത
വെള്ളത്താമരപ്പൂവ്
ഇതൾ വിടർത്തി -
ത്തുടങ്ങിയിരിക്കുന്നു
ഹൃദയത്തിലെ
ശ്വേതാകാശത്തിൽ ..
എന്നിട്ടും ആ പ്രാക്തന
മയിൽപ്പീലിത്തൂലിക
നടത്തിയ
ചിത്രപ്പണിയുടെ
ജലച്ഛായകൾ
വീണു കിടപ്പുണ്ടെന്റെ
അന്ത:രംഗത്തിൽ....
123 : ഭയം
എന്റെ പ്രണയം നിനക്കു ഭയമാണ്
അത് ഒരു മൺകട്ടപോലെ
പൊടിഞ്ഞലിഞ്ഞ്
തീരുന്ന നിന്നെ
സൂര്യകാന്തക്കല്ലു പോലെ
ജ്വലിപ്പിക്കും
ഇരുട്ടു മാത്രം വീണുകിടക്കുന്ന
നിന്റെ വഴികളിൽ ഒരു
കെടാവിളക്കു
തെളിക്കും
അതു കണ്ണുകളിൽ വിസ്മയവും
ശബ്ദത്തിൽ ദാക്ഷിണ്യവും
നിറച്ചു കൊണ്ടേയിരിക്കും
എല്ലായ്പ്പോഴും
ഒരു കൈ ചൂണ്ടിയും
അലിവുറവയും
കൊണ്ടു വഴികൾ
അനായാസങ്ങളാക്കും
ചിറകുകളില്ലാതെ
പറക്കാനും
ഹൃദയം കൊണ്ടു
ചിരിക്കാനും
നിന്നെ പഠിപ്പിച്ചു
കൊണ്ടേയിരിക്കും ....
ഒടുവിൽ
തടയണകളെല്ലാം
തകർക്കുന്ന
അലയൊടുങ്ങാത്ത
ഒരു
കാരുണ്യക്കടലായ് സ്വയം
തുളുമ്പിപ്പോകുമോയെന്നു
ഭയന്ന്
നീ വലിച്ചെറിഞ്ഞ ആ
ചന്ദ്രകാന്തക്കല്ലുകൾ
പൂത്തിരി പോലെ
നിറന്നു കത്തുന്നു ...
124 : ഛായാമുഖി
സൂര്യനൊരേയൊരു
മുഖക്കണ്ണാടിയേയുള്ളൂ.
കൺകോണുകളിലെ
പരുഷത,
നേർത്ത ചുണ്ടിന്റെ അറ്റത്ത്
കൊരുത്തു വച്ച
പരിഹാസം,
നിഷേധത്തിന്റെ
പുരികം പിടച്ചിൽ -
പുറം ഭാവങ്ങളെല്ലാം
പ്രതിഫലിക്കുന്ന
ഒരേയൊരു മുഖക്കണ്ണാടി
മഞ്ഞു പോലെ തണുത്ത ആ നിലാക്കണ്ണാടി ....
സൂര്യകാന്തി
അവളുടെ ഹൃദയത്തിന്റെ
ആഴത്തോളം
തെളിമയുള്ള
ഒരു വാൽക്കണ്ണാടി
എപ്പോഴും
അവനു നേരെ
ഉയർത്തിപ്പിടിയ്ക്കുന്നു
ആരു നോക്കിയാലും
ഒരു സൂര്യമുഖം മാത്രം
ജ്വലിക്കുന്ന
ഛായാമുഖി ....
മുഖമൊളിച്ച്
മുഖം മറച്ച്
മുഖം തിരിച്ച്
നടത്തിയ
ആകാശയാത്രകളെല്ലാം
അവസാനിക്കുന്നത്
ആ മനക്കണ്ണാടിയുടെ
സ്ഫടിക കാന്തിയിലാണല്ലോ ..
125 : ദശാവതാരം
എന്റെ മുന്നിൽ
നിന്റെ അവതാരങ്ങളെത്ര ?
കണ്ണീർ പ്രളയത്തിൽ
കരിംപായൽ പോലെ
എന്റെ മനസ്സിനു ചുറ്റിപ്പിണയാൻ
ഒരു നീലത്താമരത്തണ്ട് ....
ഇരുട്ടിന്റെ പടനിലങ്ങളിൽ
ഒളിയമ്പേറ്റു വീഴുമ്പോൾ
എനിക്കഭയമായ് പുരുഷോത്തമപാദങ്ങൾ
സങ്കല്പ കാന്താരങ്ങളിൽ
നിന്നെടുത്തുയർത്താനും
മനോ ബന്ധനങ്ങളുടെ
കടുംകെട്ടറുക്കാനും
വരാഹകൂർമ്മങ്ങൾ
പാതി ബോധ
ജലധികളിലേക്ക്
നീയയ്ക്കുന്ന
പ്രകാശമത്സ്യങ്ങൾ ....
എന്നിട്ടും
നരസിംഹമായവതരിച്ച്
നീലാകാശം പോലെ
ആകെ മൂടി നിൽക്കുന്ന
മതിഭ്രമങ്ങളെ
പിച്ചിച്ചീന്തി
രാഗദ്വേഷങ്ങളുടെ
കുങ്കുമപ്പൂക്കളെ
തല്ലിക്കൊഴിച്ച്
വിമലീകരിക്കപ്പെട്ട ജീവനെ
ശ്രീവത്സാങ്കിത
വക്ഷസോടു
ചേർക്കാത്തതെന്ത്?..
126 : മഴ
ഈ മഴ അമ്മയെ വ്യാകുലപ്പെടുത്തില്ല
ജീവിച്ചു ജീവിച്ച്
പഴയ ഓർമ്മയുടെ
മുറ്റത്തു തന്നെ
നില്ക്കുകയായിരുന്നു
അമ്മ
മഴ നനഞ്ഞു വരുന്ന
കുഞ്ഞുങ്ങൾക്ക്
കാപ്പി തിളപ്പിയ്ക്കാൻ
പൊടിയും കരിപ്പട്ടിയും
കടം വാങ്ങുന്ന അമ്മ
ഓലപ്പുരച്ചോർച്ചപ്പഴുതുകളിൽ
ഒടുവിലത്തെ
കറിപിഞ്ഞാണവും
നിരത്തുന്ന
അമ്മ
ഇടിമിന്നൽ വെളിച്ചത്തിൽ
അമ്മയുടെ
കണ്ണുകളിൽ
അരക്ഷിതത്വത്തിന്റെ
വൻമരം
മേൽക്കൂര അടിച്ചു
പറത്തുന്ന
കാറ്റിന്റെ
നീരാളിക്കൈകളിൽ
ശ്വാസം മുട്ടുന്ന അമ്മ
ഹൃദയം പൊട്ടിപ്പിളർന്ന
ആകാശത്തിന്റെ
നിലവിളി പോലെ
തോരാത്ത
എത്ര കണ്ണീർപ്പെയ്ത്തുകളാണ്
അമ്മയായത് -
അമ്മ യാത്ര പോയതിനു ശേഷം
ആദ്യം പെയ്ത
മഴയാണിത്
ഈ മഴ അമ്മയെ
വ്യാകുലപ്പെടുത്തില്ല.
127: വിലാപം
എന്റെ വിലാപങ്ങൾ
നിനക്കു വേണ്ട
അമിതാഹ്ളാങ്ങളുടെ
പാൽക്കുടം കവർന്നവന്
അന്ത ക്ഷോഭങ്ങളുടെ
തൈർക്കലമുടച്ചവന്
വിലാപങ്ങളുടെ
അമാടച്ചെപ്പിൽ നിന്ന്
ഒറ്റവാക്കിന്റെ
ഒരു വൈരക്കൽ മൂക്കുത്തി
പോലും ഞാനണിയുന്നത്
ഇഷ്ടമല്ല.
പ്രകാശ സൂര്യൻ
തട്ടിത്തൂവിയ
ഇത്തിരി കുങ്കുമം ...
വെളിച്ചത്തിൽ
വിരൽ തൊട്ടെടുത്ത
ഇത്തിരി
നീലാഞ്ജനം ...
അതുമാത്രമാണെന്റെ
അലങ്കാരങ്ങൾ .
നിശ്ശബ്ദതയുടെ വെളുത്ത
മേലുടുപ്പിൽ
ജന്മാന്തര സ്മൃതികളുടെ
കറുത്ത നക്ഷത്രങ്ങൾ ...
എന്നിട്ടും
മയിൽപ്പീലിക്കണ്ണു
നിറഞ്ഞ ആ
നീലപ്പുതപ്പ്
യുഗങ്ങൾക്കപ്പുറത്തു
നിന്ന്
ചുരുൾനിവർത്തിവന്നെന്നെ
എപ്പോഴും
മൂടിപ്പുതപ്പിയ്ക്കുന്നു.
