1. നീലവിരിയിട്ട ജാലകങ്ങൾ
---------- -----------
ഇയാളെ എനിയ്ക്കറിയാം - അസാധാരണമായ ഒരുറപ്പോടെ അങ്ങിനെ പറയുമ്പോൾ അമ്മയുടെ പരിക്ഷീണമായ മുഖത്ത് ഒരു തിളക്കം മിന്നി മാഞ്ഞു. എങ്ങിനെ എന്ന ആശ്ചര്യം ചോദ്യമാകുന്നതിനു മുമ്പേ പതിവിൽക്കവിഞ്ഞ കടുപ്പം മുഖത്തു വരുത്തി അമ്മ അകത്തേയ്ക്കു പോയി. എന്റെയൊരു പരിചയക്കാരി അയച്ചു തന്ന ഒരു കുടുംബചിത്രം നോക്കുന്നതിനിടയിലാണ് അമ്മ വന്നതും ചിത്രം കണ്ടതും അറിയാം എന്നുറപ്പിച്ചതും പോയതും. ചിത്രത്തിനു താഴെയായി നിന്നോടടുത്തു നില്ക്കുന്ന എന്തോ ഒന്നുണ്ടതിൽ കണ്ടെത്തുക എന്നൊരു കുറിപ്പു കൂടി ഉൾപ്പെടുത്തിയിരുന്നു. എനിയ്ക്കാണെങ്കിൽ ഇത്തരം കുട്ടിക്കളികളിൽ താല്പര്യമേയില്ല. പക്ഷേ സ്വയം ഉൾപ്പെടാതെ കളിച്ച ഒരു കളിയിൽ കുറേയേറെ ഒരുമിച്ചായതിന്റെയൊരു സ്വാസ്ഥ്യമില്ലായ്മ എനിയ്ക്കുണ്ട്. കൃത്യമായ താല്പര്യങ്ങളില്ലാതെ കളിച്ച ഒരു കയ്യും പിടിച്ച് നിർവ്വികാരനായിരിക്കുക പലപ്പോഴും എന്റെ ശീലമാണ്. എന്നാലും അമ്മ എങ്ങിനെയറിയുമെന്നു ചോദിക്കാനെണീറ്റതാണ് ഞാൻ. അപ്പോഴാണ് ചാറ്റ് ബോക്സിലേക്ക് നീണ്ട ഒരു കുറിപ്പു പ്രത്യക്ഷപ്പെട്ടത്. "നമ്മുടെയൊക്കെ മനസ്സിൽ ചെറുപ്പകാലം മുതലുള്ള ഒരു പാടു നിയന്ത്രണങ്ങൾ പണ്ടേ ഉറച്ചു പോയ അനങ്ങാപ്പതിവുകൾ തകരാതിരിയ്ക്കാനും പുതിയ ഇമേജറികൾ ഉണ്ടാകാതിരിക്കാനുമാണു സഹായിക്കുക. മൗലികതയുള്ള സങ്കല്പനങ്ങളും വേറിട്ട ചിന്തകളും കുറേയൊക്കെ കയറൂരിവിട്ട കാഴ്ചയും കേൾവിയും അനുഭൂതികളുമൊക്കെ വേണം ക്രിയേറ്റിവിറ്റിയ്ക്ക്". ഒരു ഭിഷഗ്വരന്റെ ആശയങ്ങളെ പിന്തുടരുന്നു എന്ന സൂചനയ്ക്കു ശേഷം തനതു കണ്ടെത്തലും അവതരിപ്പിക്കുന്നുണ്ട്. ഉള്ളിലുള്ള അനുഭവ പ്രപഞ്ചത്തെ പുറത്തും പുറത്തനുഭവിക്കുന്ന മൂർത്ത പ്രപഞ്ചത്തെ ഉള്ളിലും സാക്ഷാത്ക്കരിക്കാനാവുന്നതാണ് സർഗ്ഗാത്മകതയുടെ പാരമ്യത". ഇത്തരം ആശയസംവാദങ്ങളോടു പ്രതികരിക്കാറില്ലെങ്കിലും താല്പര്യജനകമാണവ. പക്ഷേ എനിക്കു തീർച്ചയുണ്ട് സ്വയം ന്യായീകരിക്കാൻ കണ്ടെത്തുന്ന രക്ഷാമാർഗ്ഗങ്ങളാണിെതെല്ലാം. ഇങ്ങിനെ അക്ഷരശല്യങ്ങളിലൂടെ മനസ്സു വ്യഭിചരിക്കുന്നതിന്, മായാഭ്രമങ്ങളിൽ മുഴുകിപ്പോകുന്നതിനുള്ള ക്ഷമാപണം കൂടെ കൂടെ വരാറുണ്ട്. ഒപ്പം ഒരു മാന്ത്രിക ക്കുതിരപ്പുറത്ത് കടിഞ്ഞാണില്ലാതെ മേഘാ കാശപ്പരപ്പിലേയ്ക്കുള്ള നിരന്തര സഞ്ചാരങ്ങൾ അവർ തുടരുകയും ചെയ്യാറുണ്ട്. അവരെ ആദ്യം പരിചയപ്പെടുന്നത് ഒരു ചരിത്രവിദ്യാർത്ഥി എന്ന നിലയിലാണ്. എന്റെ ഗവേഷണ പ്രവർത്തനങ്ങളുടെ ഭാഗമായി ഞാൻ നടത്തിയ ചില ദേശസംബന്ധമായ അന്വേഷണങ്ങൾക്ക് ഒരു പാടു സഹായിച്ചു അവർ. സമയബോധമൊന്നുമില്ലാതെ തന്റെ കണ്ടെത്തലുകളൊക്കെ എന്നെയറിയിച്ചു കൊണ്ടിരുന്നു, ചിലപ്പോൾ ഒരു പേരു മാത്രം അയച്ചു തന്ന സന്ദർഭങ്ങളുണ്ട്. താല്പര്യമുള്ള വിഷയങ്ങളിൽ പൂർണ്ണമായും മുഴുകുന്ന സ്വഭാവം എന്നിൽ ആദരവുണ്ടാക്കിയെന്നതു ശരി. പക്ഷേ നിരന്തരം തുടരുന്ന എഴുത്തുകൾ എന്നെ അലോസരപ്പെടുത്തി, തന്നെയുമല്ല കവിതകളെപ്പറ്റി അവർ വാചാലയാകുമ്പോൾ ഞാൻ മുഷിഞ്ഞിരുന്നു. എങ്കിലും ഒരു പ്രസിദ്ധ കവിയുടെ രചനകളിൽ പ്രണയവും വിപ്ളവവുമില്ലാത്ത വരികൾ കുറവാണ്, നിനക്കു പകർത്തിയയയ്ക്കാൻ വേണ്ടി പല തവണ വായിച്ചു കണ്ടെത്തിയതാണെന്ന പ്രസ്താവന എന്നെ രസിപ്പിച്ചു. ആവർത്തിച്ചു വരുന്ന സാമൂഹ്യ നിരീക്ഷണങ്ങൾ, ഫലിതോക്തികൾ എല്ലാമെന്നെ ആ വർത്തമാനപ്പെട്ടി തുറക്കാൻ പിന്നെയും പ്രേരിപ്പിച്ചു. എല്ലാറ്റിലും മൗലികതയുണ്ടെന്നു തോന്നിയിട്ടും പ്രതികരിക്കാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. എന്റെ നിരന്തരമൗനം അവരെ വേദനിപ്പിച്ചിരിക്കണം, പലവട്ടം പിൻ വാങ്ങുകയും എഴുതാതിരിക്കുകയും
കയും പിന്നെയും പ്രത്യക്ഷപ്പെടുകയും ചെയ്യുന്നത് ഒരു സ്വഭാവമായി ഞാനെണ്ണി, പലപ്പോഴും അവഗണിച്ചു, തുറക്കാതെ വച്ചു. പക്ഷേ ഇപ്പോൾ മേൽവിലാസക്കാരനറിയാതെ പോസ്റ്റ് ബോക്സിൽത്തന്നെ വിശ്രമിക്കുന്ന സന്ദേശങ്ങൾ എന്ന തലക്കെട്ടോടെ വന്ന കുറിപ്പ് ഞാനൊന്നു തുറന്നു നോക്കി എന്നു മാത്രം. ആ വായനയും കൗതുകവും ഒക്കെ അവിടെ ഉപേക്ഷിച്ച് അമ്മയോടതിനെപ്പറ്റി ചോദിക്കാനൊന്നും നില്ക്കാതെ ഞാനെന്റെ തിരക്കുകളിലേക്ക് മടങ്ങി.
പിന്നീടൊരിയ്ക്കൽ 'നിങ്ങളൊരു കുടിയേറ്റക്കാരനാണ്, രാഷ്ട്രീയപരമായും സാമൂഹ്യപരമായും. സ്വന്തം ഇടം നഷ്ടപ്പെട്ടവൻ, എത്തിച്ചേർന്നിടത്ത് ഇണങ്ങാത്തവൻ' ഇങ്ങിനെയൊരു നിരീക്ഷണം ഞാൻ കണ്ടിരുന്നു, പലപ്പോഴും എന്റെ മുഖം മൂടികൾ വലിച്ചു മാറ്റുന്ന ചില സംബോധനകളും എന്നെ സ്പർശിച്ചു തന്നെയാണ് മാഞ്ഞു പോയത്. എങ്കിലും ഇതൊന്നും അറിയുന്നില്ലെന്നു ഭാവിയ്ക്കാൻ
എന്റെ സ്ഥിരം നാട്യങ്ങളെന്നെ സഹായിച്ചു. നിശ്ശബ്ദത പാലിക്കുക, ഗൗരവം സൂക്ഷിയ്ക്കുക, അവഗണിയ്ക്കുക - ജീവിതത്തിൽ ഉറച്ചു നില്ക്കാൻ സഹായിക്കുന്ന കുറേ ഘടകങ്ങളെ ഞാൻ കണ്ടെടുത്തു പരിപോഷിപ്പിച്ചിരുന്നു. അതെന്നെയെല്ലാ വിഷമഘട്ടങ്ങളിലും ഏറെക്കുറെ സഹായിക്കുകയും ചെയ്തു.
കുറേക്കാലത്തിനു ശേഷം ഒരു കാല്പനിക കവിയെ സൂചിപ്പിച്ചു കൊണ്ട് അവർ തുടർന്നു.. കാല്പനിക ഭ്രമമെന്ന കൊടും പാപത്തിൽ നിന്ന് കുറേയൊക്കെ മോചിതയാണിപ്പോൾ. ഞാൻ സ്വപ്നം കണ്ട അതേ വഴികളിലൂടെ ഒരുപാടുപേർ നടന്നിട്ടുണ്ട്. അവരെയൊന്നും വൈയക്തിക ദുഃഖങ്ങളല്ല അലട്ടിയിരുന്നത്. തീർത്തും അവ്യാഖ്യേയമായ പ്രാപഞ്ചിക ദുഃഖങ്ങളാണ്, അതു മുഴുവൻ ഹൃദയത്തിലേറ്റിയതിന്റെ വ്യഥകളാണ് എപ്പോഴും അവരെ പിന്തുടർന്നിരുന്നത്. വിഷയാസക്തികളിൽപ്പെട്ടുഴന്ന് ഒടുങ്ങാത്ത പ്രാണസങ്കടങ്ങൾ ഏറ്റുവാങ്ങുമ്പോഴും ഭൗതികമോഹത്തിന്റെ വിപരീത ദിശയിലുള്ള നിത്യാനന്ദത്തിനടുത്തെത്താനാവാത്തതിന്റെ ഉത്ക്കണ്ഠയാണ് ചിരവിഷാദമായ് അവർക്കുമേലെ പെയ്തു നിന്നത്." തീർത്തും ഭൗതികവാദിയായയെനിയ്ക്ക് ഇത്തരം കാല്പനികത വളരെ വേഗം ചെടിച്ചിരുന്നു, വെള്ളം കൂട്ടിപ്പോലും വിഴുങ്ങാൻ വയ്യ, നോക്കി വായിക്കാതെ വിടുകയാണു പതിവ്. പക്ഷേ ചില ഇമേജറികൾ എന്നെ അതിശയിപ്പിച്ചു. അപഥ സഞ്ചാരിയായ ദുർഗ്ഗംഗയെന്നും നിർവ്വികാരതയുടെ നീലാഞ്ജനക്കല്ലെന്നുമൊക്കെ എഴുതുമ്പോൾ അതിലൊരുദാത്ത സൗന്ദര്യം ഞാനും കണ്ടു. ഒഴിവാക്കാനും സ്വീകരിക്കാനുമിടയില്ലാത്ത എന്തോ ഒന്നെന്ന അവ്യക്തതയിലതിനെ ഞാനുപേക്ഷിയ്ക്കുകയും ചെയ്തു.
ഈയിടെയായി വരുന്ന രചനകളിലെ പുതിയ ദിശാബോധങ്ങൾ എന്നെയൊന്നമ്പരപ്പിച്ചു. ഒരു പ്രസിദ്ധനടിയുടെ മരണത്തിൽ എനിക്കു ദുഃഖമില്ല, അതേ ഭാവവും ഭംഗിയുമായ് നീയിവിടെയുണ്ടല്ലോ എന്നൊരു കൂട്ടുകാരിയോടു ഫലിതം പറഞ്ഞപ്പോൾ ആദിവാസി യുവാവിന്റെ മരണത്തിൽ എനിയ്ക്കും ദുഃഖമില്ലെന്ന മറുമൊഴി എന്നെ ആദി ദ്രാവിഡ സംഘബോധത്തിലെത്തിച്ചു എന്നെഴുതുമ്പോൾ ഒരു വികേന്ദ്രീകൃത സ്വത്വബോധമാണോ അവരുടെ പ്രശ്നമെന്നാലോചിച്ചു ഞാൻ. പിന്നെ ദൈനംദിന സമസ്യകളോടുള്ള സമരസപ്പെടായ്ക ഇത്തരം ഒരവസ്ഥയിലെത്തിയ്ക്കുമെന്ന് വെറുതേ കൂട്ടിച്ചേർത്തു. പക്ഷേ അനന്തരത്നങ്ങൾ ഒളിപ്പിച്ച സമുദ്രം ആസക്തിയുടെ കൈകൾ നീട്ടി ചന്ദ്രക്കലയെ പ്രണയിക്കുന്നതിരക്കിൽ എപ്പോഴും കെട്ടുപോകുന്ന ഒരു തുള്ളി പച്ചവെളിച്ചം മാത്രം സ്വന്തമായുള്ള മിന്നാമിനുങ്ങ് മാണിക്യ മരതകപ്രഭയിൽ തന്റെ പ്രാണപ്രതിഷ്ഠയ്ക്കു വേണ്ടി കാത്തിരിക്കുന്നത് കണ്ടതേയില്ല എന്നൊക്കെ വായിക്കുമ്പോൾ നൈതികതയുടെ അദൃശ്യമായ വരമ്പുകൾ തകരുന്നതിലെ അനിഷ്ടം നുരഞ്ഞു എന്നിൽ. അന്യരുടെ ദൗർബ്ബല്യങ്ങൾ സൃഷ്ടിക്കുന്ന ചിരിയിൽ ആദ്യം അഭിരമിച്ചാലും അതെന്നെ പിന്നീട് ചിന്തിപ്പിച്ചിട്ടുണ്ട്. നിഷേധിയ്ക്കാനെനിയ്ക്കു രണ്ടാമതൊരു തവണ ആലോചിക്കേണ്ടി വന്നില്ല. യാതൊരു സൗമനസ്യവും കാട്ടാതെ കടുത്ത ഭാഷയിൽ ഞാനതിനെ പരിഹസിയ്ക്കുകയും ആ വാതിലടയ്ക്കുകയുമാണു ചെയ്തത്. എന്നാൽ അതുണ്ടാക്കിയ അനുരണനങ്ങൾക്ക് പിന്നീട് ഞാൻ സാക്ഷിയായി.
അതൊരു പൊതു പരിപാടിയായിരുന്നു. ഏറെ പ്രമുഖർ നിരന്നിരിക്കുന്ന വേദിയിലേയ്ക്ക് അവർ പെട്ടെന്നു കടന്നു വന്നു. ഭാഷയുടെ സാംസ്കാരിക വിനിമയത്തെപ്പറ്റി പുതിയ കുറേ ആശയങ്ങൾ രൂപപ്പെട്ട വേദിയിൽ കയറി നിന്ന് സെമിനാറിന്റെ ബാനറിലേക്ക് വിരൽ ചൂണ്ടി ഭാഷയുടെ ഇത്തരം സാംസ്ക്കാരിക വിനിമയങ്ങൾ പണ്ടു പണ്ടേയുണ്ടായിരുന്നതാണ്. എല്ലാ സംസ്ക്കാരങ്ങളുടേയും കാതൽ കൊണ്ടും കൊടുത്തും രൂപപ്പെട്ടതാണ് എന്നു ഞാൻ പറഞ്ഞാൽ നിങ്ങൾക്കു നിഷേധിക്കാനാവുമോ എന്നു ക്ഷുഭിതയായി ഒരു പ്രമുഖന്റെ നേരെ ചൂണ്ടി നിങ്ങളുടെ അഭിപ്രായത്തോടെനിയ്ക്കു യോജിപ്പില്ലെന്നു പറഞ്ഞ് അസാധാരണ ഭാവങ്ങളിലേയ്ക്കു കടക്കുമ്പോൾ സംഘാടകർ അവരെ നിയന്ത്രിക്കുന്നത് അസുഖകരമായ ഒരു കാഴ്ചയായിരുന്നു. അവർ കല്ലുകൾ ചെത്തിപ്പടുക്കുന്നതു പോലെ ഒരാശയത്തിനു മേലെ വാക്കുകൾ കൊണ്ട് കോട്ട നിർമ്മിക്കുന്നതിന്, കൃത്യമായും പറയാനുദ്ദേശിച്ചത് കേൾവിക്കാരുമായി സംവേദനം ചെയ്യുന്നതിന് നിരവധി തവണ സാക്ഷിയായ എനിക്ക് അതൊരു വേദനിപ്പിക്കുന്ന കാഴ്ചയായിരുന്നു. എന്നിട്ടും ഞാനതിലത്രയൊന്നും ദുഃഖിച്ചില്ലെന്നതാണു സത്യം. അവർ എപ്പോഴും അസാധാരണമായിച്ചിന്തിയ്ക്കുകയും സംസാരിക്കുകയും ഇടപെടുകയും ചെയ്യുമെന്നൊരു കാഴ്ചപ്പാടും അതിനെ നിസ്സാരവത്ക്കരിക്കുന്ന പ്രതികരണങ്ങളും ഞാനെപ്പോഴും കരുതാറുണ്ട്. ഇത്തരം വിഭ്രാന്തികളെപ്പറ്റി സഹാനുഭൂതിയോടെ ചിന്തിയ്ക്കാനോ അതിനൊത്തു പോകാനോ എനിയ്ക്കു സാദ്ധ്യമല്ലെന്നൊരുറപ്പു കൂടി ഞാൻ രൂപീകരിച്ചിരുന്നു. ഒന്നും എന്നെ അലട്ടിയില്ല. അവരുടെ മതിഭ്രമങ്ങളും എഴുത്തിന്റെ മായക്കാഴ്ചകളും
സങ്കല്പനങ്ങളിലെ അതിഭാവുകത്വവും ഒന്നും എന്നെ സ്പർശിച്ചതേയില്ല. എഴുതുന്നതു പലതും അവർ അനുഭവിക്കുന്നതു തന്നെയെന്നെനിയ്ക്കുറപ്പുണ്ടായിരുന്നു. എല്ലായിടത്തും ഒരു നീരാളിക്കണ്ണ് സൂക്ഷ്മ സ്പർശിനികൾ നീട്ടി പിന്തുടരുന്നതിനെപ്പറ്റി വായിക്കുമ്പോൾ ഞാനുമതനുഭവിച്ചിരുന്നു. അത്രയേറെ കരുതലും കരുണയും അനുഭവപ്പെട്ടിട്ടും ഒരു നിരാസത്തിന്റെ മേലുടുപ്പണിഞ്ഞ് വേറെ ചില താല്പര്യങ്ങളിൽ ആണ്ടു മുങ്ങുകയായിരുന്നു ഞാൻ. അതുകൊണ്ട് ഒരനുഭവത്തിൽ അടങ്ങുന്ന നഷ്ടബോധങ്ങളോ സുഖദു:ഖങ്ങളോ
എന്നെ സ്വാധീനിച്ചില്ല. ഇത്ര സുരക്ഷിതനും ദീർഘദർശിയുമായ് നിലനിന്ന വളരെക്കുറച്ചിടങ്ങളേയുള്ളൂ എന്ന് ഒരു ജേതാവിന്റെ ചിരി സൂക്ഷിച്ചു ചിരിച്ചു ഞാൻ.
