Saturday, February 20, 2021

അനുഭവങ്ങൾ, സ്വപ്നങ്ങൾ .... ഓർമ്മകൾ .


"പാരമ്പര്യം സ്വയമേവ ഭൂത കാലത്തിൽ നിന്നു നമ്മെത്തേടി വരുകയല്ല. നാം തിരെഞ്ഞെടുക്കുന്നതാണത്. നാടോടിക്കഥയിലെ അലകും പിടിയും മാറ്റിയ മഴു പോലെ അടിമുടി മാറിയ പ്രാചീനതയെ  പാരമ്പര്യമെന്നു 
സങ്കല്പിച്ചു 
കൊണ്ടുനടക്കുകയാണു നാം. ഭൂതകാലത്തി
ന്റേതെന്ന് സങ്കല്പിച്ചു കൊണ്ട് വർത്തമാന കാലത്തിൽ നിന്നുണ്ടാക്കിയെടുക്കുന്നതാണ് പാരമ്പര്യം. "
ഭാരതത്തിലെ സാഹിത്യ നിരൂപണം അലങ്കാര ഗുണരീതിധ്വനി അനുമാനവക്രോക്തി തത്വങ്ങളെ മുൻനിർത്തി നടന്നുവെങ്കിലും പതിനൊന്നാം നൂറ്റാണ്ടു തുടങ്ങി 17 വരെ അലങ്കാര
ഗ്രന്ഥങ്ങൾ ഉണ്ടായിയെങ്കിലും ശ്രദ്ധേയമായ നൂതന പദ്ധതികൾ ഒന്നുമുണ്ടായില്ല. പ്രയുക്ത നിരൂപണം പ്രാദേശിക ഭാഷാ സാഹിത്യത്തോടു ബന്ധപ്പെടുത്തിയില്ല. രീതിഗുണാദിതത്വങ്ങൾ പ്രാദേശിക ഭാഷാ രചനകൾക്കും പ്രസക്തമാണെന്ന് ധ്വന്യാലോകകാരനെപ്പോലുള്ളവർ തിരിച്ചറിഞ്ഞിരുന്നുവെങ്കിലും പ്രാദേശിക രചനകളോട് അവഗണന വർദ്ധിക്കുകയാണുണ്ടായത്. സാഹിത്യ നിരൂപണ പഠനം സിദ്ധാന്തത്തിലൊതുങ്ങി. അങ്ങിനെ നിദ്രാവത്വം....


ആധുനിക കവിതയെയോ ഈ നൂറ്റാണ്ടിലെ ഗദ്യസാഹിത്യത്തെയോ വിലയിരുത്തുന്നതിന് സംസ്കൃത സാഹിത്യ ശാസ്ത്ര പഠനം മാത്രം പോര . സംസ്കൃത സാഹിത്യചിന്തകർ പദവാക്യങ്ങളിലാണ് ഉറ്റുനോക്കിയത്. കാവ്യത്തിന്റെ സമഗ്ര രൂപത്തിൽ ശ്രദ്ധ പതിപ്പിച്ചില്ല.. കഥാപാത്ര നിരൂപണം വികസിപ്പിച്ചില്ല. ടൈപ്പുകളെയല്ലാതെ, മാനവ ജീവിതത്തിലെ വൈചിത്ര വൈവിധ്യങ്ങളിലേയ്ക്ക് കണ്ണു തിരിച്ചില്ല. മാരാർ .

 ഇപ്പോൾ പഠനങ്ങളും നിരീക്ഷണങ്ങളും പുതിയ അറിവുകളെ ഉല്പാദിപ്പിയ്ക്കുന്ന തരത്തിലേയ്ക്ക് വളർന്നിരിയ്ക്കുന്നു...



അനുഭവങ്ങൾ :  1

All are born equaI.. എന്ന വാക്യം genetics അത്രയൊന്നും വളരാത്ത കാലത്ത്  ശരിയായതാണെന്നും Heriditatory Materials പകർന്നു   വരുന്നതാണ്,  ഒരു പരീക്ഷണത്തിനു വേണ്ടി വിത്യസ്ത ജനിതക പാരമ്പര്യമുള്ളവരെ ഒരുമിച്ചു വളർത്തിയപ്പോൾ സമാന പാരമ്പര്യമുള്ളവർ സംഘങ്ങളുണ്ടാക്കിയെന്നും അതുകൊണ്ട് ജാതിയും  ജനിതകമായി പകർന്നു വരുന്നതാണ് എന്ന അഭിപ്രായത്തെ എങ്ങിനെ നോക്കിക്കാണുന്നു? ആരെങ്കിലും ഒന്നു പ്രതികരിക്കുമോ...?


               2


ട്രാൻസ് ജെൻഡർ പോലെ ട്രാൻസ് ബ്രാഹ്മിൻ എന്ന അവസ്ഥ കേരളത്തിലുണ്ട്. സവർണ്ണ മൂല്യങ്ങളെ പുൽകാൻ ആഗ്രഹിക്കുന്ന അന്തരാളൻമാർ ധാരാളം. ഒരു കുട്ടി ജനിച്ചു വീഴുന്നത് ഭാഷയിലേയ്ക്കാണ്.. ഭാഷ അവനെ പുനർനിർമ്മിയ്ക്കുന്നു.. അപ്പോൾ നീയെന്റെ ഭാഷയെ പുനർ വായിയ്ക്കൂ..

          3

ചരിത്രകാരന്മാരും സാമ്പത്തിക വിദഗ്ദരും രാഷ്ട്രമീമാംസകരും ഈ വിഷയത്തിൽ നടന്ന ജ്ഞാന വ്യവഹാരങ്ങൾ പങ്കിടുമെന്ന പ്രതീക്ഷയിൽ വിഭവ സമാഹരണത്തിനുള്ള എളുപ്പവഴി നോക്കിയതാണ്. തെറ്റിയില്ല. ഒരു ദിശാബോധം വന്നു. സവർണ്ണത എന്നു പറയുന്നത് ഇപ്പോൾ ഒരു അധികാര രൂപം കൂടിയാണ്. മുൻപും അങ്ങിനെയാണെങ്കിലും അതിപ്പോൾ അല്പം കൂടി തീവ്രമാണെന്ന കാരശ്ശേരിയുടെ വാക്യത്തിലാണല്ലോ ജോഷി സാറും എത്തിയത്.
Human rights കേട്ടുകേട്ടാണ് ജാതി പാഠ ങ്ങളിലെത്തിയത്. സണ്ണി കപിക്കാടിന്റെ ക്ലാസ്സിൽത്തന്നെയാണിപ്പോഴും.. ഭേദം സവർണ്ണനും അവർണ്ണനും തമ്മിലല്ല, ഏറ്റവും താഴെയെന്നു വ്യവഹരിക്കപ്പെടുന്നവനും തനിയ്ക്കു താഴെയുള്ളവരെ കണ്ടെത്തി അതിലും മേലെയാണെന്നു താനെന്നു ജാത്യഭിമാനം കൊള്ളുന്ന ഇൻഡ്യയിൽ അതു താത്വികമായി ശരിയെന്നു വിശ്വസിക്കുന്നിടത്ത് പുതിയ പ്രസ്ഥാനങ്ങൾക്കൊന്നും സാദ്ധ്യതയില്ലെന്ന നിരാശയിൽ നിന്നുണ്ടായതാണാ ചോദ്യം. ദൈവം മടിച്ചു നില്ക്കുന്നിടത്ത് പിശാച് ഓടിക്കയറുന്നതു പോലെ എന്റെ ഇത്തിരി വട്ടത്തിലും വെട്ടത്തിലും നിന്ന് ധ്രുവീകരണവും പാർശ്വവത്ക്കരണവും മൗനവും കണ്ടു കണ്ട് ചോദിച്ചുവെന്നേയുള്ളൂ. ധ്രുവീകരിക്കപ്പെട്ടവരുടെ ഇടയിൽ നിന്ന് സ്വതന്ത്ര ചിന്തകർ പുറത്തു വന്ന് പാർശ്വവത്ക്കരിക്കപ്പെട്ടവരെയും മൗനികളേയും ഒപ്പം കൂട്ടി ക്വാളിറ്റേറ്റീവ് ആയ ഒരു സമൂഹ നിർമ്മിതിയിലേയ്ക്ക് പരിവർത്തനം ചെയ്യപ്പെട്ടിരുന്നെങ്കിൽ ..

               4

Iam ultimate right എന്ന ഉറപ്പില്ലായ്മയിൽ നിന്നാണ് വിശ്വാസത്തിന്റെ തുടക്കം . ദുർബ്ബലന്റെ ഊന്നുവടി. ഭാരതീയ ദർശങ്ങളൊന്നും ദുഃഖനിവർത്തിയ്ക്ക് ഈശ്വരനെ ചൂണ്ടിക്കാട്ടിയിട്ടില്ല. 16-ാം നൂറ്റാണ്ടായപ്പോഴാണ് ഭക്തിപ്രസ്ഥാനം ശക്തിപ്പെട്ടത്.

             5

വേദത്തിലെ മന്ത്രഭാഗം pure literature ആണ്. വൈദിക കവിയുടെ പ്രകൃതിയോടുള്ള ആദരവും വിസ്മയവും.. എനിക്ക് വിശ്വാസം തരണേ എന്ന പ്രാർത്ഥന പോലുമുണ്ടതിൽ.. വിശ്വാസം അചഞ്ചലമായിരുന്ന ഒരു കാലമായിരുന്നു അതെങ്കിൽ അത്തരമൊരു പ്രാർത്ഥനയ്ക്കു സാദ്ധ്യതയില്ല. ഏറ്റവും വലിയ വൈദിക ദേവതയായ ഇന്ദ്രന്റെ നിലനില്പും സർവ്വാധിപത്യവും ചോദ്യം ചെയ്യപ്പെടുന്നുണ്ട്. ഉപനയനം കഴിഞ്ഞ ഉണ്ണികൾ ഓത്തു ചൊല്ലുന്ന പോലെയാണ് മഴക്കാലം വരുമ്പോൾ തവളകൾ കരയുന്നതെന്നു പറയുന്ന ഭേക സൂക്തം, ചൂതുകളിയ്ക്ക് അടിമയാകരുത് ,കൃഷി ചെയ്തു ജീവിക്കണം എന്നു പറയുന്ന കിതവ സൂക്തം, അഗമ്യഗമനത്തെ വിഷയമാക്കുന്ന യമയമി സംവാദം, ധർമ്മത്തെപ്പറ്റി സരമയും ഫണി യുമായുള്ള സംവാദം.. it is really a literary monument...

         6


ഋഗ് വേദമന്ത്രങ്ങൾ അകൃത്രിമമായ യാഥാർത്ഥ്യവാദം ഉയർത്തിപ്പിടിയ്ക്കുകയും ആർജ്ജവത്തോടെ സത്യാന്വേഷണം നടത്തുകയുമാണ് ചെയ്തത്. വേദങ്ങളുടെ രണ്ടാം ഭാഗമായ ബ്രാഹ്മണങ്ങളാണ് യാഗാനുഷ്ഠാന നിഷ്ക്കർഷയും വർണ്ണാശ്രമ വ്യവസ്ഥയും പുരോഹിതന് സർവ്വോ ന്നത സ്ഥാനവും നല്കിയത്..


സമയം അഞ്ചര ആകുന്നതേയുണ്ടായിരുന്നുള്ളൂ. ഗതാഗതക്കുരുക്കിൽപ്പെട്ട മടക്ക വണ്ടിയ്ക്കു വേണ്ടി ഒരു മണിക്കൂറായി കോളേജ് ഗേറ്റിൽ കാത്തു നില്ക്കുകയായിരുന്നു. പക്ഷേ വല്ലാത്തൊരു അരക്ഷിതത്വബോധവും ഉത്കണ്ഠയും പെരുകിവരുന്നുണ്ടായിരുന്നു ഒരു കൂട്ടുകാരി ഒപ്പമുണ്ടായിട്ടു പോലും. ഗേറ്റു കടന്ന് ഇരുൾ പതുക്കെ നടന്നു വരുന്നതും കണ്ടു നില്കുമ്പോൾ തലേന്ന് വൈകുന്നേരം ആകെ ഇരുണ്ടു മൂടി മഴ പെയ്യുകയായിരുന്നുവല്ലോ ഈ നേരം എന്നോർത്തു. അപ്പോഴും ഇതേ ഭാവമായിരുന്നു ഉള്ളിൽ. ഭയജനകമായി ഒന്നുമില്ല. ഇടയ്ക്കൊരു ദിവസം ഇത്തിരി വൈകിയാൽ ദിനചലനങ്ങളിൽ തെറ്റു വന്നാൽ അപ്പോൾ കെട്ടുപോകുന്ന സ്വാസ്ഥ്യം സ്ത്രീ പ്രകൃതിയായതു കൊണ്ടോ മദ്ധ്യ വയസ്സിന്റേതോ ഒന്നുമല്ല. ഏതോ പ്രാക്തന ഭയങ്ങൾ, അവബോധങ്ങൾ - അബോധ മനസ്സിൽ ഉറഞ്ഞു കിടക്കുന്നതു കൊണ്ടാണ്. പണ്ട് അലഞ്ഞുതിരിഞ്ഞു നടന്ന കാടത്ത യുഗത്തിൽ പതിയെപ്പതിയെ ഇഴഞ്ഞു വരുന്ന ഇരുട്ട് ആ അപരിഷ്കൃത സ്വത്വത്തെ ഒരു പാട് അരക്ഷിതത്വങ്ങളിലേയ്ക്ക് കൊണ്ടുപോയിരിക്കണം ആ ഓർമ്മ .

        
ഓർമ്മ  : 1

ഒരു വാക്കിന്റെ വെളിച്ചമാണു യാചിച്ചത്
ഗുരോ
കല്ലിൽ കാറ്റുതട്ടാത്ത
മൗനം നിന്നനുശാസനം.. 
വിഷമവാക്യങ്ങൾ
കൊണ്ടെന്നെ
ജ്ഞാനസ്നാനപ്പെടുത്താനാണെങ്കിൽ .
ഉടൽ ബദ്ധമായ 
ഇന്ദ്രിയ സംവേദനങ്ങൾ കൂടി മായ്ച്ചുകളഞ്ഞ്  
എന്നെ വിശുദ്ധയാക്കണേ ...


ചിന്തകൾ : 

സ്ത്രീ അനുഭവിയ്ക്കുന്ന സ്വാതന്ത്യമെന്താണ്? അക്ഷരങ്ങളുടെ സ്വാതന്ത്ര്യം. എഴുതുമ്പോൾ ആകാശം തൊടുന്ന ഒരു നിമിഷം . അല്ലെങ്കിൽ സംസാരിക്കുമ്പോൾ ആശയം കൊണ്ട് ആകാശത്തിലേയ്ക്ക് ഉയർന്നു പൊങ്ങുന്ന ഒരു നിമിഷം .. അത് ഞാൻ പങ്കിട്ടുവെന്നേയുള്ളൂ. നിനക്കു രുചിച്ചില്ല എന്റെയാകാശം . എത്ര നിരാകരിച്ചാലും സ്വയം ഒഴുകിത്തീർന്നാലേ നദി നിശ്ചലമാകൂ. അനേകകോടി ശാപങ്ങളിൽ ഇനി എഴുതുകയേയില്ലെന്നു തീർച്ചപ്പെടുത്തുന്നു , ഈ ലോകത്തിന് അങ്ങിനെയൊരു പ്രതിഫലനമില്ലെന്നു കുടഞ്ഞെറിയുന്നു.. എന്നിട്ട് പ്രാണവായു കിട്ടാതെ പിടഞ്ഞ് ഹൃദയം പൊട്ടിയൊലിച്ച്‌ പുലയാട്ടു കൊണ്ട് പിന്നെയും വരും അതേ വഴി - ഞാനിപ്പോൾ എന്നെക്കാറിത്തുപ്പി ഇറക്കിവിടുന്നു പോ പോ പോയി തലമാറി മുട്ട്...

ചിന്തകൾ :

ഞാനെന്നെ കൊടിച്ചിപ്പട്ടി  
തേവടിശ്ശി അവരാധി പോലുള്ള തെറികൾ വിളിച്ച് സമാധാനിപ്പിച്ച്
ഉറക്കാൻ കിടത്തി 
ഉറങ്ങിയില്ല 
 ഉണങ്ങിയ ചെമ്മീൻ പോലെ
കംസന്റെ തടവറയിൽ 
ചുരുണ്ടു കിടക്കുന്ന
അമ്മ മഹാറാണിയെ
ഓർത്തു നിലവിളിച്ചു
അപ്പോൾ അവൻ വന്ന്
എലിപ്പെട്ടി കാണാത്തതിനെച്ചൊല്ലി
രോത്തിന്റെ പെൺമക്കൾ 
അച്ഛനെ പ്രാപിച്ച
പ്രതീകത്തിന്റെ
സമാനോപമയിൽ 
കുറ്റബോധത്തിന്റെ
പാപബോധത്തിന്റെ
ഇല്ലാത്ത 
എച്ചിൽക്കുഴിയിലേക്കെന്നെ
തള്ളിയിട്ട്
പിന്നെയും ഉന്മാദിയായി  
പക്ഷേ ഈ വെളുക്കപ്പുറഭ്രാന്തുകളൊന്നും 
മമത, പ്രിയത തുടങ്ങിയ 
അശ്ലീല പദങ്ങൾ
 ഉറക്കെപ്പറഞ്ഞ്
മൃണ്മയ ശരീരം വെടിഞ്ഞ്
പുറകേ ചെന്നപ്പോൾ
 മറ്റവൻ കടിച്ചു ചവച്ച
തെറിയോളം വരില്ല.


അനുഭവം : 7

ഒന്നുമില്ലെഴുതാൻ - മുഖം ഹൃദയത്തോടു ചേർക്കുന്നു. നെറ്റിയിൽ ചുണ്ടു ചേർക്കുന്നു. എന്റെ ഭൗതികസത്ത ആ വിശുദ്ധ സത്തയിലലിഞ്ഞെങ്കിൽ. ഉദാത്ത സങ്കല്പനങ്ങൾക്കെല്ലാം കടപ്പാട്. കണ്ണ് പൊട്ടിയൊലിച്ചു പലപ്പോഴും. സങ്കല്പ സാക്ഷാത്ക്കാരത്തിന്കൊടും തപസ്സെന്ന് ആദ്യം പഠിപ്പിച്ചത് സുഗത ടീച്ചറാണ്. കാളിദാസനല്ല.

 'അത്താളത്തിലുലഞ്ഞു തകർന്നെൻ
ദുഷ്കൃതമെല്ലാമകലട്ടേ
അച്ചേവടികൾ മുകർന്നു മുകർന്നെൻ
ദുഃഖവുമെല്ലാം മറയട്ടേ..'

അനുഭവം : 8

പെരുമ്പാവൂർ വഴിയിൽ വെങ്ങോലയിൽ നിന്നു വലത്തു തിരിഞ്ഞാൽ വാരിക്കാടെത്തും. ധാരാളം സ്ഥലവും വെളിച്ചവുമുള്ള വീട്. പക്ഷേ അമ്മ ക്ഷീണിച്ചിരിക്കുന്നു. പദവികളെല്ലാം നഷ്ടപ്പെട്ട് ധാർഷ്ട്യവും ഉറപ്പുമില്ലാതെ നിസ്സഹായയായി അന്യ സ്ഥലത്ത് ബന്ധങ്ങളും പരിചയങ്ങളുമില്ലാതെ അതൊന്നും അത്ര ഓർമ്മിയ്ക്കാതെ - ഭാവുകത്വങ്ങളെല്ലാം കുന്നു കൂടുന്നുണ്ട് . കരയാതെ , കരയാതെ തിരിച്ചു നടക്കണം , യാത്ര പറയാൻ വയ്യ. ഇത് എന്റേയും കർമ്മബന്ധം. പക്ഷേ - ഓരോയിടത്തും പഴികളാണ്, കുറ്റപ്പെടുത്തലും. അണഞ്ഞണഞ്ഞു പോകുന്ന ഒരു ദീപം...

 അനുഭവം : 9

അന്ന് 87 ജൂൺ 27 ഞായർ. നാലര യ്ക്ക് ബാലലോകം കേട്ടു. പിന്നെ കുളി കഴിച്ച് മുറ്റത്തിനരുകിലുള്ള അയയിൽ തുണി തോരയിടുകയായിരുന്നു. മുറ്റത്തു നിന്നു നോക്കിയാൽ ദൂരേയ്ക്കു നീണ്ടു കിടക്കുന്ന നാട്ടുവഴി കാണാം. വെറുതേ അങ്ങിനെ നോക്കുമ്പോൾ അയൽക്കാരൻ സോമൻ ചേട്ടൻ കുറച്ചു ദൂരെയുള്ള തറവാട്ടിലേയ്ക്ക് പോകുന്നു , ഇന്നു തിരിച്ചില്ല എന്നു പറഞ്ഞു പോയതാണ് - തിടുക്കത്തിൽ തിരിച്ചു വരുന്നു. പിന്നെ ബദ്ധപ്പെട്ട് വേഗം അപ്പുറത്തുമിപ്പുറത്തുമുള്ള സരോ ച്ചേച്ചിയും തങ്കച്ചേച്ചിയും വീട്ടിലേയ്ക്കു വന്നു... വല്യമ്മച്ചിയും അനിയനുമുണ്ടു വീട്ടിൽ . അച്ഛൻ സുഖമില്ലാതെ കോട്ടയം മെഡിക്കൽ കോളേജിലായിരുന്നു. അമ്മ അച്ഛന്റെയൊപ്പവും. എത്ര പെട്ടെന്നാണ് കരച്ചിലും നിസ്സഹായതയും നിരാലംബതയും അച്ഛന്റെ വിയോഗത്തോടൊപ്പം വീട്ടിലേയ്ക്കു വന്നത്. 16 വയസുള്ള പെൺകുട്ടിയും 14 വയസുള്ള ആൺകുട്ടിയും. എന്റെ പ്രീഡിഗ്രി സെക്കന്റ് ഗ്രൂപ്പ് ഫസ്റ്റ് ഇയർ തിയ്യറി എക്സാമേ കഴിഞ്ഞിരുന്നുള്ളൂ. പ്രാക്ടിക്കലൊക്കെ കണ്ണു നിറച്ച് കൈ വിറച്ച് എങ്ങിനെയോ ചെയ്തു. കുട്ടന് പ്രീഡിഗ്രി അഡ്മിഷനായത് അതിനു ശേഷമാണ്. പിന്നെ 87 ൽ തന്നെ നവംബർ 27 ന് അമ്മയ്ക്ക് 
PWD ലാസ്റ്റ് ഗ്രേഡ് സർവ്വന്റായി ജോലി ലഭിച്ചതിന്റെ അറിയിപ്പു വന്നു. ഇടുക്കിയിലായിരുന്നു പോസ്റ്റിംഗ് . ജീവിതം പിന്നെയും മാറി - കടുത്ത ഏകാന്തതയും ഉൾവലിയലും .. 97 ലാണ് അമ്മയ്ക്കു കാക്കനാട്ടേയ്ക്കു സ്ഥലംമാറ്റം കിട്ടിയത്. ആ പത്തു വർഷത്തിന് എത്ര ആഴവും വ്യാപ്തിയും...