127 : സങ്കല്പനം
ഉടലിൽ തീപിടിച്ച് വെള്ളത്തിലേക്ക്
എന്ന പോലെ
നിന്റെ വചന സമുദ്രത്തിലേയ്ക്ക്
ഞാനെടുത്തു ചാടുന്നു
മങ്ങിമങ്ങി നില്ക്കുന്ന
ജീവനിൽ
നിന്റെ വചന പ്രഹർഷത്തിന്റെ
പെരുക്കങ്ങൾ,
മലരികൾ
ചുഴികൾ ....
എന്റെ നിത്യാന്ധതയ്ക്ക് മേൽ
ഇടിമിന്നൽ പോലെ
നിന്റെ വചനോത്സവത്തിന്റെ
വെള്ളി വിളക്കുകൾ ...
ഉപാധികളില്ലാതെ
നിന്നിലലിയാൻ
എന്നെ പൊതിഞ്ഞു പിടിക്കുന്ന
ആവരണങ്ങളെല്ലാം
ഞാനൊഴുക്കിക്കളയവേ
കൈ നീട്ടിത്തൊടാമെന്നു തോന്നുന്നിടത്തു നിന്ന്
കണ്ണെത്താത്തിടത്തേയ്ക്ക്
മാറിനില്ക്കുന്നു
നീയെന്ന
സങ്കല്പനം
128 : വേർപാട്
വേർപാട് നിശ്ശബ്ദതയിലലിയുന്നില്ല
മെഴിയടക്കങ്ങളിൽ വ്യഥയു മലിയുന്നില്ല
അഭിമുഖങ്ങളിൽ
ഒളികെട്ട
ചാന്ദ്രലേഖകൾ
വിരസതയുടെ
നെറ്റിച്ചുട്ടിയും
മുഖത്തെഴുത്തും
കൊണ്ട്
ലോകത്തെ പച്ചകുത്തുന്നു.
ഇടർച്ചയും തളർച്ചയും
അലർച്ചയുമായി
ഇരുട്ടിൽ മുഖമൊളിപ്പിച്ച്
എന്റെ കത്തിവേഷങ്ങൾ ....
129 : മൂടുപടം
മഴമേഘനിനവുകളിൽ നിന്ന്
ചന്ദ്രൻ
വല്ലപ്പോഴും മുഖമൊന്നുയർത്തുമ്പോൾ
ആഴക്കടലിൽ എത്രയെത്ര തിരയിളക്കങ്ങളാണ് ....
നേർത്തചിരിചോരുന്ന
മുഖത്തെഴുത്തിൽ
ഒരു മിഴിമുനക്കോറലിൽ
തെളിയുന്നതെത്രയെത്ര
മൺചെരാതുകളാണ്...
കല്ലലിഞ്ഞു നവനീതമാകുന്നതുപോലെ
മരുപ്പറമ്പൊക്കെ
കന്യാവനങ്ങളാകുന്നതുപോലെ
സ്വയം നിറഞ്ഞു കവിഞ്ഞൊഴുകുന്ന
പുഴയാകുന്നു ഞാൻ
നിത്യകല്യാണി മലരുകൾചൂടി
കല്പനാ ഹംസങ്ങളോടൊപ്പം
പറന്ന് പറന്ന്
ഞാനെത്തുന്ന
കൊടിമുടികളെല്ലാം
നിന്റെ കേളീഗൃഹങ്ങൾ ....
130 : സ്വാതന്ത്ര്യം
എന്റെ തടവറയ്ക്കു പുറത്ത്
നിന്റെ സ്വാതന്ത്യത്തിന്റെ
അതിരറ്റ മഹീതലം -
എന്റെ പജ്ജരശുകിയ്ക്കു മുന്നിൽ
നിന്റെ സ്വാതന്ത്ര്യത്തിന്റെ
അനന്ത വിഹായസ്സ് -
കരയിൽപ്പിടിച്ചിട്ട
ഞാനെന്ന ജല ജീവിക്കുമേൽ
നിന്റെ സ്വാതന്ത്യത്തിന്റെ
അലയൊടുങ്ങാത്ത നീലസമുദ്രം ...
ശബ്ദവും ചലനവുമില്ലാത്ത
എല്ലാ
നി:ശൂന്യതകൾക്കും മേലെ
ഞാൻ തനിയേ നാടു വാഴുന്ന
എന്റെ സ്വാതന്ത്ര്യത്തിന്റെ
ഘോര കാനനങ്ങൾ .....
എന്റെ ചക്രവർത്തിനീ പദം -
അനന്താകാശങ്ങൾ -
ആഴക്കടലുകൾ -
അവിടെയൊരു
വെൺമേഘം പോലെ
വെള്ളത്തുള്ളി പോലെ
മൺതരി പോലെ
നി:സ്വനാണല്ലോ നീ !
131 : നിഷേധം
വാക്കുകളുടെ
കുടകപ്പാലപ്പൂക്കൾ
വാരിയർച്ചിച്ച്
വഴി തടയാനാവുന്നില്ല
പിന്നാലെ
അലിഞ്ഞൊഴുകുന്ന
പ്രാണനെ
കൈ നീട്ടി
തടയാനുമാകുന്നില്ല
ചിത്രദീപ്തികളിൽ
വർത്തമാന സ്മൃതികളിൽ
തെളിയാത്ത മുഖങ്ങൾ ...
ഒരു മയിൽപ്പീലിയുഴിഞ്ഞ്
തീവ്രവ്യഥകളെ
ഉപ്പുപരലാക്കുന്ന
മായാവിയ്ക്ക് -
മാന്ത്രിക ദണ്ഡു വീശി
വികാര സാഗരങ്ങളെ
മായ്ചു കളയുന്ന
മാന്ത്രികന് -
ഒരു കൈ ഉയർത്തി
മൊഴിയടക്കം
വിധിക്കുന്ന
സൂത്രധാരന് -
കരുണയുടെ
പൂമരങ്ങൾ
രചിയ്ക്കാമായിരുന്നു -
വാക്കുകളുടെ
തണലിൽ
ഇളവേൽക്കാൻ
നിഷേധത്തിൽ
പൂക്കുന്ന
ഒരു സൂര്യകാന്തി
മുഖമുയർത്തി
നിന്നിരുന്നു ....
132 : നിർമ്മമം
പ്രിയം ,മമത, വാത്സല്യം
ഇഷ്ടം, പ്രണയം
തുടങ്ങിയ വാക്കുകൾ കൊണ്ട്
അടയാളപ്പെടുത്തിയപ്പോൾ
എത്ര അന്ത:സംഘർഷങ്ങളുടെ
നിർന്നിദ്രരാത്രികളാണ്
പകലായ് പുലർന്നത്!
വെറുപ്പ്, അനിഷ്ടം ,അന്യഥാത്വം
അനീതി, ആത്മരോഷം
തുടങ്ങിയ വാക്കുകൾക്കു മേൽ
അടയിരുന്നപ്പോൾ
എത്ര ഒളിപ്പോരുകളിലാണ്
സ്വയം തളച്ചത് !
ഇനി ചേക്കേറാൻ ഒരു
വാക്കുപോലുമില്ലാതെ
നിർമ്മമതയിൽ
മുഖം കുനിച്ചിരിക്കുന്നു ഞാൻ .
133 : ജന്മപാശം
എനിയ്ക്കു മാത്രമായി
ഉപ്പും മധുരവും വിളമ്പി
പ്രിയം പകർന്നു തരുമ്പോൾ
ഞാനുണ്ടുനിറയേണ്ട
ഒരിലച്ചോറ് ...
നൊന്തു പിടഞ്ഞ്
തപം കൊണ്ട്
ഞാൻ നേടിയ
എന്റെ
അക്ഷയ പാത്രത്തിലെ
അവസാനത്തെ
ചീരയില ...
ഉണ്ടു നിറയുമ്പോൾ
കൈക്കുമ്പിളിൽ
പകരുന്ന ജീവാമൃതം
ഒരു തവണയെങ്കിലും
നുണയാൻ ഇത്തിരി
തിരുമധുരം
എന്റെ
പ്രത്യക്ഷങ്ങളിൽ നിന്ന്
അതെന്തിനാണ് ഒളിപ്പിച്ച്
വയ്ക്കുന്നത്?