ആ സംഭവത്തിനു ശേഷം എങ്ങിനെയൊക്കെയോ സമനില വീണ്ടെടുത്ത് അവർ തനതിടങ്ങളിൽ ശബ്ദമുയർത്തി തന്നെ നിലനിന്നിരുന്നുവെന്നത് ഞാനന്വേഷിച്ചറിഞ്ഞിരുന്നു. പിന്നേയും എല്ലാം സാധാരണ പോലെ എന്നു തോന്നിപ്പിയ്ക്കുന്ന തരത്തിൽ അവരുടെ കുറിപ്പുകൾ എന്റെ ചാറ്റ് ബോക്സിൽ നിറഞ്ഞു കൊണ്ടിരുന്നു. വല്ലപ്പോഴുമൊന്ന് ഓടിച്ചു നോക്കിയെങ്കിലായി എന്നതിനപ്പുറം ഒന്നും ഞാനതിനെക്കുറിച്ച് ഓർക്കുന്നു തന്നെയില്ല.
പക്ഷേ ഇടയ്ക്കു ചില വാക്യങ്ങൾ, അന്നയെന്ന ദുരന്തനായി കയെപ്പറ്റി - അന്നയുടെ മോഡസ്റ്റിയും ഗ്രേസും മാത്രമല്ല ദുരന്തത്തിനു കാരണമെന്നും മറിച്ച് സ്വപ്നങ്ങളിലും വിഭ്രാന്തികളിലും അലയുന്നവളുടെ അനിവാര്യ ദുരന്തമെന്നും വ്റാൺസ്ക്കിക്കതിൽ പങ്കൊന്നുമില്ലെന്നും പറയുമ്പോൾ അതെന്നെയൊന്നുല യ്ക്കുക തന്നെ ചെയ്തു. പക്ഷേ എന്റെയൊരു സ്ഥിരം ശീലം ഒന്നിലും വികാരാധീനനാകാതിരിയ്ക്കുകയെന്നതാണ്. ജീവിതമെന്നത് വിലയേറിയതും സർവ്വ പ്രധാനവുമായ സ്വഭാവിക പ്രവർത്തനമാണ് എന്ന വിശ്വാസം, അതിന്റെ വ്യവസ്ഥയിലുള്ള വേവലാതി, നേർരേഖയിലുള്ള പ്രയാണം ഇതൊക്കെയാണെന്നെ ഭരിച്ചിരുന്നത്. വഴിമാറിയുള്ള ഒഴുക്കുകളൊന്നും എന്നെ ബാധിച്ചതേയില്ല.
ഭാവനയുടെ മഹാസിദ്ധിയെക്കൂട്ടുപിടിച്ച് അതിരുകളില്ലാത്ത കല്പനാ ലോകത്തു പറക്കുന്ന ഒരു പാടു രചനകൾ പിന്നേയും എന്റെ മേൽവിലാസത്തിലെത്തി, നോക്കിയും നോക്കാതെയും അവയെ മായ്ച്ചു കളയാൻ ഞാനും പഠിച്ചു കഴിഞ്ഞിരുന്നു. ആകാശത്തിനും മേലെ തങ്ങി നില്ക്കുന്ന ഗംഭീരമൗനത്തെയും ഭൂമിയുടെ ചിരിപ്പുതപ്പിനും മേലെ അടിഞ്ഞുകൂടുന്ന നിർവ്വികാരതയെയും വിടന്റെ കൈകളുമായെങ്ങും അലയുന്ന കാറ്റ് എല്ലായ്പ്പോഴും ചായുന്ന അലസ ലതകളെ വകഞ്ഞു മാറ്റി നില്ക്കാതെ പോയതുമൊന്നും ഞാൻ അറിഞ്ഞതേയില്ല. വിദഗ്ദമായി നിശ്ശബ്ദമായി എല്ലാ മനശ്ചാഞ്ചല്യങ്ങളേയും അതിജീവിക്കാനാവുന്നതിന്റെ ധാർഷ്ട്യത്തിലായിരുന്നു ഞാൻ. ചുറ്റുപാടുകളുടെ വന്യഭംഗിയിലേയ്ക്ക് , തലതല്ലിപ്പിടയുന്ന വെള്ളച്ചാട്ടത്തിലേക്ക് ഒന്നെത്തി നോക്കുക പോലും ചെയ്യാതെ സ്വന്തം മാളത്തിന്റെ സുരക്ഷിതത്വത്തിൽ തല പൂഴ്ത്തുന്ന ഒരു മുയൽക്കുഞ്ഞ് എന്നു മെന്റെ ഉള്ളിലുണ്ടായിരുന്നു. എങ്കിലും സ്വാതന്ത്ര്യത്തെ ആഘോഷമാക്കുന്ന അക്ഷരാധീനതകളിൽ കരിമ്പാറക്കൂട്ടത്തിൽ നിന്നുറവയെടുത്ത അലിവിന്റെ നീരൊഴുക്കുകളൊക്കെ ഉൾവലിഞ്ഞ് ചിരിപൂക്കാത്ത മുഖമുമായ് നില്ക്കുന്ന ഇലവുമരം പോലെ ശൂന്യ യാകുന്നതിനെപ്പറ്റിയെഴുതിയതും ഒരു മരണം എങ്ങിനെയായിരിക്കണം എന്ന ചോദ്യവും അതിന്റെ ഉത്തരവും എന്റെ കണ്ണിൽപ്പെട്ടിരുന്നു.
ഒരു മരണം എങ്ങിനെയായിരിയ്ക്കും..? തൂവൽ പോലെ കനം കുറഞ്ഞ് താഴേയ്ക്ക് താഴേയ്ക്ക്.. മഞ്ഞ പൂപ്പായയിലൊരു നിശ്ശബ്ദ ശയനം.. അല്ലെങ്കിൽ പൂവാക പോലെ ചുവപ്പാളിയാ ളിയൊരു പൂത്തിരി പോലെ കത്തിയമർന്ന് അഗ്നിലയനം.. ചില വരികൾ നന്നെന്ന ഭംഗിവാക്ക് ചുണ്ടിൽ കൊരുത്തതും കേവലാഭിനയമായിരുന്നു. പക്ഷേ ഒടുവിലെക്കാഴ്ചയെന്നെ വേദനിപ്പിക്കുക തന്നെ ചെയ്തു. എല്ലാത്തരം സാന്നിദ്ധ്യം ഉറപ്പിയ്ക്കലിൽനിന്നും പെട്ടെന്നൊരു പിൻവാങ്ങൽ, പലപ്പോഴും ഒരു കവിതയിലെന്നപോലെ വിക്ഷുബ്ധമായി കാണപ്പെടുന്ന മുഖം നിർവ്വികാരമെന്നു വ്യവഹരിക്കപ്പെട്ടത് എന്റെ ബുദ്ധിയെ പിടിച്ചുലയ്ക്കുക തന്നെ ചെയ്തു. പക്ഷേ അപ്പോഴും സൂക്ഷ്മ സംവേദനങ്ങളിലൂടെ എന്നിലേക്കെത്തിയ കല്പനാഭംഗികളോ താത്വിക വിചിന്തനങ്ങളോ ഭാവ സ്നിഗ്ദതകളോ അല്ല ഒരു പൊതു ചിത്രത്തിൽ നിന്ന് പെട്ടെന്നിറങ്ങിേപ്പോവുമ്പോഴുള്ള നിക
ത്താനാവാത്ത ശൂന്യതയാണെന്നെ നോവിച്ചത്. അതിനെന്തു പകരം വയ്ക്കും എന്ന ചോദ്യം പലവട്ടം സ്വയം ചോദിച്ചാണ് ഞാൻ വീടെത്തിയത്. പതിവിലും സഹാനുഭൂതി നിറഞ്ഞ മുഖവുമായി അമ്മ മുന്നിൽ. കുറേക്കാലം മുമ്പു ചോദിയ്ക്കാതെ മാറ്റി വച്ച ചോദ്യം.. "എനിയ്ക്കറിയാമായിരുന്നു നീയിന്നിതു ചോദിയ്ക്കുമെന്ന്.. അമ്മയുടെ മുഖകാഠിന്യം തീർത്തും ഇല്ലാതായതു പോലെ. "അച്ഛന്റെ സുഹൃത്തായിരുന്നു. പല തവണ ഇവിടെ വന്നിട്ടുണ്ട്. ഒരസാധാരണയിഷ്ടം പ്രകടമായിരുന്നു. മറ്റാരെയോ ആണ് എന്നിൽക്കണ്ടത്. ശബ്ദത്തോട് ഒരുപാട് മമത തോന്നുന്നുവെന്നു പറഞ്ഞു ഒരിക്കൽ. ഒരു സ്ത്രീയ്ക്കതു വളരെ വേഗം മനസ്സിലാകും. ഒഴിഞ്ഞു മാറാനും അതിലേറെയെളുപ്പമാണവർക്ക്. ഭൗതികാ സക്തികളൊന്നുമല്ല അയാളെ അലട്ടിയി രുന്നത്. മനുഷ്യന് ഈശ്വരനോടെന്നപോലെയുള്ള ഒരു ബന്ധം. കുറേക്കാലം കടുത്ത വിഷാദത്തിനടിപ്പെട്ട് ചികിത്സതേടിയെന്നൊക്കെ ഞാനറിഞ്ഞിരുന്നു. എവിടേയ്ക്കോ സ്ഥലം മാറിപ്പോയി പിന്നെ.' ഇത്രയും പറഞ്ഞതേ അധികം എന്ന മട്ടിൽ അമ്മ പോയപ്പോൾ ശബ്ദത്തെപ്പറ്റി അവരെഴുതിയതാണു ഞാനോർമ്മിച്ചത്. കൊടുങ്കാടിനു മീതെ മഴ പെയ്യുന്നതു പോലെ കാറ്റിൽപ്പെട്ട ഒരിലയുടെ സംത്രാസത്തെ അനുഭവിപ്പിയ്ക്കുന്ന ശബ്ദവിന്യാസമെത്രയോ പ്രിയതരമെന്നു വായിച്ചത് പെട്ടെന്നെന്നെയൊരു തിരിച്ചറിവിലേയ്ക്ക് കൊണ്ടു പോയി. ഇതൊരാവർത്തനമായിരുന്നു. മുമ്പു സംഭവിച്ചത് അതേ തരംഗായതിയിൽ ആവർത്തിയ്ക്കുകയായിരുന്നു. ഇനി പ്രയോജനരഹിതമായ ഒരു വീണ്ടുവിചാരത്തിനും നിൽക്കാതെ ഞാനീ ജാലകമടയ്ക്കുന്നു. ഒരിക്കലും തുറക്കേണ്ടതില്ലെന്ന ഉറപ്പോടെ.
-------------------------------------------------
2. നിത്യയുടെ കുമ്പസാരങ്ങൾ
________________________
നോക്കൂ, ആനന്ദ് –
എനിയ്ക്കത് അത്രയേറെ പ്രിയതരമാണ് – ഒരു മന്ത്രം ഉരുവിടുന്ന പവിത്രഭാവത്തിലാണ് നിത്യയതു പറഞ്ഞത്. ആനന്ദിന്റെ മുഖേത്തേയ്ക്കപ്പോൾ രോഷവും പുച്ഛവും ഇരച്ചുകയറുന്നതുകണ്ടിട്ടും പതറാതെ അവൾ തുടർന്നു. ബാഹ്യമായി ഞാനൊന്നും കാണുന്നില്ല. കണ്ണിന്റെ ആഴങ്ങളോ കൈവിരലുകളുടെ മെലിവോ ഒന്നും .. മിക്കപ്പോഴും അവനുണ്ടെന്നുപോലും തോന്നാറില്ല, അടുത്തുണ്ടായിരിയ്ക്കുമ്പോഴും.. പക്ഷേ അത്യപൂർവ്വമായി വന്നുതൊടുന്ന ഒരു വാക്ക്, ഒന്നുമില്ലതിൽ.. വെറും ശബ്ദം മാത്രം, അർത്ഥതലങ്ങളൊന്നുമില്ലതിന്.. സൌന്ദര്യാത്മകമായി അതിൽ യാതൊന്നുമില്ല.. എന്നാലും അതെന്നിൽ ഒരു പാടുമാറ്റങ്ങളുണ്ടാക്കുന്നു. പെട്ടെന്ന് മരിച്ചുജീർണ്ണിച്ചുതുടങ്ങിയ ഒരു ഭൂഖണ്ഡത്തിലേയ്ക്ക് ജീവൻ പെയ്തിറങ്ങുന്നതുപോലെ തോന്നും. സജീവതയും ഉണർവും ആകെക്കൂടെ നിറവും തോന്നും. ഇത്തിരിനേരത്തേയ്ക്ക്.. പിന്നെയും അത്തരമൊരു മുഹൂർത്തത്തിനുവേണ്ടി ദിവസങ്ങളോളം കാത്തിരിയ്ക്കേണ്ടി വരാറുണ്ട്. എന്നാലും ആനന്ദ്, ആ ഒരു വാക്കിൻറ ഓർമ്മയിൽ ഞാനവനോടു നിത്യാനുരാഗിയായ് തീരുന്നു. നിത്യ പറയാൻ വിചാരിച്ചതിൻറ ഒരംശം പറഞ്ഞു തീർത്ത് ആനന്ദിന്റെ മുഖേത്തേയ്ക്കുറ്റു നോക്കി . നിന്റെയീ ഭ്രാന്തുകൾക്ക് എവിടെയാണ് ഒരവസാനമെന്നൊരുഭാവമവൻറ മുഖത്തുണ്ട്, പക്ഷേ ഒന്നും പറയാതെ ക്ഷമയുള്ള ഒരു കേൾവിക്കാരൻറ വേഷം തുടരുകയാണവൻ - പിന്നെ വഴികളിലെല്ലാം ഞാനവനെയും കൂട്ടുന്നു..എല്ലാ വിഷമപ്രശ്നങ്ങളും അവൻറ മുന്നിൽ ഉത്തരങ്ങൾക്കായ് സമർപ്പിയ്ക്കപ്പെടുന്നു.. ദൈനംദിനജീവിതത്തിലെ കൊച്ചുകൊച്ചു സന്തോഷങ്ങളും അത്ഭുതങ്ങളും അതിമനോഹരമായ് അവനുവേണ്ടി പുനരാഖ്യാനം ചെയ്യുന്നു.. അടക്കിവച്ച നിലവിളികളും അതിരുകളില്ലാത്ത ഭയങ്ങളും ഞാൻ പറഞ്ഞുതീർക്കുന്നു..വാക്കുകൾ ഒടുങ്ങുന്നേയില്ല..ഒന്നും പറഞ്ഞു തീരുന്നുമില്ല.. അവൻ കേൾവി തുടരുന്നുണ്ടോ, മുഷിയുന്നുണ്ടോ എന്നു ഞാൻ നോക്കാറില്ല. എനിയ്ക്കവനേപ്പറ്റി ഒന്നും അറിയില്ല..ആ നിഗൂഢതയും അപ്രാപ്യതയുമാണ് എന്നെ ആകർഷിയ്ക്കുന്നത്. മോഹിപ്പിയ്ക്കുന്ന എന്തോ ഒന്നുണ്ടതിൽ.. ഞാൻ ഒരുപാടുദാത്തതയും ഗാംഭീര്യവും കൂട്ടിച്ചേർത്ത്ചിത്രത്തിന് മിഴിവുനല്കുന്നുമുണ്ട്.. ഞാൻ വാചാലയാകുന്നത് അത്തരമൊരു സങ്കല്പത്തിൻര അസ്ഥിവാരത്തിൽ നിന്നുകൊണ്ടാണ്..
ഞാനവനുവേണ്ടി കരുതിവയ്ക്കുന്നത് ഏറ്റവും മൃദുവായ വാക്കുകളാണ് ..., ഏറ്റവും സ്നിഗ്ദമായ കാഴ്ചകളാണ്, അലിവാർന്ന ഹൃദയമാണ്..നേർത്ത രുചികളുടെ വിരുന്നാണ്..അവനെൻറ മുന്നിൽ വഴി നടക്കട്ടെ.. തിരിഞ്ഞു നോക്കാതെ ഉറച്ച കാൽവയ്പുകളോടെ ഏറെത്തിടുക്കമില്ലാതെ അവൻ നടന്നു പോകട്ടെ.. ഇടയിലുള്ള അകലം കൂടുകയോ കുറയുകയോ ചെയ്യാതെ ഞാനും ആ വഴി തന്നെ നടന്നാലോ ഇങ്ങിനെയൊക്കെ ഞാൻ ചിന്തിച്ചുനിറയ്ക്കുന്നു ആനന്ദ്.. ഇപ്പോളാനന്ദ് അത്ഭുതത്തോടെയാണ് നിത്യയെ നോക്കുന്നത്..എനിയ്ക്കിവളെ മനസ്സിലാവുന്നേയില്ലെന്നൊരു ഭാവം പൊള്ളിത്തിണർത്തുനില്പുണ്ടവിടെ.. അതു നിത്യയ്ക്കത്ര പരിചിതമല്ല.. ഞാനറിയുന്നു, ഞാൻ കേൾക്കുന്നു, എന്നാണവൻറ സ്ഥിരം മുഖത്തെഴുത്ത് – ഇപ്പോൾ നിത്യയുടെ ഈ അതിർത്തിലംഘനം അവനെ വിഷമിപ്പിയ്ക്കുന്നുണ്ടാവണം. അതൊന്നുമറിയാതെ നിത്യ തുടർന്നുകൊണ്ടേയിരുന്നു.. പിന്നെ ആനന്ദ്, വല്ലാത്ത യുദ്ധങ്ങളാണു മനസ്സിൽ..ഏതു കളത്തിലാണു നില്ക്കേണ്ടത്, എന്താണു സംഭവിയ്ക്കുക എന്നൊന്നും തീർച്ചയില്ല..സ്വാസ്ഥ്യമില്ലായ്മയും ഒറ്റപ്പെടലുമാണ് നിരന്തരമെന്നെ ഭരിയ്ക്കുന്നത്.. അതുകഴിഞ്ഞെത്തുമ്പോൾ വീടിൻറ നിശബ്ദത, ഒന്നും ഒരിടത്തും എത്തായ്ക, ഒരു പൂർണ്ണതയില്ലെന്ന തോന്നൽ, ഇനിയെന്തു ചെയ്യണമെന്ന ഭീതി...ഇതിലൊക്കെയാണു ഞാൻ കുരുങ്ങിക്കിടക്കുന്നത്. നിനക്കറിയാമല്ലോ എൻറ ഒബ്സെഷനുകൾ..എല്ലാം മുഴുമിപ്പിയ്ക്കാനുള്ള എൻറ തത്രപ്പാട്..ഒന്നും ആവില്ല എന്ന വിചാരം..പിന്നെ ചെയ്തു തുടങ്ങിയ കാര്യങ്ങൾ പാതിവഴിയിലാകുമ്പോൾ എനിയ്ക്കിതു മുഴുവനാക്കുവാൻ കഴിയുമോ എന്ന വ്യാകുലത.. തീർത്തും തളർന്നുപോകുന്ന ഇടങ്ങൾ.. അപ്പോഴൊക്കെ ഞാനവനിൽ അഭയം തേടുന്നു.. ഒരു മഞ്ഞുമറയ്ക്കപ്പുറമവനുണ്ടെന്ന ഓർമ്മയിൽ ഞാൻ വളരെ വേഗം സ്വസ്ഥയാകുന്നു.. പിന്നെയീ വഴികളിലെ കണിക്കൊന്നയും പൂവാകയും എൻറ മനസ്സിലേയ്ക്ക് പൂക്കൾ വർഷിയ്ക്കുന്നു.. വേനലിൻറ മുഴുവൻ ഉള്ളുരുക്കങ്ങളും എൻറ സങ്കല്പങ്ങളെ സ്വർണ്ണമാക്കാനാണെന്ന് എനിയ്ക്കുതോന്നിപ്പോകുന്നു.. ഈ വഴികളിലൊക്കെ ഒരുകൊച്ചുകാറ്റായ് ഞാൻ നേർത്ത കാൽവയ്പുകളോടെ നടന്നു നീങ്ങുന്നു.. എത്ര ലാഘവത്വമാണതിന്.. ഒരു സമാനജീവിയ്ക്കുമാത്രമേ മറ്റൊരു ജീവിയ്ക്ക് ഇത്തരം ഒരു ആനന്ദം പകർന്നുതരാനാവൂ.. ഞാനല്ലാതെ ഒരു ജീവി എൻറ മനസ്സിൻറ അതേ തരംഗായതിയിൽ എന്നോടു സംസാരിയ്ക്കുന്നത് കേട്ടിരിയ്ക്കാനാണെനിക്കിഷ്ടം.. എന്നിട്ടും അവനൊരിയ്ക്കലെങ്കിലുമെന്നോട് ശരി, നിത്യാ പറയൂ എന്നു പറഞ്ഞ് എന്നിലെ തടയണകളെല്ലാം തകർത്ത് കളഞ്ഞ് പിന്നെ ഭാവാർദ്രമായ ഒരു നിശബ്ദതകൊണ്ട് എൻറ മനസ്സിലെ ഇരുണ്ട വനസ്ഥലികളെല്ലാം വെട്ടിയൊതുക്കി അങ്ങോട്ടേയ്ക്ക് ഒരു നേർവഴി തെളിയ്ക്കുന്നു. പിന്നെയെൻറ മനസ്സിലെ പുല്ലാനിക്കാടുകളിൽ മിന്നാമിനുങ്ങുകൾ പൂക്കുന്നു. അപ്പോഴൊക്കെ വിഷം തീണ്ടിയ മനസ്സുമായ് തുമ്പിയെക്കൊണ്ട് കല്ലെടുപ്പിച്ചു രസിയ്ക്കുന്ന വസന്തം അമർത്തിപ്പിടിച്ച ഒരു ചിരിയുമായ് പുറത്തുകാത്തു നില്പുണ്ടാവണം..അപ്പോൾ നിർത്തൂ നിൻറ ഭ്രാന്തെന്ന ഒരു അസഹ്യത നിറഞ്ഞു അവനിൽ.. പക്ഷേ ഒന്നും മിണ്ടാതെ അവനെണീറ്റുപോയി വാർത്തകളുടെ തിരക്കിലേയ്ക്കും ഇലക്ഷൻ വിശകലനത്തിലേയ്ക്കും..