അനുഭവം : 10

ജന്‌മാന്ധതയും ഭീരുത്വവും ചുമന്ന് ആത്മനിന്ദ കൊണ്ട് ആയിരത്തൊന്നാമത്തെ തവണ
സ്വയം കഴുവേറി നില്ക്കുമ്പോഴാണ്
ബോധോദയം ...
ഇതെല്ലാം നീ നടത്തിയ
അരുംകൊലകളാണ്
ആത്മ മിത്രമേ ഞാൻ
നിന്നെ തിരിച്ചറിഞ്ഞുവല്ലോ!
ജീവിതത്തിലേയ്ക്ക്
തുറിച്ചു നോക്കുന്ന
ഒരറവുമാടിന്റെ 
നിസ്സഹായത മാത്രം
ബാക്കിയാവുന്നതു കൊണ്ടാണ്
ഞാനാ സത്യബോധത്തിനു
പുറംതിരിഞ്ഞു നില്ക്കുന്നത്!

അനുഭവം : 11


     കാക്കാലത്തി കൈ നോക്കി പറയുന്നതുപോലെ ഒരുപാധിയുമില്ലാതെ നിരന്തരം മാഴ്കുന്ന പ്രാണനെക്കുറിച്ചു പറയാം. ആർക്കും വേണ്ടാത്ത അറ്റമില്ലാത്ത യാതന. അതാണു കർമ്മബന്ധമെന്നറിയുന്നു ഞാൻ. കഴിഞ്ഞ ജന്‌മത്തിൽ നിഷേധിക്കുകയും മുഖം തിരിയ്ക്കു കയും അവഗണിയ്ക്കയും ചെയ്തതു കൊണ്ട് ഈ ജന്മം അതു തിരിച്ചു കിട്ടുന്നതാവുമോ എന്നു വേണമെങ്കിൽ ശങ്കിയ്ക്കാം. മുഖം തരാതെ പോകുന്ന കാറ്റിനു പിന്നാലെ പോലും മൃണ്മയ ശരീരം പാഞ്ഞു പോയിട്ടുണ്ടെങ്കിൽ
 സൂക്ഷ്മവും സർവ്വഗതവുമായ മനസ്  സദാ   മാഴ്കിക്കൊണ്ടിരിക്കുന്ന ഒന്നിെനെ അനുധാവനം ചെയ്യാതിരുന്നിട്ടുണ്ടാവുമോ - വീണു കിട്ടുന്ന തിരിച്ചറിവിന്റെ ഒരു നിമിഷത്തിനു വേണ്ടി എത്രയോ പ്രാർത്ഥനകൾ ..
 രാത്രി ആയിരം നക്ഷത്ര ദീപങ്ങൾ 
കൊളുത്തി പകലിനെ സ്വപ്നം കാണുന്നതുപോലെ പകലിനെ സ്വപ്നം കാണാനുള്ള അനുവാദത്തിനാണത്.

സ്വപ്നങ്ങൾ  :


സ്വപ്നങ്ങൾ എന്നെ മാറ്റിമറിച്ചിട്ടുണ്ട്. അനന്തമായ യാത്രകൾ - കുന്നും മലയും കാടും കുത്തനെയുള്ള കയറ്റങ്ങളും കയറി നടന്നു നടന്നു തളരുന്ന യാത്രകൾ സ്ഥിര സ്വപ്നമായിരുന്നു. ഒരിക്കൽ തത്വജ്ഞാനം കിട്ടി എന്നു സ്വപ്നം കണ്ടു. പിറ്റേന്ന് വളരെ സന്തോഷത്തിലാണ് ഞാൻ കോളേജിൽപ്പോയത്. ആ സ്വപ്നത്തിനു ശേഷം ജീവിതത്തെപ്പറ്റി 
ഒരുൾക്കാഴ്ചയുണ്ടായതായി അനുഭവം. മറ്റൊരിയ്ക്കൽ രാത്രിയിൽ ആകാശത്തെല്ലാ ദിക്കിലും പൂത്തിരി കത്തുന്നതായിക്കണ്ട സ്വപ്നം. ദിക്കു മുഴുവൻ രാത്രിയിൽ പ്രകാശിയ്ക്കുന്നു. ആഹ്ളാദാനുഭവം. 

ഓർമ്മ

ചിത്തഭ്രമത്തിനുള്ള യോഗം 
തെളിയുന്നുണ്ടാവുമോ രാശിപ്പലകയിൽ?
അതോ അതു നടപ്പാണോ? അത്തരം ഒരു ബോധമില്ലായ്മയായിരുന്നു ചിലപ്പോഴൊക്കെ.. ഹൃദയത്തിൽ ഒരു കരിങ്കല്ല് വച്ചാലെന്നപോലെ ശ്വാസം കിട്ടാതെ പൊട്ടിപ്പിളരുന്ന നിലവിളി ഒതുക്കിവച്ച് ഉറക്കെ സംസാരിച്ച് പൊട്ടിച്ചിരിച്ച്‌ ലോകത്തെ മുഴുവൻ അഭിസംബോധന ചെയ്ത് ശരിക്കും ഭ്രാന്തറിയുന്നു .. പാരമ്പര്യത്തിലതുണ്ട്. മൂന്നും നാലരയും വയസ്സുളള രണ്ടു കുട്ടികൾ തനിച്ചായ ആ രാത്രിയ്ക്ക് അങ്ങിനെയെന്തോ പശ്ചാത്തലമുണ്ട്.
ധാരാളം സംസാരിയ്ക്കുമായിരുന്നു അച്ഛൻ. ആൾക്കൂട്ടത്തിന് നടുക്ക് പെട്ടെന്നു നായകനാകുമായിരുന്നു. നല്ല രസികൻ . തമാശകൾക്കൊടുവിൽ ഉയർന്നുയർന്നു പോകുന്ന പൊട്ടിച്ചിരി.  (അങ്ങിനെയൊരു പൊട്ടിച്ചിരി ഇടയ്ക്കൊക്കെ ഇവിടെ ഉയരുന്നുണ്ടല്ലോ.)
തുറന്നു ചിരിയ്ക്കുമ്പോൾ കാണുന്ന വലതു വശത്തെ അറ്റം അല്പം കൂർത്ത പല്ലുകൾ, മുടി ചീവുന്ന രീതി സ്മാരകങ്ങളുണ്ട്.. സംഗീതപ്രിയനായിരുന്നു. അകാശവാണിയിലെ കച്ചേരികൾ താല്പര്യത്തോടെ 
കേൾക്കുന്നതോർന്മയിൽ. അച്ഛൻ പാടി കേട്ട പാട്ടുകൾ 
ഉത്തരാസ്വയംവരവും പൂവുകൾക്ക് പുണ്യകാലവുമാണ്.  
എന്നിട്ടെന്നിട്ടെന്നിട്ട് ...

അനുഭവം : 

എഴുതുന്നതു മുഴുവൻ ലോകത്തോടുള്ള പ്രിയം കൊണ്ട് രാഗിയായതുകൊണ്ട് , ലോകത്തിലേയ്ക്കാണു നടന്നത് , പുറത്തേയ്ക്കു തുറക്കുന്നതായിരുന്നു വാതിലുകൾ. പ്രഹർഷത്തോടെ പുറത്തേയ്ക്ക്... (പ്രണയനം). എന്നാൽ ഇന്ദ്രിയാനുഭവങ്ങൾക്കുപരിയായൊരു സാക്ഷാത്ക്കാരവുമുണ്ടതിൽ . 
     എഴുത്തെന്ന വേദനാസംഹാരിയും 
മറവി മരുന്നും ഒരു തവണ കൂടി കോരിക്കുടിയ്ക്കുന്നു ഞാൻ -

അനുഭവം :

മാതൃഭൂമി ആഴ്ചപ്പതിപ്പ് ഇന്നേ വന്നു വിഗതം (lost )എന്ന മുഖക്കുറിപ്പോടെ. വന ദുർഗ്ഗയുടെ ഭാവസാന്ദ്രമായ മുഖം - കവിതകൾ, അഭിമുഖങ്ങൾ, പഠനങ്ങൾ, അപൂർവ്വ ചിത്രങ്ങൾ - ജോ സുബദ്ധമായി പറഞ്ഞതിനനുബന്ധമായി ഇതും കൂടി - സുഗതകുമാരിയുടെ കവിത നമ്മുടെ ചെറുപ്പക്കാർക്ക് നേരെ നോക്കാനും 'നേരു കാണാനും ഉള്ള സന്നദ്ധതയും ശക്തിയും വീണ്ടെടുത്തു കൊടുക്കും. സനാതന ഭാവസത്തകളായാലും പ്രതികരണമായാലും ഉദാത്തത പാലിക്കാൻ കഴിയുക ഒട്ടും ചെറിയ നേട്ടമല്ല. എം. ലീലാവതി .

 ആർദ്രം
ഇരുളിൽ നിന്നു ഞാൻ പിന്നോട്ടു പിന്നോട്ടു
മിഴിയയയ്ക്കവേ എന്തൊരസ്വസ്ഥത
ഇരുളിൽ നിന്നു ഞാൻ താഴേക്കു താഴേക്കു
മിഴികൾ താഴ്ത്തവേ
എന്തൊരഗാധത !
ഇരുളിൽ നിന്നു ഞാൻ ചുറ്റിലും നോക്കവേ
മതി മതിയെന്നു കാതിൽ നിശ്ശബ്ദത ;
ഇരുളിലെൻ മിഴി മേലോട്ടുയരവേ
ഒരു തണുത്ത നക്ഷത്ര സ്മിതാർദ്രത ..           സുഗത കുമാരി.

ഓർമ്മ

തണ്ടു ചുവന്ന വെളുത്ത പൂവാണ് പവിഴമല്ലി . തൃക്കലങ്ങോട്ടെ എന്റെ എൽ പി സ്കൂളിൽ നിന്ന് വീട്ടിലേയ്ക്കുള്ള വഴിയിലാണ് അച്ഛനെ ശ്രീധരന്നായരേ എന്നു വിളിക്കുന്ന ജയശ്രീ ടീച്ചറിന്റെ വീട് . മതിലുള്ള മട്ടുപ്പാവുള്ള ഓടിട വീട്. മതിലിന്നരുകിൽ പൂത്തു നില്കുന്ന പവിഴമല്ലിയുടെ പൂക്കൾ വഴിയിൽ വീണത് ഇഷ്ടത്തോടെ പെറുക്കിയെടുത്തിട്ടുണ്ട്. തിളങ്ങുന്ന ഓറഞ്ചുനിറത്തിലേയ്ക്ക് അല്പം ചുവപ്പും കൂടി ചേർന്ന തണ്ടും സ്നിഗ്ദമായ വെളുത്ത ഇതളുകളും നേർത്ത ഗന്ധവും. നന്ത്യാർവട്ടത്തിന്റെയോ മുല്ലയുടേയോ ഒന്നും സമാന ഗന്ധിയല്ലത്. തണ്ടും ഇതളും സമീകരിക്കാമെങ്കിലും. പിന്നെയാ പ്പൂക്കൾ വീണു കിടക്കുന്നതു കണ്ടത് തൃപ്പൂണിത്തുറ കോളേജിലേക്കുള്ള വഴിയിലാണ്. ചക്കം കുളങ്ങര അമ്പലത്തിന്റെ എതിർ വശം ഉള്ള ഒരു വീടിന്റെ മതിലിനരുകിൽ. ഡിഗ്രിക്കാലത്ത് കുട്ടിക്കാലത്തിന്റെ ഓർമ്മ ഉണർത്തിയ പൂക്കൾ.. ഇപ്പോൾ അതവിടെയുണ്ടോ ആവോ. സുഗത ടീച്ചറുടെ കവിത പവിഴമല്ലി . വേണുഗോപാലിന്റെ ആലാപനം. നിത്യസുഗന്ധിയായ കവിത. ഞാനും ചൊല്ലാൻ നോക്കി , ഒട്ടും ശരിയാവുന്നില്ല. 
'കൊഴിയുന്ന പൂക്കൾ കൊരുക്കുവാൻ പിറ്റേന്ന് 
പുലരി വന്നെത്തി നോക്കുമ്പോൾ
പലതുള്ളിക്കണ്ണീർ വീണു നനഞ്ഞൊരാ
കടലാസിൻ ശൂന്യമാം മാറിൽ 
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും മുത്തും..'


ഓർമ്മ


വാക്കിന്റെ അടിമയാണു ഞാൻ. ഉടമസ്ഥത മുഴുവൻ വാക്കുകൾക്ക്. എത്ര വിചാരിച്ചാലും കൃത്യമായി ആവിഷ്ക്കരിക്കുക സാദ്ധ്യമല്ല. ഭഗവാൻ നിരന്തരം വിളിക്കുന്നു എന്നെഴുതിയതു കൊണ്ടാണ് അമ്പലം വാർഡിൽ പാലസ് സ്കൂളിൽ ഡ്യൂട്ടി കിട്ടിയതെന്നു തോന്നി. രാത്രിയിൽ പോളിംഗ് അസിസ്റ്റന്റ് ഹർഷയെ വീട്ടിലേക്കു കൂട്ടിയിരുന്നു . രാവിലേ അമ്പലത്തിന്റെ മുന്നിലൊന്നു നിറുത്തണേയെന്നു ഹർഷ . ഓടിപ്പോയി തൊഴുതു വരുകയും ചെയ്തു. ഞാനിറങ്ങാനൊന്നു മടിച്ചു. അഹന്തയെന്നു മാസ്റ്റർജി പിറുപിറുത്തെന്നു തോന്നി. നേരെ മുന്നിൽച്ചെന്നു നിന്നു പ്രാർത്ഥിച്ചു അഹന്ത മാറ്റിത്തരണേയെന്ന് - രാത്രിയിൽ മടങ്ങുമ്പോൾ എല്ലാ കേമത്തങ്ങളുടേയും കൊമ്പൊടിഞ്ഞിരുന്നു. തളർന്ന് തലചുറ്റി ബോധമില്ലാതെ - എന്നാലും - പോളിംഗ് ഓഫീഷ്യൽസ് വളരെ നല്ലവർ. മഴ നനഞ്ഞ് ഒപ്പിടാൻ വന്ന polling agents. എല്ലായിടത്തും അദൃശ്യമായ കാരുണ്യ സ്പർശങ്ങൾ.

ഓർമ്മ

ശാസ്ത്രരീത്യാ ജാഗ്രത്തും സ്വപ്നവും ഒരുപോലെയാണ്. രണ്ടിൽ നിന്നും ഉണരണം സത്യത്തിലേയ്ക്ക് . സ്വപ്നത്തിൽ അനുഭവിക്കുന്നതും ജാഗ്രത്തിൽ അനുഭവിയ്ക്കുന്നതും ഒരേ പോലെ അസത്യം. നചികേതസ്സാണു പുരോഗാമി. നിന്റെ നൃത്യ ഗീതങ്ങൾ നിനക്കു തന്നെയിരിക്കട്ടെ എനിയ്ക്കു തത്വജ്ഞാനം മതിയെന്ന് യമനോടു പറഞ്ഞവൻ. മകനായും ഈശ്വരനായും പ്രണയമായും സ്വപ്നത്തിൽ സാക്ഷാത്ക്കരിച്ചതിന്റെ ഉണ്മയേ എനിയ്ക്കു വേണ്ടൂ. നിന്റെ ഭൗതിക പ്രതിപത്തികൾ നിനക്കു തന്നെയിരിക്കട്ടെ.

അനുഭവം : 

ഇന്ന് പി വി രാമൻകുട്ടി മാഷിന്റെ ക്ലാസ്സ് - ഐ എ റിച്ചാർഡ്സിന്റെ ലിറ്റററി തിയറി - കേട്ടു. 10.30 മുതൽ 12 വരെ , നോട്ടെഴുതിയെടുത്തു. സിദ്ധാന്തത്തിലെ സാഹിത്യാനുഭവത്തിന്റെ മൂല്യ വിചിന്തനം എന്ന ഒന്നാമത്തെ ഘടകത്തെ വിശദീകരിക്കുമ്പോൾ സാഹിത്യം എങ്ങിനെ ജീവിതത്തെ ജീവിതവ്യമാക്കുന്നുവെന്ന് ലളിതമായി വ്യാഖാനിച്ചു അദ്ദേഹം. സാഹിത്യാനുഭവം സ്വതന്ത്രമായ , വ്യതിരിക്തമായ , പവിത്രമായ , അന്യാദൃശമായ , മൗലിക നിർമ്മിതിയല്ല. Nothing different in ordinary and literary experience. സാധാരണ ജീവിതാനുഭവങ്ങൾ ചേതസ്പന്ദനങ്ങളെ തൃപ്തിപ്പെടുത്തുന്നുണ്ട്. നിരവധി ചോദനകളെ , ചേതസ്പന്ദനങ്ങളെ - (സ്നേഹത്തിന്റെ ,വെറുപ്പിന്റെ , ഇരുട്ടിന്റെ , വെളിച്ചത്തിന്റെ) പരസ്പരം മല്ലടിക്കുന്ന , മനസ്സിനെ വിവിധ ദിശകളിലേയ്ക്ക് പിടിച്ചു വലിയ്ക്കുന്ന ആയിരക്കണക്കിന് impulses നെ - തൃപ്തിപ്പെടുത്തുകയും സമീകരിക്കുകയും ഇല്ലാതാക്കുകയും ചെയ്യുന്നത് സാഹിത്യാനുഭവമാണ്.അതിതീവ്രമായ കലാനുഭവം ചേതസ്പന്ദനങ്ങളെ സമീകരിക്കുക മാത്രമല്ല, ആന്തരികമായ Harmony, equilibrium, Co-ordination ഇവ സാദ്ധ്യമാക്കുകയും അനിതരമായ വിശ്രാന്തിയിലെത്തിയ്ക്കുകയും ചെയ്യുന്നു. സാഹിത്യം എന്തിന് എന്ന ചോദ്യത്തിന് കൃത്യമായ ഒരുത്തരമാണിത്. രാമാദി വത് വർത്തിതവ്യം, ന രാവണാദിവത് എന്ന ഉപദേശത്തേക്കാളൊക്കെ എത്രയോ മുകളിൽ 
പരനിർവൃതി എന്ന സങ്കല്പത്തിനും ഉയരെ നിന്ന് അതെന്നെ ആശ്വസിപ്പിച്ചു. മനുഷ്യ ജീവിതത്തിൽ ശൂന്യതകൾ കൂടുകയും ചെറിയ ചെറിയ ആനന്ദങ്ങൾ പോലും ഇല്ലാതാവുകയും ചെയ്യുമ്പോൾ തീരാ ദുരിതങ്ങളിലേയ്ക്ക് ആണ്ടു പോകുമ്പോൾ അത്തരം ഇടങ്ങളിലേയ്ക്ക് പ്രകാശം വീശുന്ന എന്തോ ഒന്ന് കവിതയിലുണ്ട്. ഈ പരിഷ്കൃത ലോകത്തിൽ സ്വന്തം ഭൂതകാലത്തിൽ അഭിരമിയ്ക്കുകയും തന്റെ ഏകാന്തതയേക്കുറിച്ചു പാടുകയും ചെയ്യുന്ന കവി ഒരു പമ്പരവിഡ്ഢിയെന്ന് അപഹസിക്കപ്പെട്ടാലും സാഹിത്യം എന്ന അനുഭൂതി മനുഷ്യ ജീവിയെ യാതനകളെ, രോഗത്തെ ,മരണത്തെ, വാർദ്ധക്യത്തെ സ്ഥിരബുദ്ധിയോടെ നോക്കിക്കാണാൻ സഹായിക്കുന്നു. മനസ്സ് ഒരു നേർവസ് സിസ്റ്റമാണ്. ഈ സിസ്റ്റത്തെ ബാലൻസ് ചെയ്യുന്നു എന്നതാണ് കാവ്യാനുഭവത്തിന്റെ മൂല്യം. കുറേയേറെ നവ്യ നിരൂപകരെ, പുസ്തകങ്ങളെ , സിദ്ധാന്തങ്ങളെ പരിചയപ്പെടുത്തി മുന്നോട്ടു പോയ ക്ലാസ് എന്റെയുള്ളിലെ ശൂന്യതയെ നിറച്ചു. ഓർമ്മിച്ചു വയ്ക്കാനൊരു വാക്യം - Art is the store house of values ..


 ഓർമ്മ

ജനാലക്കരികിലെ ആ വികൃതിക്കുട്ടി മെല്ലെപ്പോകുന്ന പരിചിതരേയും തിടുക്കപ്പെടുന്ന അപരിചിതരേയും ഒക്കെ ഒരേ പോലെ എണ്ണുന്നുണ്ടായിരുന്നു. വന്നേ പറ്റൂ ഇപ്പോ ഇവിടെയെന്ന് വാശി പിടിച്ചിരുന്നു. കളിപ്പാട്ടം കാണാതെ പോയതുപോലെ വ്യാകുലപ്പെട്ടിരുന്നു. ഒരടുക്കും ചിട്ടയുമില്ലാതെ , പരിസര ബോധമില്ലാതെ തീർത്തും അന്യാദൃശമായി അപൂർവ്വതയോടെ, നിഷ്കളങ്കതയുടെ പരിവേഷത്തിൽത്തന്നെ അവൾ അറ്റമില്ലാതെ സംസാരിക്കാൻ , ഒരു തവണയെങ്കിലും സത്യസന്ധമായി ആവിഷ്ക്കരിക്കാൻ ആശിച്ചിരുന്നു. 

ഓർമ്മ

സി രാധാകൃഷ്ണന്റെ 'പുഴ മുതൽ പുഴവരെ ' യിൽ അപ്പുവിനെ അച്ഛൻ കാണാൻ വരുന്ന ഒരു സന്ദർഭമുണ്ട്. വല്യ കണിശക്കാരൻ , അഭിമാനി, ഒട്ടും അടുപ്പം കാണിയ്ക്കാത്തയാൾ. അതാണ് അപ്പു അറിയുന്ന അച്ഛൻ. പക്ഷേ വീട്ടിൽ നിന്നകലെ പഠിയ്ക്കാൻ പോയ അപ്പുവിനെ ക്കാണാൻ താമസ സ്ഥലത്തെത്തുന്ന അച്ഛന്റെ ആർദ്ര മൃദുഭാവങ്ങൾ കണ്ട് തരളിതനായി ഒപ്പം വീട്ടിലേയ്ക്കു പോവാനാഗ്രഹിയ്ക്കുന്ന അപ്പു.. അച്ഛൻ പോവുമ്പോൾ തൊണ്ടയിൽക്കുരുങ്ങുന്ന കണ്ണീര് .. 

അനുഭവം  :  

സഹയാത്രികയുടെ പെട്ടെന്നുള്ള ചില കമന്റുകൾ പൊട്ടിച്ചിരി ഉണ്ടാക്കാറുണ്ട്. ഇന്നലെ രാവിലെ വരുമ്പോൾ നീല വണ്ടി കണ്ടിട്ട് ക്വസ്റ്റൻ ബാങ്ക് വന്നു എന്നു വളരെ പതിയെ ശാന്തമായി പ്പറഞ്ഞതെത്ര ചിരിയുണ്ടാക്കിയെന്നോ! നാളെ അംബ കുൽക്കർണ്ണിയുടെ ക്ലാസുണ്ട് , NLP സംശയമെന്തെങ്കിലുമുണ്ടെങ്കിൽ ചോദിക്കാം എന്നു വെറുതേ തട്ടി മൂളിച്ചതാണ് - അപ്പോ ചേച്ചി ക്വസ്റ്റൻ ബാങ്കിന് തയ്യാറാക്കിയ ചോദ്യങ്ങൾ മുഴുവനെടുത്തോളൂ, നാലു മൊഡ്യൂളും എടുക്കണം. അതെല്ലാം നമുക്കു ചോദിക്കാമെന്നവൾ - പൊട്ടിച്ചിരിച്ചു പോയി. മുഖ്യമന്ത്രിയുടെ പത്രസമ്മേളനത്തിൽ ചോദ്യങ്ങൾ ചോദിക്കുന്ന പത്രലേഖകരേയും കടക്കു പുറത്തെന്ന ശാസനയും ഓർത്തു. ചിരി തീരുന്നില്ല - മുമ്പൊരിയ്ക്കൽ ഫോണിൽ നിന്ന് കാതിലേയ്ക്കെത്തിയ തുറന്ന ചിരി..