എന്റെ ജഢ ശരീരത്തിന്
വായ്ക്കരിയിടുമ്പോഴും
എനിക്കു തരാതെ
മാറ്റിവച്ച പൊതിച്ചോറു കൊണ്ട്
മറുജന്മക്കുരുക്കഴിച്ചുതരൂ
എന്നു പ്രാണൻ കൈ നീട്ടി ഇരന്നേക്കാം -
134 : നിസ്സംഗത
മുമ്പൊക്കെ
കളിപ്പാട്ടം നഷ്ടപ്പെട്ട
ഒരു കുട്ടിയുടെ
മുഖമായിരുന്നു
കണ്ണാടിയിൽ -
തരൂ തരൂ എന്നു
കൈനീട്ടുമ്പോൾ
അമ്പിളിക്കിണ്ണവും
കൈത്തലത്തിൽ
വച്ചു തരുന്ന ഒരു
വാത്സല്യ പുതപ്പിൽ
വിശ്വസിച്ച്
ആകാശത്തോളം
വളരുന്ന നിർമ്മലഭാവം
ഇപ്പോൾ പ്രത്യാശയുടെ
അടച്ചിട്ട
വാതിലിനു മുന്നിൽ
ഭൂതകാലത്തിനു
കാവൽ നില്ക്കുന്ന
നിർമ്മമമുഖമാണ്
കണ്ണാടിയിൽ ..
തിരികെടാൻ
തുടങ്ങുന്നദീപം
തുളുമ്പുന്ന
എണ്ണപ്പാത്രത്തെ
തൊഴുത്
അണഞ്ഞണഞ്ഞു
പോകുന്ന പോലെ
കേവലം നിസ്സംഗം ഭാവം -
135 : ജീവസ്പന്ദം
അതല്ല -
മുഖം കുനിച്ച്
മന: മടക്കി
കാൽപ്പാദങ്ങളിൽ
മിഴിയൂന്നി
ആകാശവും
ആഴക്കടലും
കാണാത്ത
അനന്യത
എന്റേതല്ല -
പ്രിയതകൾക്കു
പിന്നാലെ
വഴി നടക്കുന്ന,
നിരാസങ്ങളിൽ
അടി പതറാത്ത ,
നിത്യ
സഞ്ചാരിണിയുടെ
പാതകൾ
എനിയ്ക്കു
പരിചിതം.
സ്വയമടങ്ങുന്ന
പ്രാക്തന
വിലാപങ്ങളിൽ നിന്ന്
സചേതനമായൊരു
വെൺമേഘത്തിന്റെ
മൺതരിയുടെ
സർവ്വാത്മകതയിലേയ്ക്ക്
എന്റെ പരിസ്പന്ദനം ...
നിഷേധങ്ങൾക്കും
നിരാസത്തിനും
മേലെ പടർന്നു
പന്തലിയ്ക്കുന്ന
ജീവന്റെ പരിസ്പന്ദനം..
136 : എഴുത്തു പലക
പൂക്കളും കിളികളും
പുഴയും മരവും
ആകാശവും
സൂര്യചന്ദ്രന്മാരും
നക്ഷത്രങ്ങളും
മണ്ണും എന്റെ
എഴുത്തു പലകയിലും
ആണിയടിക്കപ്പെട്ടതാണ്
നാരകീയവ്യഥാസഞ്ചയികകളും
ജന്മാന്തര കദനങ്ങളുടെ
ഭണ്ഡാരപ്പുരകളും എന്റെ
മഷിനോട്ടത്തിലും
തെളിഞ്ഞിരുന്നു
നിരന്തര യാതനകളുടെ
കൈയൊപ്പുള്ള
വർത്തമാനകാല
സഹജീവിതമാണ്
എത്ര തെളിച്ചെഴുതിയിട്ടും
മനസ്സിലാവാത്തത്...
137 : സ്വാതന്ത്ര്യം
അന്ന് -
അതിരുകളിലാത്ത
ആകാശങ്ങളിൽ
സ്വതന്ത്ര സഞ്ചാരങ്ങൾ ..
ആഴക്കടലുകളിൽ
തടവുകളില്ലാത്ത
ജലജീവിതങ്ങൾ ..
ഭൂമിയുടെ അതിർത്തിയോളം
പടർന്നു വളരുന്ന
ജൈവബന്ധങ്ങൾ ..
ഇന്ന് -
ഒരു മൂവിലച്ചെടിയിലേക്ക്
ഉടഞ്ഞ മൺപാത്രത്തിലെ
ഒരു തുണ്ടാകാശത്തിലേക്ക്
ശംഖിലിരമ്പുന്ന
ഒരു തുള്ളിക്കടലിലേക്ക്
ഒരു നേർത്ത
മഞ്ഞ വെളിച്ചത്തിന്റെ
മിന്നാമിന്നലിലേയ്ക്ക്
സ്വയം പരിമിതപ്പെട്ടുവല്ലോ!
138
പരാവർത്തനം : സൂര്യവംശിയ്ക്കു വേണ്ടി.
If not willful to change
the attire of this character
to the next
The curtain never raises
The acting perfection
Of the heroine
In her highly ornated
Upper garments ...
The sweet spilling,
Smile dropping
Impressions of
Cheerfulness ...
The daily using
Multi coloured
Over coats of
affections I wear...
All these face masks
Are lost...
Now like the real sky
The self flaming
With its lustre...
139
ലോകസമക്ഷം
പ്രണയം തരൂ -
ഇല്ല .
പ്രിയം തരൂ -
ഇല്ല .
മമതയെങ്കിലും -
ഇല്ല .
എങ്കിൽ
മാനുഷ്യകത്തിന്റെ
കിരീടവും
സഹാനുഭൂതിയുടെ
മുഖാവരണവും
മാറ്റിവയ്ക്കൂ -
ഇല്ല .
അത്
ഏകാധിപത്യത്തിന്റെ
കൊടിയടയാളമാണ്.
140 : മാതൃകം
കുളിപ്പിച്ച്
കരിമഷിയെഴുതി
പൊട്ടുതൊടുവിച്ച്
കണ്ണുപെടാതെ
കവിളത്തൊരു
കാക്കപ്പുള്ളിയിട്ട്
പൊട്ടാത്ത ,
മുറിപ്പെടുത്താത്ത ,
ഒരു കളിപ്പാട്ടവും
കൊടുത്ത്
അതിനെ
അവിടെയെവിടെയെങ്കിലും
ഇരുത്തിയേക്കുക.
മറ്റെവിടേയും
പോവാനറിയാത്ത
പാവം മനസ്സ് -
അതവിടെത്തന്നെ
ഉണ്ടാവും.
ഇടയ്ക്കൊന്ന്
നോക്കിയേക്കണേ..
തനിയേ ചിരിച്ചും
പറഞ്ഞും കളിപ്പാട്ടം
തട്ടിയെറിഞ്ഞും
ചിണുങ്ങിക്കരഞ്ഞും
വിഷാദങ്ങളുടെ
വിരൽ നുണഞ്ഞ്
അതുറങ്ങിക്കോളും
ഒന്നു പുതപ്പിച്ചേക്കണേ -
ഉറക്കത്തിൽ
പേടിച്ച് ഞെട്ടി
ശബ്ദമില്ലാതെ
വിതുമ്പുമ്പോൾ
തനിച്ചല്ല
തനിച്ചല്ലെന്നു
താളം തട്ടി
ഒന്നു ചേർത്തുപിടിച്ചേക്കണേ
അതുറങ്ങിക്കോട്ടെ
ശാന്തമായി ..
141 :
ഒരു ആശയശരീരമായിരുന്നെങ്കിൽ
ആർദ്രമാമൊരു തണലിടം
ഒരു രാഗ ശരീരമായിരുന്നെങ്കിൽ
കല്ലുമലിയുന്ന നാദമാലിക
ഒരു പ്രണയ ശരീരമായിരുന്നെങ്കിൽ
വറ്റാത്ത കനിവുറവ്
ഒരു ചിത്ര ശരീരമായിരുന്നെങ്കിൽ
മൃദുസ്മിതത്തിന്റെ നിത്യവശ്യത
പക്ഷേ ഉടഞ്ഞുടഞ്ഞു തീരുന്ന വെറും
മൺശരീരമാണല്ലോ അത് -
142
[13/01, 11:06 pm]
വ്യഥകളിൽ
തപിച്ച്
ഉറ കൂടിയ
ഹൃദയം നറുംവെണ്ണ പോലെ
തൃക്കൈയിൽ
സമർപ്പിച്ചത്
ഉരുകിയുരുകിത്തീരുന്നുവല്ലോ
പൂത്ത കടമ്പിലും
കാളിന്ദിയിലുമേ
നിന്റെ കണ്ണെത്തൂ
പ്രാണന്റെ
തേർ തെളിക്കാനും
ജീവന്റെ മോക്ഷ
ഗീതകങ്ങൾക്കും
കൈ നീട്ടിയപ്പോഴൊക്കെ
മുഖം തിരിച്ച്
നീലനിലാവിൽ നീ
ചുണ്ടിലൊരു
മുരളി ചേർത്തുവല്ലോ
എന്നിട്ടും
ഏതു നിർമ്മമതയിലും
നീയെന്ന
മഹാകാശത്തിൽ
ചൂണ്ടുവിരൽ
സ്പർശത്തിൽ
മന്ഥരപർവ്വതമെന്നപോലെ
അനന്യമായ്
ഞാനും
ഉയർന്നു നില്ക്കുന്നുവല്ലോ.