പിന്നെ രാത്രി വൈകി എഴുതിവച്ച കഥ വീണ്ടും വായിച്ചു തിരുത്തിയെഴുതി ഉറക്കം വരാതെ വെറുതേയിരിയ്ക്കുമ്പോൾ മുന്നിലെ പുസ്തകങ്ങൾക്കിടയിൽ നിന്ന് ഒരു കത്തു തലനീട്ടുന്നു.. പണ്ടത്തെ കൂട്ടുകാരി എഴുതുന്നു.. തിരക്കുകൾക്കിടയിൽ നീ നിന്നെ നഷ്ടപ്പെടുത്തരുത്.. നിനക്കേറ്റവും പ്രിയപ്പെട്ട നിന്നെ എല്ലാവർക്കും പ്രിയപ്പെട്ട ഒരാളാക്കി മാറ്റണം .... ഇവളെന്താണെന്നോട് പറയുന്നത്.. ഞാനെന്നെ അലിയിച്ചലിയിച്ച് ഉപ്പുപോലെ ഇല്ലാതാക്കി കളയാനാണാഗ്രഹിയ്ക്കുന്നത്.. ഈ വലിയ മൺകട്ട ഭയപ്പെടുത്തുന്ന ഉയരങ്ങളിൽ നിന്ന് താഴേയ്ക്കുവീണ് പൊടിഞ്ഞുചിതറുന്നതു കണ്ടു രസിയ്ക്കാനാണു ഞാൻ ആഗ്രഹിയ്ക്കുന്നത്. മഹാനദിയുടെ കുത്തൊഴുക്കിൽപ്പെട്ട് ഉടഞ്ഞില്ലാതാവുന്നതാണെൻറ മായക്കാഴ്ച.. ഒന്നുമില്ല, ഒന്നുമില്ല.. മൃതിയുടെ ഇരുമ്പുപാളത്തിലേയ്ക്കോടിക്കയറിയ മെഴുകു വണ്ടി.. മരിച്ചവളുടെ കവിത നിത്യ വീണ്ടും ഓർത്തു. എത്ര ആർത്തിപിടിച്ച കൈകളാണീ മൃതിയ്ക്ക്, അതു നീരാളിയെപ്പോലെ വാരിപ്പിടിയ്ക്കുന്നു, ഒടുങ്ങാത്ത സ്വാതന്ത്ര്യവും സുഖവും തരുന്നു.. അല്ലലൊന്നുമില്ലാത്ത ആനന്ദത്തിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നു.. ഇങ്ങിനെയൊക്കെ ആലോചിച്ചുകൊണ്ടാണ് നിത്യ ഉറങ്ങാൻ കിടന്നത്. അന്നത്തെ നിത്യയുടെ സ്വപ്നം രസമുള്ളതായിരുന്നു. വീട്ടിലെ കിണറിനുള്ളിലേയ്ക്ക് എത്തി നോക്കുമ്പോൾ അവിടെ ഒരു വലിയ കൃഷ്ണസർപ്പം, കറുപ്പും നീലയും കലർന്ന ഉടലും ഒരു മനുഷ്യമുഖവുമുള്ള അതിൻറ വാലിൽ ഒരു മയിൽപ്പീലിയുണ്ടായിരുന്നു. പിന്നത്തെ പകൽ സ്വപ്നവ്യാഖ്യാനത്തിൻറതായിരുന്നു. അവനെങ്ങിനെയാണുള്ളിൽ ഒരു കൃഷ്ണസർപ്പമായ് മാറിപ്പോയതെന്ന് വ്യാകുലപ്പെട്ടു നിത്യ. പിന്നെ അവന്റെ മോഹിപ്പിയ്ക്കുന്ന മൗനമാകാം ആ മയിൽപ്പീലിയെന്നു വിചാരിച്ചു അവൾ. ഈ സ്വപ്നത്തെ പലതരത്തിൽ വ്യാഖ്യാനിച്ചു തളർന്നിട്ടും സാങ്കല്പിക ലോകങ്ങളിൽ ഉയർന്നു പറന്നു കൊണ്ടേയിരുന്നു അവൾ. കാറ്റിന്റെ കൈയ്യിൽ പറക്കുന്ന വെളുത്ത തൂവലുകളുടെ ഗുരുത്വമില്ലായ്മയിൽ കുറേ അലഞ്ഞു അവൾ. അവനെ ഒന്നു വിളിച്ച് ഉടനേ വേണ്ടെന്നു വച്ച് അവന്റെ മറുവിളിയ്ക്കു മുന്നിൽ മൗനിയായി ഒരു ഭ്രാന്തുകൾ കാട്ടിയ നിത്യ പിന്നെയും അവനെക്കുറിച്ചു പറഞ്ഞ് ആനന്ദിനെ അലോസരപ്പെടുത്തുക തന്നെ ചെയ്തു. നോക്കൂ , ഇന്നവന്റെ മുഖം ഒരു പിണങ്ങിയ സ്കൂൾ കുട്ടിയുടേതു പോലെയുണ്ടായിരുന്നു. എന്താവും എന്തിനാവും എന്ന ആകാംക്ഷയൊക്കെ എന്നെ ഭരിച്ചിരുന്നുവെങ്കിലും ഉള്ളിലേക്കുള്ള ഒരു പഴുതു പോലും തുറന്നു കിടപ്പില്ലെന്നറിയാവുന്നതു കൊണ്ടു തന്നെ ചോദിയ്ക്കാതെ വിട്ടു. പക്ഷേ എപ്പോഴും ഇത്തരം ഭാവസ്പന്ദനങ്ങൾ വന്നു തൊട്ടു കൊണ്ടേയിരുന്നു. അവൻ വേദനിയ്ക്കുന്നു , അവൻ ആഹ്ളാദിക്കുന്നു , അവൻ തനിച്ചാണ് എന്നൊക്കെയുള്ള തരള സന്തുഷ്ടികളും വ്യാകുലതകളും എന്റെ കൂടെത്തന്നെയുണ്ട്. വല്ലാതെ ചുവന്ന കണ്ണുകൾ ഉറക്കമില്ലായ്മയും സ്വാസ്ഥ്യമില്ലായ്മയും വിളിച്ചറിയിച്ച ദിനങ്ങളുണ്ട്. വിഷാദ ഭാവം കൊണ്ട് ദിവസങ്ങളെ മുഴുവൻ മൗനത്തിലാഴ്ത്തിയ നീണ്ട ഇടവേളകൾ തന്നെയുണ്ട്. ഹൃദയപൂർവ്വം ചിരിച്ച് ആകാശം മുഴുവൻ നക്ഷത്രങ്ങൾ തെളിയിച്ച പകലുകളുമുണ്ട്. ചിലപ്പോഴൊക്കെ അവന്റെ ധാർഷ്ട്യം എന്നെ മടുപ്പിച്ചിട്ടുണ്ട്. ചില വെറും ചോദ്യങ്ങൾക്ക് ലഭിച്ച അഹന്ത നിറഞ്ഞ മറുപടികൾ എന്നെ മുറിവേൽപ്പിച്ചിട്ടുണ്ടെന്നുള്ളതും ഞാൻ ഓർത്തെടുക്കുന്നു. നീയെന്നെയെന്തു
പറയുമെന്നെനിയ്ക്കറിയാം . എന്നാലും ഇതെല്ലാം എന്റെ മനസ്സിലൂടെ കയറിയിറങ്ങിപ്പോയ സംസ്ക്കാരവും സ്മൃതികളുമാണ്. നീ പരിഹസിയ്ക്കുക, ശപിയ്ക്കുക, അറയ്ക്കുക, അപലപിയ്ക്കുക, കഴുവേറ്റുക. കാഴ്ചകളിൽ സ്വാസ്ഥ്യമില്ലാത്ത എന്റെ കണ്ണുകളേയും ഒരിടത്തും ഉറയ്ക്കാതെ പാഞ്ഞു പോകുന്ന മനസ്സിനേയും നിനക്കാവുമെങ്കിൽ ചങ്ങലയ്ക്കിടുക . ശുദ്ധീകരിക്കുക. ഇതിലേറെ നന്നാവാനെനിയ്ക്കു വയ്യ. ഇതിലും ചീത്തയാവാനും വയ്യ.
നിത്യയുടെ ധർമ്മസങ്കടം കണ്ട് ആനന്ദ് മിണ്ടാതിരുന്നതൊന്നുമില്ല. പുതിയ മേച്ചിൽപ്പുറങ്ങൾ തേടുന്ന ഒരഭിസാരികയുടെ മനസ്സാണു നിനക്ക് , ദുർന്നടപ്പുകാരി, സ്വൈരിണി. ഇതിന് മറ്റൊരു തലവുമില്ല, ആഴവുമില്ല. ശരിയ്ക്കും ശിക്ഷാർഹം. ഓരോ വാക്കും തിരഞ്ഞുപിടിച്ച് അതിലാവാഹിയ്ക്കാവുന്ന കരുത്തു മുഴുവൻ ജപിച്ചു ചേർത്താണ് ആനന്ദ് പറഞ്ഞു നിർത്തിയത്. കണ്ണു ചുവപ്പിച്ച് മുഖം കടുപ്പിച്ച് ചവിട്ടി ക്കുതിച്ച് മുകളിലേക്ക് അവൻ കയറിപ്പോയപ്പോൾ ഈ രംഗം ഇങ്ങനെ അവസാനിച്ചതിൽ ഒട്ടൊന്നത്‌ഭുതപ്പെട്ടു നിത്യ . ഇപ്പോൾ ഈ ഷോട്ടിൽ വേണമെങ്കിൽ ഒരു ശരാശരി ഭാരതീയ നാരിയുടെ ദൈന്യം നിറഞ്ഞ മുഖവും അവളുടെ ത്യാഗത്തിന്റേയും സഹനത്തിന്റേയും നേർക്കാഴ്ചയും ചേർക്കാം. അത് നിത്യയുടെ പാപത്തിന് ആഴം കൂട്ടും. പക്ഷേ അവളുടെ മനോവിക്ഷോഭങ്ങൾ അവന്റെ തൃക്കൺ ചൂടിൽ എരിഞ്ഞു തീർന്ന തൊന്നുമില്ല. പെട്ടെന്നു മനസ്സിലേക്കു വന്ന ദൃശ്യം നേർത്ത തൂവൽ പോലെ പൊഴിയുന്ന മഞ്ഞിലേക്ക് നോക്കി നോക്കി നിന്നു പോയ ഡിസംബറിലെ പ്രഭാതങ്ങളാണ്. ആ മഞ്ഞിന്റെ ലാഘവത്വം പിന്നെ അനുഭവിച്ചത് ഈ മതി വിഭ്രമത്തിന്റെ നാളുകളിലാണ്. പിന്നെ ഇപ്പോഴാണ് ഹൃദയത്തിൽ നിറയെ അലിവിന്റെ ഒരിക്കലും ഖരമാകാത്ത പാൽക്കടൽ രൂപം കൊണ്ടത്. ഒരു സ്വപ്നത്തിൽ അവനെനിയ്ക്കു മകനായ് പിറക്കുക കൂടിച്ചെയ്തു. പിന്നെ ഇപ്പോഴാണ് മനസ്സിന്റെ ഏകാന്ത സ്ഥലികളിൽ നീലക്കുറിഞ്ഞിപ്പൂക്കളുടെ നോക്കെത്താത്ത വസന്തം വിടർന്നത്. വെറുമൊരളവുപാത്രമെന്നതിലുപരി
ജീവനുള്ള ഒരു വസ്തുവെന്നു സ്വയം ഉറപ്പിയ്ക്കാൻ സഹായിച്ച ഈ മഹാ മോഹത്തെ എനിയ്ക്കു പേക്ഷിക്കുക വയ്യ. അതിന് യുക്തിയുടെ സമാധാനങ്ങൾ നല്കി പരിഹരിയ്ക്കുവാൻ ഞാൻ ഒരുക്കമല്ല. വെയിലും നിലാവുമായ് അത് ഏറിയും കുറഞ്ഞും എന്നിൽ ആടിത്തിമർത്തുകൊള്ളട്ടെ. നിലവിലുള്ള ഒന്നിന്റേയും ദ്രുതതാളത്തെ തടസ്സപ്പെടുത്താതെ
ഒന്നിനേയും സ്പർശിക്കാതെ അതു തുടരുക തന്നെ ചെയ്യട്ടെ. നാളെ നോക്കുമ്പോൾ അവിടെയൊന്നുമുണ്ടായിരുന്നില്ലെന്ന ജാള്യതയേ എനിയ്ക്കു കൂട്ടുണ്ടാവൂ. അപ്പോൾ തോന്നുന്ന ജഢതയെ നിർവ്വചിക്കാനാവില്ല. ഒപ്പം അതിലൊരു സുഖമുള്ള ശാന്തതയുണ്ട്. ഈ വിഡ്ഢിത്തങ്ങളെല്ലാം ഒരു ചെറു ചിരിയിൽ തീർന്നു പോകും. എന്നാലും എത്ര ഭാവാർദ്ര നിമിഷങ്ങളെയാണ് ഞാൻ കൂടെ കൊണ്ടു നടക്കുന്നത്. വിറയാർന്ന ഹൃദയവും പൂർണ്ണമാകാതെ മുറിഞ്ഞു പോയ പദങ്ങളും എത്ര ലാവണ്യ മധുരമായ വിഷമപ്രശ്നങ്ങളാണെന്നിൽ ഉളവാക്കിയത്. അതൊന്നും നിഷേധിയ്ക്കുക വയ്യ. നേർ വഴിയിലൂടെ മാത്രം നടന്ന് ഗാർഹിക പ്രശ്നങ്ങളുടെ ഒരിക്കലും കുരുക്കഴിക്കാനാവാത്ത സങ്കീർണ്ണതകളും രുചിയുടെ ചതുർമാനങ്ങളും മാത്രം തലയിൽ നിറയ്ക്കുമ്പോൾ കുലവധുവാകുന്നതും മുന്നിലുള്ള വഴികളിലൂടെ കണ്ണുതുറന്ന് നടന്ന് വസന്തത്തിന്റെ മുറിവുകൾ ഹൃദയത്തിലേറ്റുവാങ്ങുമ്പോൾ കുലടയാകുന്നതും നിത്യ പലപ്പോഴും തിരിച്ചറിഞ്ഞിട്ടുണ്ട്. ഒരു സ്വകാര്യ സ്വത്ത് സ്വന്തം ഭാഷയിൽ സംസാരിച്ചുതുടങ്ങുമ്പോൾ ലോകം അനിഷ്ടം പ്രകടിപ്പിക്കുന്നതും അതിനെ നിശ്ശബ്ദമാക്കുന്നതും അവൾ പലതവണ കണ്ടറിഞ്ഞിട്ടുണ്ട്.
എന്നിട്ടും ഈ വഴി കുറേ നടന്ന് ഈ തോന്നലുകളെയൊക്കെ അവനോടു വിളിച്ചു പറഞ്ഞ ദിവസം സ്വാതന്ത്ര്യത്തിന്റെ അനന്തമായ ആകാശം പുതച്ചാണ് അവൾ ഓരോ നിമിഷവും ജീവിച്ചു തീർത്തത്. ഒടുവിൽ പക്ഷേ പരുപരുത്ത യാഥാർത്ഥ്യത്തിന്റെ സത്യാത്മകതയിലേയ്ക്ക് നിത്യ തല കുത്തനെ വന്നു വീഴുക തന്നെ ചെയ്തു.
നിത്യ തീർത്തും സാധാരണ ഭാവത്തിലാണ് അന്നു ജോലി സ്ഥലത്തു നിന്ന് തിരിച്ചെത്തിയത്. വന്നയുടനേ ദൈനം ദിന ജോലികളിലേയ്ക്ക് ആണ്ടു പോകുയും ചെയ്തു. വീടു തൂത്തു വൃത്തിയാക്കുകയും പാത്രങ്ങൾ കഴുകുകയും ചായയുണ്ടാക്കുകയും ചെയ്തു അവൾ. അലക്കിയുണങ്ങാനിട്ടിരുന്ന തുണികൾ എടുത്തു മടക്കി വച്ചു. കുട്ടികൾക്ക് ചായ കൊടുത്തു. കൂടെയിരുന്ന് കഥ വായിച്ചു കേൾ പ്പിച്ചു. ആനന്ദ് വന്നപ്പോൾ ചായയും
വിശേഷങ്ങൾ കേൾക്കാനുള്ള സന്നദ്ധതയുമായി അടുത്തു
നില്ക്കുക കൂടി ച്ചെയ്തു അവൾ. ബലൂൺ പൊട്ടിപ്പോയല്ലേ എന്നൊരു ഇല്ലാച്ചോദ്യവും സഹതാപവും അവൾക്കു മനസിലായെങ്കിലും ആ അദ്ധ്യായം അവൾ തുറന്നതേയില്ല. കൊടുങ്കാറ്റുകളെല്ലാം ഒടുങ്ങിയ സ്വച്ഛസായാഹ്നം എന്നു ചിരിച്ചു പറഞ്ഞു, അത്ര തന്നെ. എന്നാലും അവൾ വിചാരിയ്ക്കുകയായിരുന്നു ,
എപ്പോഴാണ് താൻ ഭൂമിയിൽത്തന്നെ കാലൂന്നി നടന്നു തുടങ്ങിയതെന്ന് . ചിരിയിലെ ഉദാത്തത മാഞ്ഞ് തികച്ചും അസഹ്യമായ ഒരു ഭാവം അവിടെ കടന്നുകയറിയപ്പോഴോ ? ആരിലേയ്ക്കൊക്കെയോ ആഴ്ന്നിറക്കുന്ന നോട്ടങ്ങൾ കൊണ്ട് ക്ഷോഭം കാണിച്ചപ്പോഴോ? വിശേഷപ്പെട്ടതെന്നു കരുതിയതൊക്കെ എല്ലായിടത്തും വാരിവിതറിയപ്പോഴോ? ഇത്തരം ചെറിയ കണ്ടെത്തലുകൾ പാഞ്ഞുകയറി തുള്ളിത്തിമർത്ത്
എന്നെ ശുദ്ധി ചെയ്തുവെന്നു പറഞ്ഞാൽ ആനന്ദ് ഒരുപാടു പരിഹസിയ്ക്കും. അതു വയ്യ. തികച്ചും സാധാരണമായ ഒരു ദിവസത്തിന്റെ അവസാന ഷോട്ടും അഭിനയിച്ചു തീർത്ത് പാത്രങ്ങൾ കലമ്പലുണ്ടാക്കാതെ ശ്രദ്ധിച്ചു കഴുകി അടുക്കി വച്ച് അടുക്കള തൂത്തും തുടച്ചും വൃത്തിയാക്കുമ്പോൾ ഒപ്പം ആ മായക്കാഴ്ചകളേയും മായ്ച്ചു കളയുകയായിരുന്നു അവൾ. പിന്നെ സ്വന്തം തട്ടകത്തിൽ തുളളിയുറയുന്ന തലതല്ലിക്കരയുന്ന ദുർമന്ത്രവാദിനിയുടെ മേൽ സ്തംഭനത്തിന്റെ ഒരു കരിമ്പടം വലിച്ചിട്ട് ആ രാത്രിയിലും അവൾ ഉറക്കം കാത്തു കിടന്നു.