ഓർമ്മ

  ഒരു ദിവസം നദി നാമരൂപങ്ങളുപേക്ഷിച്ച്
സമുദ്രമായ്ത്തീരുകതന്നെചെയ്യില്ലേ?
നദിയുടെ തപസ്സതാണ്.
പ്രിയതരമെന്നോ പ്രിയതമമെന്നോ തരംതിരിയ്ക്കാതെ മുഖം മൂടികളില്ലാതെ
മേൽ വിലാസമില്ലാതെ ഞാനെന്നെ അറിയുന്നതുപോലെ സ്വഭാവികമായി ഒരു ദിവസം തിരിച്ചറിയുക തന്നെ ചെയ്യും.

സ്വപ്നം


NLP പഠിപ്പിയ്ക്കുകയെന്നാൽ അതിർത്തിയിൽ യുദ്ധത്തിനു പോകുന്ന സൈനികന്റെ ദൈന്യമാണുള്ളിൽ. മുറിവേൽക്കുമോ കൊല്ലപ്പെടുമോ എന്ന ആശങ്ക. വിജയിക്കില്ലെന്ന ഭയം. അതുറപ്പിയ്ക്കുന്നതാണു സ്വപ്നം . പഴയ ചിത്രങ്ങളിലെന്നതുപോലെ പശ്ചാത്തലത്തിൽ റെയിൽവേ സ്റ്റേക്ഷനും തീവണ്ടിയുമുണ്ട്. പട്ടാള വേഷത്തിൽ പെട്ടിയുമെടുത്ത് യാത്രാ സന്നദ്ധരായി ആരൊക്കെയോ - ഞാനും പോകേണ്ടതാണ് . അമ്മ ഇപ്പോൾ ഇങ്ങോട്ടു വന്നതേയുള്ളൂ അതുകൊണ്ട് ഇപ്പോഴില്ലെന്നു ഞാനും . പിന്നെ നോക്കുമ്പോൾ  
 ട്രെയിൻ പുറപ്പെട്ടു കഴിഞ്ഞു..

അനുഭവം : 

ഏക ഭാഷണങ്ങളാണെല്ലാം.
 പ്രാണൻ പിടഞ്ഞാലും, കണ്ണു കാണാത്ത കോട്ടകൾ കെട്ടണം. അറിയുകയേയില്ല. വിളക്കു കെട്ടുപോണേ എന്ന ഇടതടവില്ലാത്ത പ്രാർത്ഥന. ഈ എഴുത്തു വഴി എത്ര കാലം അടഞ്ഞുകിടന്നു.. 
മറ്റൊന്നും പകരമായില്ല. വായനയോ ചരിത്ര പഠനമോ ബ്ലോഗോ ഒന്നും. മറ്റൊന്നിനും കഴിഞ്ഞിട്ടില്ല ഇത്ര സർഗ്ഗാത്മകത പകരാൻ .. എന്നാലും നോക്കട്ടെ ഞാൻ , കോട്ടകൾ തകരാതിരിയ്ക്കാൻ -

അനുഭവം : 


മഴക്കാലം അത്ര സുഖമുള്ള ഓർമ്മയൊന്നുമല്ല. ചോർന്നൊലിയ്ക്കുന്ന വീടും നനഞ്ഞ അടുപ്പും ... കുറച്ചു നാളേ ആയിട്ടുള്ളൂ മഴയെ ഭീതിയോടെയല്ലാതെ കണ്ടു തുടങ്ങിയിട്ട്. പുഴക്കിക്കരെ വീടു വച്ചു താമസിച്ചപ്പോൾ 
അമ്മവീട് അക്കരവീടായി. പുഴയ്ക്കു കുറുകേയുളള വല്യ റെയിൽവേപ്പാലം കടന്ന് ലൈനിലൂടെ കുറേ മുന്നോട്ടു നടന്നാൽ സ്രാങ്കുഴി വളവ്. അവിടെ നിന്നു വലത്തോട്ടു തിരിഞ്ഞ് കുന്നും ഇടവഴിയും കയറി മല കടന്ന് ആകെ ഒരു മണിക്കൂറോളം നടന്നാൽ വീടെത്താം. നനഞ്ഞ പുസ്തകങ്ങളും ഉടുപ്പും കുടയുമായി സ്കൂളിൽ നിന്നു വന്ന വൈകുന്നേരങ്ങൾ ... ഇന്ന് വൈകുന്നേരം പെട്ടെന്നു വന്ന ഇരുണ്ട മഴ . രണ്ടു മൂന്നു ദിവസമായൊരു തലചുറ്റൽ . അതുകൊണ്ടാണ് മൗഢ്യത്തോടെ മഴയിൽ മുനിഞ്ഞിരുന്നത്. ആളൊഴിഞ്ഞ അടച്ചിട്ട സ്വന്തം വീടും പരിചിതമല്ലാത്തിടത്തേയ്ക്ക് വീടു മാറിയ അമ്മയേയും കാണാനാഗ്രഹിച്ചത്. മഴ കൊണ്ടുവന്നിട്ടുള്ള നിരാലംബതയേയും നിസ്സഹായതയേയും പറ്റി ഓർത്തത് -

ചിന്തകൾ

പ്രണയത്തിലാവുമ്പോൾ പുരുഷൻ പറയുക ലോകം മുഴുവൻ നിന്നോടനീതി കാട്ടുന്നു , ഞാനതു ചെയ്യുകയേയില്ല എന്നാണ്. വിവാഹ ശേഷം ലോകം അല്പാല്പമായി കാട്ടിയിരുന്ന അനീതി പുരുഷൻ പൂർണ്ണമാക്കുകയും പരിഹാരങ്ങൾക്കുള്ള വഴിയടയ്ക്കുകയും ചെയ്യുന്നു. വിഷമവൃത്തത്തിൽ ശ്വാസം മുട്ടി സാധാരണ ഒടുക്കം -

ഓർമ്മ

പൂർണ്ണത്രയീശന്റെ വല്യുഝവത്തിന് കൊടികയറുമ്പോൾ അമ്പല വഴിയിലെ ആകർഷണീയതകൾ എത്രയെത്ര !! ഒരോന്നും അടുത്തു ചെന്നുകണ്ട് ഒന്നും അത്ര വേണ്ടതല്ല എന്നു തിരിച്ചറിയുമ്പോഴോ - വളരെ നിസ്സംഗതയോടെ തിരിച്ചു നടക്കുന്നു. രതി അതുപോലെ - നിശ്ചലമായ തടാകം. മുഖം കാണാം എന്നാലും നിർജ്ജീവം. ഒന്നും എഴുതിയിട്ടേയില്ല. തിരിച്ചറിഞ്ഞ് വേണ്ടെന്നു വയ്ക്കുന്നതാണ്. പക്ഷേ വിളക്കുകളെല്ലാം അണഞ്ഞ കോവിലിലാണെങ്കിലും ഭഗവാനോ - സദാ വിളിക്കുന്നു . അടുത്തെത്താൻ ഞാനും ആഗ്രഹിയ്ക്കുന്നു. എപ്പോഴും നാമ സങ്കീർത്തനം. അതേ പ്രണയം സത്യാന്വേഷണമാണ്. ഈശ്വരാന്വേഷണം. അവസാനിയ്ക്കാത്ത തേടൽ ... ഒരു Problem തന്നെയാണത്. അതിനെ address ചെയ്യുക തന്നെയാണു വേണ്ടത്. ഭീരുത്വവും കാപട്യവും വയ്യ.


അനുഭവം :

creativity vs cramming..The challenges at college level .. എബ്രഹാം കുര്യൻ ഐ പി എസും citation network analysis കൊണ്ട് സതീഷ് സാറും വർക്ക് ഷോപ്പ് ഒന്നാം ദിവസം അർത്ഥ പൂർണ്ണമാക്കി . poem generate cite കൊണ്ട് റോസിനെ പറ്റി കവിതയും articolo യിലൂടെ ആയിരക്കണക്കിന് papers ഉം ... ഇനിയും അത്ഭുതങ്ങൾ ബാക്കി ...out come based 
education നുമായി Jacob Philip സാർ വേദിയിൽ : Open Book Exam വേണമോ : ആലോചിച്ചുതുടങ്ങാം. Basic philosophy of DBE frame work is the outcomes of the program are clearly and unambiguously specified.


വർക്ക് ഷോപ്പ് : മൂന്നാം ദിവസം , ദേശഭാവനയുടെ ഭാഷാ രാഷ്ട്രീയം : പി.പവിത്രൻ ...... ആധുനിക ജ്ഞാന വ്യവസ്ഥയിൽ പഠനത്തിനല്ല, ഗവേഷണത്തിനാണ് പ്രാധാന്യം. പാരമ്പര്യ പണ്ഡിതർ അറിവ് ഉല്പാദിപ്പിയ്ക്കുന്നില്ല. അറിവ് ഉല്പാദിപ്പിക്കലാണ് ഗവേഷണം. രേഖീയ പുരോഗതിയുടെ യുക്തിയിൽ നില്ക്കുന്ന തുടർ പ്രക്രിയയാണത്. അറിവ് ചിന്താ കേന്ദ്രീകൃത മാകുമ്പോൾ യുക്തി പ്രമാണ വാദമാകുന്നു, അനുഭവകേന്ദ്രീകൃതമാവുമ്പോൾ ഇന്ദ്രിയാനുഭവ പരവും. പഞ്ചേന്ദ്രിയങ്ങളെല്ലാം നിശ്ശബ്ദമാകുമ്പോഴും അഹംബോധമുണ്ട് , ഇത് അദ്വൈത ചിന്തയല്ല. ഈഗോ ആണത് . അറിവിന് തടസ്സമാണത്, ചിന്തയെ മലിനമാക്കുന്നു എന്നാണ് ആദ്യ കാല ചിന്തകർ കരുതിയത്. യുക്തിബോധം മാത്രമല്ല സൗന്ദര്യബോധം കൂടിയുള്ള ജീവിയാണു മനുഷ്യൻ, കവിതയാണ് ഏറ്റവും വലിയ അറിവ് . അതിവർത്തനപരമായ ഭാഷയിലാണ് അറിവിന്റെ ഡൈനാമിക്സ് പ്രവർത്തിയ്ക്കുന്നത് , ലോക സമൂഹം ഭാഷാ സമൂഹമായാണ് ആദ്യം തിരിച്ചറിയപ്പെട്ടത് . മതം മാറാതെ തന്നെ മത പാഠങ്ങളെ സൗന്ദര്യ പാഠങ്ങളാക്കി അനുഭവിയ്ക്കാൻ കഴിയുന്നത് മാതൃഭാഷയിലൂടെയാണ്. മനുഷ്യന്റെ സ്വത്വം ആദ്യം രേഖപ്പെടുത്തപ്പെട്ടത് ഭാഷാസമൂഹങ്ങളായി സ്വയം തിരിച്ചറിഞ്ഞു കൊണ്ടാണ് ... റെനെ, കാന്റ്, വാൻ ഗോഗ് , തോമസ് മൂർ, ദാന്തെ, ചോസർ , പീർ മുഹമ്മദ്, എ. സേതുരാമൻ, പോൾ ഡിറാക്ക്, ഇ. സി. ജി സുദർശൻ ഒക്കെ പരാമർശിക്കപ്പെട്ടു.



വർക്ക് ഷോപ്പ് : നാലാം ദിവസം : ഡോ.അജു കെ നാരായണൻ ..... Poetics & politics in cinema : ലോകത്തെ കാലപരമായി വിഭജിച്ചു കൊണ്ട് കാര്യങ്ങളെ വിശദീകരിക്കുന്ന രീതി എല്ലാ വിജ്ഞാന ശാഖകളും പിന്തുടരുന്നുണ്ട്. 1895 ഡിസംബർ 28 ആണ് ലോക സിനിമയുടെ കാല സൂചകം. അന്നാണ് ലൂമിയർ സഹോദരന്മാർ പാരീസിലെ ഒരു കഫേയിൽ ഏതാണ്ട് 45 പേർക്കുവേണ്ടി ആദ്യമായി സിനിമ പ്രൊജക്ടുചെയ്തത്. പത്താം നൂറ്റാണ്ടിൽ അൽ ഹസ്സന്റെ പുസ്തകം Book of optics : സിനിമയുടെ ആദ്യ പ്രഭാപൂരം അറേബ്യയിലാണ്. ആശയങ്ങൾ മോഷ്ടിക്കപ്പെടുന്നു , ആധികാരികതകളൊക്കെ യൂറോപ്പിന് :: സിനിമയിൽ ഫിസിക്സും കെമിസ്ട്രിയും ഫോട്ടോഗ്രഫിയും ചിത്രകലയും ..... ദൃഷ്ടി സ്ഥായിത എന്നയവസ്ഥ കൊണ്ട് നമുക്കു സിനിമ കാണാനാവുന്നു. പശു സിനിമ കാണുന്നുണ്ടോ എന്നറിയില്ല : സിനിമ കല മാത്രമല്ല, കലാപം കൂടിയാണ് , എതിർ നോട്ടം കൂടിയാണ്. മനുഷ്യന്റെ അബോധത്തെ കേന്ദ്രീകരിച്ചാണ് ബിംബകല്പനകൾ രൂപപ്പെടുന്നത്. നാഗരാജ് മഞ്ജുളയുടെ ഫാൻറിയും പുലിമുരുകനുമായുള്ള താരതമ്യം, ചിറാപ്പുഞ്ചിയിൽ ഷൂട്ടു ചെയ്ത മലയാള സിനിമ മൊയ്തീൻ ... ആണിന്റെ visual Pleasure 
ആണു സിനിമ ...

പ്രൊഫസർ ഇലിയാസിന്റെ ടോപിക് : വിഷ്വൽ മെത്തേഡ്സ് ഇൻ സോഷ്യൽ സയൻസ് : ആ സെഷൻ രാജാറാം തോൽപ്പാടിയെ ഓർമ്മിപ്പിച്ചു. .... വർക്ക് ഷോപ്പ് അഞ്ചാം ദിവസം : Disability, rehabilitation, education and community ... ഡോ. പി.ടി.ബാബുരാജ് തീർത്തും ഫലപ്രദം : എല്ലാ കോളേജുകളിലും ഭിന്നശേഷി ക്കാർക്കു വേണ്ട സൗകര്യങ്ങളുണ്ടോ ? അദ്ദേഹം അന്വേഷിച്ചു. 99 പേരിൽ ഏക സംസ്കൃത ഭാഷാ പ്രതിനിധിയായി ഉണർന്നിരുന്ന പണിപ്പുര ദിന ചലനക്കുറിപ്പുകൾ അവസാനിയ്ക്കുന്നു.

ഓർമ്മ

കാഴ്ചയുടെ കേൾവിയുടെ മാന്ത്രികപ്പീലി എനിക്കിനി വേണ്ട... ഒരു തൃക്കൺ വെളിച്ചത്തിലിയുന്ന ഹൃദയത്തെ നൂറ്റൊന്നാവാഹിച്ചു പണ്ടാരമടക്കിക്കഴിഞ്ഞൂ ഞാൻ..

ചിന്തകൾ

ആകെ ജീവിതത്തെ പ്രതിനിധീകരിയ്ക്കാൻ കഴിയുന്ന അവസ്ഥയാണല്ലോ എഴുത്ത്.. പക്ഷേ എങ്ങിനെയൊക്കെ പറഞ്ഞാലും അതെല്ലാം പഴകിയ അഭിരുചിയെ മാത്രം ഓർമപ്പെടുത്തുന്നതാണ്..


മനുഷ്യാനുഭവങ്ങളോട് സത്യസന്ധരാകാൻ എഴുത്തുകാർക്ക് കഴിയില്ല. അനുഭവങ്ങളെ പലവട്ടം ആവിഷ്ക്കരിച്ചു കഴിഞ്ഞു.. സങ്കീർണ്ണമായ പല മാനങ്ങളുള്ള അനുഭവങ്ങളെ ആവിഷ്ക്കരിക്കാൻ കഴിവുള്ള ഭാഷ ഇല്ല. ഭാഷ ജീവിതത്തിൽ നിന്നു സൃഷ്ടിയ്ക്കപ്പെടുന്നതു കൊണ്ട് അതു തീർത്തും പഴകി...

ഭാഷാ ചിന്തനങ്ങൾ.. നാം നമ്മോടും ചുറ്റുപാടുകളോടും പുലർത്തുന്ന സമീപനങ്ങളെയാശ്രയിച്ചാണ് കാഴ്ചപ്പാടുകൾ രൂപപ്പെടുന്നത്. ഭാഷ കാഴ്ചപ്പാടുകളുടെ ഏകാത്മകതയ്ക്കും കേന്ദ്രീകരണത്തിനും വേണ്ടിയുള്ളതാണ്. അനുഭവങ്ങൾ ശിഥിലമാകുമ്പോൾ ഭാഷയും ശിഥിലമാകുന്നു. ഇത് ഭാഷയിലെ ജൈവതയുടെ മരണമാണ്. അത് സ്വകാര്യതയുടേയും സ്വച്ഛതയുടേയും നിശബ്ദതയുടേയും സ്നേഹത്തിന്റേയും ഓർമകളുടേയും മരണമാണ്.

സത്യത്തെ ആ വിഷ്ക്കരിച്ചാവിഷ്ക്കരിച്ച് അലങ്കരിച്ച് വർണ്ണങ്ങൾ കോരിയൊഴിച്ച്‌ നുണയാക്കി മാറ്റുന്നു സാഹിത്യം. നിശബ്ദതയാണു സത്യം.. മൗനം തന്നെയാണപരിമേയം..

അനുഭവം

ഇന്ന് ഡോ: മുരളീധരൻ നായർ തറയിൽ - sexuality and Gender rights ..LGBQTA .. അർത്ഥങ്ങൾ നമ്മൾ നമ്മുടെ സൗകര്യ മനുസരിച്ച് സൃഷ്ടിക്കുന്നു.. വായനകൾ അർത്ഥങ്ങളെ പുനർനിർമ്മിക്കുന്നു.. ശരീരത്തിന് ഏകതാനമായ അർത്ഥമുണ്ടോ.. ഋതുപർണ്ണ ഘോഷിന്റെ അന്തർ മഹൽ, ചിത്രാംഗദയെപ്പറ്റിയും പറഞ്ഞു.. ഉച്ചയ്ക്കുശേഷം രാജാറാം തോൽപ്പാടി ഡെമോക്രസി & ഹ്യൂമൻ റൈറ്റ്സ്.. ഗംഭീരം.. ഒരു മുഴുസമയ വിദ്യാർത്ഥിയാകാൻ നല്ല രസം..

അനുഭവം


ഞാൻ രാജാറാം സാറിനോട് ഒരു മണ്ടൻ ചോദ്യം ചോദിച്ചു.. സാധാരണക്കാരന് പ്രതീക്ഷയൊന്നും ബാക്കി വയ്ക്കാനില്ലാത്തത്രയും നിരാശാജനകമാണ് സമകാലിക ജനാധിപത്യം.. പ്ലേറ്റോയുടെ തത്വജ്ഞനായ ഭരണാധികാരിയെപ്പറ്റി ആലോചിച്ചാലോയെന്ന്.. അത് ഒളിഗാർക്കിയാണ്, ഇപ്പോൾ അപ്രസക്തം, Specialy stern on human virtues.. അതാണദ്ദേഹം നിർദ്ദേശിച്ച പരിഹാരം .. എന്റെ poor Eng. ചോദ്യത്തിന് വളരെ വിശദമായി അദ്ദേഹം ഉത്തരം നല്കി.. ഇന്ന് CK ജാനുവാണ്.. Land & Tribals.. ഉച്ചയ്ക്കുശേഷം വീട്ടിലേയ്ക്ക്.. ഇനി തിങ്കൾ..

അത് Civil laws നെപ്പറ്റി ക്ലാസെടുക്കാൻ വന്ന Adv. ബിസ്മി ഗോപാലകൃഷ്ണനെ |ntroduce ചെയ്തതാണ്.. ഒരു project ചെയ്യണം എല്ലാവരും ഇതിനോടനുബന്ധിച്ച്.. The references of duties and rights in the upnishads ആണ് Topic.. അതിന്റെ ഒരുക്കങ്ങൾ.. തൃപ്തികരമെന്നൊന്നും പറയുക വയ്യ. വ്യാഴാഴ്ചയാണ്.. 29 ന് കഴിയും പുനർനവീകരണ പദ്ധതി.. എന്തൊക്കെയോ സാംശീകരിച്ചു, സ്വന്തമാക്കി എന്നൊക്കെ.. പുഴു പൂമ്പാറ്റയാകുന്നു.. പിന്നെ ചിറകിന് കുറച്ചു കൂടി കരുത്തും ആശയങ്ങളുടെ വിശാലമായ ആകാശവും.. വെറുതേ വെറുതേയങ്ങിനെ..

ഓർമ്മ

മലപ്പുറം ജില്ലയിലെ 32 എന്ന 
സ്റ്റോപ്പിൽ ബസ്സിറങ്ങുമ്പോഴേ കണ്ണിൽ നിറയുക പടർന്നു പന്തലിച്ചുവളരുന്ന ആൽമരമാണ്.
ചുറ്റും തറ കെട്ടി മാനിക്കപ്പെടുന്ന വൻമരം. റോഡരുകിൽ ഒരു പെട്ടിക്കട .. പച്ചയും മഞ്ഞയും ഓറഞ്ചും നിറത്തിലുള്ള നാരങ്ങ മിഠായിയും വെളുത്ത വിക്സ് മിഠായിയും നിറച്ച കുപ്പി ഭരണികൾ ഇപ്പോഴും മനസ്സിലുണ്ട്. അവിടെ നിന്നു മുന്നോട്ടു നടന്നാൽ തൃക്കലംങ്ങോട്ടു ഗവൺമെന്റ് എൽ പി സ്കൂളായി. പകുതി മറച്ച ക്ലാസ് മുറികൾ . ഒരു ബ്ലാക്ക് ബോർഡും മേശയും കസേരയും കുറച്ചു ബെഞ്ചുകളുമേയുള്ളൂ  മരസാമാനങ്ങൾ . ബെഞ്ചിൽ എന്റെയടുത്തിരുന്ന കുട്ടി അനിത പ്രധാനാദ്ധ്യാപകൻ കൊച്ചപ്പൻ മാഷിന്റെ മകളായിരുന്നു. നല്ല മുഖശ്രീയുള്ള കുട്ടി. അവളുടെ നിറവും ഇട തൂർന്ന തോളറ്റം വെട്ടിയിട്ട മുടിയും ഓർക്കുന്നു ഞാൻ. സ്കൂൾ കഴിഞ്ഞ് ടാർ റോഡിലൂടെ കുറേ മുന്നോട്ടു പോയിട്ട് ഇടത്തു വശം തിരിഞ്ഞ് ചരലു നിറഞ്ഞ വീതിയുള്ള വഴിയിൽക്കയറി കുറച്ചു പോയാൽ മരപ്പാലമുള്ള കൈത്തോട് . അതു കടന്നാൽ പാടമായി. വരമ്പിലൂടെ നടന്ന് പാടം മുറിച്ചു കടന്നാൽ ചെല്ലുന്നത് ഒരു കുന്നിന്റെ ചരിവിലേയ്ക്കാണ്. അവിടെ നിന്നു മുകളിലേയ്ക്കുള്ള കുണ്ടനിടവഴി കേറിയാൽ പൂത്ത ഇലഞ്ഞിമരം നില്ക്കുന്ന മുറ്റമുള്ള ചെറിയ ഓടിട്ട വീട് - മൂന്നും  നാലരയും  
വയസ്സുള്ള രണ്ടു കുട്ടികൾ
അയൽക്കാരുടെ സംരക്ഷണയിൽ അച്ഛനും അമ്മയും അടുത്തില്ലാതെ കഴിച്ചു കൂട്ടിയ ഒരു രാത്രിയുടെ ഓർമ്മ..