143
[15/01, 11:13 am]
ഹൃദയത്തിൽ
നിറഞ്ഞു
തുളുമ്പിയ
പ്രണയ നവനീതം
തൃക്കാൽക്കൽ
ഉരുകി വീഴുന്നത്
എപ്പോഴും
പ്രേമാമൃതം
നുകരുന്നവൻ
കാണുന്നതേയില്ല
പൊട്ടിപ്പൊളിഞ്ഞ്
പഴകിയ ജീവരഥം
നിന്റെ സാരത്ഥ്യത്തിനു
കൈ നീട്ടുമ്പോൾ
പതിനാറായിരത്തിയെട്ട്
പ്രതീക്ഷകളിലേയ്ക്ക്
നിന്റെ തേരുരുളുന്നു
മൺകൂട്ടിൽ
ചിറകിട്ടടിയ്ക്കുന്ന
പ്രാണൻ
രക്ഷരക്ഷയെ
ന്നുഴലുമ്പോൾ
ഗീതയുടെ
മഹാകാശം രചിച്ചവൻ
മായാമുരളികയിൽ
ചുണ്ടു ചേർക്കുന്നു
നിന്റെ വിരൽ സ്പർശം
മന്ഥരപർവ്വതത്തെ
എന്ന പോലെ
എന്നെ സ്വാതന്ത്യത്തിലേ
യ്ക്കുയർത്തുന്നത്
എന്റെ മോക്ഷ സങ്കല്പം
144
[25/01, 1:38 pm]
കാർമേഘങ്ങളുടെ
കറുപ്പിൽ
മിന്നലിന്റെ
പൊട്ടിച്ചിരി
നാരദാദി മുനികളുടെ
നൂറ്റെട്ടുപനിഷത്ത്
സുന്ദരികളുടെ
പത്മവ്യൂഹത്തിൽപ്പെട്ട്
സൈരന്ധ്രിയുടെ
കണ്ണീർച്ചിരി
ജീവവൃക്ഷത്തിന്റെ
വരണ്ട
ശാഖികളെ ഒരൊറ്റ
നോട്ടം കൊണ്ട്
ഉയർപ്പിയ്ക്കുന്ന,
മനസ്സെന്ന
മദഗജത്തെ
അമ്മാനമാടുന്ന
മധുരാധിപതി
വച്ചു നീട്ടുന്നത്
ചവർപ്പിന്റെ
അക്ഷയ പാത്രം..
145
[04/01, 10:23 pm]
കുളിപ്പിച്ച്
കരിമഷിയെഴുതി
പൊട്ടുതൊടുവിച്ച്
കണ്ണുപെടാതെ
കവിളത്തൊരു
കാക്കപ്പുള്ളിയിട്ട്
പൊട്ടാത്ത ,
മുറിപ്പെടുത്താത്ത ,
ഒരു കളിപ്പാട്ടവും
കൊടുത്ത്
അതിനെ
അവിടെയെവിടെയെങ്കിലും
ഇരുത്തിയേക്കുക.
മറ്റെവിടേയും
പോവാനറിയാത്ത
പാവം മനസ്സ് -
അതവിടെത്തന്നെ
ഉണ്ടാവും.
ഇടയ്ക്കൊന്ന്
നോക്കിയേക്കണേ..
തനിയേ ചിരിച്ചും
പറഞ്ഞും കളിപ്പാട്ടം
തട്ടിയെറിഞ്ഞും
ചിണുങ്ങിക്കരഞ്ഞും
വിഷാദങ്ങളുടെ
വിരൽ നുണഞ്ഞ്
അതുറങ്ങിക്കോളും
ഒന്നു പുതപ്പിച്ചേക്കണേ -
ഉറക്കത്തിൽ
പേടിച്ച് ഞെട്ടി
ശബ്ദമില്ലാതെ
വിതുമ്പുമ്പോൾ
തനിച്ചല്ല
തനിച്ചല്ലെന്നു
താളം തട്ടി
ഒന്നു ചേർത്തുപിടിച്ചേക്കണേ
അതുറങ്ങിക്കോട്ടെ
ശാന്തമായി ..
146
[11/01, 9:41 pm]
ഒരു ആശയശരീരമായിരുന്നെങ്കിൽ
ആർദ്രമാമൊരു തണലിടം
ഒരു രാഗ ശരീരമായിരുന്നെങ്കിൽ
കല്ലുമലിയുന്ന നാദമാലിക
ഒരു പ്രണയ ശരീരമായിരുന്നെങ്കിൽ
വറ്റാത്ത കനിവുറവ്
ഒരു ചിത്ര ശരീരമായിരുന്നെങ്കിൽ
മൃദുസ്മിതത്തിന്റെ നിത്യവശ്യത
പക്ഷേ ഉടഞ്ഞുടഞ്ഞു തീരുന്ന വെറും
മൺശരീരമാണല്ലോ അത് -
147
[13/01, 11:06 pm]
വ്യഥകളിൽ
തപിച്ച്
ഉറ കൂടിയ
ഹൃദയം നറുംവെണ്ണ പോലെ
തൃക്കൈയിൽ
സമർപ്പിച്ചത്
ഉരുകിയുരുകിത്തീരുന്നുവല്ലോ
പൂത്ത കടമ്പിലും
കാളിന്ദിയിലുമേ
നിന്റെ കണ്ണെത്തൂ
പ്രാണന്റെ
തേർ തെളിക്കാനും
ജീവന്റെ മോക്ഷ
ഗീതകങ്ങൾക്കും
കൈ നീട്ടിയപ്പോഴൊക്കെ
മുഖം തിരിച്ച്
നീലനിലാവിൽ നീ
ചുണ്ടിലൊരു
മുരളി ചേർത്തുവല്ലോ
എന്നിട്ടും
ഏതു നിർമ്മമതയിലും
നീയെന്ന
മഹാകാശത്തിൽ
ചൂണ്ടുവിരൽ
സ്പർശത്തിൽ
മന്ഥരപർവ്വതമെന്നപോലെ
അനന്യമായ്
ഞാനും
ഉയർന്നു നില്ക്കുന്നുവല്ലോ.
148
[15/01, 11:13 am]
ഹൃദയത്തിൽ
നിറഞ്ഞു
തുളുമ്പിയ
പ്രണയ നവനീതം
തൃക്കാൽക്കൽ
ഉരുകി വീഴുന്നത്
എപ്പോഴും
പ്രേമാമൃതം
നുകരുന്നവൻ
കാണുന്നതേയില്ല
പൊട്ടിപ്പൊളിഞ്ഞ്
പഴകിയ ജീവരഥം
നിന്റെ സാരത്ഥ്യത്തിനു
കൈ നീട്ടുമ്പോൾ
പതിനാറായിരത്തിയെട്ട്
പ്രതീക്ഷകളിലേയ്ക്ക്
നിന്റെ തേരുരുളുന്നു
മൺകൂട്ടിൽ
ചിറകിട്ടടിയ്ക്കുന്ന
പ്രാണൻ
രക്ഷരക്ഷയെ
ന്നുഴലുമ്പോൾ
ഗീതയുടെ
മഹാകാശം രചിച്ചവൻ
മായാമുരളികയിൽ
ചുണ്ടു ചേർക്കുന്നു
നിന്റെ വിരൽ സ്പർശം
മന്ഥരപർവ്വതത്തെ
എന്ന പോലെ
എന്നെ സ്വാതന്ത്യത്തിലേ
യ്ക്കുയർത്തുന്നത്
എന്റെ മോക്ഷ സങ്കല്പം
149
[25/01, 1:38 pm]
കാർമേഘങ്ങളുടെ
കറുപ്പിൽ
മിന്നലിന്റെ
പൊട്ടിച്ചിരി
നാരദാദി മുനികളുടെ
നൂറ്റെട്ടുപനിഷത്ത്
സുന്ദരികളുടെ
പത്മവ്യൂഹത്തിൽപ്പെട്ട്
സൈരന്ധ്രിയുടെ
കണ്ണീർച്ചിരി
ജീവവൃക്ഷത്തിന്റെ
വരണ്ട
ശാഖികളെ
ഒരൊറ്റ
നോട്ടം കൊണ്ട്
ഉയർപ്പിയ്ക്കുന്ന,
മനസ്സെന്ന
മദഗജത്തെ
അമ്മാനമാടുന്ന
മധുരാധിപതി
വച്ചു നീട്ടുന്നത്
ചവർപ്പിന്റെ
അക്ഷയ പാത്രം..