3. പൂർണ്ണപുരിയിലെ ഇലവുമരങ്ങൾ
_______________________
വളരെ ഉദാസീനമായ മനസ്സോടെയാണ് അന്നവൾ പടവുകൾ കയറി മുകളിലെത്തിയത്. എല്ലാത്തൊഴിലിടങ്ങളും പങ്കുവയ്ക്കുന്ന മുഷിപ്പും വിരസതയും സമ്മർദ്ദങ്ങളും അവിടേയും അനുഭവപ്പെട്ടിരുന്നെങ്കിലും ഒന്നു മൂളിപ്പാട്ടുപാടാനും ചുറ്റുമുള്ള ലോകത്തെ സഹാനുഭൂതിയോടെ വീക്ഷിയ്ക്കാനുമുള്ള മനസ്സു നഷ്ടപ്പെടുത്താതെയാണവൾ ദിവസങ്ങളെ മടക്കിയയച്ചിരുന്നത്. പക്ഷേ ഇപ്പോൾ അസഹ്യമായ ഒരു സ്വാസ്ഥ്യമില്ലായ്മ അവളെ പിടികൂടിയിരിയ്ക്കുന്നു. ഒരു കാരണം കണ്ടെത്തി അതിനു നേരെ വിരൽ ചൂണ്ടുന്നത് പ്രശ്നങ്ങളെ ലഘൂകരിയ്ക്കുന്നതിനു വേണ്ടിയായിരുന്നു. ഇവിടെ എല്ലാറ്റിനും ഇടമുണ്ട്. ഈ ക്യാബിനിലെ ചാരനിറമാർന്ന ചുമരിൽ വിരസതയകറ്റുവാൻ പതിച്ചുവച്ച പൊഴിഞ്ഞ കരിയിലനിറം ഏറെ ചേർത്തു വരച്ച ചിത്രം പോലെ അത്യധികം മുഷിപ്പിക്കുന്ന ജീവനുള്ള ചിത്രമെന്നാണ് പലതിനേയും അവൾ നിർവ്വചിക്കാറുള്ളത്.എന്നിട്ടും ഏറെ ഊർജ്ജം പ്രസരിപ്പിയ്ക്കുന്ന ചില ചലനങ്ങളും ചടുലതയും അവളെ വല്ലാതെ ആകർഷിച്ചു. എത്ര മത്സരബുദ്ധിയാണ് ആ കണ്ണുകളുടെ ഇരുകോണിലും ചുണ്ടിൻറ അറ്റത്തും ഒളിച്ചുവച്ചിരിക്കുന്നത്. എപ്പോഴും ഒരു ഇഴകൂർത്ത ഭാവം ഒളിച്ചിരിയ്ക്കുന്ന മുഖവും തന്നിലെ സൂക്ഷ്മാംശങ്ങളെയും കണ്ടെത്തുന്നുവെന്ന തോന്നലും അവളെ കുറച്ചൊന്നുമല്ല അലോസരപ്പെടുത്തിയത്. ഒട്ടും താല്പര്യമില്ലാതെ, തിടുക്കമില്ലാതെയാണ് അവൾ ക്യാബിനുള്ളിലേയ്ക്കു പ്രേവേശിച്ചത്. മറുതലയ്ക്കക്കൽ പ്രതികരണമൊന്നുമില്ലെന്നിരിയ്ക്കെ അവൾ തന്നോടുതന്നെ പുഞ്ചിരിയ്ക്കുന്നു. ഇന്നത്തെ കളി തുടങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു. ഇനി മുറിയിലേയ്ക്ക് അല്പം കൂടി വെളിച്ചത്തെ ക്ഷണിയ്ക്കാം. ജനലുകൾ തുറന്നിടാം. ഒന്നു ദീർഘമായി നിശ്വസിയ്ക്കാം. സ്വന്തം ഇരിപ്പിടത്തിെൻറ വിശ്രാന്തിയിലേയ്ക്ക് –ത ൻറ ഒരിടം, തന്നെ അപഥസഞ്ചാരിയാക്കുന്ന ഒരിടം.. ചെയ്തുതീർക്കേണ്ട ജോലികളുടെ ഭാരം തലയിലേറ്റി, കണ്ണുകൂർപ്പിച്ച്, കഴുത്തുയർത്തി, സ്വന്തം മോനിട്ടറുകളുടെ മഞ്ഞവെളിച്ചത്തിൽ മാത്രം മുഴുകുന്നവർക്ക് എങ്ങിനെ ഇത്തരം അപഥസഞ്ചാരങ്ങൾ സാദ്ധ്യമാകും.. ആളൊഴിഞ്ഞ ഇടനാഴിയിലൂടെ നടന്നുപോരുമ്പോൾ അപ്പുറത്തുയർന്നു നില്ക്കുന്ന സ്തൂപികാഗ്രവൃക്ഷത്തിന്റെ മൌനമെന്നെ പിൻതുടർന്നുവെന്ന് പറഞ്ഞാൽ ഈ ക്യാബിൻ പൊട്ടിച്ചിതറും പോലെ ഉയരാനിടയുള്ള ഒരു ചിരിയോ അതോ ചുണ്ടിന്റെ കോണുകളിലെ സ്ഥിരമായുള്ള ഞാനെന്ന ഭാവത്തെ ഒന്നുകൂടിവലുതാക്കി കുറ്റപ്പെടുത്തൽ മാത്രം മുൻനിർത്തി നീളുന്ന ഒരു കൂർത്തനോട്ടമോ എന്തായാലും എപ്പോഴും സങ്കല്പങ്ങളുടെ പട്ടങ്ങളിലേറി പറക്കുന്നവർക്ക് ഒരു താക്കീതായി അയാളവിടെയുണ്ടെന്നുള്ളതാണോ പ്രശ്നമെന്ന ചിന്ത തലയുയർത്താതിരുന്നില്ല.
എങ്കിലും പൊങ്ങിപ്പടർന്ന് പെയ്യാൻ നില്ക്കുന്ന ഒരു നീലമേഘം ചൂഴ്ന്നുനില്ക്കുന്ന ഒരനുഭവമുണ്ട് ആ ശബ്ദത്തിന്. അതിെന്റെ നിഴലിൽ നില്ക്കെ പ്രാചീനമായ ഏതോ വനാന്തരങ്ങളിൽ അലഞ്ഞുനടക്കുന്ന സുഖമുണ്ടതിൽ. ഇപ്പോഴേതാണ്ട് സ്വയം വ്യക്തമാകുന്നുണ്ട്, അംഗീകരിയ്ക്കാൻ ഇഷ്ടമില്ലാത്ത ഒരധിനിവേശത്തിന് കീഴടങ്ങിയിരിയ്ക്കുന്നു. ചിലയിടങ്ങളിൽ പെട്ടെന്നു പ്രത്യക്ഷമാകുന്ന
തിരിച്ചറിവിെന്റെ തരികൾ, ഒരേ പാതയിലൂടെ തനിച്ചല്ലെന്നു തോന്നുന്ന ചില സഹയാത്രകൾ - അങ്ങിനെ വ്യക്തമാക്കാനാവാത്ത ചില സന്ദർഭങ്ങളും അനുഭവങ്ങളും അതങ്ങിനെതന്നെയെന്ന് അവളെക്കൊണ്ട് പലതവണ സമ്മതിപ്പിയ്ക്കുകയുണ്ടായിട്ടുണ്ട്. താനെവിടെനിന്നുനടന്നാണ് ഇത്ര സൂക്ഷ്മ ഭൂമികകളിലേയ്ക്ക് കുടിയേറുന്നതെന്ന് എത്ര തവണ ചോദ്യമുതിർത്തോ അപ്പോഴൊക്കെ ആ ഉത്തരത്തിന്റെ ചവർപ്പും അസ്വാസ്ഥ്യങ്ങളും മുഴുവൻ അഭിമുഖീകരിച്ചുകൊണ്ടുതന്നെ പാതിയിരുട്ടിലലയുന്ന മനസ്സിെന്റെ നിരാലംബത കണ്ടില്ലെന്നു നടിച്ച് പിന്നെയും പാഞ്ഞു പോകുന്നതിനുള്ള ശിക്ഷ... ഒരർത്ഥത്തിൽ ത ൻറ മേൽ വന്നുവീഴുന്ന ഉച്ചവെയിലി ൻറ തിരികളെന്നപോലെ ചൂടും അസ്വസ്ഥതയും തന്നെയാണ് ഈ ചിന്തകൾക്കും. അതൊക്കെ വന്നുവീഴുന്നതാണ്.. വെറുതെ സഹസംബന്ധം കണ്ടെത്തി ഇതെ ൻറയിടമെന്ന് സങ്കല്പിയ്ക്കുന്നതി ൻറ സുഖം, ഇത്തരം സങ്കീർണ്ണസ്ഥലികളിൽ നിലനില്ക്കുന്നതിനു നല്കേണ്ടിവരുന്ന വരുന്ന വലിയ വിലകളുടെ പ്രത്യക്ഷഭാവമാണീ സ്വാസ്ഥ്യമില്ലായ്മകളെല്ലാം. തടം തകർത്തൊഴുകുന്ന നദിപോലെ പാഞ്ഞുപോകാനും കെട്ടഴിഞ്ഞ കൊടുങ്കാറ്റുപോലെ എല്ലാറ്റിനേയും തല്ലിത്തകർക്കാനുമുള്ള ആവേഗങ്ങളെ മാറ്റിവച്ച് ത ൻറതായ ഒരു കയ്യൊപ്പുപോലും ബാക്കിവയ്ക്കാതെ ഭൂമിയിൽ ഒരു ചുവടുപോലും വച്ചതിനു തെളിവൊന്നുമില്ലാതെ ഒടുങ്ങിപ്പോകുന്നതിനുപകരം ഇത്തരം സാനന്ദഗീതികളിൽ മുഴുകിപ്പോകുന്നവർക്കുള്ള ശിക്ഷയെന്താകാം എന്നൊരു വ്യാകുലതയും ഇതോടൊപ്പമുണ്ട്.
നിരന്തരം വാദപ്രതിവാദം നടക്കുന്നൊരു സഭയിൽ കൊണ്ടുനിർത്തി എത്ര തവണ ഈ വിഷയം തലനാരിഴകീറി ചർച്ച ചെയ്തിരിയ്ക്കുന്നു. ജയിയ്ക്കുകയോ തോല്ക്കുകയോ ചെയ്യാതെ നീണ്ടുപോകുന്ന യുദ്ധങ്ങളുടെ നിണപ്പാടുകൾ മായുന്നേയില്ല. അവ നല്കുന്ന അസ്വാസ്ഥ്യത്തിലും അസാധാരണമായ ഒരു പ്രകാശത്തിലൂടെ ഞാൻ തനിച്ചു നടന്നിട്ടുണ്ട്. യുദ്ധങ്ങളൊന്നും ജയിയ്ക്കാനില്ലാത്ത പടയാളിയുടെ ശൂന്യതയാണു തോന്നുക തിരിച്ചുനടക്കേണ്ടി വരുമ്പോൾ.അത് വ്യക്തമായത് ഒരാഴ്ചത്തെ ട്രയിനിംഗിനുപോകുന്നുവെന്ന പ്രഖ്യാപനം വന്നപ്പോഴാണ്. ഉള്ളിലെ സ്വാതന്ത്രത്തി ൻറ കുതിരയെയത് ആഹ്ളാദത്തിലേയ്ക്കഴിച്ചു വിട്ടുവെങ്കിലും സംഘർഷങ്ങൊന്നുമില്ലാത്ത പകലുകൾ ആ നശിച്ച നിശ്ശൂന്യതയെ വീണ്ടും കൊണ്ടുവന്നു. തിരിച്ചുവരവിലെ വിജയാരവങ്ങൾ കല്യാണസൌഗന്ധികവുമായ് വന്ന ഭീമനെയാണ് ഓർമ്മിപ്പിച്ചത്. തോല്ക്കാനും മുറിവേല്ക്കാനും ദുർബ്ബലരുള്ളതുകൊണ്ടാണല്ലോ വിജയികളുണ്ടാകുന്നത്. യുദ്ധങ്ങളവസാനിയ്ക്കാനുള്ള വഴി കരുക്കൾ മാറ്റുകയാണ്. ധാർഷ്ട്യത്തി ൻറ, അവഗണനയുടെ ഒരു പടച്ചട്ടയണിഞ്ഞാൽ ശബ്ദങ്ങളിലേയ്ക്കും ചലനങ്ങളിലേയ്ക്കും പാഞ്ഞുപോകുന്ന ഇന്ദ്രിയങ്ങളെ നിഷേധിച്ചാൽ തീർന്നുപോകുന്ന ഈ സ്വത്വാഭിമാനങ്ങൾ..ആ സങ്കല്പം തന്നെ അവളെ വേണ്ടുവോളം രസിപ്പിച്ചു. ഈ കളിയിൽ നിന്ന് നിശബ്ദം പിൻവാങ്ങുമ്പോൾ ഒരു വേലിയേറ്റം കരയെ ശുദ്ധീകരിയ്ക്കുന്നതുപോലെ അഹന്തയുടെ ഉറകളൂർന്നുപോകുന്നു. കാരണം ഒട്ടും അകക്കാമ്പില്ലാത്ത, ആഴമില്ലാത്ത പ്രകടനപരതയുടെ മുന്നിൽ കൊമ്പും ദംഷ്ട്രകളും നഖങ്ങളും പൊഴിഞ്ഞ് അവൻ നിശ്ചേഷ്ടനാവുന്നത് കണ്ടുകൊണ്ടാണ് ഇന്നത്തെ പകലവസാനിയ്ക്കുന്നത്. ചിലന്തിവലപോലെ മനസ്സിനെ ഓരോ ഇടങ്ങളിൽ കൊണ്ടുപോയി പതിപ്പിച്ചുവച്ചിട്ടു് പിന്നെ ഒരു നീരാളി ത ൻറ സ്പർശനികൾ നീട്ടി ഓരോന്നിനെയും തൊട്ടറിഞ്ഞുതിരസ്ക്കരിയ്ക്കുന്നതുപോലെ ഒരുതിരിച്ചറിവു നേടിക്കഴിഞ്ഞു മനസ്സ്.. ചിലപ്പോഴെങ്കിലും ഒരാഹ്ളാദത്തി ൻറ വെള്ളിവെളിച്ചത്തിലേയ്ക്ക് നീക്കിനിർത്തുകയും ഉദാത്തഭാവങ്ങൾകൊണ്ട് വിസ്മയിപ്പിയ്ക്കുകയും ചെയ്യുന്നത് മറച്ചുവയ്ക്കുമ്പോഴും പൂജിയ്ക്കുമ്പോഴും ആരാധിയ്ക്കുമ്പോഴുമാണ് കല്ല് ദൈവമാകുന്നതെന്ന് വീണ്ടും വീണ്ടും തിരിച്ചറിയുന്നു. പലപ്പോഴും സ്വഭാവികമായുണ്ടായ ഒരു തമാശ ഔചിത്യം നോക്കാതെ അവതരിപ്പിയ്ക്കുമ്പോൾ കമ്പ്യൂട്ടറിൽ നിന്ന് കണ്ണൊന്നുയർത്താതെ കൈ ഉയർത്തി തടയുന്ന ധാർഷ്ട്യത്തിന് മുന്നിൽ പലതവണ മുറിവേറ്റുനിന്നിട്ടുണ്ട്. പക്ഷേ ഇപ്പോൾ ഒരു കടുശ്ശിലാവിഗ്രഹം മൺകട്ടപോലെ പോലെ പൊടിഞ്ഞമരുന്നതും കണ്ടുകണ്ട് യുദ്ധങ്ങളെല്ലാം ത ൻറ മാത്രം ഉള്ളിലായിരുന്നുവല്ലോ എന്ന സ്വാസ്ഥ്യത്തോടെ അടുത്ത പ്രഭാതം ഭൂമിയ്ക്ക് സൂര്യനിൽനിന്ന് കിട്ടുന്ന ഏറ്റവും ശുഭവും ലളിതവും ആയ സമ്മാനമായിരിയ്ക്കുമെന്നുറപ്പുനല്കുന്നപോലെ ശാന്തമായ ഒരു ദിനാന്ത്യത്തിലേയ്ക്കാണ് അവൾ പടിയിറങ്ങിയത്.
_________________________________
4. പ്രാതിഭാസികം
എല്ലായിടത്തും പുതിയ വെളിച്ചവും ഭംഗിയും നിറഞ്ഞു നില്ക്കുന്നതായി സുഗന്ധിയ്ക്കു തോന്നി - അത് ഖാലിദ് നന്മയെയും സമത്വത്തേയും പറ്റി പറഞ്ഞതു കൊണ്ടു മാത്രമല്ല, അവൾ കാഴ്ചയ്ക്കു വേണ്ടിയുള്ള ഉപകരണങ്ങളൊന്നും എടുത്തണിയാതെ സ്വയം കാഴ്ചയായ് പരിണമിച്ചുവെന്ന് അവൾക്കു ബോദ്ധ്യം വന്നതു കൊണ്ടാണ്. കാര്യങ്ങളെ തനതർത്ഥത്തിൽ അവൻ മനസ്സിലാക്കുന്നു എന്നയറിവ് ഈ ലോകം മുഴുവൻ സുന്ദരമാണെന്ന വിശ്വാസത്തിലേയ്ക്കവളെ കൊണ്ടുപോയി. എപ്പോഴും ഏതു പ്രശ്നവും ഒരു വിഷമ സമസ്യയാക്കുന്നതാണ് അവന്റെ സ്വഭാവം. കൂട്ടിയും കുറച്ചും ഹരിച്ചും ശിഷ്ടങ്ങളിൽ ഉരുണ്ടു മറിഞ്ഞും ഒടുങ്ങാത്ത കണക്കുകളിൽ പകലുകളെത്ര പൊലിഞ്ഞിരിയ്ക്കുന്നു. അങ്ങിനെയാവാനുള്ള കാരണം തിരഞ്ഞ് വേരുകൾ കണ്ടെത്തി വിശകലനങ്ങൾ നിരത്തി ഒടുക്കത്തെ വരികളിൽ സമാധാനങ്ങൾ നിറച്ച് അടിവരയിട്ട് എത്ര തവണയാണ് ഓരോ സമസ്യയും കൂടുതൽ കൂടുതൽ ഊരാക്കുടുക്കുകളാക്കി മാറ്റിയിട്ടുള്ളത്. പക്ഷേ ഇന്ന് നിസ്സാരമായി ലളിതമായി തന്റെ സ്വത്വം കൂടി അംഗീകരിച്ചു കൊണ്ട് അങ്ങിനെയാവട്ടെ എന്നവൻ പറയുമ്പോൾ സുഗന്ധിയ്ക്കു തോന്നി ഈ വിശ്വം മുഴുവൻ സൗന്ദര്യം തുളുമ്പുന്ന ഒരു പൂവാടിയാണെന്ന്. നേക്കൂ ഖാലിദ് എനിയ്ക്കിനിയും ഇങ്ങിനെ തുടരാനാവില്ല. പക്ഷേ സുഗന്ധീ എനിയ്ക്കീ നിലപാടുകളിൽ നിന്ന് മാറാനുമാവില്ല എന്നു പറയാൻ വന്നതു മുഴുവൻ പറയിയ്ക്കാതെ തന്നെ പ്രശ്നം അവസാനിപ്പിയ്ക്കാറുള്ള അവൻ.
ഇത് ഒരു വല്ലാത്ത പകലാണ്. വെയിൽച്ചില്ലുകൾ കണ്ണിൽ മാത്രമല്ല, കാലിലും തറഞ്ഞു കയറുന്നു. ഇവന്റെ പിന്നാലെ നടന്നു തുടങ്ങിയിട്ട് നേരമേറെയായി. വഴികളൊക്കെ പരിചിതം, വഴിയാത്രക്കാരിലും പരിചിത മുഖങ്ങളുണ്ട്. നടന്നു നടന്ന് ഒരു വനിതാ ഹോസ്റ്റലിന്റെ മുന്നിലാണെത്തിയത്. നീയിവിടെത്താമസിയ്ക്കുക. കാര്യങ്ങൾ ഞാൻ വാർഡനെ പറഞ്ഞേൽപ്പിച്ചിട്ടുണ്ട്. ഞാനും കുട്ടികളും അവിടെ നില്ക്കാം. തല്ക്കാലം അതേയുള്ളൂ പോംവഴി. അപ്പോൾ ഇതാണോ പരിഹാരം - സുഗന്ധിയൊന്നു പകച്ചു. താൻ പറഞ്ഞതെല്ലാം ആവതില്ലായ്മയെപ്പറ്റി തന്നെയാണ്. വെളുപ്പിനേ നാലു മണിയ്ക്കു തുടങ്ങുന്ന ക്ലോക്കിന്റെ ഓട്ടം രാത്രി പതിനൊന്നരയോടെ ഏതാണ്ടു നിലയ്ക്കുമ്പോൾ കണ്ണുറങ്ങിക്കഴിഞ്ഞിരിയ്ക്കും. അപ്പോഴും ചെയ്തു തീർക്കാത്ത ജോലികളിൽ മനസ്സു തളർന്നിഴഞ്ഞു കൊണ്ടിരിയ്ക്കും. വയ്യ വയ്യെന്നുള്ള പുലമ്പലുകളാണ് തുടക്കം. ചെറിയ രണ്ടു കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങളും പ്രായമായ അമ്മയുടെ മുഖം മുഷിച്ചിലും ഭർത്താവിന്റെ ക്രോധാവേഗങ്ങളുമായി സമരസപ്പെട്ട് മനസുറയ്ക്കാതെയായി. എപ്പോഴും പിരിമുറുക്കം. ഇത് ഇനിയുമേറി വന്നാൽ മറുഭാഷ പറയാൻ തയ്യാറായി നില്ക്കുന്ന ചകിതമായ മനസ്സ് . എപ്പോഴും തലവേദന ഒഴിയാതെ നില്ക്കുന്നു , കാഴ്ചക്കുറവ് , കാൽ മുട്ടുവേദന - ഇത്തരം വേദനാഖ്യാനങ്ങളാണ് എല്ലാം മനസ്സിലാവുന്നു എന്നൊരു ഭാവത്തിൽ അവനാൽ വഴി കാണിച്ചു നടത്തി നടത്തിയീ സത്രത്തിന്റെ മുന്നിലെത്തിച്ചത്.