ഓർമ്മ

കണ്ണാടിയിൽ നോക്കുമ്പോൾ 
കണ്ണു കുഴിഞ്ഞ്
മുടി അതു പാട് ഇതു പാട് വളർന്ന്
ഭ്രാന്തിയെപ്പോലെ
സഹവേദാന്തി
നല്ല വേഷത്തിൽ
നല്ല ഭാവ ഭംഗിയിൽ
പതം പറയുന്നുണ്ടായിരുന്നു
മാർഗ്ഗ നിർദ്ദേശങ്ങളെപ്പറ്റികണ്ണ് ,കാത് ,നാവ്, ത്വക്ക് -
ചെന്നു തൊട്ടനുഭവിച്ച
ഇന്ദ്രിയ രസങ്ങളൊക്കെ
എന്നെ പങ്കിട്ടെടുത്തു
ഒന്നും എന്റേതായില്ല..
മനസ്സ് പങ്കെടുത്ത
അനുഭൂതികളൊക്കെ
എന്നെയും കൊണ്ട്
പറന്നു നടന്നു
എന്നെ എന്നിൽ നിന്ന്
വേർപെടുത്തി,
അന്യവത്ക്കരിച്ചു..
ഇനി ഇന്ദ്രിയങ്ങളുടെ
ദീപം തെളിയാത്തിടത്ത്
ചിരന്തന സൂര്യൻ
നിറന്നു കത്തിയേക്കാം..
നീലാഞ്ജനം പുരണ്ട
മിഴികൾ തെളിഞ്ഞേക്കാം..

വിത്ത് മുളയെടുക്കുന്നത്
കണ്ടിരുന്നില്ല
നനവു തട്ടി തളിർത്ത്
ഉടൽ പെരുക്കുന്നതും
പൂവിടുന്നതും
അറിഞ്ഞതേയില്ല
തലയുയർത്തി നില്ക്കുന്ന
പൂമരത്തിന്റെ
മോഹമഞ്ഞയിൽ
എപ്പോഴോ
ഒന്നു കണ്ണുതട്ടിയിരിക്കണം
ആ ഓർമ്മയിലാണ്
ഉള്ളുലഞ്ഞ്
ചിരിച്ച്‌ വഴി മുഴുവൻ
പൂവായ്ച്ചിതറി അവൾ
നിന്റെ വരവു
വിളിച്ചറിയിക്കുന്നത്..
പൂ കൊഴിഞ്ഞ്
ഇല കൊഴിഞ്ഞ്
ഉണക്കമരമാകുമ്പോഴും
നിന്റെ കാഴ്ചയിലേക്ക്
ഒരു പൂങ്കുലയെ
സ്വപ്നം പോലെ
ബാക്കി വയ്ക്കുന്നത് .. 
ജന്മാന്തരങ്ങളോളം
കണ്ടു കൺനിറയാൻ
ഒന്നിലേറെ വിത്തുകൾ
മണ്ണിൽ കരുതി വയ്ക്കുന്നത് ..


വീടിന് മേലാപ്പ് -
ശിരോലങ്കാരങ്ങൾ -
നെറ്റിച്ചുട്ടി ..
എന്നിട്ടും
പെൺ പൈതലിനെപ്പോലെ
കുറിക്കൂട്ടിനും
മുടിപ്പൂവിനും
മുഖത്തുതേപ്പിനും വേണ്ടി
പിന്നെയും
കൊഞ്ചുന്നു
വീടിന്റെ ഓർമ്മപ്പുസ്തകം
കണ്ണിറുകെയടച്ചു
കാണാതെയിരുന്നാലും
കടലിരമ്പം പോലെ
കേൾവിയും സ്പർശവും ..
പയ്യന്നൂരെ വീടുകൾ
കൊയിലാണ്ടിയിലെ
വീടുകൾ
പന്മനയിലെ വീടുകൾ
കാഞ്ഞിരമറ്റത്തെ
വീടുകൾ
തൃക്കലംങ്ങോട്ടെ
വീട്
മലനിരപ്പിലെ വീട്
തൊട്ടൂരെ വീട്
ഇപ്പോഴത്തെ
ഈ വാടക വീട് -
ഇത്രയേറെ
എഴാമിടങ്ങൾ
എന്നെ 
അപഹരിക്കുന്നതെന്തിനാണ് ?

എന്തിനാണ്
ഇത്രയേറെ 
അവധികൾ
എടുക്കുന്നതെന്ന്
ഉത്തരം 
പറയാനിടയുള്ളവരോട്
ചോദിച്ചറിയണമെന്ന്
പല തവണ ഓർത്തു -
പറ്റിയില്ല -
തിരക്ക് , മഴ -
എന്താവാം..


ചിരി എന്തിനോടാണ്?
തന്നോടു മാത്രം -
തന്റെ രൂപത്തോട്,
പ്രതിരൂപത്തോട്,
മദിപ്പിക്കുന്നതും
മോഹിപ്പിയ്ക്കുന്നതുമെല്ലാം
സ്വരൂപം, ശബ്ദം
ഗന്ധം, സ്പർശം -
അപര ജീവനെ
കെടുത്തരുതേ
എന്നു കൂപ്പുമ്പോഴൊക്കെ
ചിത്ത സഞ്ചാരിയെ
തടവിലിട്ട്
ചിരിപൊടിയാതെ
കരച്ചിൽ പെരുക്കാതെ
കാഴ്ചയോ കേൾവിയോ
സ്പർശമോ
ചോരാതെ
കാരിരുമ്പുപോലെ
നിന്നവനോട്
കൂടും പിണികളെ
കണ്ണാലൊഴിക്കാൻ
യാചന , പ്രാർത്ഥന -


നിനക്കു പുറത്തുള്ളതെല്ലാം
നിന്റെ ആവിഷ്ക്കാരങ്ങൾ 
എവിടേയും നിന്റെ
രൂപത്തിന്റെ 
പ്രതിബിംബങ്ങൾ
ശബ്ദത്തിന്റെ 
പ്രതിഫലനങ്ങൾ
സ്പർശത്തിന്റെ 
പ്രതികരണങ്ങൾ
മണ്ണും മരവും പച്ചപ്പും
നിന്റെ ഗന്ധവാഹകർ
ആകാശം നിന്റെ
അനുസ്മാരകം
മഹീതലവും
മഹീധരവും
നിന്റെ മഹിമാവ്
എന്നിട്ടും
എങ്ങിനെയാണ്
കാഴ്ച .
തന്നിലേക്കു മാത്രം
പരിമിതപ്പെടുന്നത്?



വീണ്ടും പഴയ മട്ടിലെഴുതുന്നു
സ്വയം കൊന്നു തിന്നുന്നതിലും
നല്ലതല്ലേ -
വായിക്കാനിടയില്ലാത്തവർക്കു
വേണ്ടി
ഇല്ലാത്തതിനെപ്പറ്റി
എഴുതുക.

പെരുതായ ആഹ്ളാദത്തോടെ
മണികർണ്ണികയിലെ
പാലുകാച്ചലിനെപ്പറ്റി
ശോഭ ടീച്ചറോടു പറഞ്ഞു.
ടീച്ചർക്ക് വീഡിയോ ഷെയർ ചെയ്തു.
സരിക അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
എനിക്കത് മുദ്രിതയിലെ
ഒരു കൂട്ടം സ്ത്രീകളുടെ
യാത്ര പോലെയായിരുന്നു.
ഒഴിവാക്കാനാവാത്തത് -
ഞങ്ങളഞ്ചു സ്ത്രീകളും
രണ്ടു പെൺമക്കളും കൂടി
ആ യാത്ര നന്നായി ആഘോഷിച്ചു.
അനുവാദം കിട്ടിയിരുന്നില്ല.
അപ്രസക്തം ,ഉപേക്ഷണീയം -
എന്ന പക്ഷം ശരിതന്നെയായിരുന്നു.
എന്നിട്ടും എന്റെ ശരി
അതായില്ല. വീടിനെപ്പറ്റി
നിരന്തര ചിന്തകൾ,
എഴുത്ത് - കണ്ടുപിടിക്കപ്പെടുകയും
യുദ്ധങ്ങൾ പൊരുതിത്തുടരുകയുമായിരുന്നു.
എന്നിട്ട് -

 എന്നിട്ട്
ദേഹം കെട്ടുകുറ്റിയിൽത്തന്നെ
വട്ടം ചുറ്റുമ്പോഴും
തീച്ചാമുണ്ഡികളുടെ
നാക്കിലകൾ വാങ്ങി വച്ച്
ദേഹി മേലേരിയിലേക്ക്
ആഞ്ഞാഞ്ഞു വീഴുന്നു
ആയിരം പിണികൾ 
ചേർത്ത് പ്രാണനെപ്പടുത്ത
കർമ്മകാരനാണ്
തീയിൽ വെന്തു
നീറുമ്പോൾ ചായാൻ
പച്ചില മെടയുന്നത് -


ഞാൻ നട്ട മമതയുടെ
വിത്തുകൾ
ആൽമരം പോലെ
ശതശാഖികൾ നീട്ടി
ആകാശത്തിൽ വേരൂന്നി
എന്റെ ജീവനെ
ത്രസിപ്പിക്കുമെന്ന്
 നിനച്ചിരുന്നു
അത് ഒന്നു പോലും
മുളച്ചില്ല
അത്രയേറെ ആഴത്തിൽ
അത്രയേറെ ആഴത്തിൽ
ഹൃദയത്തിലാണതു
 കുഴിവെട്ടി മൂടിയത് -



ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
എങ്ങിനെയൊക്കെയാണതു
പ്രതിധ്വനിക്കുകയെന്നു
 പറയുക വയ്യ.
വാതിൽ ചേർത്തടച്ചിട്ടും
കാതുമാത്രമല്ല
ഉടൽ മുഴുവൻ 
അതിന്റെ സ്വീകരണി
ഞാനെന്റെ
മമതാ ശരീരത്തെ
പാതാളത്തിലേയ്ക്ക്
ചവിട്ടിത്താഴ്ത്താൻ
ആഗ്രഹിച്ചു..




ഒരു മൺതരി പോലെ
ചുരുങ്ങിപ്പൊടിഞ്ഞ്
രക്ഷരക്ഷയെന്നു
കൈ കൂപ്പുന്നുണ്ടായിരുന്നു
സ്മൃതികളിലുഴറുന്ന
ജീവൻ -


അരങ്ങേറുന്നതും
ആടിത്തിമർക്കുന്നതും
ഒരേ വേഷം ഒരേ ഭാവം 
ഒരേ രസം : നിസ്സംഗത.
ഉണങ്ങാത്ത
മുറിവുകളോടും
ഉറഞ്ഞ
കണ്ണീരിനോടും
പൊരുതിത്തോറ്റ്
ഒരു
നീതിവാക്യത്തിനും
പഴുതില്ലാതെ
പ്രജ്ഞ മൂർച്ഛിക്കുന്നു..



ഇന്ന് വൈകുന്നേരം ലൈജുവിന്റെ കാറിലാണ് കിഴക്കേക്കോട്ട വരെ വന്നത്.
പിന്നെ പിറവം കൂത്താട്ടുകുളം കെ എസ് ആർ ടിസിയിൽ തോട്ടപ്പടി ഇറങ്ങുമ്പോൾ തൊട്ടുപിന്നിൽ സെന്റ് ജോർജ് എന്ന പിറവം ബസ്. തിരുമറയൂർ കൂടിപ്പോകുന്നതായതുകൊണ്ട് അതിൽക്കയറി. തിരുമറയൂരിറങ്ങി 
ഓട്ടോയ്ക്ക് ചെറുകര വഴി വീട്ടിലേക്ക് -
ഇപ്പോഴത്തെ വാടകവീട്ടിലേക്കു വന്നതിൽപ്പിന്നെ
ഈ വഴി വല്ലപ്പോഴുമേ സഞ്ചരിച്ചിട്ടുള്ളൂ. പുഴയോടൊപ്പം സഞ്ചരിക്കുന്ന വഴിയാണത്. മഴ മാറിയ വൈകുന്നേരമായിരുന്നു
പുഴയുടെ ഭാവതരളത എന്ന തോന്നൽ തന്നെ വല്ലാതെ സ്വസ്ഥത കെടുത്തി..
എത്ര സൗഹൃദം സൂക്ഷിച്ചതാണീപ്പുഴയോട്. അമ്മ കുട്ടികളെ നിലത്തെഴുത്തു പഠിപ്പിച്ചിരുന്ന
ആശാൻ കളരി ഈ പുഴയോടു ചേർന്ന ഒരു വീട്ടിലായിരുന്നു. പെട്ടെന്ന് മരങ്ങൾക്കിടയിലൂടെ കണ്ട പുഴയുടെ നേരിയ
മുഖഛായ നിരാലംബത കൊണ്ടുവന്നു.
ഒറ്റപ്പെടൽ ,ഏകാന്തത,
ആർക്കും മനസ്സിലാവായ്ക.
അളവില്ലാതെ
വേദന നിറഞ്ഞു നിറഞ്ഞു വന്നു.
സകല മനുഷ്യരും ഇത്തരമൊരു
നിരർത്ഥകത പേറുന്നുണ്ടെന്നൊരു സമവാക്യം രൂപപ്പെടുത്തിയിട്ടും ശാന്തിയില്ലാതെ ...
ഇനിയിവളെന്നാണോ 
നിലവിളിച്ചു കൊണ്ട്
പിന്നാലെ പാഞ്ഞു വരുക
ചരിത്ര കാരിയെപ്പോലെ
ജ്യോതിർ വിജ്ഞാനി
അവഗണനയെച്ചൊല്ലിയാണ്
കണ്ണു നിറച്ചത് -
ചന്ദ്രകലിക ഇപ്പോഴും 
മുടിക്കെട്ടിലുണ്ടെന്നു
തീർച്ച ...
ധുർജ്ജടി 
ഒന്നിനുമല്ലെന്നു ഭാവിച്ച്
ഓരത്തു നിന്ന മൂവിലച്ചെടിയെ
അഹന്തയുടെ ആയിരം ഞരമ്പുകൾ തെളിയുന്ന കൈ നീട്ടി
വേരോടെ പിഴുതെറിഞ്ഞത്
എന്നേ കരിഞ്ഞുണങ്ങി
മണ്ണോടു ചേർന്നുവല്ലോ.
എന്നിട്ടും ഒഴുകിയെത്തുന്ന
നിശബ്ദതയുടെ
കണ്ണുനീർ നിന്റെ പാദങ്ങളെ
നനയ്ക്കുന്നു
അതു നിന്റെ മനസ്സിനെയും
സാമ്രാജ്യത്തേയും
ഇളക്കുക തന്നെ ചെയ്യും ..

ഓർമ്മ

എഴുതാതിരിയ്ക്കുമ്പോൾ 
ഞാനും നിന്നേപ്പോലെ
നിർവ്വികാരം, നിർമ്മമം
നിഷ്പ്രഭം
കല്ലും മരവും പോലും
അങ്ങിനെയല്ല

എഴുതുമ്പോഴാണ് 
എല്ലായ്പ്പോഴും 
നുണയാനൊരു 
പാൽമഞ്ഞുമധുരം 
ഹൃദയത്തിൽ
നിറയുന്നത്
ഗുരുകാരുണ്യത്തിന്റെ
മരുമരീചികയ്ക്കു പിന്നാലെ
ഓടിത്തളരുന്നത്
ആണ്ടു മുങ്ങുന്നത്
കോരിക്കുടിക്കുന്നത് ...

എന്റെ സങ്കല്പനങ്ങളുടെ
തമ്പുരാനേ
നീ ജപിച്ച്‌ നിലത്തെറിഞ്ഞ
ദുർമ്മന്ത്രങ്ങളുടെ
ജടയിൽ നിന്നു
പിറന്നവൾ ഇപ്പോഴും
നാടുവാഴുന്നു

കൂടുവിട്ടു കൂടുമാറുന്ന
വിദ്യ കൈവശമായിരുന്നെങ്കിൽ
ആര്യ മഹിമാവിനു പകരം
ആനാര്യ ജീവനെ പറത്തിവിടാമായിരുന്നു
അപ്പോൾ
എന്താവും നിന്റെ
അനുസ്മൃതി -
 


ചിത്രങ്ങൾ
ശാസ്ത്ര സദസ്സ് 2014 ഡിസംബർ




 
 

 



കണ്ണടച്ചിരിയ്ക്കുമ്പോൾ ലോകം മുഴുവൻ വിളറി മുഷിഞ്ഞ് ...
വയ്യ
ചിപ്പിയ്ക്കുള്ളിൽ 
മൺതരി പോലെ
എന്തോ ഒന്ന്
ഉള്ളിൽക്കിടന്ന് 
സദാ കരുകരുക്കുന്നു.. 
 തലതിരിയുന്നു
ചുറ്റുപാടും നിറം പൊഴിഞ്ഞ
ചിത്രം പോലെ അവ്യക്തം
ചോദ്യങ്ങളൊന്നും
ശബ്ദരൂപമാർജ്ജിയ്ക്കുന്നില്ല
ഒന്നും പറഞ്ഞു
പ്രതിഫലിപ്പിയ്ക്കാനാവുന്നില്ല
 ഒരു ഉദാത്ത ഭാവം കൊണ്ട്
പൂർണ്ണമാക്കാവുന്ന
നിയോഗങ്ങളെപ്പറ്റി
ഞാനിനിപ്പറയില്ല
 ഒന്നുമുണ്ടായിരുന്നില്ല
കുടം കമഴ്ത്തി വച്ച് 
വെള്ളമൊഴിയ്ക്കുകയായിരുന്നു
സത്യസ്വരൂപ ഹൃദയ പ്രതിബദ്ധമായിട്ടും
എന്തുകൊണ്ടിങ്ങനെ
എന്ന സന്ദേഹം മാത്രം.



നീയൊരു കല്ലായിരുന്നു
ഏകാഗ്രത കൊണ്ട്
ഉപാസന കൊണ്ട്
ഭാവന കൊണ്ട്
ധ്യാനം കൊണ്ട്
മുപ്പത്തിമുക്കോടി
ദേവ ചൈതന്യം
നിന്നിലാവഹിച്ചു ഞാൻ
എനിക്കു മാത്രം
സംവേദ്യമാകുന്ന
നിജാത്‌മ ഭാവത്തിൽ
ലയിച്ചു ഞാൻ
 ഇനി എങ്ങിനെയാണ്
പ്രകൃതി പ്രത്യയത്തിൽ
നിന്നു വേർപെടുക
ഇനിയുമെങ്ങിനെയാണ്
സ്വപ്രകാശമാർന്ന ജീവൻ
 ഇരുൾ ഗുഹകളിൽ
സ്വയമൊളിയ്ക്കുക
 സമസ്യകളും 
സങ്കീർണ്ണതകളും
നിഗൂഢതയും
നിശ്ശബ്ദതയും
അഗാധ ഭാവ നൈർമ്മല്യവും
പ്രകൃതിയാണല്ലോ.



ശാരദ ടീച്ചറിന്റെ വീട്ടിൽ മുമ്പു സഹായത്തിനൊരു പെൺകുട്ടി നിന്നിരുന്നു. ടീച്ചർക്കു വളരെ പ്രിയമുള്ളവൾ. അവളുടെ പ്രശ്നനിർഭരമായ വിവാഹബന്ധം വേർപെടുത്താനും പുതിയൊരു ബന്ധം കണ്ടെത്താനുമൊക്കെ സഹായിച്ചിരുന്നു ടീച്ചർ. മാതൃസ്ഥാനത്തു നിന്ന് അത്ര ആഹ്ളാദത്തോടെയാണ് അവൾക്കൊരു പെൺകുട്ടിയുണ്ടായ വിവരം രാത്രി വൈകി എന്നെ വിളിച്ചു പറഞ്ഞത്. അന്ന് ഞാനൊരു സ്വപ്നം കണ്ടു. എനിക്കൊരു മകൻ പിറന്നുവെന്ന്.പിറ്റേന്നാണ് ആ മേശ റീ അറേഞ്ച് ചെയ്തത്. നാക് വിസിറ്റി നോടടുത്താണത്. അതിവാത്സല്യം തോന്നുന്ന , പ്രസന്ന ഭാവത്തിൽ നിറ സൗഹാർദ്ദത്തോടെ എങ്ങിനെയുണ്ട് ലതാമ്മേ ഈ അറേഞ്ച്മെന്റ് എന്ന് അന്തരീക്ഷത്തിൽ ഉയർന്ന ഒരു ചോദ്യം, ഞെട്ടൽ.ആ സ്വപ്ന സ്മരണ,അന്നേ ദിവസം ഒരൊറ്റത്തവണ മാത്രം പ്രയോഗിക്കപ്പെട്ട ആ മാനക വചനം. അനുഭവങ്ങൾ എത്ര പ്രിയതരമായ് സമന്വയിക്കപ്പെടുന്നു !


വീപ്പിംഗ് ഫിലോസഫർ , അമ്മയുണ്ടെങ്കിലും വീടിന് ജീവനില്ല -  എന്നൊക്കെ വ്യവഛേദിയ്ക്കപ്പെട്ട ഒരു വേനൽക്കാലമുണ്ട് - സദാ നിറയുന്ന രണ്ടു കണ്ണുകൾ മാത്രമായി രൂപാന്തരപ്പെട്ട കാലം - അവൾ എപ്പോഴും വിളിപ്പുറത്തുണ്ടായിരുന്നു , സാരമില്ലെന്നു പറയാൻ. അവളുടെ വാക്കു കൊണ്ടാണന്നു ജീവൻ നിലനിന്നത്. അതിനിടെ രണ്ടു ദിവസത്തേയ്ക്കവൾ കണ്ണൂരു പോയി വന്നു. പറയാതെയാണു പോയത് , ഇവിടെ നിന്നെന്ന പോലെ എന്നോടു സംസാരിച്ചു കൊണ്ട് - ആ ദിവസങ്ങളിൽ അവളിവിടെ ഇല്ലെന്നു പറഞ്ഞാൽ ഞാനെത്ര നോവുമെന്നോർത്ത് .. ആ ഒരു കരുതൽ മാത്രം മതി അവളെയറിയാൻ -  
  തിരിച്ചു വന്നപ്പോൾ അവളുടെ തൊടിയിൽ നിന്നു
പെറുക്കിക്കൊണ്ടുവന്ന അപ്പൂപ്പൻതാടികൾ
കിങ്ങിണിയ്ക്കും
എനിക്കും ഒരു പോലെ പകുത്തു. ഞാൻ സ്നേഹത്തിന്റെ മുഷിയാത്ത,
കരി പിടിയ്ക്കാത്ത മുഖങ്ങൾ കണ്ടിട്ടുണ്ട്   ...