150
കൈവട്ടകയിലോ
കാൽച്ചിലമ്പുകളിലോ
ഏകാവലികളിലോ
നെറ്റിച്ചുട്ടിയിലോ
മൂക്കുത്തിയിലോ
അറിയേണ്ടതില്ല
വേറിട്ടു തുടിക്കുന്ന
ഉയിരിന്റെ
ഉന്മാദങ്ങളെ
അക്ഷര
നിശ്വാസങ്ങളില
റിയണം..
ചിത്രങ്ങളിൽ
പതിയുന്ന
ബാഹ്യ
രൂപകങ്ങളെ
അന്ത:സ്സത്തയിലറിയണം
151
അത്
അലിയുന്നതേയില്ല
നീലാഞ്ജനമെന്നും
ചന്ദ്രകാന്തമെന്നും
പറഞ്ഞു
മോഹിച്ചവർക്കായി
അരഞ്ഞു
തീർന്ന വെറും കല്ലിന്റെ
പരിഹാസച്ചിരി –
ഇവിടെയായാലും
അവിടെയായാലും
എവിടെയായാലും
കൊടുക്കാനോ
എടുക്കാനോ
ഒന്നുമില്ലാതെ
പിൻതിരിഞ്ഞു
നോക്കാതെ
വഴി പിരിഞ്ഞു പോകുന്ന
നിർമ്മമതയുടെ
പേരെന്താവും ?
നിന്റെ പേരാണോ
അതിന്?
152
വീടിന് ഇടനാഴികളാണ്
വേണ്ടത്
എത്ര അടക്കിപ്പിടിച്ചാലും
പൊട്ടിച്ചിതറുന്ന
ഗദ്ഗദങ്ങളെ
ഒളിപ്പിച്ചു വയ്ക്കുന്ന
ഇരുട്ടുവീണ
ഇടനാഴികൾ -
വീടിന് മച്ചുകളാണ്
വേണ്ടത്
വേദനകളുടെ
നന്നങ്ങാടികൾ
ഒരിക്കലും
തുറക്കപ്പെടാതെ
സൂക്ഷിച്ചു വയ്ക്കുന്ന
മച്ചുകൾ -
വീടിന്
വിറകടുപ്പുകളുള്ള
അടുക്കളയാണ്
വേണ്ടത് –
കരഞ്ഞു കലങ്ങിയ
കണ്ണുകളെ
പുക കൊണ്ട്
മറയ്ക്കുന്ന
അടുക്കളകൾ ..
ഗദ്ഗദങ്ങളിൽ
വിതുമ്പലുകളിൽ
നിലവിളികളിൽ
മുഖമമർത്തി നില്ക്കാൻ
ഇരുട്ടും വെളിച്ചവും
ഇടകലരുന്ന
ഒരു കുത്തഴി
വീടുനുണ്ടാവണം ..
153
മറുകര
കാണാനാവാത്ത
വിഷാദത്തിന്റെ
ചാവുകടൽ
നീ കാണുന്നില്ല..
ചിന്തകൾ
ആർത്തു വിളയുന്ന
മനോചത്വരങ്ങളിലേക്കും
നീ കണ്ണയയ്ക്കുന്നില്ല ..
സ്വയം മറക്കുന്ന
നിറമൗനത്തിന്റെ
വാചാലതയിലും
നിന്റെ
കണ്ണെത്തുന്നില്ല..
ഞാൻ ഞാനായ്
നിറയുന്ന
ആനന്ദത്തിന്റെ
പുഴയിലും
നീ ഇറങ്ങുന്നില്ല..
ഇനിയൊരു
വെള്ള വിരിച്ച
ആകാശമാർഗ്ഗമേ
കൺമുന്നിലുള്ളൂ
അവിടെയെങ്കിലും
നീയെനിക്കൊപ്പം നടക്കുമോ?
154
ഞാൻ നട്ട മമതയുടെ
വിത്തുകൾ
ആൽമരം പോലെ
ശതശാഖികൾ നീട്ടി
ആകാശത്തിൽ വേരൂന്നി
എന്റെ ജീവനെ
ത്രസിപ്പിക്കുമെന്ന്
നിനച്ചിരുന്നു
അത് ഒന്നു പോലും
മുളച്ചില്ല
അത്രയേറെ ആഴത്തിൽ
അത്രയേറെ ആഴത്തിൽ
ഹൃദയത്തിലാണതു
കുഴിവെട്ടി മൂടിയത് -
155
അത്ര തീവ്രമായി
അത്രയേറെ
ആഴത്തിൽ
ജന്മാന്തരങ്ങളിൽ
നിന്നുകൊണ്ടുവന്ന
മുറിവുകളുണങ്ങുവോളം
പ്രകാശമേ
നീയെന്നെ ചുംബിച്ചുവല്ലോ.
തീയിൽ ഉരുകിത്തെളിഞ്ഞ
ലോഹകാന്തി -
ആകെ തളിർത്തു നില്ക്കുന്ന
വിദ്യുല്ലതയുടെ
ശരീരകാന്തി നീയെനിക്ക്
തന്നുവല്ലോ -
ലോകനീതിയുടെ
കല്ലേറിൽ
പരിക്കേറ്റവളുടെ
കരത്തെയെന്നപോലെ
സംസാര ദാവാനലിൽ
പൊള്ളിപ്പിടഞ്ഞ
സഹജീവിയുടെ
ശിരസ്സിലെന്നപോലെ
അത്രയേറെ
ആർദ്രമായ്
സൗമ്യമായ്
നീയെന്നിൽ
ചുണ്ടു ചേർത്തുവല്ലോ -
പ്രഭാകിരണമേ
നന്ദി.
156
വീടെന്നെ ചൂഴ്ന്നു നിൽക്കുന്നു
മുടിയഴിച്ചിട്ട
കാളരാത്രി പോലെ
ചോര നാവു നീട്ടി
തീക്കണ്ണുതുറുപ്പിച്ച്
ആയിരം നഖങ്ങളാഴ്ത്തുന്നു
നീരാളിക്കൈകൾ കൊണ്ട്
വരിഞ്ഞു മുറുക്കുന്നു
അടുക്കളയെന്ന
ചതുപ്പിലേക്ക്
ചവിട്ടിയാഴ്ത്തുന്നു
ഒരു പിടച്ചിൽ
അടക്കിയ നിലവിളി
നിലക്കാത്ത കൈകാലിട്ടടി
അവസാന ശ്വാസം വരെ
നിരന്തര യാതന , അത്രമാത്രം
ഏകതാരകം
തിളങ്ങിയ
നീലരാവുകൾ
ഒറ്റസിത്താറിന്റെ
നേർത്ത ശ്രുതിപ്പകർച്ചകൾ
അനുതാപത്തിന്റെ
സങ്കല്പകാന്തികൾ
ഒന്നുമില്ലാതെ
വിരസതയുടെ
സംഘഗാനം പോലെ
പകലുകൾ -
വീടെന്നെ ചൂഴ്ന്നു നിൽക്കുന്നു
മുടിയഴിച്ചിട്ട
കാളരാത്രി പോലെ
ചോര നാവു നീട്ടി
തീക്കണ്ണുതുറുപ്പിച്ച്
ആയിരം നഖങ്ങളാഴ്ത്തുന്നു
നീരാളിക്കൈകൾ കൊണ്ട്
വരിഞ്ഞു മുറുക്കുന്നു
അടുക്കളയെന്ന
ചതുപ്പിലേക്ക്
ചവിട്ടിയാഴ്ത്തുന്നു
ഒരു പിടച്ചിൽ
അടക്കിയ നിലവിളി
നിലക്കാത്ത കൈകാലിട്ടടി
അവസാന ശ്വാസം വരെ
നിരന്തര യാതന , അത്രമാത്രം
157
ഏകതാരകം
തിളങ്ങിയ
നീലരാവുകൾ
ഒറ്റസിത്താറിന്റെ
നേർത്ത ശ്രുതിപ്പകർച്ചകൾ
അനുതാപത്തിന്റെ
സങ്കല്പകാന്തികൾ
ഒന്നുമില്ലാതെ
വിരസതയുടെ
സംഘഗാനം പോലെ
പകലുകൾ -
158
നിന്റെ ആതുര
ശിശ്രൂഷാപ്പെട്ടിയിൽ
വേദനാസംഹാരികളൊന്നുപോലുമില്ല.
പൊട്ടിയൊലിക്കുന്ന
മുറിവുകളിൽ
പുരട്ടാൻ
സ്നിഗ്ദലേപനങ്ങളില്ല
ശ്വാസം മുട്ടിപ്പിടയുന്നവർക്കുള്ള
മൃതസജ്ജീവനികളില്ല
കെട്ടുപോകുന്ന
ജീവനിൽ
തളിയ്ക്കാൻ
സിദ്ധൗഷധങ്ങളൊന്നുമില്ല
159
മൃത്യു മുഖത്ത്
വലിച്ചിടുന്ന
ചെംപട്ടിന്റെ
നിർവ്വികാരതയുള്ള
കാലഹരണപ്പെട്ട
മരുന്നു കൂട്ടുകൾ
വലിച്ചെറിഞ്ഞേക്കുക
എപ്പോഴെങ്കിലും
കണ്ടെത്താനിടയുള്ള
കരുണയുടെ
തേൻ പുരട്ടിയ
ഒരൊറ്റമൂലി
നിന്നെ സർവ്വരോഗ
സംഹാരകനാക്കട്ടെ ..