ഹോസ്റ്റലിലെ വൈകുന്നേരങ്ങൾ സ്വസ്ഥവും ശാന്തവുമാണ്. കുളി കഴിഞ്ഞ് സമാധാനത്തോടെ പ്രാർത്ഥിയ്ക്കാം, ജപിയ്ക്കാം, നേരത്തേ അത്താഴം കഴിയ്ക്കാം, ഇഷ്ടമുള്ള പുസ്തകങ്ങൾ വായിക്കാം. തീർത്തും സുന്ദരമായ ദിനാന്ത്യങ്ങളിലൂടെ അലസമായി സൗമ്യമായി നടന്നുനീങ്ങാം. ഇതായിരുന്നു ഖാലിദ് കണ്ടെത്തിയ പരിഹാരം. ഭൂമി ഭാരം മുഴുവൻ ഏറ്റുവാങ്ങുന്ന സമുദ്രത്തെപ്പോലെ അവൻ സുഗന്ധിയുടെ മുന്നിലൂടെ നടന്നു പോയപ്പോൾ അവൾക്ക് സ്വയം പൊട്ടിപ്പിളരുന്നതു പോലെയാണ് തോന്നിയത്. ഇത്തരം ഒളിയമ്പുകളും ചതിക്കുഴികളും അവന്റെ പ്രകൃതത്തിലുണ്ടെന്നു വിചാരിച്ചിരുന്നില്ല. വില കുറഞ്ഞ സുഗന്ധം വാരിപ്പൂശി ഒളികണ്ണുമായ് നടന്നു നീങ്ങുന്ന വളരെ താഴ്ന്ന തരം അഭിരുചികൾ സൂക്ഷിയ്ക്കുന്നവരുടെ ഗണത്തിലേയ്ക്ക് പെട്ടെന്ന് അവൻ ചെന്നു വീണതുപോലെ തോന്നി. എന്റെ തോന്നലുകൾ എപ്പോഴും ഇങ്ങിനെയാണ്. കാണേണ്ടതിനെയല്ല ഞാൻ കാണുന്നത്. വിലയിരുത്ത പ്പെടേണ്ടതുപോലെയല്ല ഞാൻ കണക്കുകൾ കൂട്ടുന്നത്. ചിലപ്പോഴൊക്കെ ഞാനവനോട് പറഞ്ഞിട്ടുണ്ട് - എനിയ്ക്കേതെങ്കിലും ആശുപത്രിയിൽ അഡ്മിറ്റാവണമെന്ന് - കിടത്തിച്ചികിത്സയുടെ അസ്വാസ്ഥ്യങ്ങളും ക്രമരാഹിത്യവും അസമാധാനവും മറന്നു കൊണ്ടല്ല, വെറുതേയൊന്ന് ഇത്തിരി നേരം അലസമായിക്കിടക്കാമല്ലോ എന്നോർത്തിട്ടാണ് - ഇനിയും ചെയ്യാനെന്തൊക്കെയോ ബാക്കിയുണ്ടെന്ന അലട്ടലില്ലാതെ തളർന്ന് ഒന്നും വയ്യാതെ വെറുതേ ഈശ്വരാ ഇത്തിരി നേരം കിടക്കാൻ വേണ്ടി വേറൊരു വഴിയും ഇല്ലാതെ പറഞ്ഞു പോകുന്നതാണ്. ഇത്തരം വ്യാകുലതകൾ ഖാലിദിനെ മടുപ്പിയ്ക്കുന്നുണ്ടാവാം, ഒരു പക്ഷേ ഒന്നൊഴിഞ്ഞു നിന്നാൽ എല്ലാറ്റിനും ഒരു മാറ്റം വരുമെന്നവൻ വിശ്വസിയ്ക്കുന്നുണ്ടാവാം. അവൻ കണ്ടെത്തിയ ഈ പരിഹാരം എത്രത്തോളം അനുയോജ്യമാന്നെന്നു ള്ളത് -
പിന്നേയും മനസ്സെവിടെയോ പറക്കുന്നു. എങ്ങിനെ ശരിയാവും? പതിനൊന്നു മണിയ്ക്കുശേഷം ഉറങ്ങാൻ കിടന്ന് വെളുപ്പിനേ ഉണരണമെന്ന് സ്വയം ശാസിച്ചിട്ടും ഉറക്കം വരാതെ വേദനകളിൽ തിരിഞ്ഞും മറിഞ്ഞും കിടന്ന് എപ്പോഴോ ഉറങ്ങി നാലു മണിയ്ക്കു തന്നെ ഉണർന്ന് ഭക്ഷണം ചമച്ച് സ്കൂൾ ബാഗുകളും രണ്ടു സ്കൂൾ കുട്ടികളേയും ഒരുക്കിയിറക്കാത്ത പ്രഭാതങ്ങൾ എങ്ങിനെ ജീവിച്ചു തീർക്കും? പിന്നേയും തേപ്പും തൂക്കലും കഴിഞ്ഞ് കുളിച്ചിറങ്ങി ഓഫീസിലേയ്ക്കോടാതെ പകലെങ്ങിനെ കൊഴിയും? നിന്റെ ഭത്സനങ്ങളും ക്രോധാവേഗമാർന്ന കൺമിഴിയ്ക്കലുമില്ലാത്ത രാത്രികൾ ജീവിതമാണോ - പറ്റില്ലല്ലോ ഖാലിദ് - എനിയ്ക്കെന്റെ ബന്ധനസ്ഥാനം തിരിച്ചു കിട്ടിയേ പറ്റൂ. കാലിൽ ചരടു കെട്ടികുറ്റിയിൽ ബന്ധിച്ചിരിയ്ക്കുന്ന പക്ഷി സ്വതന്തയാകാനാഗ്രഹിച്ച് അങ്ങുമിങ്ങും തട്ടിപ്പറക്കുന്നതായി മാത്രം എന്റെ പരിദേവനങ്ങളെക്കാണുക . പിന്നെത്തളർന്ന് തന്റെ ബന്ധനസ്ഥാനത്തുതന്നെ അഭയം തേടുന്ന പക്ഷി എത്ര പഴയ ഉപമയാണെന്നോ. അതിനപ്പുറം പോകാൻ ഇപ്പോഴുമെനിയ്ക്കാവുന്നില്ല. എനിക്കു സ്വാതന്ത്ര്യം വേണ്ട, സ്വാസ്ഥ്യവും വേണ്ട . എനിക്കു തിരിച്ചു പോകണം. എവിടെ ഖാലിദ് ? അവൻ ഗേറ്റു കടന്നു പോയിരിയ്ക്കുമോ? അവൾ മുകളിൽ നിന്നു താഴേയ്ക്കു നോക്കി. അവൻ പുറത്തേയ്ക്കിറങ്ങുന്നതേയുള്ളൂ. ഗേറ്റിനടുത്തേയ്ക്കെത്തിയിട്ടില്ല. പെട്ടെന്ന് അവന്റെയൊപ്പമെത്തണമെന്ന് അവൾക്കു തോന്നി. വേഗം, വേഗമെത്തണം. മുകളിൽ നിന്ന് സ്റ്റെപ്പിറങ്ങിയവന്റെയൊപ്പമെത്താനാവില്ല. പെട്ടെന്നവൾക്കു തോന്നി. ചാടാം, താഴേയ്ക്ക് വേഗമെത്താം. അവന്റെയടുത്തു ചെന്നു നില്ക്കാം. മടക്കത്തിൽ അനന്തുവിന് സ്പൈഡർമാന്റെ സ്റ്റിക്കറും ആദിത്യന് ബേ ബ്ലേഡും വാങ്ങണം. പോന്നപ്പോൾ പറഞ്ഞേൽപ്പിച്ചതാണ്. പിന്നീടൊട്ടും വൈകാതെ സുഗന്ധി താഴേയ്ക്ക് പറന്നു. അങ്ങോട്ടും ഇങ്ങോട്ടും പറന്നു തളർന്ന പഴയ കിളിയേപ്പോലെ സ്വന്തം ബന്ധനസ്ഥാനത്ത് മനസ്സുറപ്പിച്ച് ചിറകൊതുക്കി പതിയെ പതിയെ താഴേയ്ക്ക്.
5 . തിരശ്ശീലയിലെ നിലാവ്
വല്ലാത്ത അസ്വസ്ഥതയാണു മനസ്സിൽ. അതിവാചാലമായ ചിലയിടങ്ങളിൽ വച്ച് ഉള്ളിൽ വന്നു വീണ ഒരു കരട് ചുഴികളിലും മലരികളിലും കിടന്നു കറങ്ങി മുഴുവൻ സ്വാസ്ഥ്യവും കെടുത്തുന്നു. മിസ്റ്റിസിസത്തേയും അതിഭാവുകത്വത്തേയും പറ്റിയുള്ള ചില ലളിത വ്യാഖ്യാനങ്ങൾ അവളെ സ്വാധീനിച്ചിരിയ്ക്കണം. അതാണോ ഇത്തരമൊരു സാങ്കല്പിക ലോകത്തേയ്ക്കവളെ എത്തിച്ചത്? ഞാനുണ്ടെന്നും നിഷേധിയ്ക്കപ്പെടില്ലെന്നും ഉറപ്പുള്ള സ്വയം ആവിഷ്കരിയ്ക്കപ്പെടുന്ന ക്ലാസ് മുറികളിൽ തന്നെത്തന്നെ ഉറ്റുനോക്കുന്ന ജൈവസാന്നിദ്ധ്യത്തോട് സംവദിയ്ക്കുമ്പോൾ സ്വന്തം അസ്തിത്വം ഉറപ്പിയ്ക്കാറുണ്ടു ഞാൻ. അത്തരം സംവാദങ്ങൾക്കിടയിലാണ് അവളെന്നോടു നിലാവിനെപ്പറ്റി വാചാലയായത്. ഞെട്ടറ്റു വീണ ദിനാന്ത പുഷ്പങ്ങളുടെ തപ്താശ്രു പോലെ ഉദിച്ച നിലാവും മഞ്ഞിൻ വിലോലമാം യവനികയ്ക്കുള്ളിലൊരു മഞ്ഞക്കിളിത്തൂവൽ പോലെ വിളറി നില്ക്കുന്ന തിങ്കൾക്കലയും സ്വന്തം കല്പനകളെന്നപോലെ അത്ര വികാരവായ്പോടെയാണ് അവളെന്റെ മുന്നിലവതരിപ്പിച്ചത്. നിലാവിന്റെ നേർത്ത ചിരിയും അനുമതി നല്കുന്ന മൃദു ചലനങ്ങളും മേഘ പാളികൾക്കിടയിൽ നിന്നുകൊണ്ട് നിനക്കു സ്വാതന്ത്ര്യം തരുന്നു സ്നേഹം തരുന്നു എന്ന പ്രഖ്യാപനവും എത്ര ആർദ്രമായാണവൾ സ്വീകരിക്കുന്നത്. അതറിഞ്ഞിട്ടും 'തിരശ്ശീലയിലെ നിലാവ് - ചില കാണാപ്പുറങ്ങൾ ' എന്നൊരു പേപ്പറെ താമെന്നു പറഞ്ഞു ചിരിച്ചു ഞാൻ , ഞങ്ങളെല്ലാവരും. വേണമെങ്കിൽ 'തിരശ്ശീലയിലെ നിലാവ് : സ്വന്തം നാട്ടുകാരനായ പ്രസിദ്ധ കവിയെ മുൻ നിർത്തി ഒരു പഠനം' - എന്നതാക്കാം ഗവേഷണ വിഷയം എന്നു കൂടി കൂട്ടിച്ചേർത്തു ഞാൻ. ഗവേഷക മാനം നോക്കുന്നുവെന്ന് അവളുടെ കൂട്ടുകാരി അടക്കം പറഞ്ഞപ്പോൾ പ്രജാപതി സൃഷ്ടിച്ച മിഥുനങ്ങളിൽ ഒന്നായ രയിയാണു നിലാവെന്നു പറഞ്ഞ് മിണ്ടാതെയായി അവൾ.
എങ്കിലും അവളുടെ ചില നിരീക്ഷണങ്ങൾ എന്നെ അത്ഭുതപ്പെടുത്തിയിരുന്നു. ഈ വഴികളിലൊക്കെ പുണ്യം പൊഴിയുന്നത് സ്വന്തം തോന്നലുകളിൽ മാത്രമാണെന്നും വഴിയരുകിലെ സർബ്ബത്തു വില്പനക്കാരന്റെ ലാളിത്യം ഒന്നുകൂടിയാലോചിയ്ക്കുമ്പോൾ സഭ്യേതരമായ അശ്ലീലമാണെന്നും തന്നെ വന്നു തൊടുന്ന ഓരോ
കൺതോണ്ടലുകളും നാവു വഴക്കങ്ങളും ശീലക്കേടുകളാണെന്നും അവളുറപ്പിച്ചു പറഞ്ഞു ഒരിക്കൽ. വഴികളൊക്കെ വിമലമാകണമെന്നും മനസിന്റെ സ്ഫടിക ശുദ്ധി ഉടഞ്ഞു ചിതറരുതെന്നും വാശി പിടിച്ചു പിന്നെ. നന്മ, നന്മ എന്നുരുവിട്ടു നടന്നിട്ടും കാതിൽ വന്നു വീണ അശ്ലീല ഭാഷണോച്ഛിഷ്ടം പോലെ
മനംപിരട്ടലുണ്ടാക്കുന്ന ഈ ജന്മത്തെ തന്നിൽ നിന്നു ഛർദ്ദിച്ചു കളയണമെന്ന് രോഷം കൊണ്ടു അവൾ. പിന്നെ നിലാവിൽ കാത്തു നില്ക്കുന്ന രുദ്ര തേജസാർന്ന ഋഷീ മുഖം നോവുകളെല്ലാം ഏറ്റെടുക്കുമെന്ന സങ്കല്പനം പണ്ടു കേട്ട കുട്ടിക്കഥ പോലെ പ്രിയതരമെന്നു പറഞ്ഞു നിർത്തി അവൾ. കേട്ടതിൽപ്പാതി മനസ്സിലാക്കി ഒന്നും പറയാതെ നിന്നു ഞാൻ.
'ചര്യകളാണു ചരിത്രമാകുന്നത്. കൃത്യമായിപ്പറഞ്ഞാൽ അവിഹിതമായ ചര്യകളാണു ചരിത്രമാകുന്നത്. ഒരു ചട്ടക്കൂടിലും ഒതുങ്ങി നില്ക്കാനിഷ്ടമില്ലാത്ത മനുഷ്യ ജീവി നടത്തുന്ന തടവുചാടലാണ് ചരിത്രം . ഋതമെന്നാൽ പ്രപഞ്ച നിയമം. ഓരോ ജീവസ്പന്ദനവും പ്രപഞ്ച താളത്തോടു സമരസപ്പെടുമ്പോഴാണ് ധാർമ്മികത നിലനില്ക്കുന്നത്. നാണയത്തിന്റെ പ്രത്യക്ഷമായ ഇരു വശങ്ങളും നാണയമെന്ന ആശയവും ഒരുമിച്ചു ചേരുമ്പോഴാണ് നാണയം യാഥാർത്ഥ്വമാകുന്ന'തെന്നൊക്കെ വീണ്ടും വെളിപാടുകൊള്ളുന്ന ഒരു സന്ദർഭത്തിൽ അവളാ ആശയങ്ങളിലൂടെ കാടു കയറുന്നതു കാണാമായിരുന്നു. നിലാവന്വേഷണം എവിടത്തോളമായെന്ന് അവളെ പ്രകോപിപ്പിയ്ക്കാൻ മറന്നില്ല ഞാൻ. അതിനുത്തരമായി അവൾ തന്റെ ഏകാന്തതയും ഭയവും
നിലാവപഹരിച്ചുവെന്ന് സ്വകാര്യം പറഞ്ഞു. നിലാവിന്റെ അലിവിനേയും ഉദാത്തതയേയും കുറിച്ചവൾ വാചാലയാകുന്നതിനു മുൻപേ യൗവ്വനത്തിന്റെ മതിഭ്രമങ്ങൾ എന്നു ചിരിച്ചൊഴിഞ്ഞു ഞാൻ. അതവളെ വീണ്ടും മൗനിയാക്കി.
എങ്കിലും അവളുടെ നിശ്ശബ്ദതയും വിഷാദവും എന്നെ അലട്ടുന്നുണ്ടായിരുന്നു. ആ മുഖത്ത് വന്നു പോകുന്ന ഓരോ ഭാവഭേദവും ഞാൻ അറിഞ്ഞിരുന്നു. അവളുടെ കളങ്കമില്ലായ്മയും കുസൃതിയും മടുപ്പും ഇഷ്ടാനിഷ്ടവുമൊക്കെ എന്നിലെ അദ്ധ്യാപികയ്ക്ക് അളവറ്റ ഊർജ്ജം നല്കിയിരുന്നു. അവളോട് ഒരുപാടുവാത്സല്യം തോന്നുന്ന സന്ദർഭങ്ങൾ ഇടയ്ക്കിടെ ഉണ്ടാകാറുമുണ്ട്. ബന്ധങ്ങളുടെ ഇഴയടുപ്പമില്ലായ്മയെപ്പറ്റി ആലോചിച്ചു പോകുന്ന അതേ നിമിഷം തന്നെ ടീച്ചറെ എന്താണലട്ടുന്നതെന്ന് ചോദിയ്ക്കുന്ന അവൾ എനിയ്ക്കു പ്രിയ ശിഷ്യ തന്നെയായിരുന്നു. എന്നിട്ടും വേണ്ടത്ര അവളുടെ പ്രശ്നങ്ങളിൽ കൂടെച്ചെല്ലാനോ പരിഹാരം കണ്ടെത്താനോ ശ്രമിയ്ക്കാനാവാത്ത എന്തൊക്കെയോ പ്രതിബന്ധങ്ങൾ എനിക്കുണ്ടായിരുന്നു. കൂടെക്കൂടെ അവളെ ഓർത്തു കൊണ്ടു തന്നെ ഞാനെന്റെ ദൈനംദിന ജോലികളിൽ മുഴുകി. ഇഡ്ഢലിയും ചമ്മന്തിയും ഉണ്ടാക്കി വച്ച് രുചിയ്ക്കാതെ തന്നെ നന്നായിട്ടുണ്ടെന്നുറപ്പിച്ച് അവൾക്കിഷ്ടമാകുമെന്നാലോചിച്ച്
ഉണ്ണിയുടെ പഴയ ടിഫിൻ ബോക്സ് നോക്കിയെടുത്തു കഴുകിത്തുടച്ചു വയ്ക്കുക വരെ ചെയ്തിട്ട് പിന്നെയതു വേണ്ടെന്നു വച്ചിട്ടുണ്ടു ഞാൻ. അങ്ങിനെ കുറേ അത്ഭുതങ്ങൾ അവൾക്കു സമ്മാനിയ്ക്കാതെ സമ്മാനിയ്ക്കും പലയിടത്തും അവളില്ലാതെ അവളെ കൊണ്ടുപോവുകയും ചെയ്തിട്ടുണ്ടു ഞാൻ. മറ്റൊരു സന്ദർഭത്തിൽ
'നിലാവെന്നെ വല്ലാതെ ഭ്രമിപ്പിയ്ക്കുന്നു , അപഥ സഞ്ചാരിയാക്കുന്നു ,നിലാവിൽ ഞാനലിഞ്ഞു പോകുന്നു , സൗന്ദര്യത്തിന്റെ പാൽക്കടൽ കോരി ക്കുടിച്ചാലഹരിയിൽ ഞാൻ ഉന്മാദിനിയാകുന്നു 'എന്നൊക്കെ അവൾ പുലമ്പിയപ്പോൾ അരാണീ നിലാവെന്നു ക്ഷുഭിതയായി ഞാൻ. പാതി വെളിച്ചത്തിൽ മുത്തുച്ചിപ്പി കണ്ട് വജ്രമെന്നു കരുതിയോ എന്നു വേദാന്തം മൊഴിഞ്ഞു പിന്നെ ഞാൻ. നിനക്ക് അഭയം നിന്നിൽത്തന്നെയെന്നും രണ്ടെന്ന ഭാവം ഇല്ലാതെയാകുമ്പോൾ അഭയം ലഭിയ്ക്കുമെന്നും തന്നിൽത്തന്നെ അടങ്ങി ജീവിയ്ക്കണമെന്നും ഉപദേശം നീണ്ടു. അവൾ സൗന്ദര്യ ലഹരിയിലും ഞാൻ ഉപദേശലഹരിയിലും. ജീവിതമെന്ന സമസ്യയ്ക്ക് മറ്റാരിലും പരിഹാരമോ സമാധാനമോ ഇല്ലെന്നും പല തരത്തിൽ വിശദീകരിയ്ക്കപ്പെട്ടു പിന്നെ. ഒരാൾ ചിന്തിയ്ക്കാൻ തുടങ്ങുമ്പോൾ അവിടെ അതുവരെ ഉണ്ടായിരുന്ന ലോകം ഇല്ലാതെയാകുകയും ഒരു പുതിയ ലോകം ഉണ്ടാകുകയും ചെയ്യുന്നു. പിന്നെ ബന്ധങ്ങളിൽ നിന്ന് കൂടുതൽ കൂടുതൽ ഉൾവലിയുകയും ബന്ധങ്ങളെ നിരന്തരം വിലകലനം ചെയ്യുന്നതു സ്വഭാവമായ്ത്തീരുകയും ചെയ്യുന്നു. സ്വപ്നസഞ്ചാരികൾക്കു സ്ഥിര സൗഹൃദം അശാന്തികളോടും അനിശ്ചിതത്വത്തോടുമാണെന്നും കൂടി മനസ്സിൽക്കുറിച്ചു ഞാൻ. എങ്കിലും ഈ നിലാവ് എനിയ്ക്ക് പരിചിത സ്ഥലകളിൽ ഉദിയ്ക്കുന്നുണ്ടോ എന്നൊരന്വേഷണം നടത്താതെയിരുന്നില്ല ഞാൻ. പക്ഷേ എന്റെ വെറും തിരക്കുകൾക്കിടയിൽ ഈ കുട്ടി ഭ്രാന്തിന് ഒരു വെറും നേരം പോക്കിന്റെ പദവി പോലുമുണ്ടായിരുന്നില്ല. അതങ്ങിനെ ഓർമ്മ കേടിലും അലസതയിലും പൊടി പിടിച്ചു കിടക്കുക തന്നെ ചെയ്തു.