ഓർമ്മ

എനിക്ക് പുരുഷ ബന്ധങ്ങളേയുള്ളൂ. അച്ഛൻ , അനിയൻ, അപ്പു, അച്ചു, സന്തോഷ് , അമ്മ .. എല്ലാവരും പുരുഷന്മാർ .അധികാരികൾ, ആജ്ഞാശീലർ, അസഹിഷ്ണുക്കൾ, അവഗണിയ്ക്കാനും അവമതിയ്ക്കാനും മടിക്കാത്തോർ -
ലോകം മുഴുവൻ പരപുരുഷസ്വരൂപത്തിലേയ്ക്ക് കളം മാറി നില്ക്കുന്നു. ഇപ്പുറത്ത് ഞാൻ തനിയെ. സ്കൂൾ , പ്രീഡിഗ്രി ക്കാലത്തെ ഒരാൺ കൂട്ട് , ആരും കൂട്ടില്ലായിരുന്നതു കൊണ്ട് ഓർമ്മിയ്ക്കാനില്ല. ഡിഗ്രി ക്ലാസിലെ അഞ്ച് പേരിൽ അവസാനം ശേഷിച്ച മൂന്നുപേരിൽ രണ്ടാൺകുട്ടികളുണ്ടായിരുന്നു. അവരിലൊരാളെപ്പിന്നെക്കണ്ടത് 2014 ലെ പൂർവ്വ വിദ്യാർത്ഥി സംഗമത്തിൽ. പഴയ കാലത്തിന്റെ ഓർമ്മയിൽ സ്നേഹം ഇപ്പോഴുമുണ്ടെങ്കിലും സൗഹൃദം ഉണ്ടാവുന്നില്ല. പിജിയ്ക്ക് 5 പെൺകുട്ടികൾ, റിസർച്ച് ബാച്ചിൽ ആൺകുട്ടികളില്ല. ആൺ ബന്ധങ്ങളുടെ കണക്കു നോക്കുകയായിരുന്നു ഞാൻ . കല്യാണച്ചിത്രത്തിൽ എന്റെ സൗഹൃദത്തിൽപ്പെട്ട ഒരു പുരുഷ മുഖവുമില്ല. വിളിക്കാൻ മാത്രം അടുപ്പമുള്ള ആൺ സൗഹൃദങ്ങൾ ഉണ്ടായിരുന്നില്ല. എന്നിട്ടും പുരുഷാഭി രതിയെന്ന് രേഖീയം .. ധാർഷ്ട്യവും ഗർവ്വും അഹന്തയുമല്ലാതെ ഭൂമിയെ മുഴുവൻ പൊതിഞ്ഞു പിടിച്ചാലും പിന്നെയും ബാക്കിയാവുന്ന അവന്റെ അനന്ത മഹിമാവ് ഞാൻ കണ്ടതേയില്ല. ഞാൻ തിരയുന്ന പരമസത്ത ഒരു പുരുഷ ശരീരത്തിൽ പരിമിതപ്പെടുന്നതല്ല.
പെട്ടെന്നെനിയ്ക്കു തോന്നുന്നു - എനിയ്ക്കീ ലോകം പരപുരുഷലോകമാണ് - 
എനിക്കൊരു പരമ പുരുഷലോകമാണ് വേണ്ടത്. 

01/05/ 2021

തുടക്കവും ഒടുക്കവും ഇല്ല , തുടർച്ചകളല്ലേയുള്ളൂ - പ്രിയാ പ്രിയങ്ങളായ് , നിസ്സംഗതയായ് , നിർമ്മമതയായ് - അനുഭവങ്ങൾക്ക് - അതു തന്നെയല്ലേ ജീവിതത്തിന്റേയും നിർവ്വചനം ?

എഴുത്തിന്റെ മുഖഭേദങ്ങൾ
26/ 05 / 2021 : 12: 50 PM (ബുധൻ)

പ്രിയം തരൂ എന്നു
മൊഴിഞ്ഞവൾക്കൊഴികെ
എല്ലാവർക്കും പ്രിയം വാരിവിതറി,
മൊഴിയുകയെന്നു കാതോർത്തവൾക്കു മുന്നിൽ മാത്രം
മൊഴിയടക്കം ഭാവിച്ച്,
ശബ്ദ പാതത്തിൽ മഴ നനഞ്ഞവളെ
മുഖപ്രസാദത്തിൽ
സുഖമയ ലോകങ്ങളിലലിഞ്ഞവളെ
വഴിതടഞ്ഞ് , നാവു പിഴുത്
ശ്വാസം മുട്ടിപ്പിടഞ്ഞുമരിയ്ക്കാൻ
വിധിച്ചതാണു ഞാൻ ...
എന്നിട്ടും വഴിത്തിരിവുകളിൽ
പൂച്ചിരികളായ്
വിരസാകാശങ്ങളിൽ 
ഇടിമുഴക്കമായ്
മോഹമേലങ്കികളെല്ലാം
വലിച്ചെറിഞ്ഞ്
അഭേദബോധത്തിലവളെന്നെയും
മറികടന്നുപോകുന്നു ....

അനുഭവം 

സർക്കാർ എൽ പി സ്കൂൾ 
മേവെള്ളൂർ ആണ് ഇന്ന് ഓർമ്മകളുടെ സഞ്ചയികയിൽ.. അവിടെയാണു ഞാൻ മലപ്പുറത്തു നിന്നു വന്ന് പഠനം തുടർന്നത്. അവിടെത്തന്നെയുള്ള താഴത്തെ സ്കൂളിലാണ് ഹൈസ്കൂൾ പഠനം.  രണ്ടു ദിവസം മുമ്പ് 86 ബാച്ചിന്റെ ഒരു കൂട്ടായ്മ May 25 നു രൂപീകരിച്ചതിൽ 
ചേർത്തോട്ടെയെന്നു ചോദിച്ച്  ഒരു മെസ്സേജ് . എനിക്കാരേയും ഓർമ്മയില്ല. പലരും എന്നെ ഓർമ്മിക്കുന്നു എന്ന വിസ്മയം. മൂലയ്ക്കൽ മുനിഞ്ഞിരുന്ന മിണ്ടാക്കുട്ടി. ദിവാസ്വപ്നങ്ങൾ കാണുന്ന രൂപഭംഗിയോ
ആത്മവിശ്വാസമോ ഒന്നുമില്ലാത്ത
ഒരു സങ്കടക്കാരി - എന്തൊക്കെയോ പഠിച്ച്‌ കുറച്ചു മാർക്കു വാങ്ങിയിരുന്നു എന്ന ഒറ്റ ഗുണം   കൊണ്ട് ഓർമ്മിക്കപ്പെടുന്നു. ഗ്രൂപ്പിൽ എല്ലാവരും സ്കൂൾ ക്ലാസിലെന്നപോലെ കലപില കൂട്ടുന്നു. ഭൂതകാലത്തിന്റെ മധുരത്തിലേക്ക് ഞാനും അലിഞ്ഞു. ഈ വിസ്മയത്തിന് മഞ്ഞുതുള്ളിയിൽ പ്രതിഫലിക്കുന്ന പ്രപഞ്ചത്തിന്റെ ചാരുത.

അനുഭവം

മഴ പെയ്തു തോർന്നിട്ടും മരം പെയ്യുന്നു. ഈ രാത്രി മുഴുവൻ ഉണർന്നിരുന്ന് എഴുതാനാവുമെനിക്ക്.
എല്ലാ സങ്കല്പനങ്ങൾക്കും
അപ്പുറം സങ്കീർണ്ണമാണീ
സംരചന. ആ മഹാസംയോജകന്റെ മഹിതോദാരത കണ്ണ് നേരിട്ടു കാണുന്നു. എന്നിട്ടും കളങ്കപ്പെടട്ടെ എന്ന്
കണ്ണീര് വടിച്ചെറിഞ്ഞു ശപിച്ച്
രജോവിരലുകൾ നീട്ടി
 തൊട്ടുമുടിച്ചു ഞാൻ . തിരിച്ചറിഞ്ഞ പോലെ കാഴ്ച മാഞ്ഞു , എന്നിലെ രജസ്സും. നരവംശത്തിന്റെ മുഴുവൻ
അഹന്തയും പൊള്ളിച്ചുടുന്ന
ലൗകിക സങ്കടങ്ങളിൽ കത്തിയമരുന്നു. യാചന , പ്രാർത്ഥന.
മോക്ഷത്തിന്റെ
ഒരു പിടി അന്നം
കൊണ്ട് എന്നെ ഊട്ടൂ .., വസ്ത്രാഞ്ചലം കൊണ്ട് നീരിറ്റിച്ച്
ഇനി തിരിച്ചു വരാത്തവണ്ണം
എന്നെ പടി കടത്തണേ -


ഓണദിനക്കുറിപ്പുകൾ

പൂരാടമാണ്
ഓണക്കോടി
ഇന്നെടുത്തേ പറ്റൂ
രണ്ടമ്മമാരും
രണ്ടു കുട്ടികളുമേ
ലിസ്റ്റിലുള്ളൂ.
പക്ഷേ തിരക്കുകൂട്ടണം
അല്ലെങ്കിലത്
ഇന്നും നടക്കില്ല
പോയി. വാങ്ങി. 
ചെറിയ കട .
വലിയ തിരക്കില്ല
അച്ചൂന് മാഞ്ചസ്റ്ററിന്റെ
തൊപ്പിയും മാസ്ക്കും
വാങ്ങിയതിലായിരുന്നു
കൂടുതൽ സന്തോഷം.
കുട്ടിക്കാലത്തെ
ഓണത്തിന്റെ കയ്പ്
തൊണ്ടയിൽ നിറഞ്ഞു.
ഉത്രാടത്തിൻ നാൾ സന്ധ്യ വരെ
കാത്തുനിന്ന് ഓണക്കോടി
തയ്ച്ചു വാങ്ങി പാലം കടന്ന്
റയിൽ വഴിയിലൂടെ ഓടിയും 
നടന്നും തളർന്ന് കിതച്ചു കൊണ്ട് മലകയറി
വീടെത്തിയത് - ആ ദിനങ്ങളിൽ
എന്നോ ആണ്
എനിയ്ക്ക് ചിറകു മുളച്ചത് -
ഞാനൊരു പറക്കുന്ന കുതിരയായത് .... 
പച്ചക്കറി ഹരിതക്കാർ
കൊണ്ടു വന്നു.
പച്ചക്കായ ഇല്ല.
കൂട്ടുകറി വേണ്ടെന്നു
വയ്ക്കാം. പക്ഷേ
രണ്ടുമൂന്നു കായ വറക്കണ്ടേ -
പരിപ്പുവട ഉണ്ടാക്കണമെന്നുണ്ട്.
അമ്മ തുടങ്ങിയ പതിവാണ്. തുടരുന്നത്ര പോട്ടെ.
ചെറുകറികൾ ഇഞ്ചിയും
ഉള്ളിയും പച്ചമുളകും വേണം.
വലിയ നാരങ്ങയുടെ സുഗന്ധവും
അച്ചാറും പാത്രത്തിലായ്ക്കഴിഞ്ഞു.
നാളെ കാളൻ കൂടി ഉണ്ടാക്കി വയ്ക്കണം. അപ്പോൾ തിരുവോണ ജോലികളിൽ ഒന്നു കുറയും.
പായസം പരിപ്പു തന്നെ. പച്ചക്കായ സംഘടിപ്പിക്കണമല്ലോ..
അതിനാവട്ടെ ഉത്രാടപ്പാച്ചിൽ .
വീട് വൃത്തിയാക്കൽ ഇനിയും ബാക്കി. എല്ലാറ്റിന്റേയും അർത്ഥമില്ലായ്മ ഇടയ്ക്കിടക്ക്
ഓർമ്മ വരും. മടുപ്പും ക്ഷീണവും കൂടെ വരും. എന്നാലും കലംപട്ടയും 
കൊങ്ങിണിയും അരിപ്പൂവും കൃഷ്ണ മുടിയും തേടി കാടും മേടും കയറിയിറങ്ങിയ കുട്ടിക്കാലം
എനിക്കും പറയാനുണ്ടല്ലോ - 
കായുപ്പേരിയും ശക്കരവരട്ടിയും ചീടയും നറും രുചിയും മണവുമായ് ഓർമ്മ പുറത്തു വന്നു നില്ക്കുന്നുണ്ടല്ലോ. കുട്ടികൾ എന്തെങ്കിലും ഒന്നറിയട്ടെ. നാളെ വഴിക്കണ്ണുമായ് കാത്തിരിക്കുമ്പോൾ
ഓണത്തിനെങ്കിലും വന്നു പോവാൻ
വേണ്ടിയാണിപ്പോഴത്തെ
ഈ കാട്ടിക്കൂട്ടലുകളൊക്കെ .


ഉവ്വ്, ഞാനതൊക്കെ
പുന:സൃഷ്ടിക്കാനാഗ്രഹിച്ചു.
ഏതാണ്ട് സങ്കല്പം പോലെയൊക്കെ
ചമച്ചു. വീടു വൃത്തിയാക്കൽ,
ചെറു കറികളുടെ നിർമ്മാണം,
വറവ് ഒക്കെ അംഗങ്ങളുടെ
തുണയോടെയും അല്ലാതെയും.
രാത്രിയിൽ കടുത്ത തലവേദന.
ഒരുപാടു വൈകി ഉറങ്ങാൻ . അസ്വാസ്ഥ്യവും അനിഷ്ടവും.
എത്ര ആഗ്രഹിച്ചിട്ടും
ഓണത്തിന്റെ ആഹ്ളാദത്തെ
കൈ നീട്ടിത്തൊടാൻ കഴിഞ്ഞില്ല.
ഓണക്കാലത്ത്
 തുമ്പക്കുടവും മുക്കുറ്റിയും അരിമാവവണിഞ്ഞ മാതേവരും നിരന്നിരുന്ന സ്വന്തംവീട്ടിലേക്കു പോകേണ്ടെന്നതാവാം കാരണം.
വീടു നഷ്ടപ്പെടുമ്പോൾ ,
പ്രിയതകൾ ഇല്ലാതാവുമ്പോൾ ,
സ്നിഗ്ദമായ ഓർമ്മകളിൽ നിന്ന്
മുഖം തിരിക്കുമ്പോൾ
ഓണം പടിക്കൽ വന്നു നോക്കിയിട്ട്
കയറാതെ തിരിച്ചു പോകുന്നു.


 ഓണം വിഷു പോലെയുള്ള
കാലമാപകങ്ങളുടെ പ്രയോഗം ഇവിടെ ഫലിയ്ക്കപ്പെടാതെയായിരിക്കുന്നു.
ബന്ധവൃക്ഷങ്ങൾ തളിർക്കുന്നില്ല.
സൗഹൃദത്തിന്റെ വേരുകൾ
ആഴ്ന്നിറങ്ങുന്നുമില്ല.
അകത്തുള്ള അബദ്ധ ജടിലമായ
ലോകത്തെ പുറത്തു ഞാൻ
വിന്യസിക്കുന്നതാണു
നീ കാണുന്നത്.
അതൊരു മായക്കാഴ്ചയെന്നു
നിനക്കു ബോദ്ധ്യമുള്ളതു കൊണ്ടാണ്
ഞാൻ ഉള്ളതു പോലെ
ഇല്ലാതാകുന്നത്.


കുറച്ചു കാലം മുമ്പാണ് -
ഒരു കവിതാ മത്സരം
നടക്കുന്നു.. 
ക്രിസ്തു കാനായിലെ
വെള്ളം വീഞ്ഞാക്കിയതാണ്
കവിതയ്ക്കു വിഷയം. കൗമാരക്കാരനായ
ലോർഡ് ബൈറണുമുണ്ട്
മത്സരത്തിൽ പങ്കെടുക്കാൻ ...
എഴുതാനൊന്നും
തോന്നാതെ 
വിഷണ്ണനായിരിക്കുന്നു
പില്ക്കാല ഭാവ ഗായകൻ -
നിരീക്ഷകൻ
രചനകൾ 
വാങ്ങാനെത്തുന്നതിനിടെ
ബൈറൻ തിരക്കിട്ടു കുറിച്ചു കൊടുത്തു.. 

'Water met her master and blushed'...

'വെള്ളം തന്റെ നാഥനെക്കണ്ടപ്പോൾ
ആകെ ചുവന്നു തുടുത്തു പോയി '...

 വെള്ളം വീഞ്ഞായ് മാറിയതെങ്ങിനെയെന്ന്
ഇതിലും ഭംഗിയായ്
പറയാനാവില്ല. ഈ
കഥ പല തവണ കേട്ടിട്ടുണ്ടാവും. ഇതനുഭവിച്ചിട്ടുണ്ടോ 
എപ്പോഴെങ്കിലും ? 
സ്വയം പൂത്തു തളിർക്കുന്നത്
മറ്റൊന്നായ് പരിണമിക്കുന്നത് -
 അതുകൊണ്ടാണ്
അതുകൊണ്ടാണ് -
ഞാനീ കാരമുൾക്കാട്ടിലേയ്ക്ക്
വീണ്ടും വീണ്ടും എടുത്തു ചാടുന്നത്.

5/9/2021: 9 - 24 PM

Aug : 27: 2021  :  വെള്ളി


          ചെറിയ പൂച്ച രണ്ടുദിവസംഒരു സൺ ഷെയ്ഡിലിരുന്ന് ഇടതടവില്ലാതെ കരഞ്ഞു കൊണ്ടിരുന്നു. രണ്ടാമത്തെ ദിവസം അതിനെ കുറേപ്പണിപ്പെട്ട് താഴെ എത്തിച്ചു. ഒരു കാർഡ് ബോർഡ് പെട്ടിയിൽ പഴയ
പുതപ്പൊക്കെയിട്ട് ചെറിയ അടുക്കളയുടെ ഒരൊഴിഞ്ഞ കോണിൽ കിടത്തി.നടപ്പുറച്ചിട്ടില്ല. കണ്ണ് തുറന്നിട്ടേയുള്ളൂ. പിൻ കാലിലെന്തോ ചെറിയ പരിക്കും. തള്ളപ്പൂച്ചയെ കാണാനുമില്ല. ഒന്നും തിന്നാനൊന്നും അറിയില്ല. വളരെക്കുറച്ചു പാൽ മാത്രം കുടിയ്ക്കും. ഈ ലോകത്തിലെ മുഴുവൻ നിഷ്ക്കളങ്കതയുമുണ്ട് അതിന്റെ ചെറിയ കണ്ണുകളിൽ. ചലനങ്ങളെല്ലാം കൗതുകകരം. ഒരു കൊച്ചുകുഞ്ഞുറങ്ങുന്നതുപോലെയാണുറക്കം. വിഷാദാർദ്രമായ ഒരു സിംഫണി പോലെ കരയുന്നതു കൊണ്ട് അച്ചു അതിന് 
ബിഥോവൻ
എന്നു പേരിട്ടു. ബിഥ് എന്ന് വിളിച്ചു. ആരും അതിനോട് പ്രത്യേക
ഇഷ്ടമൊന്നും കാണിക്കുന്നില്ലെങ്കിലും എല്ലാവരിലും എല്ലായ്പ്പോഴും ഒരു കരുതലുണ്ട്. ചെറിയ പൂച്ചക്കുഞ്ഞുങ്ങൾ ഉണ്ടാക്കാനിടയുള്ള അലോസരങ്ങളെല്ലാമുണ്ട്. എങ്കിലും മാറ്റമില്ലാത്ത ജീവിതവ്യഥകളെ
കുറച്ചു നേരത്തേയ്ക്കു മാറ്റിവയ്ക്കാനുള്ള ഉപാധിയായ് ഇതിനെ കരുതാം..  
      ഓഗസ്റ്റിലെ അവസാനത്തെ
വെള്ളിയാഴ്ചയാണത് വീട്ടിലെത്തിയത്. വെളുത്ത 
പൂച്ചക്കുഞ്ഞ്, രണ്ടു ചെവിയിലും ചാരനിറം. വയറിന്റെ വലത്തുഭാഗത്തുമുണ്ടു വലുതും ചെറുതുമായി രണ്ടു ചാരപ്പുള്ളികൾ .
ഒരു ചെറിയ പാത്രത്തിൽ നാലു സ്പൂൺ പാലൊഴിച്ചു കൊടുത്തതാണിന്നു രാവിലെയും . പിന്നെയും രണ്ടു തവണ കൂടി പാൽ കുടിച്ചിരുന്നു. പക്ഷേ എപ്പോഴും കിടപ്പായിരുന്നു. കരയും . പാൽ കൊടുത്താൽ കുടിയ്ക്കും. പിന്നെയും പോയിക്കിടക്കും. വയർ വന്ന അന്നു തന്നെ വീർത്തിരുന്നിരുന്നു. രോഗമുണ്ടെന്നു തോന്നിയിരുന്നു. എന്നാൽ ചിലപ്പോഴൊക്കെ ഉഷാറായിക്കാണപ്പെടാറുമുണ്ട്. വന്ന് കഴിഞ്ഞുള്ള രണ്ടു ദിവസങ്ങൾ പൂച്ചക്കുഞ്ഞിനെന്തെങ്കിലും പറ്റിയിരിക്കുമോ എന്നോർത്താണുണർന്നിരുന്നത്. പക്ഷേ ഇനിക്കുഴപ്പമില്ലെന്നു തോന്നിത്തുടങ്ങിയിരുന്നു. 
 സ്നേഹത്തിന്റെ കരുതലും സുരക്ഷയുടെ ചൂടും തരൂ എന്ന് പാദത്തിലുരുമ്മി ചോദിച്ചിരുന്നു എപ്പോഴും. ആ
പൂച്ചക്കുഞ്ഞ് ഇന്നുച്ചകഴിഞ്ഞപ്പോൾ ചത്തുപോയി... 


30 / 09 / 2021 9.28 AM

                          പൊട്ടൻ തെയ്യവും ശങ്കരാചാര്യരും തമ്മിലുള്ള ബന്ധത്തെപ്പറ്റി തെളിവുകൾ നിരത്തി സ്ഥാപിക്കാൻ കഴിയില്ലെങ്കിലും പൊട്ടൻ തെയ്യത്തോറ്റം ഒരു സാദ്ധ്യതയാണ്. മനീഷാ പഞ്ചകം എന്ന പ്രകരണ ഗ്രന്ഥത്തിന്റെ രചനയെക്കുറിച്ച് പ്രചരിക്കുന്ന കഥകളിൽ കാശിയിൽ വച്ച് 
ഗംഗാ സ്നാനത്തിനു പോകുന്ന ആചാര്യരും അനുയായികളും വഴി തടയുന്ന നായാടിയുമാണ് കഥാപാത്രങ്ങൾ. എന്നാൽ തെയ്യത്തോറ്റത്തിൽ പുലയനായ പൊട്ടനോട് ബ്രാഹ്മണോത്തമനായ ശങ്കരാചാര്യർ വഴി മാറാൻ ആവശ്യപ്പെടുകയാണ് - അങ്ങെല്ലാം കാട്, ഇങ്ങല്ലാം മുള്ള് , ഒക്കത്ത് കുട്ടീണ്ട് , തലയില് കള്ളിന്റെ കുടമുണ്ട് , അടിയനെങ്ങട്ട് വഴി മാറണ്ട് - എന്ന് വഴി വിലങ്ങിനിന്ന പൊട്ടൻ തിരിച്ചു ചോദിച്ചു. തുടർന്ന് ആചാര്യന്റെ ആര്യ ജ്ഞാന യുക്തികളെ ഓരോന്നായി പ്രകൃതിയിലെ യുക്തികൾ കൊണ്ട് ഖണ്ഡിക്കുകയായി:
നിങ്ങളെ കൊത്ത്യാലും ചോരല്ലേ ചൊവ്വറേ ?
നാങ്കളെ കൊത്ത്യാലും
ചോരല്ലേ ചൊവ്വറേ ?
പിന്നെന്ത്യേ ചൊവ്വറ്
കുലം പിശക്ന്നേ ?
തീണ്ടിക്കൊണ്ടല്ലേ
കുലം പിശക് ന്നേ ?