മഴ കനത്താലും
കര കടലെടുത്താലും
ഒന്നുമില്ല
വെയിൽ തിളച്ചാലും
മരമുണങ്ങിയാലും
ഒന്നുമില്ല
എനിക്കു ദാഹിച്ചാൽ
എന്റെ കാൽ
നനച്ചാൽ
മഴയ്ക്കും
വെയ്ലിനും
അരുംകൊലപ്രാക്കും
ഇരിക്കപ്പിണ്ഡവും ..
160
കൈവട്ടകയിലോ
കാൽച്ചിലമ്പുകളിലോ
ഏകാവലികളിലോ
നെറ്റിച്ചുട്ടിയിലോ
മൂക്കുത്തിയിലോ
അറിയേണ്ടതില്ല
വേറിട്ടു തുടിക്കുന്ന
ഉയിരിന്റെ
ഉന്മാദങ്ങളെ
അക്ഷര
നിശ്വാസങ്ങളില
റിയണം..
ചിത്രങ്ങളിൽ
പതിയുന്ന
ബാഹ്യ
രൂപകങ്ങളെ
അന്ത:സ്സത്തയിലറിയണം
161
അത്
അലിയുന്നതേയില്ല
നീലാഞ്ജനമെന്നും
ചന്ദ്രകാന്തമെന്നും
പറഞ്ഞു
മോഹിച്ചവർക്കായി
അരഞ്ഞു
തീർന്ന വെറും കല്ലിന്റെ
പരിഹാസച്ചിരി -
ഇവിടെയായാലും
അവിടെയായാലും
എവിടെയായാലും
കൊടുക്കാനോ
എടുക്കാനോ
ഒന്നുമില്ലാതെ
പിൻതിരിഞ്ഞു
നോക്കാതെ
വഴി പിരിഞ്ഞു പോകുന്ന
നിർമ്മമതയുടെ
പേരെന്താവും ?
നിന്റെ പേരാണോ
അതിന്?
162
വീട് അഞ്ച്
കൂടുകളാണ്
പരീക്ഷണ
ഭയങ്ങളും
സന്ത്രാസങ്ങളും
ആകാശഭാഷണങ്ങളും
ആവേഗങ്ങളും
നിറഞ്ഞ
കുഞ്ഞിക്കിളിക്കൂടുകൾ
വാർത്തയും
വർത്തമാനങ്ങളും
നിറഞ്ഞ വലിയ കിളിക്കൂട്
വ്യാകുലതകളും
അസ്വാസ്ഥ്യങ്ങളും
അതൃപ്തിയും
നിറഞ്ഞ ഒരു
പഴങ്കൂട്
പിന്നെ
ബാക്കിയാവുന്നത്
കൂടുകളിലോരോന്നിലും
അഭയമിരക്കുന്ന
മുറിഞ്ഞ
സങ്കല്പനങ്ങളുടെ
മങ്ങിയ
ബോധനിലാവിന്റെ
കേടുവന്ന
സ്വപ്നക്കൂട്..
163
നീയെന്ന നദി
ഞാൻ
നീന്തിക്കടന്നിരിക്കുന്നു
കാൽ നനയാൻ
പോലും
വെള്ളമില്ലാത്ത
കൈത്തോടിനെ
നിത്യ പ്രണയത്തിന്റെ
സൂര്യകാന്തിക്കടൽ
എന്നുപമിച്ച
കാവ്യദോഷം
മാത്രം ബാക്കി..
164
വീടിന് ഇടനാഴികളാണ്
വേണ്ടത്
എത്ര അടക്കിപ്പിടിച്ചാലും
പൊട്ടിച്ചിതറുന്ന
ഗദ്ഗദങ്ങളെ
ഒളിപ്പിച്ചു വയ്ക്കുന്ന
ഇരുട്ടുവീണ
ഇടനാഴികൾ -
വീടിന് മച്ചുകളാണ്
വേണ്ടത്
വേദനകളുടെ
നന്നങ്ങാടികൾ
ഒരിക്കലും
തുറക്കപ്പെടാതെ
സൂക്ഷിച്ചു വയ്ക്കുന്ന
മച്ചുകൾ -
വീടിന്
വിറകടുപ്പുകളുള്ള
അടുക്കളയാണ്
വേണ്ടത് -
കരഞ്ഞു കലങ്ങിയ
കണ്ണുകളെ
പുക കൊണ്ട്
മറയ്ക്കുന്ന
അടുക്കളകൾ ..
ഗദ്ഗദങ്ങളിൽ
വിതുമ്പലുകളിൽ
നിലവിളികളിൽ
മുഖമമർത്തി നില്ക്കാൻ
ഇരുട്ടും വെളിച്ചവും
ഇടകലരുന്ന
ഒരു കുത്തഴി
വീടുനുണ്ടാവണം ..
166
കല്ലിന്
കല്ലിനോടൊന്നും
പറയാനില്ല
മരത്തിന്
മരത്തിനോടും
ഒന്നും
പറയാനില്ല
കല്ല് കല്ലിനെ
മരമായിക്കാണുമ്പോൾ
മരം മരത്തെ
കല്ലായിക്കാണുമ്പോൾ
മാത്രമാണു
സംവാദമുണ്ടാകുക
മരം മുഖമുയർത്തി
ആകാശത്തെ
ചുംബിക്കുമെന്ന്
കല്ലും
കല്ലിൽ നിന്ന്
വറ്റാത്ത
കാരുണ്യമുറവെടുക്കുമെന്ന്
മരവും
പറഞ്ഞുറപ്പിയ്ക്കാറുണ്ട് ..
167
മുടിമുറിച്ചു ,
ആത്മനിന്ദകൊണ്ട് .
പല്ലിയെപ്പോലെ
മുറിവേൽക്കുന്നതിനു മുൻപ്
മുറിച്ചു കളയാമായിരുന്നെങ്കിൽ
എത്രയോ തവണ ഞാനെന്റെ
ഹൃദയം മുറിച്ചു മാറ്റുമായിരുന്നു ..
ഉടലിനെ
ചുട്ടു കൊന്നു,
ആത്മരതി കൊണ്ട് .
പാമ്പിനെപ്പോലെ
എനിയ്ക്കും
ഉറയൂരാൻ
കഴിഞ്ഞിരുന്നെങ്കിൽ
ജന്മാന്തരങ്ങളുടെ
ഈ ഉടയാടകൾ ഞാൻ
എപ്പൊഴേ
ഊരിമാറ്റുമായിരുന്നു ..
രാഗദ്വേഷങ്ങളുടെ നദി
ഒഴുകിക്കൊണ്ടേയിരിക്കുന്നതുകൊണ്ട്
തീയിൽ വെന്ത ഉടലും
അറുത്തു മുറിച്ച ഹൃദയവും കൊണ്ട്
എന്റെ അമ്മാനയാട്ടം -
168
വീട് ഒരു
കൈക്കുഞ്ഞിനെപ്പോലെ
കൈകാലിളക്കിച്ചിരിക്കുന്നു..
നോക്കി നോക്കി
മതിവരാതെ
കണ്ടു കണ്ടു്
കൺനിറഞ്ഞ്
വിരലിൽ
മുറുക്കിപ്പിടിയ്ക്കുന്ന
കുഞ്ഞിക്കൈ
കവിളിൽച്ചേർത്ത്
ലാളനവും
പരിചരണവുമായി
എപ്പോഴും
നീ അരികിലിരിയ്ക്കുന്നു
കൈവളരുന്നതും
കാൽ വളരുന്നതും
കാത്ത് -
നിന്നെത്തിരിച്ചറിഞ്ഞ്
സംവദിക്കുവോളം ..
എന്റെ വീട്
അനുസരണയില്ലാത്ത
കുട്ടിയെപ്പോലെയാണ്
കൈവിടുവിച്ച്
എങ്ങോട്ടൊക്കെയോ
ഓടിപ്പോവുന്നു..
ഞാനും പിന്നാലെ ..
169
കല്ലിന്റെ മുന്നിൽ
തലതല്ലി കാറ്റ്
പുലമ്പിക്കൊണ്ടേയിരുന്നു
വയ്യ, ഒരിടത്തും
നില്ക്കാനാവുന്നില്ല
കല്ലെല്ലായ്പ്പോഴും
കാഴ്ചയില്ലായ്മയുടെ
ഇരുട്ടിലേക്ക്
കണ്ണടച്ചു ..