പിന്നെ കുറേ ദിവസങ്ങളിൽ ക്ലാസിലെ അവളുടെ അസാന്നിദ്ധ്യം എന്റെ ശ്രദ്ധയിൽപ്പെട്ടിരുന്നു. വീണ്ടും ഇടനാഴിയിൽ വച്ചു നേർക്കുനേരെ നില്ക്കുമ്പോൾ എവിടെയായിരുന്നു എന്ന ചോദ്യം ചോദിയ്ക്കുന്നതിനു മുൻപേ തന്നെ അവൾ പറഞ്ഞു . 'ഞാനൊരന്വേഷണത്തിലായിരുന്നു. പരിചിതമായ വഴികളിലൂടെ കുറേ നടന്നു. വീടും പഠനവും ഉപേക്ഷിച്ചു തന്നെ. ഏകാന്ത സങ്കടങ്ങളിലേയ്ക്ക് ഓടിക്കയറുന്ന ആർദ്രസാന്നിദ്ധ്യത്തെ നിഷേധിച്ചു കൊണ്ട് , അച്ചടക്കത്തിന്റെ മുഖപടമണിഞ്ഞ് - ഗുരുവിനെത്തിരയുകയായിരുന്നു ഞാൻ. പാമ്പുറയൂരുന്നതു പോലെ പാപങ്ങളിൽ നിന്നു മുക്തയാകാൻ മോഹിച്ച്... അന്വേഷണം ആശ്രമത്തോളമെത്തി. ഈ വന്ന മോഹം അകലെക്കളയാനുള്ള ഉപദേശം സ്വാമി തന്നു. ഞാനെന്റെ ബാധകളെല്ലാം എഴുതി ഒഴുക്കിക്കളഞ്ഞു. ടീച്ചർ നോക്കൂ' -
വൃത്തിയുള്ള അക്ഷരങ്ങളിൽ അവളുടെ കവിത , രാത്രി വീട്ടിലിരുന്നാണ് അവൾ തന്ന നോട്ട്ബുക്ക് തുറന്നത്.
'ചിലയിടങ്ങളിൽ ഞാനൊരു നിഴലാകുന്നു
ആരുടെയോ ചരടുവലിക്കൊത്ത്
ഇളകിയാടുന്ന കറുത്ത നിഴൽ
അപ്പോൾ ഞാനെന്റെ അലങ്കാരങ്ങളെല്ലാം അഴിച്ചു വച്ച്
അണിയാനിഷ്ടമില്ലാത്ത
ഒരു മുഖം മൂടിയുടെ മറവിൽ
അലറിച്ചിരിച്ച് ഒരു ഭ്രാന്തിയുടെ
സ്വാതന്ത്ര്യമറിയുന്നു..
കവിതകൾ , കവിതകൾ ...ഒരു നോട്ട് ബുക്ക് നിറയെ. കവിതയിലൂടെ മഴ പെയ്തൊഴിഞ്ഞ രാത്രിയ്ക്കു ശേഷം വന്ന പുലരി പോലെ അവൾ പ്രസന്നയാകുന്നതു കണ്ടു ഞാൻ. കവിത വായിച്ചു മടക്കി വച്ച് ഉണ്ണിയ്ക്കു വേണ്ടി മുഖം മൂടി ഉണ്ടാക്കാൻ തുടങ്ങി ഞാൻ . അവന്റെ കുട്ടിക്കഥാ പുസ്തകത്തിൽ പ്രിന്റ് ചെയ്തു വരുന്ന മുഖം മൂടികളെല്ലാം പുന:സൃഷ്ടിക്കലാണ് ചൊവ്വാഴ്ചകളിലെ എന്റെ പ്രധാന ജോലി. സിംഹത്തിന്റെ , മുയലിന്റെ മാനിന്റെ മുഖം മൂടികൾ ഞാനവനുണ്ടാക്കിക്കൊടുത്തു കഴിഞ്ഞു. പെട്ടെന്നു തോന്നി ഈ മുഖം മൂടികളൊക്കെ അവളുടെ പ്രതിരൂപമാണെന്ന്. അവളുടെ മുഖം മുഴുവൻ നിറഞ്ഞു നില്കുന്ന കണ്ണു കളുടെ വെളിച്ചം മാനിന്റെ മുഖം മൂടിയിൽക്കണ്ട് വിളക്കുകളെല്ലാം കെടുത്തി മെല്ലെ ജാലകം തുറക്കുന്നു ഞാൻ , പിന്നെയും നിലാവ്.
6. സ്റ്റോർ മുറിയിലെ കൊലപാതകം
ഒരു വ്യക്തിയുടെ ജീവിതത്തിൽ എപ്പോഴെങ്കിലും തത്വചിന്ത ആരംഭിക്കപ്പെടുക തന്നെ ചെയ്യും. അതെപ്പോഴാണെന്ന് തീർത്തു പറയാനാവില്ലെങ്കിലും .
വളരെ ശുഷ്ക്കമായി യാന്ത്രികമായി ജീവിച്ചു കൊണ്ടിരിയ്ക്കുമ്പോഴും തത്വചിന്തയുടെ തണൽ എന്നെ ആശ്വസിപ്പിയ്ക്കുന്നുണ്ട്. ഈ ഒരു വാക്കിന്റെ വിളക്കു പിടിച്ച് കാര്യങ്ങൾ വിശദീകരിക്കാനാണ് ഞാൻ ശ്രമിക്കുന്നത്. ഒരു സ്റ്റോർ മുറിയുടെ നിഗൂഢതയിൽ വച്ച് കൊന്നു കളഞ്ഞ സ്വന്തം ഭാര്യയോടുള്ള സ്നേഹ പ്രഹർഷമാണിത്. അയൽപക്കത്തെ ഒറ്റയാനാണു പ്രശ്നമായത്. ഏകനായ അവിവാഹിതൻ , ഒറ്റമുറിയും അടുക്കളയുമുള്ള അവന്റെ വീടിനും ഈ വീടിനുമിടയിലുള്ള സ്നേഹമതിൽ തുളച്ച് അവന്റെ കണ്ണുകൾ സദാ ഇങ്ങോട്ടു നീളുന്നുണ്ട്. പിൻവാതിൽ അടച്ചിടണമെന്ന നിർദ്ദേശം അനുസരിയ്ക്കാത്ത ഭാര്യയെ ഞാൻ കൊന്നു കളഞ്ഞു. അവളുടെ ജാരസംസർഗ്ഗം ഞാൻ കണ്ടു പിടിയ്ക്കയുണ്ടായിട്ടില്ല. അതിനു വേണ്ട തെളിവുകളും എനിയ്ക്കു ലഭിച്ചില്ല. പക്ഷേ ഞാൻ കൊന്നു. അസഹ്യമായ മാനസിക പിരിമുറുക്കം കൊണ്ടു ചെയ്തു പോയതാണ്. അവൾ ആക്രമിയ്ക്കപ്പെടുമെന്ന ചിന്തയിൽ അല്ലെങ്കിൽ ഒരഭിസാരികയേപ്പോലെ അവളവനെ സ്വീകരിയ്ക്കുമെന്ന ചിന്തയിൽ ഞാനവളെക്കൊന്നു. (സ്റ്റോർ മുറിയിലേയ്ക്ക് വിളിച്ചു കയറ്റി കഴുത്തു ഞെരിച്ച് ) .ഒരു കൊലയാളിയുടെ ക്രൂരത
നിങ്ങളെത്രത്തോളം സങ്കല്പിയ്ക്കുന്നുവോ അത്രത്തോളം ഭീകരമായിരിയ്ക്കും. പക്ഷേ വളരെ യുക്തിപൂർവ്വം ചെയ്യുന്ന ഒരു പ്രവർത്തിയുണ്ടാക്കുന്ന മാനസിക സ്വാസ്ഥ്യം നിങ്ങൾക്കു മനസ്സിലാവുകയേയില്ല. അത് വിശദീകരിയ്ക്കാനാണു ശ്രമം. അവളാണെങ്കിൽ തീർത്തും വർക്കഹോളിക്ക് എന്നു പറയാവുന്ന തരം രോഗാതുരത പേറുന്നവൾ . പിന്നെ നൂറു നൂറു ഭീതികളുടെ ഉടമ, മന: സ്വസ്ഥതയെന്നത് അവൾക്കു തീർത്തും അപരിചിതമായ പദമാണ്. ജോലികൾ, ജോലിത്തിരക്കുകൾ , സമയമില്ലായ്മ, മറവി, വേദനകൾ ഇതെല്ലാം കൂടി അവളെയൊരു അസഹ്യമായ ജന്തു പദവിയിലേയ്ക്ക് മാറ്റി നിർത്തുകയായിരുന്നു. ഈ ആവതില്ലായ്മയിൽ നിന്ന് ഞാൻ കൊടുത്ത ബന്ധമോക്ഷം നിങ്ങളെങ്ങനെ വ്യാഖ്യാനിച്ചാലും എനിയ്ക്കൊന്നുമില്ല.
അവൾക്കിനി ഭയമില്ലാതെ ഉറങ്ങാം. ഒരുപാടു നേരം വിശ്രമിയ്ക്കാം. ഭീതികളിൽ നിന്നും തീർത്തും മുക്തയായവളുടെ മനോലാഘവം എത്ര സുന്ദരമായിരിയ്ക്കും. ഞാനതാണവൾക്ക് നല്കിയത്. അവളെന്നോടു കടപ്പെട്ടിരിക്കുന്നു. ഈ ദയാവധം സംശയലേശമന്യേ നീതി പൂർണ്ണമാണ്. എന്നാലും വീണ്ടും ഞാനതു വിശദമാക്കാം. നിങ്ങൾക്കു വേണ്ടി. കാഴ്ചക്കാരന്റെ , കേൾവിക്കാരന്റെ പൂർണ്ണമായ അംഗീകാരത്തിനു വേണ്ടി സമർപ്പിയ്ക്കാൻ എനിക്കു കുറേക്കൂടി വിശദാംശങ്ങൾ
ബാക്കിയുണ്ട്.
രുചികളെപ്പറ്റി അവൾ വാചാലയാകുമ്പോൾ വർണ്ണങ്ങളിൽ അവൾ ഭ്രമിയ്ക്കുമ്പോൾ , അലങ്കാരങ്ങളിൽ അവൾ മോഹിച്ചു നില്ക്കുമ്പോൾ അപ്പോഴൊന്നും അവളെ കൊല്ലണമെന്ന് ഞാൻ വിചാരിച്ചിട്ടില്ല. അതൊക്കെ എനിയ്ക്ക് അസഹ്യമാണെങ്കിലും . ഞാനൊരു തിയറി തന്നെ രൂപീകരിച്ചിട്ടുണ്ട്. അവളുടെ ആവേഗങ്ങളെ നീരീക്ഷിച്ച് നിഗമനങ്ങളിലെത്തിയുണ്ടാക്കിയ തത്ത്വം രുചികളിലും നിറങ്ങളിലും അലങ്കാരങ്ങളിലും ഭ്രമിയ്ക്കുന്നവർ വിഷയാസക്തരാണെന്ന അറുപഴഞ്ചൻ വ്യാഖ്യാനം ഏറ്റവും ഭീകരമായി ഭീഭത്സമായി അവളെക്കൊന്നു തിന്നാനുള്ള ക്രൗര്യത്തോടെ ഞാൻ അവതരിപ്പിയ്ക്കാറുണ്ട്. അതോടെ അവളുടെ ആഗഹങ്ങളുടെ അവസാനത്തെ പുൽനാമ്പും കരിഞ്ഞു ദഹിച്ചു പോകുന്നത് ഞാൻ ആത്മ സംതൃപ്തിയോടെ നോക്കി നിന്നിട്ടുണ്ട്. അങ്ങിനെ അവളുടെ ചെറു മോഹങ്ങളെക്കൊന്നു കൊന്ന് അവളെക്കൊന്നുവെന്നേയുള്ളൂ. സ്ഥിരം ചെയ്യുന്ന കാര്യം അല്പം നേരം കൂടുതലെടുത്തു ചെയ്തുവെന്നത് എനിയ്ക്കൊരായാസവും ഉണ്ടാക്കുന്നില്ല. സദാ വീടു തൂത്തുവാരിക്കൊണ്ടിരിയ്ക്കുന്ന ഒരു തൂപ്പുകാരിയില്ലാതെയായാൽ , കുട്ടികളെക്കുറിച്ചുള്ള ഉത്ക്കണ്ഠ കൊണ്ട് കുട്ടികളോട് നിരന്തരം കലഹിയ്ക്കുന്ന ഒരമ്മ ഇല്ലാതെയായാൽ , ഭർത്താവിനെ എപ്പോഴും തിരുത്തുകയും ശകാരിയ്ക്കുകയും ചെയ്യുന്ന ഒരു ഭാര്യ ഇല്ലാതെയായാൽ പൂർണ്ണമായും ഞാനും ഈ ചുറ്റുപാടുകളും സ്വസ്ഥമാവുകയാണു ചെയ്യുന്നത്. എവിടേയും ഒരു വിടവോ കുറവോ ഉണ്ടാകുന്നതേയില്ല. അയൽക്കാരോടു സംസാരിച്ചു കളയാൻ തീരെയും സമയം കണ്ടെത്താത്ത അവളെപറ്റി എന്തായാലും അയൽക്കാർ സഹതപിയ്ക്കില്ല. സൗഹൃദങ്ങൾ നിലനിർത്താനോ പുതുക്കാനോ ഉദ്യമിയ്ക്കാത്തവൾ . ബന്ധുക്കൾക്കു വേണ്ടി ധനമോ സമയമോ മാറ്റിവയ്ക്കാത്തവൾ . ശരിയ്ക്കും അവളീ ഭൂപടത്തിലേ കാണപ്പെടാത്ത ഒരജ്ഞാത ഭൂഭാഗമാണ്. ആർക്കാണറിയുക അവളെ ? അവളില്ലെന്നതു പോലും ഞാൻ ഊന്നിപ്പറഞ്ഞാലേ ആളുകളുടെ ശ്രദ്ധയിൽപ്പെടൂ. യാഥാർത്ഥത്തിലീ വിശദീകരണക്കുറിപ്പ് എന്റെ മഹാമനസ്ക്കതയ്ക്കുദാഹരണമാണ് എവിടെയാണവൾ സ്വയം നഷ്ടപ്പെട്ടിരുന്നത്? എവിടെയാണവൾ സ്വയം ആവിഷ്ക്കരിച്ചിരുന്നത്? എന്റെ നേർ ബുദ്ധിയുടെ പരകോടിയിൽ ഇത്തരം ചില ചിന്താതരംഗങ്ങൾ ഉടലെടുക്കാറുണ്ടെങ്കിലും ഒരു ആവൃത്തി പോലും അതു നിലനില്ക്കാറില്ല. പിന്നെയും ഞാനവളുടെ പോരായ്മകളിലൂന്നി നിന്ന് വ്യക്തിത്വ വൈകല്യങ്ങളിൽ പിടിച്ചു കയറി അവളുടെ ബന്ധുക്കളുടെ സ്വഭാവ വൈകൃതങ്ങളെ പരിഹസിച്ച് എത്രയെത്ര ഉറഞ്ഞുതുള്ളിയിരിയ്ക്കുന്നു. അന്നൊന്നും അതൊരു മൃതി രൂപത്തിലേയ്ക്ക് ഉടൽ ഭാവമാർന്നിരുന്നില്ല. വർഷങ്ങളുടെ നീളം പ്രശ്നങ്ങളുടെ ദൈർഘ്യം കുറച്ചിട്ടേയില്ലെന്നു ചിലപ്പോഴവൾ പിറുപിറുക്കുന്നതു ഞാൻ മനസ്സിലാക്കിയിട്ടുണ്ട്. എന്റെ മനസ്സിപ്പോഴും ഡിഗ്രി ക്ലാസുകളിൽ പഠിയ്ക്കുന്ന യുവാവിന്റെ അസഹിഷ്ണുതയും ഈർഷ്യയും സങ്കീർണ്ണതകളും അബദ്ധ ധാരണയും നിറഞ്ഞതാണെന്ന പരിഹാസം ചിലപ്പോൾ കുറച്ചൊന്നുറ ക്കെത്തന്നെ അവൾ കുടഞ്ഞെറിയാറുണ്ടെന്റെ മുന്നിലേയ്ക്ക് . എല്ലായിടത്തും പകരം കിട്ടണമെന്നാഗ്രഹിയ്ക്കുന്ന കുട്ടി മനസ്സിന്റെ അപക്വതയും എല്ലാറ്റിനേയും എണ്ണി എണ്ണി വിശകലനം ചെയ്യുന്നതിന്റെ അർത്ഥരാഹിത്യവും ചില സ്വസ്ഥ നിമിഷങ്ങളുടെ ശാന്ത സ്ഥലികളിൽ വച്ച് അതിമൃദുവായ് അവൾ വിശദീകരിച്ചിട്ടുള്ളതും മറക്കുന്നില്ല ഞാൻ . അവളുടെ അത്തരം അഭിപ്രായങ്ങളൊക്കെ അതു തന്നെയാണു ഞാൻ , പച്ച മനുഷ്യന്റെ കാടത്തമെന്നു സ്വയം ഊറ്റം കൊള്ളാനെന്നെ സഹായിച്ചുവെന്നല്ലാതെ ഒരു മാറ്റവും എന്നിൽ ഉണ്ടാക്കിയിട്ടില്ല.