എന്നു കൂടി ചോദിച്ചതോടെ അറിവിന്റെ സർവ്വജ്ഞപീഠം കയറിയ ആചാര്യൻ ഉത്തരംമുട്ടി തല കുനിച്ചു. ആചാര്യൻ പൊട്ടനെ പ്രണമിച്ചു.

    പുളിങ്ങോം ആണ് പൊട്ടന്റെ ആരൂഢ സ്ഥാനം എന്ന നിരീക്ഷണത്തേക്കാൾ കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്ത് ഗ്രാമമാണ് ആരൂഢസ്ഥാനമെന്ന നിഗമനം ശരിയാവാനാണ് സാദ്ധ്യത.
കാരണം പയനാടൻ പുഞ്ചയുടെ കാവലാളാണ് പൊട്ടൻ. പുഞ്ചയിലേക്കു വരുന്ന എളപ്പക്ഷികളെ ഓടിക്കലാണു പണി. പുഞ്ച വരമ്പത്ത് കാവൽ നില്ക്കുന്ന നേരത്ത് അങ്ങ്ന്നൊരു ചൊവ്വറെ വരവ് കാണ്ന്ന് .... എന്നാണ് ആചാര്യരുടെ വരവിനെ തോറ്റത്തിൽ
അവതരിപ്പിക്കുന്നത്.

              ധാരാളം വെള്ളമുള്ള 
ആവി പ്രദേശത്ത് കൃഷി ചെയ്യുന്ന നെല്ലിനമാണ് പയനാടൻ. കാഞ്ഞങ്ങാടു മുതൽ നീലീശ്വരം വരെ ഏതാണ്ടു 12 Km നീളത്തിൽ ഹൈവേയ്ക്കു സമാന്തരമായി കടൽത്തീരത്തോടു ചേർന്നു കിടക്കുന്ന വലിയ ചാലാണ് പയനാടൻ ചാൽ. കാഞ്ഞങ്ങാട്ടെ വെള്ളിക്കോത്തു ഗ്രാമത്തിന്റെ ഒരതിര് പയനാടൻ ചാലിന്റെ ആരംഭത്തിലാണ്. അതുകൊണ്ട് പൊട്ടന്റെ ജന്മസ്ഥലം വെള്ളിക്കോത്താണെന്ന്
ഉറപ്പിയ്ക്കാം. ആചാര്യനെ വഴി തടഞ്ഞതിന് നാട്ടു ജന്മികൾ പിന്നീട് പൊട്ടനെ പിടിച്ചു കെട്ടി ജീവനോടെ തീയിലെറിഞ്ഞു കൊന്ന സ്ഥലമായിരിക്കാം പുളിങ്ങോം.

          പയനാടൻ നെല്ലിന്റെ പ്രത്യേകത പുലയുള്ളതിനാൽ ക്ഷേത്ര പ്രവേശനം നിഷേധിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. മനുഷ്യരായ മനുഷ്യർക്കെല്ലാം ക്ഷേത്ര പ്രവേശനം ഒരു വിളംബരത്തിലൂടെ ലഭിച്ചിട്ടും പയനാടൻ നെല്ലിന് ഇതുവരെ അകത്തു കയറാനായില്ല.

                അസാധാരണമായ നെല്ലിനമാണിത്. പയനാടൻ കൊയ്യാൻ പത്തു മാസം വേണം. വെള്ളം കയറുന്തോറും ഉയർന്നു വളരുന്ന ചെടിയാണിത്. വലിയ വെള്ളക്കെട്ടുകളിൽ 
10 - 12 അടിവരെ വളർന്ന് അസാധാരണ പ്രതിരോധ വീര്യത്തോടെ തല ഉയർത്തി നിൽക്കും. പ്രകൃതിയുടെ അതിജീവനത്തിന്റെ മായാജാലം.! ഇപ്പോൾ പയനാടൻ നെൽ വിത്ത് കിട്ടാനില്ല.

  ഈ നെല്ലിനെന്തു കൊണ്ടാവും പുല? ഗർഭസ്ഥ ശിശുവിന്റെ പത്തു മാസം എന്ന കാലയളവുകൊണ്ടോ?
ബ്രാഹ്‌മണനെ തോല്പിച്ച പുലയൻ കാവൽ നിന്ന നെല്ലായതു കൊണ്ടോ ? തെയ്യത്തോറ്റ സാഹിത്യത്തിലെ ഉജ്ജ്വലമായ കവിതയാണ് പൊട്ടൻ തെയ്യം.

           വേദാന്തം ഇങ്ങിനെ മണ്ണിനോടും മണ്ണിനുടമകളോടും നേരിട്ടു ബന്ധപ്പെടുന്നുണ്ട്. 
  ശുദ്ധസ്ഫടിക സമാന തത്വജ്ഞാന മലമുടികൾ പയനാടൻ പുഞ്ചയിൽ 
പ്രതിബിംബിക്കുന്നു.. 

(അംബികാസുതൻ മങ്ങാടിന്റെ
'ചിന്നമുണ്ടി ' എന്ന കഥാ സമാഹാരത്തിന്റെ ആമുഖത്തിൽ നിന്ന്)

7 / 7/ 2021
  ബന്ധങ്ങളെല്ലാം മനോഹരങ്ങളായ
നുണകളാണ്
പ്രതീക്ഷയും നൈരാശ്യവും 
ഭാണ്ഡങ്ങളാക്കി
നിക്ഷേപിക്കാനുള്ളയിടങ്ങൾ
എനിക്കു നിന്നോടുള്ള ബന്ധവും
നുണയാണെന്നു
പലകുറി സ്വയം ബോദ്ധ്യപ്പെടുത്തിയതാണ്
അത് സത്യത്തെ 
നുണയാക്കാനുള്ള
തത്രപ്പാടായിരുന്നു
സങ്കല്പനങ്ങളുടെ
ഭാരമൊന്നുമില്ലാതെ
അതിനു സത്യത്തിന്റെ
ചിറകും അനന്തതയെ
ചുംബിക്കാനുള്ള കരുത്തും
സ്വയം നിർവ്വചിക്കാനുള്ള
ആത്മബോധവും 
കൈവന്നുവല്ലോ.

22 / 12 / 2021 : 10 : 38 pm

ഞാൻ കുട്ടിക്കാലത്ത്
നൃത്തം പഠിക്കാനാഗ്രഹിച്ചിരുന്നു
അരീക്കോട് നിന്ന് അച്ഛന് സ്ഥലം മാറ്റം കൂത്താട്ടുകുളത്തേയ്ക്കായിരുന്നു. മലപ്പുറത്തു നിന്നു വന്ന് പിന്നെ ഞങ്ങൾ താമസിച്ചത്
വെള്ളൂരെ അമ്മ വീട്ടിലാണ്. അവിടെ
വല്യമ്മാവന്റെ തൊടിയിൽ
ജയദേവിനൃത്തവിഹാർ എന്ന പേരിൽ
നൃത്തം പഠിപ്പിക്കുന്ന ഒരു സ്കൂൾ പ്രവർത്തിച്ചിരുന്നു. വലിയ കെട്ടിടമൊന്നുമല്ല. ഓലഷെഡ്ഡാണ്. 
ചുവരും ഓലമറതന്നെ. വീടിരിക്കുന്ന സ്ഥലത്തിന്റെ കിഴക്കുവശത്ത് താഴത്തേ തട്ടിലാണ്
നൃത്ത വിഹാർ. കിഴക്കേ മുറ്റത്തിനരികിൽ നിന്ന് കുറച്ചൊന്നു ശ്രമിച്ചപ്പോൾ ഓലമറയിൽ അകത്തു നടക്കുന്നത് കാണാൻ പാകത്തിന് ഒരു കാഴ്ചവട്ടം ഉണ്ടാക്കിയെടുക്കാൻ കഴിഞ്ഞു. വെള്ളയും ചുവപ്പും നിറത്തിലുള്ള പൂങ്കുലകളുള്ള വളളിച്ചെത്തിയുടെ വേലി എന്നെ മറ്റാരും കാണാതെ കാത്തു. ഒരുപാടു നിർബ്ബന്ധം പിടിച്ചിട്ടും എന്നെ നൃത്തം പഠിക്കാൻ ചേർത്തിരുന്നില്ല. വെള്ളൂർ
വാമന സ്വാമി ക്ഷേത്രത്തിലെ ഉത്സവത്തിന് എല്ലാവർഷവും ബാലേയും നൃത്യനൃത്തങ്ങളുമുണ്ട് ജയദേവിക്കാരുടെ വക. കുഞ്ഞന്മാവൻ ദുർവ്വാസാവും റേഡിയോ അമ്മാവൻ ഇന്ദ്രനുമൊക്കെയാണ് ബാലേയിൽ. എന്നിട്ടാണ് എനിക്കു പഠിക്കാനനു വാദം കിട്ടാത്തത്. എന്നാലും കുഞ്ഞമ്മാവൻ എനിക്കു ചില മുദ്രകളൊക്കെ (ശുകതുണ്ഡം, കർത്തരീമുഖം ... ഇത്രയൊക്കെ ഓർക്കുന്നു) കാണിച്ചു തന്നു സമാധാനിപ്പിക്കാൻ ശ്രമിച്ചിരുന്നു.
എന്തായാലും ആരും കാണാതെ പരിശീലനം നോക്കി നിന്നിരുന്നു സ്ഥിരമായി. ഹൈമവതിയും ജയയുമായിരുന്നു അദ്ധ്യാപികമാർ.
അവരുടെ മെയ്വഴക്കവും ലാവണ്യവും
ഇപ്പോഴും കണ്ണിലുണ്ട്. നാലാം ക്ലാസിലെ കൂട്ടുകാരി ഷെറിൻ ഡാൻസ് പഠിക്കാനെത്തിയതാണ് കുഴപ്പമായത്. അവളോട് ഞാനെന്റെ ഒളിച്ചു നോട്ടവും നൃത്തത്തിൽ കണ്ണനാവാനുള്ള ആഗ്രഹവുമൊക്കെ
തട്ടിമൂളിച്ചിരുന്നു. ഒരു ദിവസം ഞാൻ ഓലമറക്കിടയിലൂടെ ഒളിച്ചു നോക്കുമ്പോൾ എല്ലാവരും കൂടി എന്നെ നോക്കുന്നു. അന്നത്തെ ജാള്യത - കുഴപ്പമൊന്നുമുണ്ടായില്ല. ഇവിടെ വന്നു കണ്ടോളൂ എന്നു പറഞ്ഞു - അത്ര തന്നെ. പക്ഷേ ആ മോഹഭംഗം ഇപ്പോഴുമുണ്ട്. അടുത്ത ജന്മം തീർച്ചയായും നൃത്തം പഠിക്കണം. അത്രമേൽ ആശിക്കുന്നതു നേടാൻ ഇനിയുമിനിയും ജന്മങ്ങൾ ബാക്കിയുണ്ട്.


കരിക്കുലം ഡിസൈനിംഗ് ആൻഡ്

ഇപ്ലിമെന്റേഷൻ :ഷോർട്ട് ടേം കോഴ്സ് ഒന്നാം ദിവസം : 19/08/ 2022



      ഒരു Nostalgic Mood ന്റെ നിർഭരതയിലാണ് meet ൽ Join ചെയ്തത്. ഡയറക്ടറുടെ ഇനാഗുറൽ സെഷനും പാർട്ടിസിപ്പന്റ്സിന്റെ ആമുഖവുമായി പാതിദിനം കഴിഞ്ഞു. 

AN session ൽ

Outcome based education: a new paradigm for colleges എന്ന topic

പ്രൊഫസർ ഗീത ജാനറ്റ് വിറ്റസ്

തുടങ്ങിയതുതന്നെ ഐൻസ്റ്റീനെ quote ചെയ്തു കൊണ്ടാണ്. " Education is not the learning of facts, but training of the mind to think." COs, POs, PEOs വിശദീകരിച്ചതിനുശേഷം OBE യുടെ നേട്ടങ്ങൾ അക്കമിട്ടു നിരത്തി Resource person. മൂല്യവർദ്ധിത വിദ്യാഭ്യാസ പദ്ധതിയിൽ വിദ്യാർത്ഥിയുടെ performance

നിരന്തരം Evaluate ചെയ്യപ്പെടുന്നുണ്ട്. Student learning outcome improvement ന് ഊന്നൽ കൊടുക്കുന്നുണ്ട്. 

Read,read,read...

Practice, practice, practice...

Practice makes perfect..

Skill have cultivated...

സിലബസ് മാറ്റാo , Teaching method മാറ്റിനോക്കാം , Education principles മാറ്റാം - പക്ഷേ mindset ആണ് ആദ്യം മാറ്റേണ്ടത് , Educational outcome നെപ്പറ്റിയുള്ള ധാരണകളാണ് മാറേണ്ടത് -

ചിന്തകൾ പലവിതാനങ്ങളിലേയ്ക്ക് ....

എന്നിട്ടും മടുപ്പും അസഹ്യതയും ഉത്സാഹ

ത്തിനു പകരം നിന്ന ഒന്നാം ദിവസം .

STC : രണ്ടാം ദിവസം

Mapping and Computation of PO/ CO/CSO Attainment : Dr. Divya. C. Senan

കരിക്കുലം OBE ആക്കി മാറ്റേണ്ടതുണ്ട്.
സെമിനാറും പ്രോജക്ടുo 
അസൈൻമെന്റുo outcome based education ആയി മാറേണ്ടതുണ്ട്. Learning
outcome എന്നാൽ ഒരു പഠനാനുഭവത്തിനൊടുവിൽ വിദ്യാർത്ഥിയ്ക്ക് അതുകൊണ്ട് എന്തു സാദ്ധ്യമാവുന്നു എന്നുള്ളതാണ്. The abilities, knowledge, skill and values that students demonstrates at the end of the program..
     Learning    objectives and learning outcomes തമ്മിൽ Difference ഉണ്ടായാൽ അതു പരിഹരിക്കാനുള്ള Masterplan ഉണ്ടാക്കണം.
കോഴ്സ് കരിക്കുലം തയ്യാറാക്കേണ്ടത്
Sample questions കൂടി ഉൾപ്പെടുത്തിക്കൊണ്ടായിരിക്കണം.
അപ്പോഴാണ് Lower order thinking Questions ഉം HOTQ വും വരുന്നത്. Apply, analyse, evaluate.... Higher order thinking questions... Question Bank ൽ എത്തിയതിന്റെ ആഹ്ളാദം - Random manner, blue print  - CO , PO matrix - Mapping, graph.. ചിരിക്കാതെങ്ങി നെ -  ക്വസ്റ്റ്യൻ ബാങ്ക് പ്രവർത്തനങ്ങളെ നന്ദി പൂർവ്വം സ്മരിക്കാതെ വയ്യ.
തിയറി അറിയാതെ എത്ര Practicals ..

അനുഭവം

യാത്രയ്ക്കിടെ കണ്ട 
ആകാശത്തിൽ
നിറയെ
നീലിമയും 
വെണ്‌മയും 
തന്നെ ആയിരുന്നു.
പക്ഷേ നോക്കി 
നോക്കിയിരിക്കെ
ഞാൻ യാത്ര ചെയ്യുന്നത്
ആകാശത്തിലൂടെയാണെന്ന് 
തോന്നാൻ തുടങ്ങി ..
പിന്നത്തെ അനുഭവം
ഞാൻ  തന്നെ ആകാശമായി മാറുന്നതാണ് -
പേടി തോന്നി -
നാമരൂപങ്ങളുള്ള
ഞാനായി 
തിരിച്ചെത്താനായില്ലെങ്കിലോ -
ഞെട്ടിത്തിരിച്ചു പോന്നു..
ഇങ്ങിനെ
സ്വയം 
ദൃശ്യമായിത്തീരുന്ന
അനുഭവങ്ങൾ
ഒന്നിലേറെയുണ്ട്.
എത്ര
നിഷേധിച്ചാലും
ചിന്ത കൊണ്ടുള്ള
ഈ രൂപാന്തരം
 സത്യമാണ്.
ഞാൻ നീയായിത്തീരുന്ന
അദ്വൈതാനുഭൂതി ..
"അപ്പോൾ സൗമ്യ
അണുരൂപത്തിലുള്ള ആ 
നിത്യസത്തയുടെ ഭാവങ്ങളാണ്
ഇതെല്ലാം. അത് സത്യമാണ്
അത് നീയാണ്. "

Elective,
VAC, SEC . Signature - കോഴ്സുകളുണ്ട്.
നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ
Design ചെയ്ത് കൂടയിലിടാവുന്നവ -
മേജർ മൈനർ
നിർദ്ദേശങ്ങൾ 
അംഗീകരിക്കുന്നില്ല
എന്ന
അനിഷ്ടത്തിൽ
നിന്നായിരുന്നു
അവളുടെ രോഷപ്രകടനം ..
ഊള , മൂടുതാങ്ങി
തുടങ്ങിയ പദങ്ങളുടെ
ശക്തി മുഴുവൻ 
മനസ്സിലായി -
നെഞ്ചിലൊരു
കരിങ്കല്ലെടുത്തു 
വച്ചതുകൊണ്ട്
ശ്വാസം കിട്ടാതെ 
ഉറക്കം
കാത്തു കിടന്ന 
രാത്രിയായിരുന്നു
അത്.
കഴിവുകേട് ,
വിഡ്ഢിത്തം..
ദൗർബ്ബല്യം ,
ഭീരുത്വം..
മാതൃകയല്ല ...
മുഴുവനായും
അറിയുന്ന
ഏറ്റവും 
പ്രിയപ്പെട്ടവളും
ഇങ്ങിനെയൊക്കെയാണ്
പറയുന്നത്.

കല്ലു കൊണ്ടുള്ള
ഒരു ശ്രീകോവിലിനു
മുന്നിൽ നില്ക്കുന്നു.
കയ്യിലൊരു സ്റ്റീൽ ഗ്ലാസിൽ എണ്ണയുണ്ടായിരുന്നു
അത് മറ്റൊരു പാത്രത്തിലേക്ക് മറിഞ്ഞു പോയി. വെള്ളം കലർന്ന എണ്ണ ഞാൻ കൽവിളക്കിൽ
ഒഴിക്കുന്നതാണ് സ്വപ്നം.
ഒരു ചെറിയ ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വല്യ കല്ലിൽ തട്ടി
അതിന്റെ ദിശ മാറിപ്പോയതാണ് മറ്റൊരു സ്വപ്നം -

അലങ്കാര വിളക്കുകൾ
പരവതാനികൾ,
ചുറ്റുമതിൽ,
കവാടം,
വെള്ളപൂശൽ,
അടുക്കിയൊതുക്കലുകൾ..
ഗൃഹേശ്വരാ,
നിർമ്മാണ പ്രവർത്തനങ്ങൾ
പൂർണ്ണമല്ലേ -

അരയങ്കാവിൽ
മൂലമന്ത്ര പുഷ്പാർച്ചന
അയ്യൻ കോവിലിൽ
കരിക്കഭിഷേകം
തൃപ്പക്കുടം തേവർക്ക്
നൂറ്റൊന്നു കുടം ധാര ..
പുതുവാമന വിധിച്ചതാണ്
ഏറ്റുമാനൂരപ്പന്
വെള്ളിനൂൽ -
പൂർണ്ണ ത്രയീശന്
പന്തീരാഴി ..
ഇല്ല, കഴിഞ്ഞിട്ടില്ല
ജ്യോതിസ്വരൂപനേ -

വീടെവിടെയാണ് ?
വീട്ടിലേക്കുള്ള
വഴി ഏതാണ്?
തിരക്കുകൾ,
വിളികൾ,
ബദ്ധപ്പാടുകൾ - 
എല്ലാമറിയുന്നതു കൊണ്ട്
അതും അറിയാമെന്ന
ഉറപ്പിലായിരുന്നു..

കല്ല്, മണ്ണ്
മണൽ, സിമന്റ്
ഇവ ചേർന്ന
വാർപ്പു മാതൃക
വീടാകുന്ന
മാറ്റ
കാഴ്ചയിലേക്കുള്ള
വഴിയേതാണ് ?
മേമ്പൊടി ചേർക്കാതെ
വിളിച്ചപ്പോൾ
വഴി പറഞ്ഞില്ലല്ലോ.
വീടെവിടെയാണ് ?
വീട്ടിലേയ്ക്കുള്ള 
വഴിയേതാണ് ?

വാക്കിൽ
വജ്രകുണ്ഡലങ്ങളുടെ
പ്രഭാപ്രസരം
വാക്കിൽ
പൊരുതി നിന്നവളുടെ
വിളിപ്പേര്..
വാക്കിൽ
മുങ്ങി നിവരാനൊരു
പുണ്യതീർത്ഥം
മണികർണ്ണികാകാരനേ
വാക്കിന്റെ ഉടമസ്ഥതയിൽ
നീയും തടവുകാരൻ
വഴിമരങ്ങളൊക്കെ
മലർവിതറി
രാജാവിനെ 
എതിരേല്ക്കുന്നുണ്ടാവാം
കിളികൾ
വന്ദിഗീതം
പാടുന്നുണ്ടാവാം..
എത്ര
വാചാലമാണീ 
ദിനങ്ങൾ ..

തോരാത്ത മഴയും
മരങ്ങൾക്കിടയിൽ
തിങ്ങിക്കൂടുന്ന
ഇരുട്ടും തോർന്നാലും
 മഴയായ് പെയ്യുന്ന
ചെറുകാറ്റനക്കവും
ആകെ
ഇറുത്തു നില്ക്കുന്ന
ഉച്ചകളുമുള്ള
കർക്കിടകം
വല്ലാതെ
ഉലച്ചിട്ടുണ്ട്..
ഇതുപോലുള്ള
ഒരു പകൽ
ഡിബി കോളേജിന്റെ
ഓഫീസ് വരാന്തയിൽ
മഴയായ് പെയ്തു നിന്നിട്ടുണ്ട്.
'എന്റെ ബ്രദറിന് ഇന്റർവ്യൂ കാർഡ്
വന്നിട്ടില്ല
316 മാർക്കുണ്ട്
ഫോർത്ത് ഗ്രൂപ്പിന്
അപേക്ഷിച്ചിരുന്നു.
മറ്റെവിടെയും കൊടുത്തിട്ടില്ല..'
സൂപ്രണ്ടിനോട്
ഇങ്ങിനെയൊക്കെത്തന്നെയാവണം
പറഞ്ഞത് , കണ്ണിൽ നിന്ന്
 മഴ പൊഴിഞ്ഞത്
നന്നായോർക്കുന്നു..
അച്ഛന്റെ മരണശേഷം
ആദ്യമായി കോളേജിൽ പോയതാണ്.
കുട്ടന്റെ അഡ്മിഷൻനെന്തായെന്നന്വേഷിക്കാനാണ് ഓഫീസിൽ പോയത്.
അങ്ങിനെ ഒരന്വേഷണമേ
വേണ്ടി വന്നുള്ളൂ. കുട്ടന്
ഫോർത്ത് ഗ്രൂപ്പിന്
പ്രവേശനം കിട്ടി.