പിന്നെ
കാറ്റിന്റെ
കടം തീർക്കാൻ
ജന്മാന്തരങ്ങളോളം
അരഞ്ഞരഞ്ഞു
പൊടിയാതെ
കല്ലായിരിക്കാം
എന്നു പിറുപിറുത്തു
കൊണ്ടേയിരുന്നു..
170
ആകാശത്തേയ്ക്ക്
വിരൽ നീട്ടാത്ത
ഒരു മരം
ചുട്ടുപൊള്ളുന്ന
മണ്ണിലേയ്ക്ക്
തണൽ ചായ്ക്കാത്ത
ഒരു മരം
കിളികുലത്തിന്
കൂടൊരുക്കാൻ
ചില്ല നീട്ടാത്ത
ഒരു മരം
തനിക്കു വേണ്ടി
മാത്രം
തളിർക്കുന്ന
പൂക്കുന്ന
ഒരു മരം
എന്തിനാണ് ?
171
ശത്രു നിരയ്ക്ക്
നിഷേധ ദ്വന്ദ്വങ്ങൾക്ക്
വെല്ലുവിളിത്തോറ്റങ്ങൾക്ക്
മത്സരച്ചീറലുകൾകൾക്ക്
ഒരു മാറ്റവുമില്ല
അമ്മത്തണലോ
ഉടപ്പിറപ്പോ
പിതൃദായമോ
ഇല്ലാത്ത
ഏകാന്ത സൈന്യത്തിന്
തോൽവി ഉറപ്പാണ്
ഇനിയത്തെ
കൂടുമാറ്റം
മഹാമൗനത്തിലേയ്ക്ക്
മറവിയിലേക്ക്
സമാധിയിലേക്കെന്ന്
സന്ദേഹം..
പൂക്കളെ
ഗന്ധങ്ങളെ
പ്രണയത്തെ
മറന്ന് മറന്ന്
ഞാൻ ..
സ്മൃതിയുടെ
നഷ്ടപ്പെട്ട
നാഗമാണിക്യം
തിരികെത്തരുന്ന
ഒരു
അടയാളവാക്യം
നീ ഓർമ്മയിൽ
വയ്ക്കണേ -
172
മറുകര
കാണാനാവാത്ത
വിഷാദത്തിന്റെ
ചാവുകടൽ
നീ കാണുന്നില്ല..
ചിന്തകൾ
ആർത്തു വിളയുന്ന
മനോചത്വരങ്ങളിലേക്കും
നീ കണ്ണയയ്ക്കുന്നില്ല ..
സ്വയം മറക്കുന്ന
നിറമൗനത്തിന്റെ
വാചാലതയിലും
നിന്റെ
കണ്ണെത്തുന്നില്ല..
ഞാൻ ഞാനായ്
നിറയുന്ന
ആനന്ദത്തിന്റെ
പുഴയിലും
നീ ഇറങ്ങുന്നില്ല..
ഇനിയൊരു
വെള്ള വിരിച്ച
ആകാശമാർഗ്ഗമേ
കൺമുന്നിലുള്ളൂ
അവിടെയെങ്കിലും
നീയെനിക്കൊപ്പം
നടക്കുമോ?
173
ആകാശം മുഴുവൻ
നിഴൽ വീശുന്ന
മരത്തിന്റെ
മമതയുടെ
വേരുകൾ ചെന്നു
തൊടുന്നത്
ഒന്നിലുമലിയാത്ത
കല്ലിന്റെ
ഹൃദയത്തിലാണ് ..
ചുറ്റിപ്പിടിയ്ക്കുന്ന
വേരുപടലത്തോടു
മുഖം തിരിക്കുന്ന
കല്ലിനോട്
ഓരോ
ജീവകോശത്തിലും
നീ
നിറഞ്ഞിരിക്കുന്നുവെന്ന്
മരത്തിന്റെ
ഇലച്ചിരി -
നിന്നെ സ്നേഹിക്കുകയെന്നാൽ
തീ പിടിച്ച കാടിന്റെ ഹൃദയത്തെ സ്നേഹിക്കുകയെന്നാണ് -
കാടു പോറ്റുന്ന
കിളികുലത്തിന്റെ മുഴുവൻ
മൃദുലതയ്ക്കും
കൈ നീട്ടുമ്പോൾ
കാടു വിടർത്തിയിട്ട
പച്ചപ്പിൽ
തലചായ്ക്കുമ്പോൾ
ചുട്ടുപൊള്ളി ചുരുണ്ടു -
പിടഞ്ഞുതുള്ളുന്നു
174
നിന്നെ സ്നേഹിയ്ക്കുകയെന്നാൽ
അലറിച്ചീറുന്ന
അലകടലിനെ
സ്നേഹിക്കുകയെന്നാണ്
ആഴങ്ങളിൽ ഒളിപ്പിച്ചു വച്ച
അനന്തരത്നങ്ങൾ
തിരഞ്ഞുഴറുമ്പോൾ
ചിതറിത്തെറിച്ച് നൂറായ്
നുറുങ്ങി ഒടുങ്ങുന്നു..
നിന്നെ അറിയുകയെന്നാൽ
അതിഗഹനമായ
അകാശത്തെ
അറിയുകയെന്നാണ്
രൂപ ഭാവഭ്രമങ്ങളില്ലാതെ
അറിഞ്ഞറിഞ്ഞ്
ഞാനുമില്ലാതെ
അലിഞ്ഞു ചേരുന്നു ..
മേലേരിയിൽ
വീണ് പൊള്ളിപ്പിടയുന്ന
പ്രാണനെ
കുതറി രക്ഷപ്പെടാൻ
അനുവദിക്കാതെ
കുത്തിപ്പിടിക്കുന്ന
മുളങ്കമ്പുകളിലൊന്ന് നിന്റെ
കൈകളിലായിരുന്നു
പ്രഭാ പതംഗമേ
നീയ്യുമോ എന്ന്
ഒരു കാർമേഘം
വിതുമ്പിനിന്നിരുന്നു
കരുണക്കടൽ
വറ്റിപ്പോയ
നിന്റെ കണ്ണുകളാണ്
മേലേരിയേക്കാൾ
എന്നെ പൊള്ളിച്ചത് --
177
കല്ലിന്
കല്ലിനോടൊന്നും
പറയാനില്ല
മരത്തിന്
മരത്തിനോടും
ഒന്നും
പറയാനില്ല
കല്ല് കല്ലിനെ
മരമായിക്കാണുമ്പോൾ
മരം മരത്തെ
കല്ലായിക്കാണുമ്പോൾ
മാത്രമാണു
സംവാദമുണ്ടാകുക
മരം മുഖമുയർത്തി
ആകാശത്തെ
ചുംബിക്കുമെന്ന്
കല്ലും
കല്ലിൽ നിന്ന്
വറ്റാത്ത
കാരുണ്യമുറവെടുക്കുമെന്ന്
മരവും
പറഞ്ഞുറപ്പിയ്ക്കാറുണ്ട് ..
178
നീ
കാറ്റായ് വന്നു
തൊടുമ്പോൾ
പ്രാണന് ഏതു
തടവറയും തകർക്കുന്ന
പ്രവാഹവേഗം
നിന്റെ
ശബ്ദസ്പർശത്തിൽ
ഉറ പൊട്ടുന്നു
ആയിരമായിരം
സ്വരനദികളുടെ
മഹാകാശപ്പരപ്പ്
ഉടൽപ്പുതപ്പിലൊന്നു
വിരൽ തൊടുമ്പോൾ
ആകെപ്പൂത്തുലാവുന്ന
കണിക്കൊന്നയുടെ
ഒളിമങ്ങാത്ത
കാന്തിപ്രസരം.
ഹൃദയം കൊണ്ടളന്നു
തന്ന മമത്വ
ഭാവങ്ങളിലൊക്കെ
പരാനുഭൂതികളുടെ
അലയൊടുങ്ങാത്ത
നീല സാഗരം...
കൊടുങ്കാറ്റിനെ
മഹാകാശത്തെ
അലകടലിനെ
തടയാനാവാത്തതു
കൊണ്ടാണ്
കാറ്റായ്
ശബ്ദമായ്
സ്പർശമായ്
നീയെന്നെ
വന്നു തൊടാത്തത്..
179
ചിരിയോർമ്മയിൽ
നോട്ടപ്പാടിൽ
വെയിലും
മഴയുമറിയാതെ
കാതങ്ങളോളം
നടന്നു
തീർത്തവൾക്ക്
വരൂ എന്ന
വാക്കിന്റെ
പാതിമതി.
ഒന്നു കേൾക്കൂ
എന്നു കരഞ്ഞു
നിന്നവൾക്കും
നില്ക്കൂ എന്നു
പിന്നാലെ വന്ന്
കൈ നീട്ടി
വിളിച്ചവൾക്കും
ഒരു വാക്കിന്റെ
പാതി പോലും
വേണ്ട.