എത്രയെത്ര ആശയ സമരങ്ങളാണ് ഞങ്ങളുടെയിടയിൽ ഉണ്ടായിട്ടുള്ളത് ! തുടക്കം എങ്ങിനെയാണെന്നു പറയാനാവില്ലെങ്കിലും അവളെ അടിമുടി അധിക്ഷേപിയ്ക്കുന്നതിൽ ഞാനെന്നും ഉന്നത നിലവാരം പുലർത്തിയിരുന്നു. എത്ര പറഞ്ഞാലും തീരാത്ത കുറവുകൾ, കുറ്റങ്ങൾ , ശിക്ഷാവിധികൾ .... എത്രയെത്ര വിചാരണകളാണു നടന്നിട്ടുള്ളത്. ഇന്നു തീർന്നു, ഇന്നത്തോടെ തീർക്കണം , യുദ്ധങ്ങളേയും അവളേയും എന്നു തീർച്ചപ്പെടുത്തിയ രാത്രികളുമുണ്ട്. പക്ഷേ അതൊടുവിൽ ഒട്ടും തെളിവു കിട്ടാത്ത ചില സന്ദേഹങ്ങൾ കൊണ്ടു മാത്രമായതിൽ എനിയ്ക്കു ചെറുതല്ലാത്ത ജാള്യതയുണ്ട്. അവളുടെ ഏകാന്ത കൗമാരത്തിന്റെ അവസാന നാളുകളിലെ പ്രണയവിഹ്വലതകൾ ഞാൻ വളരെ ബുദ്ധിമുട്ടി കണ്ടെത്തിയിരുന്നു. നിരന്തരം അവളെ ചോദ്യം ചെയ്യാനും അധിക്ഷേപിയ്ക്കാനും ജീവനോടെ ഭൂമിയ്ക്കടിയിലേയ്ക്ക് ചവിട്ടിയാ ഴ്ത്താനും പൂർവ്വ കഥകൾ ഞാൻ ഉപയോഗപ്പെടുത്തിയിരുന്നു. എങ്ങിനെ സഹിയ്ക്കാനാവും എന്നെപ്പോലൊരു പുരുഷ മേൽക്കോയ്മാ വാദിയ്ക്ക് അവളുടെ
വഴിവിട്ട സഞ്ചാരങ്ങൾ. എന്റെ സ്വകാര്യ സ്വത്തിൽ മറ്റുള്ളവർ അവകാശം സ്ഥാപിയ്ക്കുകയെന്നത് അവളുടെ ചിന്തകളിൽ ആയാൽ പോലും വയ്യെനിയ്ക്ക് സഹിയ്ക്കുവാൻ. കൊല്ലേണ്ടതായിരുന്നു , എന്നേ -
പിന്നെയുമെന്നെ പ്രകോപിച്ച മറ്റൊരു കാര്യം അവളുടെ സാഹിത്യാഭിരുചിയാണ്. എന്റെ കോപ കാലുഷ്യങ്ങൾ കൊണ്ടുണ്ടാവുന്ന അസഹ്യ യാതനകളൊക്കെ കഥയെഴുതി ത്തീർക്കുമെന്ന അവളുടെ അറിയിപ്പുണ്ടായ ദിവസം എനിയ്ക്കനുഭവപ്പെട്ട വാമനത്വം , സ്വയം കുറുകി ഇല്ലാതാകുന്ന അവസ്ഥ , ഞാനതെന്നും മനസിൽ കൊണ്ടു നടന്നു. പിന്നെപ്പിന്നെ നിനക്കു സർഗ്ഗാത്മകതയുടെ ഒരംശം പോലുമില്ലെന്ന രൂക്ഷ വിമർശനം കൊണ്ട് അവളുടെയുള്ളിലെ പ്രതിഭയുടെ സ്ഫുരണത്തെ തല്ലിക്കെടുത്തുക എന്റെ സ്ഥിരം അഭ്യാസമായിരുന്നു. എന്തെഴുതിയെന്നു പറയുമ്പോഴും
അതു വായിക്കാതെ തന്നെ അതിൽ ലാവണ്യവും മാധുര്യവുമുള്ള പദങ്ങൾ മാത്രമേയുള്ളൂ - അന്തസത്തയില്ല, ഉൾക്കാഴ്ചയില്ലെന്നാക്ഷേപിയ്ക്കുമ്പോൾ അവൾ ആത്മഹത്യ ചെയ്യാതിരുന്നത് സത്യ സൗന്ദര്യങ്ങളിൽ അവൾക്കുള്ള വിശ്വാസം കൊണ്ടാകണം. ഞാൻ ഒരു മനുഷ്യനായി നിന്ന് പ്രശ്നങ്ങളെ വാശിയോടെ എതിർത്തു നേരിടുമ്പോൾ അവൾ അമൂർത്താ ശയങ്ങളുടെ അലൗകികതയിൽ ലയിച്ച് അവയുടെ സുസ്ഥിതിയ്ക്കു വേണ്ടി വാദിച്ചു കൊണ്ടേയിരിയ്ക്കും. ഉദാഹരണം എന്റെ അമ്മ തന്നെ. എന്നോട് തുല്യ ശക്തിയോടെ പൊരുതി നില്ക്കുന്ന എന്നെ കുറ്റവാളിയും കഴിവു കുറഞ്ഞവനുമായ് ചിത്രീകരിക്കുന്ന എന്റെ സഹോദരിമാർക്കു വേണ്ടി സ്വയം സമർപ്പിച്ച എന്നാൽ മറ്റു ബന്ധുക്കളുടേയും അയൽക്കാരുടേയും മുന്നിൽ അതീവ പുത്രസ്നേഹമുള്ള ഒരൊന്നാന്തരം അഭിനേത്രിയാണ്. അമ്മയോട് ഒളിയുദ്ധം നടത്തുന്നത് എന്റെ സ്വഭാവമാണ്. അത്ര കരുത്തും കുശലതയുമുള്ള ഒരു സ്ത്രീയാണവർ. ആ അമ്മയോട് നീതി പുലർത്തണമെന്ന് വാദിച്ച് അവൾ മഹാ മനസ്ക്കയാകുമ്പോൾ , ചർച്ചയ്ക്കും വാദത്തിനും മുതിരുമ്പോൾ പലതവണ വിഷനാവു കൊണ്ടു കൊത്തി കൊത്തിഹനിച്ചിട്ടുണ്ട് ഞാനവളെ. അവളുടെ ധർമ്മബോധത്തെ കാപട്യമെന്നും അധ:കൃതയുടെ അടിമത്തമെന്നും ആക്ഷേപിച്ചിട്ടും എനിയ്ക്കു മതിയായതേയില്ല. പോര, പോര - കഴുത്തു ഞെരിയ്ക്കാൻ കൈ തരിച്ചു. ഇവളെന്നും അയഥാർത്ഥ മായിക ഭൂമികളിലാണ്. ഒന്നിനും കൊള്ളാത്തവൾ , പെരുവയറി, പപ്രത്തലച്ചി, ഈശ്വരാനുഗ്രഹമില്ലാത്തവൾ - പറഞ്ഞു പറഞ്ഞു കത്തിക്കയറിയിട്ടും ഒന്നും മതിയായില്ല. കൈ വീശി ഒന്നു കൊടുത്തു. ഒന്നുമായില്ല. എന്നിട്ടും അന്നു ഞാനവളെക്കൊല്ലാതെ വിട്ടു. പിന്നെയുമെവിടെയാണവൾ അഭയം തേടിയത്?
എന്റെ വ്യക്തി ബന്ധങ്ങളൊക്കെ അത്യുദാത്തതയിൽത്തുടങ്ങുമെന്നും
കാലക്രമേണ അതി നീചമായ് പരിണമിയ്ക്കുമെന്നും അവൾ അധിക്ഷേപിയ്ക്കാറുണ്ട്. എന്റെ സൗഹൃദങ്ങളാണു ഉദാഹരണങ്ങൾ. ഗംഭീര വ്യക്തികൾ എന്നു ഞാനാദ്യം സമർത്ഥിയ്ക്കുന്നതും പിന്നെ അവരുടെയൊക്കെ പുറംമോടികൾ അഴിഞ്ഞലിഞ്ഞ് എല്ലാവരും വെറും സാധാരണ നിലവാരത്തിലേയ്ക്ക് കൂപ്പുകുത്തുന്നതുമാണവളുടെ
തെളിവുകൾ. ഇങ്ങിനെയെത്രയെത്ര തുറന്ന യുദ്ധങ്ങൾ, തല വേർപെട്ടു തകർന്നു മരിച്ചു കിടക്കുന്ന എത്രയെത്ര അക്ഷൗഹിണിപ്പടകൾ. എല്ലാറ്റിനും ഒടുവിലാണീ ജാരസംസർഗ്ഗാസംബന്ധ കൊലപാതകം അരങ്ങേറിയത്. യാഥാർത്ഥ്യത്തിലതു നടന്നുവോ ? വെറും ഒരു തോന്നൽ. അവളിപ്പോഴും സ്വയം സംസാരിച്ചും കലമ്പൽ കൂട്ടിയും പാത്രങ്ങൾ കഴുകുന്നുണ്ടാകണം, ഇപ്പോൾ ചൂലുമായിവിടെ അവതരിച്ച് ഇത്തിരി നീങ്ങിയിരിക്കുമോ, ആ മേശയുടെ അടിയൊന്നു തൂക്കട്ടെയെന്ന് ഈർഷ്യയോടെ പറഞ്ഞേക്കാം .ദീനു, ദീപു നിങ്ങളെവിടെയാ , വരൂ പഠിയ്ക്കാം എന്ന് ഒച്ചയുയർത്തിയേക്കാം. അല്ലെങ്കിൽ പച്ചക്കറി തീന്നു , നാളെ സ്കൂളിൽ കൊടുത്തയയ്ക്കാൻ സ്നാക്ക്സ് ഇല്ലെന്നു പരാതിപ്പെട്ടേക്കാം - അല്ലെങ്കിലും പറഞ്ഞു തീർക്കാവുന്ന മേൽ വിവരിച്ച നിസ്സാര പ്രശ്നങ്ങളിൽ നിന്ന് ഒരു കൊലപാതകമൊന്നും ഉണ്ടാവുകയില്ല. വെറുതേ നിങ്ങളെ ഒരപസർപ്പക കഥയുടെ ആകാംക്ഷാ വലയത്തിലേയ്ക്ക് ഞാൻ വിളിച്ചു കൊണ്ടു പോയെന്നേയുള്ളൂ. നോക്കൂ അവളെന്നെ ചായ കുടിയ്ക്കാൻ വിളിയ്ക്കുന്നു. അടുക്കളയുടെ അടുത്താണ് സ്റ്റോർ മുറി. നോക്കട്ടെ എന്താണു കഴിയ്ക്കാനുള്ളതെന്ന്. ഒരു പക്ഷേ ചത്തുമലച്ച അവളുടെ കണ്ണുകൾ..തല്കാലം കഥയുടെ മേൽ നിരർത്ഥകതയുടെ ഒരു നനഞ്ഞ തിരശ്ശീല ഇടുന്നു ഞാൻ.
7. സുഗതനും സുസ്മിത ഉമാപതിയും
ഞാനും
സുഗതൻ എന്ന മദ്ധ്യ വയസ്ക്കനെ അടുത്തയിടെയാണ് പരിചയപ്പെട്ടത്. പ്രത്യേകിച്ചൊരു ആമുഖവുമില്ലാതെ മുന്നിൽ വന്നു പെട്ടൊരാൾ . ലോകത്തിലൊരു വസ്തുവിനോടും യാതൊരു മമതയുമില്ലാതെ മുഖം തിരിച്ചു നില്ക്കുന്ന ഞാൻ. ആവശ്യം ഇത്രയേ ഉള്ളൂ . ഈയിടെയായി പുറത്തിറങ്ങിയ ഒരു നോവലിന്റെ ആസ്വാദനം എഴുതിക്കൊടുക്കണം. അത്രയൊന്നും വരിക്കാരില്ലാത്ത അയാളുടെ ഉടമസ്ഥതയിലുള്ള പ്രസിദ്ധീകരണത്തിലേക്ക് . മുമ്പൊക്കെയെഴുതിയ ചില ലേഖനങ്ങൾ, പുസ്തക പരിചയങ്ങൾ ഒക്കെയാണ് അയാളെ
എന്റെയടുത്തെത്തിച്ചത്. പറ്റില്ലെന്ന് ഒറ്റവാക്കിൽ പറയാൻ തുടങ്ങിയതാണ്. ഞാനൊന്നും എഴുതാറേയില്ല ഇപ്പോഴൊന്നും . വായനയുമില്ല. ജീവിയ്ക്കുന്നതു തന്നെ സത്യമോ എന്നു തോന്നുന്ന പോലെയൊരു ജീവിതം . എന്നിട്ടും പഴയ ചില എഴുത്തുകൾ ഓർത്തെടുത്ത് അയാൾ എന്റെ യടുത്തെത്തിയതിൽ എനിയ്ക്കു സന്തോഷം തോന്നി. ഞാനതു ഭാവിച്ചില്ലെങ്കിലും.
പെട്ടെന്നൊരു വാക്യം മനസ്സിലേയ്ക്കു വന്നു. എനിക്ക് മുഖം തരാനിഷ്ടപ്പെടാത്ത, പരിചയ കാലത്തൊരിയ്ക്കലും എന്നോടൊരു കഥയെപ്പറ്റിയോ കവിതയെപ്പറ്റിയോ
സംസാരിയ്ക്കാത്ത, യാതൊരു സൗഹൃദവും കാട്ടാത്ത ഒരാളോടു പോലും വായ് തോരാതെ ഞാനീ പുസ്തകത്തെപ്പറ്റിപ്പറയാനിഷ്ടപ്പെടുന്നുവെന്ന ആമുഖത്തോടെ തുടങ്ങിയാൽ അതൊരു താല്പര്യജനകമായ തുടക്കമായിരിക്കുമെന്ന്. ആ നിമിഷത്തിന്റെ ആവേഗത്തിലാണ് ഞാനാ പുസ്തകം വാങ്ങിവച്ചത്. ഇതെന്റെയൊരു വല്ലാത്ത രീതിയാണ്. ഒരു ചിന്തയിൽ ഉറപ്പു വരുന്നതിനു മുമ്പേ മറ്റൊന്നിലേയ്ക്ക് പാറിപ്പോകുന്നത്, ഒരു കാര്യം മുഴുവൻ കേൾക്കുന്നതിനു മുമ്പേ ആ വിഷയത്തിലൊരപരലോകം സൃഷ്ടിച്ച് അവിടെ അടയിരിക്കുന്നത് - അതുകൊണ്ടു തന്നെ പല സൗഹൃദങ്ങളിൽ നിന്നും ഞാൻ സ്വയം പുറത്തു പോന്നിട്ടുണ്ട്.
അതൊരു എഴുത്തുകാരിയേപ്പറ്റിയുള നോവലാണ്. അത്രയൊന്നും പ്രസിദ്ധ യല്ലാത്ത അധികം വായിയ്ക്കപ്പെടാത്ത സുസ്മിത ഉമാപതി എന്ന എഴുത്തുകാരിയുടെ രചന. ലോകത്തെ മുഴുവൻ കാരുണ്യത്തോടെ ഹൃദയത്തിലേറ്റു വാങ്ങുകയും സ്വയമലിയുകയും ചെയ്യുന്നവൾക്ക് ലഭിക്കുന്ന കുറ്റപ്പെടുത്തലും നിന്ദയും ഒരുവളെ എഴുത്തുകാരിയാക്കിയേക്കാം. അല്ലെങ്കിൽ ഉന്മാദിനി എന്നാണ് പുസ്തകത്തിന്റെ ആമുഖ വാക്യം തന്നെ.
നമ്മുടെ പ്രാർത്ഥനാ നിമിഷങ്ങളിലേക്ക് കടന്നുവരുന്ന ഉച്ചഭാഷിണിയുടെ മുഴക്കം പോലെ അനുവാചകനെ അലോസരപ്പെടുത്തുന്നതാണവരുടെ സാന്നിദ്ധ്യം. ഒരു താല്പര്യവുമില്ലെങ്കിലും ഒരിയ്ക്കലും മുഖം കൊടുക്കാതിരുന്നാലും
മുന്നിൽച്ചൊരിഞ്ഞിട്ട അളവറ്റ നാണയ ശേഖരം പോലെ അതെപ്പോഴും വായനക്കാരന്റെ മുന്നിൽക്കിടന്നു തിളങ്ങുന്നു.
അവരൊരു വേദിയിൽ സംസാരിയ്ക്കുന്നത് വിവരിയ്ക്കുന്നുണ്ടതിൽ . താൻ തന്നോടെന്നപോലെ യാതൊരു ഒളിയിടങ്ങളുമില്ലാതെ നടത്തിയ എല്ലാ ആത്മ ഭാഷണങ്ങളിലും ഒപ്പം നിന്നൊരാൾ പെട്ടെന്നു നിഷേധിച്ചപ്പോൾ അന്യവത്ക്കരിക്കപ്പെട്ട് ഒട്ടകപ്പക്ഷിയെപ്പോലെ മണലിൽ മുഖം പൂഴ്ത്തി സ്വയം ഒളിപ്പിച്ച നാളുകളിൽ ഒരക്ഷരത്തിൽപ്പോലും മനസ്സു നില്ക്കാത്ത ആ കടുത്ത വേനൽക്കാലത്താണ് ഒരു ഭക്തി കാവ്യത്തിലെ കുറേ ഭാഗം കാണാപ്പാഠമാക്കിയതെന്നവർ പറയുന്നു. ലോക ക്ലാസിക്കുകളിലെല്ലാം തിരഞ്ഞാലും കാണാൻ പറ്റാത്തത്രയും മഹത്തായൊരു വരിയുണ്ടതിൽ എന്നു വികാരഭരിതമായി വിവരിച്ചു പിന്നെ. സംഗീതവും വാദ്യമേളങ്ങളും അവസാനിച്ചിട്ടും ഒരു ആനന്ദാനുഭൂതിയിൽ നൃത്തം തുടരുന്ന ഗോപാംഗനമാരെക്കുറിച്ചാണവർ അപ്പോൾ പറഞ്ഞു കൊണ്ടിരുന്നത്. വായിച്ചു വച്ചാലും ചേതസ്സിൽ നൃത്തം തുടരുന്ന അവസാനിയ്ക്കാത്ത ആശയങ്ങളുടെ പരമ്പര അതാണ് ഏതു മഹത്തായ കൃതിയും സമ്മാനിയ്ക്കുന്നതെന്നവർ ഉറപ്പിച്ചു പറഞ്ഞു. ആ ഉദാഹരണത്തിലൂടെ തന്റെയൊരു കൃതിയുടെ പിൻതലത്തെപ്പറ്റിയാണ് അവർ സംസാരിച്ചു തുടങ്ങിയതെന്ന് രണ്ടാം വായനയിലാണ് ഞാൻ ശ്രദ്ധിച്ചത്. അസഹ്യമായ വേദനയും അന്ത: ക്ഷോഭങ്ങളും വിചാര സംഘട്ടനങ്ങളും കൂടി തന്നെയൊരു അർബ്ബുദ പിണ്ഡമാക്കി മാറ്റിക്കൊണ്ടിരുന്ന അവസ്ഥയിലാണ് അവരാക്കഥയെഴുതിത്തുടങ്ങിയത്.
ഒരു സ്വസ്ഥതയുമില്ലാതെ ലോകത്തെ മുഴുവൻ നോക്കി കോക്രി കാണിച്ചു കൊണ്ട് ആരുടേയും സൗമനസ്യം പിടിച്ചു പറ്റുന്ന യാതൊരു വിട്ടുവീഴ്ചയും പ്രകടിപ്പിയ്ക്കാതെ തീച്ചൂളകളിലൂടെ നടന്ന ദിനങ്ങളെപ്പറ്റി അവിടവിടെ സൂചനകൾ വീണു കിടപ്പുണ്ടാ രചനയിൽ.
ഒരു ഒളിമറയ്ക്കപ്പുറം നില്ക്കുന്ന തീർത്തും അപരിചിതനായ ഒരാൾക്ക് ആത്മാവറിഞ്ഞു വച്ചു കൊടുത്ത ചക്രവർത്തി കിരീടവും അതിനെ ത്തുടർന്നുള്ള അടിമത്തവും ഒരു സ്ത്രീയുടെ ആത്മാഭിമാനം ചോർത്തിക്കളഞ്ഞതെങ്ങിനെയെന്നു വ്യാഖ്യാനിയ്ക്കുകയാണതിൽ. ചിലപ്പോഴൊക്കെ സ്വയം നിന്ദയോടെ, ചിലപ്പോൾ എല്ലാ പ്രപഞ്ചങ്ങൾക്കും മുകളിൽ നിന്നുകൊണ്ട് തന്നെ ലോകത്തിനു മുഴുവൻ കാട്ടിക്കൊടുത്തു കൊണ്ട് ,
മുഴക്കമുള്ള സത്യത്തിന്റെ ശബ്ദം ലോകത്തെ ബോദ്ധ്യപ്പെടുത്തിക്കൊണ്ട് - അതേ അങ്ങിനെയൊക്കെയാണ് കഥ പുരോഗമിയ്ക്കുന്നത്.
അനുഭവിയ്ക്കുന്ന ഓരോ നിമിഷത്തേയും ഖണ്ഡം ഖണ്ഡങ്ങളാക്കി പിന്നെയും മുറിച്ചു ചെറുതാക്കി വീണ്ടും ചെറിയ തരിതരി ളാക്കി അവയെയൊക്കെ പലതരത്തിൽ വിശകലനം ചെയ്യുകയും വീണ്ടും വീണ്ടും പുനർ നിർമ്മിയ്ക്കുകയും അതിൽ അഭിരമിയ്ക്കുകയും ചെയ്യുന്ന രീതിയ്ക്ക് ശൈലീ ഗുണമുണ്ടെങ്കിലും
എന്നെ മടുപ്പിച്ചു. എങ്കിലും ലോകസാഹിത്യത്തിലെ ചില മഹത്തായ രചനകളെ അത്രത്തോളം ആഴത്തിലല്ലെങ്കിലും ഈ കൃതി ഓർമ്മിപ്പിയ്ക്കുന്നുവല്ലോ എന്നൊരാദരവ് പെട്ടെന്ന് ഉറന്നു വന്നു എന്നിൽ. വീണ്ടും വിശകലനാത്മകമായ സഹാനുഭൂതിയോടെ വായന തുടർന്നു ഞാൻ.
തന്റേതായ ഒരിടം ഉണ്ടെന്ന് ഉറപ്പിയ്ക്കാനും അത് നേടിയെടുക്കാനും കഥാകാരി ശ്രമിക്കുന്നു. എന്നാൽ എപ്പോഴെങ്കിലും സൗജന്യമായോ ഉദാരമായോ വന്നുപെടുന്ന ഒരു ദാക്ഷിണ്യഭാവത്തിൽ നിന്ന് ഓടിപ്പോകാനുള്ള അവരുടെ വ്യഗ്രത ആകെക്കൂടി ഒരു സങ്കീർണ്ണത സൃഷ്ടിയ്ക്കുന്നു. പഴയതോ പുതിയതോ അല്ലാത്ത ഒരു ആദി സ്വത്വപ്രകാശനം മാത്രമാണത്. ആ രീതിയിലേ അതിനെ എനിക്കു നോക്കിക്കാണാനായുള്ളൂ.