കണ്ണ് ,കാത് ,നാവ്, ത്വക്ക് -
ചെന്നു തൊട്ടനുഭവിച്ച
ഇന്ദ്രിയ രസങ്ങളൊക്കെ
എന്നെ പങ്കിട്ടെടുത്തു
ഒന്നും എന്റേതായില്ല..
മനസ്സ് പങ്കെടുത്ത
അനുഭൂതികളൊക്കെ
എന്നെയും കൊണ്ട്
പറന്നു നടന്നു
എന്നെ എന്നിൽ നിന്ന്
വേർപെടുത്തി,
അന്യവത്ക്കരിച്ചു..
ഇനി ഇന്ദ്രിയങ്ങളുടെ
ദീപം തെളിയാത്തിടത്ത്
ചിരന്തന സൂര്യൻ
നിറന്നു കത്തിയേക്കാം..
നീലാഞ്ജനം പുരണ്ട
മിഴികൾ തെളിഞ്ഞേക്കാം..

വിത്ത് മുളയെടുക്കുന്നത്
കണ്ടിരുന്നില്ല
നനവു തട്ടി തളിർത്ത്
ഉടൽ പെരുക്കുന്നതും
പൂവിടുന്നതും
അറിഞ്ഞതേയില്ല
തലയുയർത്തി നില്ക്കുന്ന
പൂമരത്തിന്റെ
മോഹമഞ്ഞയിൽ
എപ്പോഴോ
ഒന്നു കണ്ണുതട്ടിയിരിക്കണം
ആ ഓർമ്മയിലാണ്
ഉള്ളുലഞ്ഞ്
ചിരിച്ച്‌ വഴി മുഴുവൻ
പൂവായ്ച്ചിതറി അവൾ
നിന്റെ വരവു
വിളിച്ചറിയിക്കുന്നത്..
പൂ കൊഴിഞ്ഞ്
ഇല കൊഴിഞ്ഞ്
ഉണക്കമരമാകുമ്പോഴും
നിന്റെ കാഴ്ചയിലേക്ക്
ഒരു പൂങ്കുലയെ
സ്വപ്നം പോലെ
ബാക്കി വയ്ക്കുന്നത് ..
ജന്മാന്തരങ്ങളോളം
കണ്ടു കൺനിറയാൻ
ഒന്നിലേറെ വിത്തുകൾ
മണ്ണിൽ കരുതി വയ്ക്കുന്നത് ..

വീടിന് മേലാപ്പ് -
ശിരോലങ്കാരങ്ങൾ -
നെറ്റിച്ചുട്ടി ..
എന്നിട്ടും
പെൺ പൈതലിനെപ്പോലെ
കുറിക്കൂട്ടിനും
മുടിപ്പൂവിനും
മുഖത്തുതേപ്പിനും വേണ്ടി
പിന്നെയും
കൊഞ്ചുന്നു
വീടിന്റെ ഓർമ്മപ്പുസ്തകം
കണ്ണിറുകെയടച്ചു
കാണാതെയിരുന്നാലും
കടലിരമ്പം പോലെ
കേൾവിയും സ്പർശവും ..
പയ്യന്നൂരെ വീടുകൾ
കൊയിലാണ്ടിയിലെ
വീടുകൾ
പന്മനയിലെ വീടുകൾ
കാഞ്ഞിരമറ്റത്തെ
വീടുകൾ
തൃക്കലംങ്ങോട്ടെ
വീട്
മലനിരപ്പിലെ വീട്
തൊട്ടൂരെ വീട്
ഇപ്പോഴത്തെ
ഈ വാടക വീട് -
ഇത്രയേറെ
എഴാമിടങ്ങൾ
എന്നെ
അപഹരിക്കുന്നതെന്തിനാണ് ?

എന്തിനാണ്
ഇത്രയേറെ
അവധികൾ
എടുക്കുന്നതെന്ന്
ഉത്തരം
പറയാനിടയുള്ളവരോട്
ചോദിച്ചറിയണമെന്ന്
പല തവണ ഓർത്തു -
പറ്റിയില്ല -
തിരക്ക് ,  മഴ -
എന്താവാം..

ചിരി എന്തിനോടാണ്?
തന്നോടു മാത്രം -
തന്റെ രൂപത്തോട്,
പ്രതിരൂപത്തോട്,
മദിപ്പിക്കുന്നതും
മോഹിപ്പിയ്ക്കുന്നതുമെല്ലാം
സ്വരൂപം, ശബ്ദം
ഗന്ധം, സ്പർശം -
അപര ജീവനെ
കെടുത്തരുതേ
എന്നു കൂപ്പുമ്പോഴൊക്കെ
ചിത്ത സഞ്ചാരിയെ
തടവിലിട്ട്
ചിരിപൊടിയാതെ
കരച്ചിൽ പെരുക്കാതെ
കാഴ്ചയോ കേൾവിയോ
സ്പർശമോ
ചോരാതെ
കാരിരുമ്പുപോലെ
നിന്നവനോട്
കൂടും പിണികളെ
കണ്ണാലൊഴിക്കാൻ
യാചന , പ്രാർത്ഥന -

നിനക്കു പുറത്തുള്ളതെല്ലാം
നിന്റെ ആവിഷ്ക്കാരങ്ങൾ
എവിടേയും നിന്റെ
രൂപത്തിന്റെ
പ്രതിബിംബങ്ങൾ
ശബ്ദത്തിന്റെ
പ്രതിഫലനങ്ങൾ
സ്പർശത്തിന്റെ
പ്രതികരണങ്ങൾ
മണ്ണും മരവും പച്ചപ്പും
നിന്റെ ഗന്ധവാഹകർ
ആകാശം നിന്റെ
അനുസ്മാരകം
മഹീതലവും
മഹീധരവും
നിന്റെ മഹിമാവ്
എന്നിട്ടും
എങ്ങിനെയാണ്
കാഴ്ച .
തന്നിലേക്കു മാത്രം
പരിമിതപ്പെടുന്നത്?

വീണ്ടും പഴയ മട്ടിലെഴുതുന്നു
സ്വയം കൊന്നു തിന്നുന്നതിലും
നല്ലതല്ലേ -
വായിക്കാനിടയില്ലാത്തവർക്കു
വേണ്ടി
ഇല്ലാത്തതിനെപ്പറ്റി
എഴുതുക.

പെരുതായ ആഹ്ളാദത്തോടെ
മണികർണ്ണികയിലെ
പാലുകാച്ചലിനെപ്പറ്റി
ശോഭ ടീച്ചറോടു പറഞ്ഞു.
ടീച്ചർക്ക് വീഡിയോ ഷെയർ ചെയ്തു.
സരിക അത്ഭുതപ്പെടുന്നുണ്ടായിരുന്നു.
എനിക്കത് മുദ്രിതയിലെ
ഒരു കൂട്ടം സ്ത്രീകളുടെ
യാത്ര പോലെയായിരുന്നു.
ഒഴിവാക്കാനാവാത്തത് -
ഞങ്ങളഞ്ചു സ്ത്രീകളും
രണ്ടു പെൺമക്കളും കൂടി
ആ യാത്ര നന്നായി ആഘോഷിച്ചു.
അനുവാദം കിട്ടിയിരുന്നില്ല.
അപ്രസക്തം ,ഉപേക്ഷണീയം -
എന്ന പക്ഷം ശരിതന്നെയായിരുന്നു.
എന്നിട്ടും എന്റെ ശരി
അതായില്ല. വീടിനെപ്പറ്റി
നിരന്തര  ചിന്തകൾ,
എഴുത്ത് -  കണ്ടുപിടിക്കപ്പെടുകയും
യുദ്ധങ്ങൾ പൊരുതിത്തുടരുകയുമായിരുന്നു.
എന്നിട്ട് -

എന്നിട്ട്
ദേഹം കെട്ടുകുറ്റിയിൽത്തന്നെ
വട്ടം ചുറ്റുമ്പോഴും
തീച്ചാമുണ്ഡികളുടെ
നാക്കിലകൾ വാങ്ങി വച്ച്
ദേഹി മേലേരിയിലേക്ക്
ആഞ്ഞാഞ്ഞു വീഴുന്നു
ആയിരം പിണികൾ
ചേർത്ത് പ്രാണനെപ്പടുത്ത
കർമ്മകാരനാണ്
തീയിൽ വെന്തു
നീറുമ്പോൾ ചായാൻ
പച്ചില മെടയുന്നത് -

ഞാൻ നട്ട മമതയുടെ
വിത്തുകൾ
ആൽമരം പോലെ
ശതശാഖികൾ നീട്ടി
ആകാശത്തിൽ വേരൂന്നി
എന്റെ ജീവനെ
ത്രസിപ്പിക്കുമെന്ന്
നിനച്ചിരുന്നു
അത് ഒന്നു പോലും
മുളച്ചില്ല
അത്രയേറെ ആഴത്തിൽ
അത്രയേറെ ആഴത്തിൽ
ഹൃദയത്തിലാണതു
കുഴിവെട്ടി മൂടിയത് -

ശബ്ദം മുഴങ്ങുന്നുണ്ടായിരുന്നു.
എങ്ങിനെയൊക്കെയാണതു
പ്രതിധ്വനിക്കുകയെന്നു
പറയുക വയ്യ.
വാതിൽ ചേർത്തടച്ചിട്ടും
കാതുമാത്രമല്ല
ഉടൽ മുഴുവൻ
അതിന്റെ സ്വീകരണി
ഞാനെന്റെ
മമതാ ശരീരത്തെ
പാതാളത്തിലേയ്ക്ക്
ചവിട്ടിത്താഴ്ത്താൻ
ആഗ്രഹിച്ചു..


ഒരു മൺതരി പോലെ
ചുരുങ്ങിപ്പൊടിഞ്ഞ്
രക്ഷരക്ഷയെന്നു
കൈ കൂപ്പുന്നുണ്ടായിരുന്നു
സ്മൃതികളിലുഴറുന്ന
ജീവൻ -

അരങ്ങേറുന്നതും
ആടിത്തിമർക്കുന്നതും
ഒരേ  വേഷം ഒരേ ഭാവം
ഒരേ രസം : നിസ്സംഗത.
ഉണങ്ങാത്ത
മുറിവുകളോടും
ഉറഞ്ഞ
കണ്ണീരിനോടും
പൊരുതിത്തോറ്റ്
ഒരു
നീതിവാക്യത്തിനും
പഴുതില്ലാതെ
പ്രജ്ഞ മൂർച്ഛിക്കുന്നു..

ഇന്ന് വൈകുന്നേരം ലൈജുവിന്റെ കാറിലാണ് കിഴക്കേക്കോട്ട വരെ വന്നത്.
പിന്നെ പിറവം കൂത്താട്ടുകുളം കെ എസ് ആർ ടിസിയിൽ തോട്ടപ്പടി ഇറങ്ങുമ്പോൾ തൊട്ടുപിന്നിൽ സെന്റ് ജോർജ് എന്ന പിറവം ബസ്. തിരുമറയൂർ  കൂടിപ്പോകുന്നതായതുകൊണ്ട് അതിൽക്കയറി. തിരുമറയൂരിറങ്ങി
ഓട്ടോയ്ക്ക് ചെറുകര വഴി വീട്ടിലേക്ക് -
ഇപ്പോഴത്തെ വാടകവീട്ടിലേക്കു വന്നതിൽപ്പിന്നെ
ഈ വഴി വല്ലപ്പോഴുമേ സഞ്ചരിച്ചിട്ടുള്ളൂ. പുഴയോടൊപ്പം സഞ്ചരിക്കുന്ന  വഴിയാണത്. മഴ മാറിയ വൈകുന്നേരമായിരുന്നു
പുഴയുടെ ഭാവതരളത എന്ന തോന്നൽ തന്നെ വല്ലാതെ സ്വസ്ഥത കെടുത്തി..
എത്ര സൗഹൃദം സൂക്ഷിച്ചതാണീപ്പുഴയോട്. അമ്മ കുട്ടികളെ നിലത്തെഴുത്തു പഠിപ്പിച്ചിരുന്ന
ആശാൻ കളരി ഈ പുഴയോടു ചേർന്ന ഒരു വീട്ടിലായിരുന്നു. പെട്ടെന്ന് മരങ്ങൾക്കിടയിലൂടെ കണ്ട പുഴയുടെ നേരിയ
മുഖഛായ നിരാലംബത കൊണ്ടുവന്നു.
ഒറ്റപ്പെടൽ ,ഏകാന്തത,
ആർക്കും മനസ്സിലാവായ്ക.
അളവില്ലാതെ
വേദന നിറഞ്ഞു നിറഞ്ഞു വന്നു.
സകല  മനുഷ്യരും ഇത്തരമൊരു
നിരർത്ഥകത പേറുന്നുണ്ടെന്നൊരു സമവാക്യം രൂപപ്പെടുത്തിയിട്ടും ശാന്തിയില്ലാതെ ...

തത്വബോധം
ലഭിച്ചു.
നീ
ഒരു പരീക്ഷാ
സോഫ്റ്റ് വെയർ
ആയതു 
പോലെ ഞാൻ
ഒരു ലിറ്ററേച്ചർ
സോഫ്റ്റ് വെയർ.
(ഒരു പാട് കുറിപ്പുകൾ -
എത്രയോ
കാലമായി
എഴുതുന്നവ -
നൊന്ത് ,നൊന്ത്
എഴുതിയവ -
എന്നിട്ടും
അവയൊക്കെ
നിർജ്ജീവമായ
എഴുത്തുകളായത്
ഞാൻ ലിറ്ററേച്ചർ
സോഫ്റ്റ് വെയർ
ആയതു കൊണ്ടാണ്.
അല്ലെങ്കിൽ
അവ പ്രതികരണമുണ്ടാക്കുമായിരുന്നു ,
അത്രയേറെ
സത്യസന്ധമാണവ .)
ചെടി നടൽ,
മരം മുറി,
സംഗീത ,
പ്രസംഗ, സെമിനാർ
സനാതന ധർമ്മ, quality assessment 
സോഫ്റ്റ് വെയറുകൾ
മാത്രമാണ് എല്ലാവരും.
All are really softwares..
Examination softwares നു
മാത്രം ഒരു Updation
വന്നിട്ടുണ്ട്.
Now it is converted into a
deleting Software also.
Literature
Soft ware നെ
read ചെയ്യാതെ
Delete Only 
ആക്കാൻ വേണ്ടി വന്ന
Updation ആണ്.
Os കളൊന്നും
മറ്റൊന്നിനെയും
വായിക്കുന്നില്ല
എന്നതും
എന്നോ
നിലനിന്നിരുന്ന
പരസ്പരം 
മനസ്സിലാക്കുന്ന
മനുഷ്യവംശത്തിന്റെ
ഹൈ ലെവൽ
ലാംഗ്വേജ്
അവർ
സ്വീകരിക്കുന്നില്ല
എന്നതിനു
തെളിവാണ്.
त्वं सोफ्ट् वेयर् असि।
തത്ത്വജ്ഞാനം
സ്വീകരിച്ചാലും.

ശരിക്കും
വട്ടായി
അല്ലേ
എന്നാണു
പറയേണ്ടത്. പക്ഷേ
പരീക്ഷാ
സോഫ്റ്റ് വെയർ
ആയതു കൊണ്ട്
സാദ്ധ്യതയില്ല.

ജനൽ
നഷ്ടപ്പെടുന്നു
വെളിച്ചവും
വെയിൽപ്പാളികളും
യാത്രികരുടെ
മായാക്കാഴ്ചകളും
മഴപ്പിറാവുകളും
മഞ്ഞ മൗനവും 
വഴിമാറുന്നു..


സാഹിത്യം
എങ്ങോട്ടാണു
മാറ്റുന്നത്
എന്ന നിർദ്ദോഷമായ 
അന്വേഷണം
സരിതയും
ഒപ്പം
നിത്യയും
ചിരിച്ചാഘോഷിച്ചു.
( കൊള്ളാം. ഇനി
അലമാരയിട്ട്
കാണാനിഷ്ടമില്ലാത്ത
മുഖം
മറയ്ക്കേണ്ടല്ലോ..)
വ്യാകരണം
എങ്ങോട്ടു 
മാറുമെന്നോർത്താവും
അവിടെ
വ്യാകുലത എന്ന
ചിന്തയിൽ
ഞാനും
പൊട്ടിച്ചിരിച്ചു..

ഇനി
പ്രണയത്തെ
പ്രണയിക്കണ്ട
ഇനി
മരണത്തെ
പ്രണയിക്കുക

ഒടുവിലത്തെ
തോണിക്കാരന്റെ
നീട്ടിയ
മൃദുകരം -
ഏറ്റവും
ലളിതമായ
മൊഴികളിൽ
സ്വാഗതം -
മമതയുടെ
ആകാശഭാവങ്ങളില്ലാതെ
സ്വ:സമർപ്പണം..


ആതുരാലയങ്ങളും
ആരാധനാലയങ്ങളും
ഒരുപോലെ ..
രോഗങ്ങൾ
ദേവതകളാണ്
ഭിഷഗ്വരന്മാർ
ഭക്തർക്കും
ദേവതകൾക്കും
ഇടനിലക്കാർ ..
പ്രാർത്ഥന, വിശ്വാസം
സമർപ്പണം -
രണ്ടു പൂജാ ദിനങ്ങൾ -
സംസ്കൃത സാഹിത്യവും
ദർശനങ്ങളും മുഖ്യവിഷയമായി
പഠിക്കുന്ന ഞാൻ
ഭാരതത്തിന്റെ  
സാംസ്ക്കാരിക സമ്പത്തും
മൂല്യ ബോധങ്ങളും
ആധുനിക ലോകത്തിന്റെ
നിർമ്മിതിക്കാവശ്യമായ
രീതിയിൽ പുനരുപയോഗിക്കുന്നതിനെപ്പറ്റി
ചിന്തിക്കുന്നു. നവ കേരള
സാമൂഹ്യപുരോഗതിക്കുള്ള ഒരുപകരണമാണ് ഉന്നത വിദ്യാഭ്യാസം. ലോക മാറ്റത്തിനനുസരിച്ച് കേരള സമൂഹവും അതുൾക്കൊള്ളുകയും അനുകൂലമായ മാറ്റങ്ങള്‍ വരുത്തുകയും വേണം. പുതു തലമുറയുടെ സമഗ്രമായ പുരോഗതിയായിരിക്കണം ഉന്നത വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം. അത് എല്ലാ തട്ടിലും രാഷ്ട്ര നിർമ്മാണത്തിനുതകുന്നതായിരിക്കണം. 1957 ലെ ഇ. എം. എസ്. സർക്കാരിന്റെ വിദ്യാഭ്യാസ ബില്‍, 1987 ലെ നായനാര്‍ സർക്കാരിന്റെ സമ്പൂർണ്ണ സാക്ഷരതാ പ്രസ്ഥാനം , 1996 ലെ വിദ്യാർത്ഥി സൗഹൃദവും പ്രായോഗികതയിലൂന്നിയുള്ളതുമായ പാഠ്യ പദ്ധതികള്‍ ഇവയൊക്കെ ഉന്നത വിദ്യാഭ്യാസത്തെ മൂല്യവത്ക്കരിച്ചിട്ടുണ്ട്. ഉടനേ നടപ്പിൽ വരാനിരിക്കുന്ന ദേശീയ വിദ്യാഭ്യാസ നയമനുസരിച്ചുള്ള പരിഷ്ക്കരിച്ച ഡിഗ്രി പി ജി സിലബസുകൾ ഉന്നത വിദ്യാഭ്യാസ രംഗത്തെ വിദ്യാർത്ഥി താലപര്യത്തെയും സ്വാതന്ത്ര്യത്തേയും മുൻ നിർത്തി
പുനർ നിർവ്വചിക്കുന്നുമുണ്ട്.
ഇപ്രകാരം സാംസ്ക്കാരിക വിനിമയത്തിലും മൂല്യബോധത്തിലും
അധിഷ്ഠിതമായ തലമുറ സമത്വത്തിലും
നന്മയിലും കേന്ദ്രീകൃതമായ
നവകേരള സൃഷ്ടിക്ക് 
തങ്ങളുടേതായ പങ്ക് വഹിക്കുമെന്ന്
ഞാൻ വിശ്വസിക്കുന്നു.

നവകേരള സൃഷ്ടി
എന്ന പദ പ്രയോഗം കൊണ്ട്
സാമ്പത്തികമോ

ആകാശത്തേയ്ക്ക്
വിരൽ നീട്ടാത്ത 
ഒരു മരം 
ചുട്ടുപൊള്ളുന്ന
മണ്ണിലേയ്ക്ക്
തണൽ ചായ്ക്കാത്ത
ഒരു മരം
കിളികുലത്തിന്
കൂടൊരുക്കാൻ
ചില്ല നീട്ടാത്ത
ഒരു മരം
തനിക്കു വേണ്ടി
മാത്രം
തളിർക്കുന്ന
പൂക്കുന്ന
ഒരു മരം
എന്തിനാണ് ?
ശത്രു നിരയ്ക്ക്
നിഷേധ ദ്വന്ദ്വങ്ങൾക്ക്
വെല്ലുവിളിത്തോറ്റങ്ങൾക്ക്
മത്സരച്ചീറലുകൾകൾക്ക്
ഒരു മാറ്റവുമില്ല
അമ്മത്തണലോ
ഉടപ്പിറപ്പോ
പിതൃദായമോ
ഇല്ലാത്ത
ഏകാന്ത സൈന്യത്തിന്
തോൽവി ഉറപ്പാണ്
ഇനിയത്തെ
കൂടുമാറ്റം
മഹാമൗനത്തിലേയ്ക്ക്
മറവിയിലേക്ക്
സമാധിയിലേക്കെന്ന്
സന്ദേഹം..
പൂക്കളെ
ഗന്ധങ്ങളെ
പ്രണയത്തെ
മറന്ന് മറന്ന്
ഞാൻ ..
സ്മൃതിയുടെ
നഷ്ടപ്പെട്ട
നാഗമാണിക്യം
തിരികെത്തരുന്ന
ഒരു
അടയാളവാക്യം
നീ ഓർമ്മയിൽ
വയ്ക്കണേ -
മറുകര 
കാണാനാവാത്ത
വിഷാദത്തിന്റെ
ചാവുകടൽ
നീ കാണുന്നില്ല..
ചിന്തകൾ 
ആർത്തു വിളയുന്ന
മനോചത്വരങ്ങളിലേക്കും
നീ കണ്ണയയ്ക്കുന്നില്ല ..
സ്വയം മറക്കുന്ന
നിറമൗനത്തിന്റെ
വാചാലതയിലും
നിന്റെ
കണ്ണെത്തുന്നില്ല..
ഞാൻ ഞാനായ്
നിറയുന്ന
ആനന്ദത്തിന്റെ
പുഴയിലും
നീ ഇറങ്ങുന്നില്ല..
ഇനിയൊരു
വെള്ള വിരിച്ച
ആകാശമാർഗ്ഗമേ
കൺമുന്നിലുള്ളൂ
അവിടെയെങ്കിലും
നീയെനിക്കൊപ്പം
നടക്കുമോ?