എന്നിട്ടും
ഒരു കടലോളം
ഓർമ്മകളുടെ
മുക്കുടിയിൽ
നൂറ്റൊന്ന് കുടം
കണ്ണീർ ധാരയിൽ
തളർന്ന്
ഉറങ്ങാതിരുന്നു
ഞാൻ -
180
നൊന്തുരുകി
തിളച്ച് മറിഞ്ഞ്
പാറ പോലെ
നിസ്സംഗരായവർ
കുറേയുണ്ട് -
കലഹിച്ചും
മുറിപ്പെട്ടും
മൗനികളായവരുമതേ.
പ്രതീക്ഷകളിൽ
മുങ്ങിമരിച്ചു
പോയവർ
എത്രയോ -
നിരാസമെന്ന
പദത്തിൽ
പ്രാണനൊടുക്കി
യവരുമതേ-
പ്രണയികളുടെ
ബലിക്കൽപ്പുരകളിൽ
ഹൃദയം
അറുത്തു നിവേദിച്ചവരും
എത്രയോ ..
പേരും മുഖവും
വെളിപ്പെടാതെ
കണ്ണീരുപ്പുപരലിൽ
മരിച്ചു വിറങ്ങലിച്ചത്
ഞാൻ മാത്രം..
181
നീയെന്ന നദി
ഞാൻ
നീന്തിക്കടന്നിരിക്കുന്നു
കാൽ നനയാൻ
പോലും
വെള്ളമില്ലാത്ത
കൈത്തോടിനെ
നിത്യ പ്രണയത്തിന്റെ
സൂര്യകാന്തിക്കടൽ
എന്നുപമിച്ച
കാവ്യദോഷം
മാത്രം ബാക്കി..
182
മഞ്ഞുതുളളിയും
സൂര്യകാന്തിയുമാണ്
അവന്റെ മുഖച്ഛായകൾ ..
അവന്റെ
ദീപ്തമാം
കരലാളനത്തിൽ
മഞ്ഞുതുള്ളിയുടെ
വെയിൽച്ചിരി..
സൂര്യകാന്തി
തന്നിലെപ്പോഴും
തെളിയുന്ന
അവന്റെ
മുഖച്ഛായ
മറയ്ക്കാൻ
പണിപ്പെട്ട്
ഇടത്തും
വലത്തും
മുന്നിലും
പിന്നിലും നിന്ന്
അടിമുടി
സായൂജ്യത്തിന്നു
കൈകൂപ്പുന്നു.
183
ചുണ്ടു നീട്ടുന്ന മഴ
മഞ്ഞുകാലത്ത്
നനച്ച് തണുപ്പിച്ച്
പുതപ്പിച്ച്
നിറഞ്ഞു കവിയുന്ന
ഒരാലിംഗനം പോലെ
ചേർന്നു ചേർന്ന്
നിന്നു പെയ്യുന്നു
കത്തുന്ന
വേനലിന്റെ
ചുടുസ്പർശത്തിൽ
ഇരുണ്ട പച്ചപ്പിന്റെ
മഴക്കാടുകളിൽ
വഴി തെറ്റിയവൾക്ക്
വെളുത്തു തണുത്ത്
ചുളിഞ്ഞ മഴയുടെ
മുത്തശ്ശിക്കൈകളിൽ
മുറുകെപ്പിടിയ്ക്കുക
വയ്യ.
184
നിത്യ സുഗന്ധിയെന്നു
സ്വയംപറഞ്ഞുറപ്പിച്ചതാണ്
നിത്യാനന്ദകാരിണിയായി
സദാ നടിച്ചതാണ്
നിർമ്മല കല്പനാശതങ്ങളിൽ
സ്വയം നിറഞ്ഞതാണ്
എന്നിട്ടും മരുപ്പറമ്പിലെ
ഒറ്റമരം പോലെ
തളിരും പൂവും
പൊടിക്കാതെ
ആകാശം നോക്കി
നില്പ്പാണു ഞാൻ
185 A
വ്യഥകളിൽ
തപിച്ച്
ഉറ കൂടിയ
ഹൃദയം നറുംവെണ്ണ പോലെ
തൃക്കൈയിൽ
സമർപ്പിച്ചത്
ഉരുകിയുരുകിത്തീരുന്നുവല്ലോ
പൂത്ത കടമ്പിലും
കാളിന്ദിയിലുമേ
നിന്റെ കണ്ണെത്തൂ
പ്രാണന്റെ
തേർ തെളിക്കാനും
ജീവന്റെ മോക്ഷ
ഗീതകങ്ങൾക്കും
കൈ നീട്ടിയപ്പോഴൊക്കെ
മുഖം തിരിച്ച്
നീലനിലാവിൽ നീ
ചുണ്ടിലൊരു
മുരളി ചേർത്തുവല്ലോ
എന്നിട്ടും
ഏതു നിർമ്മമതയിലും
നീയെന്ന
മഹാകാശത്തിൽ
ചൂണ്ടുവിരൽ
സ്പർശത്തിൽ
മന്ഥരപർവ്വതമെന്നപോലെ
അനന്യമായ്
ഞാനും
ഉയർന്നു നില്ക്കുന്നുവല്ലോ.
185 B
ഹൃദയത്തിൽ
നിറഞ്ഞു
തുളുമ്പിയ
പ്രണയ നവനീതം
തൃക്കാൽക്കൽ
ഉരുകി വീഴുന്നത്
എപ്പോഴും
പ്രേമാമൃതം
നുകരുന്നവൻ
കാണുന്നതേയില്ല
പൊട്ടിപ്പൊളിഞ്ഞ്
പഴകിയ ജീവരഥം
നിന്റെ സാരത്ഥ്യത്തിനു
കൈ നീട്ടുമ്പോൾ
പതിനാറായിരത്തിയെട്ട്
പ്രതീക്ഷകളിലേയ്ക്ക്
നിന്റെ തേരുരുളുന്നു
മൺകൂട്ടിൽ
ചിറകിട്ടടിയ്ക്കുന്ന
പ്രാണൻ
രക്ഷരക്ഷയെ
ന്നുഴലുമ്പോൾ
ഗീതയുടെ
മഹാകാശം രചിച്ചവൻ
മായാമുരളികയിൽ
ചുണ്ടു ചേർക്കുന്നു
നിന്റെ വിരൽ സ്പർശം
മന്ഥരപർവ്വതത്തെ
എന്ന പോലെ
എന്നെ സ്വാതന്ത്യത്തിലേ
യ്ക്കുയർത്തുന്നത്
എന്റെ മോക്ഷ സങ്കല്പം
186
വീടെന്നെ ചൂഴ്ന്നു നിൽക്കുന്നു
മുടിയഴിച്ചിട്ട
കാളരാത്രി പോലെ
ചോര നാവു നീട്ടി
തീക്കണ്ണുതുറുപ്പിച്ച്
ആയിരം നഖങ്ങളാഴ്ത്തുന്നു
നീരാളിക്കൈകൾ കൊണ്ട്
വരിഞ്ഞു മുറുക്കുന്നു
ഏകതാരകം
തിളങ്ങിയ
നീലരാവുകളെ
വിഴുങ്ങിയ
തമോഗർത്തങ്ങൾ
ഒറ്റസിത്താറിന്റെ
നേർത്ത ശ്രുതിയ്ക്കും
മേലെ വിരസതയുടെ
സംഘഗാനം..
187
മുളപൊട്ടുന്ന പച്ചപ്പുകൾ -
ഇലനീട്ടി കതിർ നീട്ടി
പൂത്ത് കായ്ച്
മധുരസം
തുളുമ്പുന്ന
ഫലങ്ങളെല്ലാം
അമ്മയാകുന്നു.
കൈകൾ വിടർത്തി
ആലിംഗനം
ചെയ്യുന്ന
വൻമരങ്ങൾ -
ലോകത്തിനു
കരുത്തും കാതലും
നല്കുന്ന
വൻമരങ്ങളെല്ലാം
പിതൃസദൃശം.
പേരു പറഞ്ഞാൽ
തീരാത്തത്രയും
പൂവുകൾ -
അടിമുടി നിറഞ്ഞു
പൂത്തുനില്ക്കുന്ന
വർണ്ണാഭമായ
മലർക്കാടുകൾ
പ്രണയം പോലെ.
മണ്ണ് ഊഷരമാകുമ്പോൾ
മരങ്ങൾ
കടപുഴകുമ്പോൾ
അവസാനത്തെ
ഇലയും പൊഴിച്ച്
പൂക്കാലവും
പൊയ്പ്പോകുമ്പോൾ
പ്രാണൻ പിടഞ്ഞ്
കൈകാലിട്ടടിച്ച്
ഞാനും പോകുന്നുവല്ലോ..