ആകാശം മുഴുവൻ
നിഴൽ വീശുന്ന
മരത്തിന്റെ
മമതയുടെ
വേരുകൾ ചെന്നു
തൊടുന്നത്
ഒന്നിലുമലിയാത്ത
കല്ലിന്റെ
ഹൃദയത്തിലാണ് ..
ചുറ്റിപ്പിടിയ്ക്കുന്ന
വേരുപടലത്തോടു
മുഖം തിരിക്കുന്ന
കല്ലിനോട്
ഓരോ 
ജീവകോശത്തിലും
നീ 
നിറഞ്ഞിരിക്കുന്നുവെന്ന്
മരത്തിന്റെ
ഇലച്ചിരി -
നിന്നെ സ്നേഹിക്കുകയെന്നാൽ
തീ പിടിച്ച കാടിന്റെ ഹൃദയത്തെ സ്നേഹിക്കുകയെന്നാണ് -
കാടു പോറ്റുന്ന
കിളികുലത്തിന്റെ മുഴുവൻ
മൃദുലതയ്ക്കും
കൈ നീട്ടുമ്പോൾ
കാടു വിടർത്തിയിട്ട
പച്ചപ്പിൽ
തലചായ്ക്കുമ്പോൾ
ചുട്ടുപൊള്ളി ചുരുണ്ടു -
പിടഞ്ഞുതുള്ളുന്നു

നിന്നെ സ്നേഹിയ്ക്കുകയെന്നാൽ
അലറിച്ചീറുന്ന
അലകടലിനെ
സ്നേഹിക്കുകയെന്നാണ്
ആഴങ്ങളിൽ ഒളിപ്പിച്ചു വച്ച
അനന്തരത്നങ്ങൾ
തിരഞ്ഞുഴറുമ്പോൾ 
ചിതറിത്തെറിച്ച് നൂറായ്
നുറുങ്ങി ഒടുങ്ങുന്നു..

നിന്നെ അറിയുകയെന്നാൽ
അതിഗഹനമായ
അകാശത്തെ
അറിയുകയെന്നാണ്
രൂപ ഭാവഭ്രമങ്ങളില്ലാതെ
അറിഞ്ഞറിഞ്ഞ്
ഞാനുമില്ലാതെ
അലിഞ്ഞു ചേരുന്നു ..



കാറ്റായ് വന്നു 
തൊടുമ്പോൾ
പ്രാണന് ഏതു
തടവറയും തകർക്കുന്ന
പ്രവാഹവേഗം

നിന്റെ
ശബ്ദസ്പർശത്തിൽ
ഉറ പൊട്ടുന്നു
ആയിരമായിരം
സ്വരനദികളുടെ
മഹാകാശപ്പരപ്പ്

ഉടൽപ്പുതപ്പിലൊന്നു
വിരൽ തൊടുമ്പോൾ
ആകെപ്പൂത്തുലാവുന്ന
കണിക്കൊന്നയുടെ
ഒളിമങ്ങാത്ത
കാന്തിപ്രസരം.

ഹൃദയം കൊണ്ടളന്നു
 തന്ന മമത്വ
ഭാവങ്ങളിലൊക്കെ
പരാനുഭൂതികളുടെ
അലയൊടുങ്ങാത്ത
നീല സാഗരം...

കൊടുങ്കാറ്റിനെ
മഹാകാശത്തെ
അലകടലിനെ
തടയാനാവാത്തതു
കൊണ്ടാണ്
കാറ്റായ്
ശബ്ദമായ്
സ്പർശമായ്
നീയെന്നെ
വന്നു തൊടാത്തത്..






ചിരിയോർമ്മയിൽ
നോട്ടപ്പാടിൽ
വെയിലും
മഴയുമറിയാതെ
കാതങ്ങളോളം
നടന്നു 
തീർത്തവൾക്ക്
വരൂ എന്ന
വാക്കിന്റെ
പാതിമതി.
ഒന്നു കേൾക്കൂ
എന്നു കരഞ്ഞു 
നിന്നവൾക്കും
നില്ക്കൂ എന്നു
പിന്നാലെ വന്ന്
കൈ നീട്ടി
വിളിച്ചവൾക്കും
ഒരു വാക്കിന്റെ
പാതി പോലും
വേണ്ട.
എന്നിട്ടും
ഒരു കടലോളം
ഓർമ്മകളുടെ
മുക്കുടിയിൽ
നൂറ്റൊന്ന് കുടം
കണ്ണീർ ധാരയിൽ
തളർന്ന്
ഉറങ്ങാതിരുന്നു
ഞാൻ -


നൊന്തുരുകി
തിളച്ച് മറിഞ്ഞ്
പാറ പോലെ
നിസ്സംഗരായവർ
കുറേയുണ്ട് -
കലഹിച്ചും 
മുറിപ്പെട്ടും
മൗനികളായവരുമതേ.
പ്രതീക്ഷകളിൽ
മുങ്ങിമരിച്ചു 
പോയവർ
എത്രയോ -
നിരാസമെന്ന
പദത്തിൽ
പ്രാണനൊടുക്കി
യവരുമതേ-
പ്രണയികളുടെ
ബലിക്കൽപ്പുരകളിൽ
 ഹൃദയം
അറുത്തു നിവേദിച്ചവരും
എത്രയോ ..
പേരും മുഖവും
വെളിപ്പെടാതെ
കണ്ണീരുപ്പുപരലിൽ
മരിച്ചു വിറങ്ങലിച്ചത്
ഞാൻ മാത്രം..

എന്തെങ്കിലും
വ്യതിരിക്തമായത്
സൃഷ്ടിക്കാനല്ലെങ്കിൽ
(significant എന്നു
പറയുന്നില്ല )
ഏകാന്തമായ
ഇരിപ്പിടങ്ങൾ
self centered
ആകാനേ
കാരണമാവൂ.
മറ്റൊന്നിന്
പ്രാമുഖ്യമില്ലാത്ത
Discipline ഉം
മറ്റാർക്കും
പഴുതില്ലാത്ത
മനസ്ഥലികളും
അല്ലെങ്കിലേ
ജന്മസിദ്ധം.
കുറച്ചു കൂടി
ഇരുണ്ട 
ദുർഗ്ഗമമായ
ഒരു കോട്ടയായി
പരിവർത്തിക്കേണ്ടതുണ്ടോ ?
ഭ്രമണപഥം
നഷ്ടപ്പെട്ട
സൂര്യകാന്ത പ്രശ്നങ്ങൾ .


യാത്രയ്ക്കിടെ കണ്ട 
ആകാശത്തിൽ
നിറയെ
നീലിമയും 
വെണ്‌മയും 
തന്നെ ആയിരുന്നു.
പക്ഷേ നോക്കി 
നോക്കിയിരിക്കെ
ഞാൻ യാത്ര ചെയ്യുന്നത്
ആകാശത്തിലൂടെയാണെന്ന് 
തോന്നാൻ തുടങ്ങി ..
പിന്നത്തെ അനുഭവം
ഞാൻ തന്നെ ആകാശമായി മാറുന്നതാണ് -
പേടി തോന്നി -
നാമരൂപങ്ങളുള്ള
ഞാനായി 
തിരിച്ചെത്താനായില്ലെങ്കിലോ -
ഞെട്ടിത്തിരിച്ചു പോന്നു..
ഇങ്ങിനെ
സ്വയം 
ദൃശ്യമായിത്തീരുന്ന
അനുഭവങ്ങൾ
ഒന്നിലേറെയുണ്ട്.
എത്ര
നിഷേധിച്ചാലും
ചിന്ത കൊണ്ടുള്ള
ഈ രൂപാന്തരം
 സത്യമാണ്.
ഞാൻ നീയായിത്തീരുന്ന
അദ്വൈതാനുഭൂതി ..
"അപ്പോൾ സൗമ്യ
അണുരൂപത്തിലുള്ള ആ 
നിത്യസത്തയുടെ ഭാവങ്ങളാണ്
ഇതെല്ലാം. അത് സത്യമാണ്
അത് നീയാണ്. "



നിന്റെ ആതുര 
ശിശ്രൂഷാപ്പെട്ടിയിൽ
വേദനാസംഹാരികളൊന്നുപോലുമില്ല.
പൊട്ടിയൊലിക്കുന്ന
മുറിവുകളിൽ
പുരട്ടാൻ
സ്നിഗ്ദലേപനങ്ങളില്ല
ശ്വാസം മുട്ടിപ്പിടയുന്നവർക്കുള്ള
മൃതസജ്ജീവനികളില്ല
കെട്ടുപോകുന്ന
ജീവനിൽ
തളിയ്ക്കാൻ
സിദ്ധൗഷധങ്ങളൊന്നുമില്ല

മൃത്യു മുഖത്ത്
വലിച്ചിടുന്ന
ചെംപട്ടിന്റെ
നിർവ്വികാരതയുള്ള
കാലഹരണപ്പെട്ട
മരുന്നു കൂട്ടുകൾ
വലിച്ചെറിഞ്ഞേക്കുക

എപ്പോഴെങ്കിലും
കണ്ടെത്താനിടയുള്ള
കരുണയുടെ
തേൻ പുരട്ടിയ
ഒരൊറ്റമൂലി
നിന്നെ സർവ്വരോഗ
സംഹാരകനാക്കട്ടെ ..


Elective,
VAC, SEC . Signature - കോഴ്സുകളുണ്ട്.
നമ്മൾ ആഗ്രഹിക്കുന്ന തരത്തിൽ
Design ചെയ്ത് കൂടയിലിടാവുന്നവ -
മേജർ മൈനർ
നിർദ്ദേശങ്ങൾ 
അംഗീകരിക്കുന്നില്ല
എന്ന
അനിഷ്ടത്തിൽ
നിന്നായിരുന്നു
അവളുടെ രോഷപ്രകടനം ..
ഊള , മൂടുതാങ്ങി
തുടങ്ങിയ പദങ്ങളുടെ
ശക്തി മുഴുവൻ 
മനസ്സിലായി -
നെഞ്ചിലൊരു
കരിങ്കല്ലെടുത്തു 
വച്ചതുകൊണ്ട്
ശ്വാസം കിട്ടാതെ 
ഉറക്കം
കാത്തു കിടന്ന 
രാത്രിയായിരുന്നു
അത്.
കഴിവുകേട് ,
വിഡ്ഢിത്തം..
ദൗർബ്ബല്യം ,
ഭീരുത്വം..
മാതൃകയല്ല ...
മുഴുവനായും
അറിയുന്ന
ഏറ്റവും 
പ്രിയപ്പെട്ടവളും
ഇങ്ങിനെയൊക്കെയാണ്
പറയുന്നത്.

അലങ്കാര വിളക്കുകൾ
പരവതാനികൾ,
ചുറ്റുമതിൽ,
കവാടം,
വെള്ളപൂശൽ,
അടുക്കിയൊതുക്കലുകൾ..
ഗൃഹേശ്വരാ,
നിർമ്മാണ പ്രവർത്തനങ്ങൾ
പൂർണ്ണമല്ലേ -

അരയങ്കാവിൽ
മൂലമന്ത്ര പുഷ്പാർച്ചന
അയ്യൻ കോവിലിൽ
കരിക്കഭിഷേകം
തൃപ്പക്കുടം തേവർക്ക്
നൂറ്റൊന്നു കുടം ധാര ..
പുതുവാമന വിധിച്ചതാണ്
ഏറ്റുമാനൂരപ്പന്
വെള്ളിനൂൽ -
പൂർണ്ണ ത്രയീശന്
പന്തീരാഴി ..
ഇല്ല, കഴിഞ്ഞിട്ടില്ല
ജ്യോതിസ്വരൂപനേ -

വീടെവിടെയാണ് ?
വീട്ടിലേക്കുള്ള
വഴി ഏതാണ്?
തിരക്കുകൾ,
വിളികൾ,
ബദ്ധപ്പാടുകൾ - 
എല്ലാമറിയുന്നതു കൊണ്ട്
അതും അറിയാമെന്ന
ഉറപ്പിലായിരുന്നു..

കല്ല്, മണ്ണ്
മണൽ, സിമന്റ്
ഇവ ചേർന്ന
വാർപ്പു മാതൃക
വീടാകുന്ന
മാറ്റ
കാഴ്ചയിലേക്കുള്ള
വഴിയേതാണ് ?
മേമ്പൊടി ചേർക്കാതെ
വിളിച്ചപ്പോൾ
വഴി പറഞ്ഞില്ലല്ലോ.
വീടെവിടെയാണ് ?
വീട്ടിലേയ്ക്കുള്ള 
വഴിയേതാണ് ?

വാക്കിൽ
വജ്രകുണ്ഡലങ്ങളുടെ
പ്രഭാപ്രസരം
വാക്കിൽ
പൊരുതി നിന്നവളുടെ
വിളിപ്പേര്..
വാക്കിൽ
മുങ്ങി നിവരാനൊരു
പുണ്യതീർത്ഥം
മണികർണ്ണികാകാരനേ
വാക്കിന്റെ ഉടമസ്ഥതയിൽ
നീയും തടവുകാരൻ
വഴിമരങ്ങളൊക്കെ
മലർവിതറി
രാജാവിനെ 
എതിരേല്ക്കുന്നുണ്ടാവാം
കിളികൾ
വന്ദിഗീതം
പാടുന്നുണ്ടാവാം..
എത്ര
വാചാലമാണീ 
ദിനങ്ങൾ ..

തോരാത്ത മഴയും
മരങ്ങൾക്കിടയിൽ
തിങ്ങിക്കൂടുന്ന
ഇരുട്ടും തോർന്നാലും
 മഴയായ് പെയ്യുന്ന
ചെറുകാറ്റനക്കവും
ആകെ
ഇറുത്തു നില്ക്കുന്ന
ഉച്ചകളുമുള്ള
കർക്കിടകം
വല്ലാതെ
ഉലച്ചിട്ടുണ്ട്..
ഇതുപോലുള്ള
ഒരു പകൽ
ഡിബി കോളേജിന്റെ
ഓഫീസ് വരാന്തയിൽ
മഴയായ് പെയ്തു നിന്നിട്ടുണ്ട്.
'എന്റെ ബ്രദറിന് ഇന്റർവ്യൂ കാർഡ്
വന്നിട്ടില്ല
316 മാർക്കുണ്ട്
ഫോർത്ത് ഗ്രൂപ്പിന്
അപേക്ഷിച്ചിരുന്നു.
മറ്റെവിടെയും കൊടുത്തിട്ടില്ല..'
സൂപ്രണ്ടിനോട്
ഇങ്ങിനെയൊക്കെത്തന്നെയാവണം
പറഞ്ഞത് , കണ്ണിൽ നിന്ന്
 മഴ പൊഴിഞ്ഞത്
നന്നായോർക്കുന്നു..
അച്ഛന്റെ മരണശേഷം
ആദ്യമായി കോളേജിൽ പോയതാണ്.
കുട്ടന്റെ അഡ്മിഷൻനെന്തായെന്നന്വേഷിക്കാനാണ് ഓഫീസിൽ പോയത്.
അങ്ങിനെ ഒരന്വേഷണമേ
വേണ്ടി വന്നുള്ളൂ. കുട്ടന്
ഫോർത്ത് ഗ്രൂപ്പിന്
പ്രവേശനം കിട്ടി.

 കല്ലു കൊണ്ടുള്ള
ഒരു ശ്രീകോവിലിനു
മുന്നിൽ നില്ക്കുന്നു.
കയ്യിലൊരു സ്റ്റീൽ ഗ്ലാസിൽ എണ്ണയുണ്ടായിരുന്നു
അത് മറ്റൊരു പാത്രത്തിലേക്ക് മറിഞ്ഞു പോയി. വെള്ളം കലർന്ന എണ്ണ ഞാൻ കൽവിളക്കിൽ
ഒഴിക്കുന്നതാണ് സ്വപ്നം.
ഒരു ചെറിയ ട്രെയിൻ ഓടിക്കൊണ്ടിരിക്കുകയായിരുന്നു. ഒരു വല്യ കല്ലിൽ തട്ടി
അതിന്റെ ദിശ മാറിപ്പോയതാണ് മറ്റൊരു സ്വപ്നം -

എത്രയോ കാലമായി
സങ്കടം പറയുന്നു..
ഒരൊടുക്കത്തെ
സങ്കടം പറച്ചിൽ
സാധിക്കുമോ,
എന്നിട്ടെല്ലാം 
കുടഞ്ഞ് കളഞ്ഞ്
ഏകമുഖിയാകുന്ന
അവസ്ഥ. ഒരു പണ്ഡിതീയുഗം 
തുടങ്ങുന്നു,
 വിരാമ കാലവും . .

എന്തൊരു
നുണകളാണ്
കല്പനകൾ -
ഒന്നും
പഴയതു 
പോലെയാവില്ല.
ഒന്നും
ബാക്കിയാവുന്നില്ല.
മാദ്ധ്യമം തന്നെ
മായ്ച്ചു കളയാം..
മതി. വിരാമം.


വേദാന്ത സിദ്ധാന്തങ്ങളേക്കാൾ രസസിദ്ധാന്തങ്ങളാണ്
കേട്ടതെന്നു പറയാം -
രാജേന്ദ്രൻ , മുരളീമാധവൻ
വി.ആർ മുരളീധരൻ
പി.വി. നാരായണൻ
സുന്ദരേശ്വരൻ
പി.വി. രാമൻകുട്ടി
താങ്കളുടെ
സുരേന്ദ്രൻ മാഷ് -
അജു . കെ. നാരായണൻ
കെ.എസ്. ഷൂബ
വത്സലൻ വാതുശ്ശേരി ..
ഇനിയുമുണ്ട് പേരുകൾ -
ക്ലാസ്സിൽ
സാഹിത്യ വിദ്യാർത്ഥികളായിരുന്നുവെങ്കിൽ
നന്നായിരുന്നു
എന്നുപറഞ്ഞ്
എന്നെ പുറത്തേയ്ക്കു
മാറ്റി നിർത്താൻ
ആഗ്രഹിച്ച
താങ്കളും -
സങ്കല്പത്തിലെ
ക്രാന്തദർശിയായ
മേധാവി എവിടെ ?

ആചാര്യൻ
അപരലോകത്തിന്റെ
സ്രഷ്ടാവായി മാറുന്നത്
അനുഭവിച്ചിട്ടുണ്ട് ഞാൻ -
ഉള്ളിൽ രസം നിറഞ്ഞ്
അലൗകികാനുഭൂതിയിൽ
സ്വയമലിഞ്ഞിട്ടുണ്ട്.
സ്മൃതിശുദ്ധികളിൽ
വീണ്ടുമാ ആനന്ദലോകത്തിന്റെ
വിശ്രാന്തിയിലേക്ക്
തിരിച്ചു പോയിട്ടുമുണ്ട്. ശരീര
ബദ്ധമല്ലത്.
അസാധാരണം,
അനിർവ്വചനീയം ..
എല്ലാ അനുഭവങ്ങളേയും
രേഖപ്പെടുത്താൻ
വാക്കുകളില്ല ഭാഷയിൽ.
അതുകൊണ്ടാണ്
കവിതയുണ്ടായത്.
മാനുഷ്യകത്തിന്റെ
പരിമിതികളിൽ നിന്ന്
ഉയർന്നുയർന്ന്
പ്രകാശ ലോകങ്ങളെ 
ചുംബിക്കുന്ന
അവസ്ഥയുണ്ട്.
താങ്കളും
ശിക്ഷക പദവിയിൽ 
നിന്നുയർന്ന്
രക്ഷകനായും
പിതൃബിംബമായും
പരിണമിക്കുകയും
അസാധാരണ 
പ്രകാശ ലോകങ്ങൾ
സൃഷ്ടിക്കുകയും 
ചെയ്തിട്ടുണ്ട്.
അറിഞ്ഞിട്ടുണ്ട്. 
തീർച്ച .

എഴുതിയെഴുതി
ചോരതുപ്പുന്ന ഹൃദയം
ചവിട്ടിയരച്ചു
നടന്നു പോകുന്ന
വഴിയാത്രക്കാർ
കണ്ണീർക്കനലിൽ
ചുട്ടു വെന്ത
ഉടൽ തിന്നു തീർക്കുന്ന
സുഹൃത്തുക്കൾ
കാഴ്ചകളുടെ
കടന്നൽക്കൂട്
പെരുക്കുന്ന
തലച്ചോറ് ചുഴ്ന്നു
നോക്കുന്ന
സഹയാത്രികൻ
വിഷാദത്തിന്റെ
മൃതിയുടെ
കറുത്ത പൂക്കൾ കൊണ്ട്
എല്ലാവർക്കും
അത്താഴ സദ്യ - 

ഉപ്പേറുന്നതു 
കുറ്റമായ്ക്കണ്ട ബാല്യം
ഉപ്പേറാതെ കുറയാതെ
സമരസപ്പെടാൻ
പണിപ്പെട്ട കൗമാരം
ഉപ്പേറി കയ്ച്ച യൗവ്വനം
ഉപ്പേറിയാലും
കുറഞ്ഞാലും
ഒന്നുമില്ലെന്നറിഞ്ഞ
വർത്തമാന കാലം
ആ ഒരൊറ്റ
അറിവിലാണ്
തലകീഴായി നില്ക്കുന്ന
വംശവൃക്ഷത്തിന്റെ
മുകളറ്റം കണ്ടത് ..
വിത്തിനുള്ളിൽ
ആൽമരം
ഒളിച്ചിരുന്നത്..
നാമരൂപങ്ങളുടെ
ഉറയൂരി നീരൊഴുക്കുകളെല്ലാം
മഹാസാഗരമായത്
തടവിടങ്ങളിൽത്തന്നെ
സ്വയം ബന്ധിച്ച്
സ്വാതന്ത്ര്യം അളന്നത്..
പരമ തേജസ്സിലലിയുന്ന
മൃതി മോക്ഷത്തോളം
മധുരതരമായത് - -
   



കല്യാണ സൗഗന്ധികം
തേടിപ്പോയി
കാവൽക്കാരന്റെ
കുന്തമുനയിൽ
ഉണർന്നിരുന്നവനോട്
പൂക്കളെപ്പറ്റിപ്പറയാനാവില്ല
കല്ലും മുള്ളും ചവിട്ടിയ
കാടാറുമാസത്തിന്റെ
കയ്പു ചവച്ചു 
തുപ്പിയവനോട്
ഹൃദയത്തിൽ നിറഞ്ഞു
തുളുമ്പുന്ന
മധുപാത്രത്തെപ്പറ്റി
പറയുകയേ വയ്യ
കൂരിരുട്ടിൽ
ഒരേ കണ്ണു കൊണ്ടു കണ്ട
ഏകതാരകത്തെയും
കുത്തിക്കൊലപ്പെടുത്തുന്ന
നിർദ്ദാക്ഷിണ്യത്തോട്
പ്രതീക്ഷയുടെ
മരതക ദ്വീപിനേപ്പറ്റി
പറയാനാവില്ല
പക്ഷേ
നിസ്സംഗതയുടെ
കണക്കു 
പുസ്തകം തുറക്കാം
അക്കങ്ങളെപ്പറ്റി പറയാം
അവയ്ക്ക് രക്തവും
മാംസവും കൊടുത്ത്
ജീവൻ പകർന്നതിനെപ്പറ്റിയല്ല
നിർവ്വികാരമായ
രേഖകൾ കൊണ്ട്
അവ സൃഷ്ടിച്ച
ഭൗതിക ചലനങ്ങളെപ്പറ്റി മാത്രം.

കവിതകൾ

1 : ഭയഹരം   തീയാളും മിഴിയുള്ളവൻ     ഉത്തുംഗ പ്രണയത്തിന്റെ ഹിമാർദ്രതയ്ക്കു മേൽ        പാതിമെയ് കടം കൊടുത്തവൻ കേവലാഹ്ളാദത്തിന്റെ ചന്ദ്രികച്ചാറ...