അടുത്ത അദ്ധ്യായത്തിലെത്തിയിട്ടും ഭാഷയ്ക്കോ കാര്യങ്ങൾ അവതരിപ്പിക്കുന്ന ക്രമത്തിനോ ഒരു പ്രത്യേക രീതി കണ്ടെത്താനോ വ്യക്തമാക്കാനോ എനിയ്ക്കായില്ല.
എഴുത്തുകാരിയുടെ കീറിപ്പറിഞ്ഞ കാഴ്ചകൾ, അടുക്കില്ലാത്ത ഓർമ്മകൾ , അതി വൈകാരികമായ പ്രതികരണങ്ങൾ അതൊക്കെയാണു രചനയുടെ സവിശേഷതയെന്നു പറയാം. എന്നാൽ അവയൊന്നും ഒരു പരിചിത വഴി പിൻതുടരുന്നതായി പറയുക വയ്യ. ഒരിടത്ത് യാതൊരു പ്രകോപനങ്ങളുമില്ലാതെ പൊട്ടിത്തെറിയ്ക്കുന്ന ഒരു സുഹൃത്തിനെപ്പറ്റി പറയുന്നുണ്ട് . അപ്പോൾ സൗഹൃദത്തിന്റെ പൂമരങ്ങളാെക്കെ കരിഞ്ഞു പോകുന്നതും ധാർഷ്ട്യത്തിന്റെ പുകമഞ്ഞ് എല്ലാറ്റിനേയും മൂടിപ്പിടിയ്ക്കുന്നതും നന്നായി വിസ്തരിയ്ക്കുന്ന ഒരു സന്ദർഭമുണ്ടവിടെ. എനിയ്ക്കത് യുക്തിഭദ്രവും കൃത്യവുമായി ത്തോന്നി. ഇനിയതിനെ പൊലിപ്പിയ്ക്കാനാവില്ലെന്നും.
ഒരു രസകരമായ നിരീക്ഷണം
ഇടയ്ക്കു വന്നത് എന്നെ രസിപ്പിച്ചു. പുരുഷന്മാരെപ്പറ്റിയാണ് . ഒരൊറ്റപ്പുരുഷനെ അറിഞ്ഞാൽ ലോകത്തിലെ മുഴുവൻ ചരാചര ങ്ങളേയും മനസ്സിലാക്കാൻ കഴിയും എന്നൊരു വാക്യം ഏതോ ഉപനിഷത്ത് മന്ത്രത്തിന്റെ അനുരണനം പോലെ തോന്നി. തന്റെ പ്രസ്താവനയെ ഉദാഹരണങ്ങളിലൂടെ വ്യക്തമായി സമർത്ഥിയ്ക്കുന്നുമുണ്ട്. എന്തായാലും ജാഗ്രത്തായിരിക്കുന്ന ഓരോ നിമിഷങ്ങളിലേക്കും കടന്നു കയറുന്ന ഒരു സമൂഹമുണ്ട് എപ്പോഴും അവരുടെ ചുറ്റിനും. ഒന്നും സങ്കല്പിയ്ക്കാൻ അനുവദിയ്ക്കാത്ത ഒരുപസംഹാരത്തിലും സ്വഭാവികമായി ചെന്നുചേരാൻ സമ്മതിയ്ക്കാത്ത അസ്വസ്ഥമായ ഒരു സമൂഹം. നീ പ്രണയ കവിതകളെഴുതരുത് , ഒരു പ്രണയ കവിതയെഴുതിയാൽ നിന്റെ നൂറു കാമുകന്മാരെ ചൂണ്ടിക്കാണിച്ചു കൊടുക്കാൻ നീ ബാദ്ധ്യസ്ഥയാവുമെന്ന് ശാസിക്കുന്ന ഒരു സുഹൃത്തിനെപ്പറ്റി പറയുന്നുണ്ട്. അതിനുള്ള മറുപടിയ്ക്ക് ഒരു ദാർശനിക പരിപ്രേക്ഷ്യമുണ്ടെങ്കിലും മാധുര്യമെന്ന ഗുണം കൂടി കണ്ടു ഞാൻ. എന്റെ പ്രണയം തത്വാന്വേഷണവും ഈശ്വരാന്വേഷണവും സത്യാന്വേഷണവുമാണ്. ഇനിയും ആയിരമായിരം പ്രണയ കവിതയെഴു താൻ ഭാവനയും മഷിയും ബാക്കിയുണ്ടെന്നും രതിയെപ്പറ്റി ഒരു വരി പോലുമെഴുതാനില്ലെന്നും പിന്നെ ഒരു നിരൂപക സുഹൃത്ത് തന്റെ നേരെ മുഖം ചുളിയ്ക്കുന്നതിനെപ്പറ്റിയും വിശകലനങ്ങൾ തുടരുന്നു. അവനും അവളും എന്ന ഭിന്ന ദ്വന്ദങ്ങളിൽ നിന്ന് താൻ എന്ന സ്വത്വബോധത്തിലേയ്ക്ക് ഉണരൂ എന്ന ഉപദേശത്തിന് എഴുത്തുകാരിയുടെ മറുപടി താരതമ്യപ്പെടുത്തുന്നുവെങ്കിൽ വെർജീനിയ വുൾഫിനോടെന്ന അപേക്ഷയാണ്.
ചുറ്റുമൊരു ലോകമുണ്ടാകുമ്പോൾ അവരുടെ മമതകളിലേയ്ക്കും പ്രിയങ്ങളിലേയ്ക്കും തന്നെ സ്വീകരിയ്ക്കുമ്പോഴാണ് താൻ തന്നെയിഷ്ടപ്പെട്ടുതുടങ്ങുന്നതെന്ന് അവർ പറയുന്നു. പുറത്തേയ്ക്കുള്ള വാതിലുകളെല്ലാമടയ്ക്കുമ്പോൾ സ്വയം അപരിചിതമാവുകയും അനിഷ്ടം തോന്നുകയുമാണു ചെയ്യുന്നത്. മറ്റുള്ളവർ ചൂണ്ടിക്കാണിയ്ക്കുന്ന വസ്തുതകളിലാണു സാധാരണ ജീവികൾ നിലനില്ക്കുന്നത്. പുറത്തെ ലോകത്തിന്റെ പ്രിയാഅപ്രിയങ്ങളിൽ അസ്വാസ്ഥ്യങ്ങളിൽ അസ്വാരസ്യങ്ങളിലാണ് തന്റെ സ്വത്വം പടർന്നു പന്തലിയ്ക്കുന്നതെന്നവർ തിരിച്ചറിയുന്നു.
പിന്നെ അന്നയും അംബയും സൂസന്നയും എന്നൊരദ്ധ്യായത്തിൽ അന്യാദൃശരായ ചില സ്ത്രീ കഥാപാത്രങ്ങളെ താരതമ്യപ്പെത്തുന്നുണ്ട്. നോവലിന്റെ കഥാതന്തുവിനെ കൃത്യമായും പരിപോഷിപ്പിയ്ക്കുന്ന തരത്തിൽ അതിന്റെ ഇഴകൾ കഥാ ശരീരത്തോടു ചേർക്കാൻ എഴുത്തുകാരി ബോധപൂർവ്വം ശ്രമിയ്ക്കുന്നുണ്ട് , വായനക്കാർ അറിയാതിരിയ്ക്കാനും..
വളരെപ്പെട്ടെന്ന് ശുദ്ധ കാല്പനികതയുടെ പുറം മോടിയോടെ അവർ ഭൂതകാലത്തെപ്പറ്റി പറയാൻ തുടങ്ങി. തികച്ചും സാധാരണ മട്ടിൽ
നീണ്ട വിശാലമായ തൊടിയുടെ നിഗൂഢതയും കൈത്തോടിന്റെ കുളിരും അമ്പലക്കുളവും സർക്കാർ പള്ളിക്കൂടവുമൊക്കെ വർണ്ണിയ്ക്കുമ്പോൾ അത്രയൊന്നും ഗംഭീരമല്ലാത്ത ഒരു വായനാനുഭവമായിരുന്നു എനിയ്ക്കത്. ദേശാചാരങ്ങളും ദൈനംദിന ജീവിത പദ്ധതികളും വിവരിയ്ക്കുമ്പോൾ കൈത്തഴക്കം വന്ന ഒരെഴുത്തുകാരിയുടെ ക്രമ ബദ്ധത ഉണ്ടായിട്ടും അതു മടുപ്പുണ്ടാക്കി. ഗ്രാമത്തനിമയിൽ സ്വയം മുഴുകുന്ന സ്വന്തം ലോകത്തിന് അസാധാരണ തേജസ്സു കോരിയൊഴിയ്ക്കുന്ന തുടരെഴുത്തുകളിൽ ഞാനവരെ കുറേക്കൂടി വ്യക്തമായിക്കണ്ടു. എല്ലാ ക്കാഴ്ചകൾക്കും മേലെ തന്നെ പ്രതിഷ്ഠിയ്ക്കുമ്പോൾ അവർക്ക് ഒരെഴുത്തുകാരിയുടെ അഹന്തയുടെ ചിറകുകൾ മുളയ്ക്കുന്നതും കണ്ടു . മഹാനായ ആ സ്രഷ്ടാവ് ഒരു സൂചിമുഖിക്കിളിയ്ക്കു പോലും കാരുണ്യത്തിന്റെ തൊട്ടിൽ കെട്ടുന്നവനാണ്. സ്രഷ്ടാവ് എന്നയർത്ഥത്തിൽ ആ പരമ സ്രഷ്ടാവിന്റെ ഒപ്പം നില്ക്കുന്ന സൃഷ്ടികർത്രി എങ്ങിനെയാണ് അന്യ ജീവിയോട് ഉച്ചനീചഭാവം കാട്ടുകയെന്നത്ഭുതപ്പെട്ടു ഞാൻ. വീണ്ടും ആത്‌മകഥനങ്ങൾ എന്നെ മടുപ്പിച്ച ഒരദ്ധ്യായത്തിലേയ്ക്കാണു തുറന്നത്. പല അനുഭവങ്ങളിലും തനതു മുദ്രകൾ തെളിഞ്ഞു കിടക്കുന്നുണ്ടെങ്കിലും ലോകത്തിന്റെ മുഴുവൻ ആഹ്ളാദങ്ങളും കട്ടെടുത്ത് ഒരിടത്ത് ഒളിപ്പിച്ചു വയ്ക്കാനുള്ള അവരുടെ കുസൃതി കണ്ടപ്പോൾ എന്റെ താല്പര്യങ്ങളുടെ അതിർത്തിയ്ക്കപ്പുറം നില്ക്കുന്ന വിരസമായ മേച്ചിൽപ്പുറങ്ങളെയാണ് എനിയ്ക്ക് ഓർമ്മ വന്നത്. ഇന്ദ്രിയാനുഭവങ്ങളുടെ കടും ചായക്കൂട്ടുകൾ കാണുമ്പോൾ പെട്ടെന്നു ചെടിച്ച് തിരിഞ്ഞു നടക്കുന്നതാണെന്റെ ശീലം. ഒരു സ്പൂൺ തേൻ പതുക്കെ നുണയാം , ഒരു കുടം തേൻ അപ്പാടെ രുചിയ്ക്കാൻ നിർബ്ബന്ധം പിടിച്ചാലുണ്ടാകുന്ന അസ്വാരസ്യമായിരുന്നു എനിയ്ക്കാ വായന. ആ അദ്ധ്യായത്തിലൂടെ എനിക്കൊരലസവായനയേ സാദ്ധ്യമായുള്ളൂ. പക്ഷേ തൊട്ടടുത്ത പേജുകൾ എന്നെ ആത്ഭുതപ്പെടുത്തി. അതൊര സാധാരണമായ അനുഭവത്തിന്റെ തികച്ചും സത്യസന്ധമായ വിവരണമായിരുന്നു. അത് വിശദീകരിക്കും മുൻപേ എഴുത്തുകാരിയ്ക്ക് എപ്പോഴും സംഭവിയ്ക്കാറുള്ള ഒരപഭ്രംശത്തെപ്പറ്റി സൂചിപ്പിയ്ക്കാമെന്നു കരുതുന്നു. അത് എഴുതാൻ വിചാരിക്കുന്നവ അതേ പോലെ പകർത്തപ്പെടുന്നില്ല അല്ലെങ്കിൽ പറയാനാഗ്രഹിയ്ക്കുന്നത് അതേ പോലെ ഒരിക്കലും പറയുന്നുമില്ല എന്നതാണ്. ജീവിതത്തിൽ എല്ലായ്പ്പോഴും അതങ്ങിനെയാണ്. ആ പരിമിതിയെ മറികടക്കാനാണ് എഴുതിത്തുടങ്ങുന്നത് . പക്ഷേ അതി തീവ്രമായ അന്ത:സംഘർഷങ്ങൾ അനുഭവിച്ചതിനു ശേഷം പല തവണ പരിശീലിച്ച് പൂർണ്ണമായും സജ്ജയായി ഒട്ടും അന്ത:സത്ത ചോരാതെ ആവിഷ്ക്കരിയ്ക്കാൻ ആവുമെന്നുറപ്പോടെ എഴുതുമ്പോൾ പോലും തീർത്തും
അപ്രസക്തമായ എന്തോ ഒന്ന് വിരസമായി അവതരിപ്പിച്ച് സ്വയമൊടുങ്ങുന്നത് പലതവണ കണ്ടു ഞാൻ. അതേ പോലെ ചില പ്രസ്താവനകൾ എന്നെ രസിപ്പിച്ചു. ഒരു പുരുഷനോടു സൗഹൃദം തുടങ്ങുന്നതേ ലൈംഗികതയെപ്പറ്റി സംസാരിച്ചു കൊണ്ടാവണം എന്നും ഈ സമൂഹ പരിസ്ഥിതിയിൽ നിന്നു കൊണ്ട് ഒരു മനുഷ്യ ജീവി എങ്ങിനെ രൂപപ്പെടണമെന്ന നിർദ്ദേശവും പുരുഷന്റെ സ്ത്രീലിംഗമല്ല സ്ത്രീയെന്നും അവൾ വിത്യസ്ത വംശജയാണെന്നും സ്ഥാപിയ്ക്കുമ്പോഴാണത് . ചിന്ത തീർത്തും വ്യതിരിക്തമെന്നും കാഴ്ചപ്പാടുകൾക്ക് യാതൊരു സാദൃശ്യവുമില്ലെന്നും അവൾ ആരാലും കീഴടക്കപ്പെടാത്ത അജ്ഞാത ഭൂ വിഭാഗമെന്നും സമർത്ഥിയ്ക്കുണ്ട് എഴുത്തുകാരി. തുടർന്ന്
അവരുടെ ഒരു സ്വപ്നാനുഭവമാണെന്നെ നിർമ്മലമായ ആഹ്ളാദത്തിലെത്തിച്ചത്.
ചാർളിയെ സ്വപ്നം കണ്ടു. ആ ചിത്രത്തിൽ നിന്ന് ഇറങ്ങി വന്നതു പോലെ . അയഞ്ഞ ജുബ്ബയും അലസഭാവവും. എത്ര സൗഹൃദവും സൗമനസ്യവുമാണ് ശരീര ഭാഷയിൽ. ആഹ്ളാദത്തിന്റെ കൊടുമുടിയിൽ എത്തിയ്ക്കുന്ന പാരസ്പര്യം. വയസ്സൻ മാവിന്റേയും ഞാവൽ മരങ്ങളുടേയും പേരറിയാത്ത പല മരങ്ങളുടേയും നിഴലിൽ തണുത്തു കിടക്കുന്ന കോളേജ് ക്യാമ്പസ്സിലെ കോമേഴ്സ് ബ്ലോക്കിലേയ്ക്കാണ് ചാർളി തിടുക്കപ്പെട്ടു നടന്നുവന്നത്. വരാന്തയിലെ കൗണ്ടറിൽ പുസ്തകം വാങ്ങാൻ കുട്ടികൾ വരി പാലിച്ചു നിന്നിരുന്നു. പുസ്തകം നല്കി പണം വാങ്ങിക്കൊണ്ടിരിയ്ക്കുകയായിരുന്നു ഞാൻ. പെട്ടെന്നാണു കാണുന്നത്. ചിത്രത്തിലെ അതേ മുഖഭാവത്തിൽ ചാരനിറമുള്ള അയഞ്ഞ ജുബ്ബയും മങ്ങിയ കാപ്പി നിറമുള്ള ഇറക്കം കുറഞ്ഞ ജീൻസും മുഖം നിറയെ ആഹ്ളാദവും സൗഹൃദവുമായി മുന്നിൽ. എന്നിൽ സന്തോഷം നുരഞ്ഞു പൊന്തി. ചെയ്തു കൊണ്ടിരുന്ന ജോലി പെട്ടെന്നു നിർത്തി പുറത്തുചാടുകയായിരുന്നു , പിന്നിലെന്തെന്ന് ആലോചിയ്ക്കാതെ . കണ്ടതേ വായ് തോരാതെ ഞാൻ സംസാരം തുടങ്ങി . ദിവസങ്ങളായി ആലോചിച്ചു കൂട്ടിയതു മുഴുവൻ അവനെ ഉള്ളിൽ അഭിമുഖം നിർത്തി പറഞ്ഞതു മുഴുവൻ ,കുറച്ചു കൂടി ഭംഗിയായി പറഞ്ഞു പറഞ്ഞ് ഒരു തൂവൽ പോലെ കനം കുറഞ്ഞ് കുറഞ്ഞ് ആകാശത്തിൽ പറന്നുപറന്ന് എന്തൊരാഹ്ളാദമായിരുന്നു. അവൻ കയ്യിലൊരു പേപ്പർ ചുരുട്ടിപ്പിടിച്ചിരുന്നു. ഇങ്ങോട്ടൊന്നും പറഞ്ഞതായ് ഞാൻ ഓർക്കുന്നില്ല. കണ്ടപ്പോൾ മുതൽ ഞാൻ സംസാരിക്കുകയായിരുന്നു. സ്വയം വിമലീകരിക്കപ്പെട്ട് ഒരു സ്വർണ്ണത്തകിടു പോലെ ഞാൻ ജ്വലി ച്ചിരുന്നു. അവന്റെ സാന്നിദ്ധ്യത്തിൽ ആഹ്ളാദമല്ലാതെ മറ്റൊന്നും ഞാൻ അറിഞ്ഞതേയില്ല എന്നു മാത്രം ഞാനിപ്പോഴോർക്കുന്നു. പറഞ്ഞൊഴിഞ്ഞപ്പോൾ വന്നതിന്റെ അത്ഭുതവും ആനന്ദവും നിലനിർത്തിക്കൊണ്ടു തന്നെ പെട്ടെന്നവൻ പോയി. സ്വപ്നം ഇങ്ങിനെ തുടരുന്നു. പിന്നെ പലകമാനങ്ങളുള്ള ദീർഘചതുരാകൃതിയിലുള്ള ഒരു കെട്ടിടത്തിനുള്ളിൽ നിന്ന് പുറത്തേയ്ക്കിറങ്ങാൻ വാതിലിനടുത്തേക്ക് ആൾക്കൂട്ടത്തിനിടയിലൂടെ പതിയെ നീങ്ങുന്ന ഞാൻ . എല്ലാവരും പുറത്തിറങ്ങി വാഹനങ്ങളിൽ കയറി പറ്റാൻ തിടുക്കപ്പെടുകയാണ്. അപ്പോൾ വെള്ള ഷർട്ടും മുണ്ടും ധരിച്ച അപരിചിതന്റെ സൂക്ഷ്മദൃഷ്ടയിൽ ഞാൻ. എന്റെ കണ്ണുകളും ഗൗരവത്തോടെ കൂട്ടിത്തൊടുമ്പോൾ അതിനിടയിൽ മുഖം മുഴുവൻ പുച്ഛവും കുറ്റപ്പെടുത്തലുമായ് ചാർളി. അവനപ്പോഴും കയ്യിൽ ആ പേപ്പർ ചുരുട്ടിപ്പിടിച്ചിരുന്നു. അപ്പോൾ ആ നിമിഷം എന്റെ ജന്മാന്തരങ്ങളിലെ സുഹൃത്ത് ചാർളി എന്നെ മടുപ്പിച്ചു. ആഹ്ളാദത്തിന്റെ കൊടുമുടിയിൽ നിന്നുള്ള വീഴ്ച ആകെ തകർന്നു തരിപ്പണമാകുന്ന തരത്തിലായിരുന്നു.
ഒരു സ്വപ്ന സന്തോഷം പോലും എത്ര ക്ഷണികമാണ്. ആർക്കാണ് എന്നെങ്കിലും ഒരു പേജെങ്കിലും ഈ പുസ്തകം വായിച്ചു മനസ്സിലാക്കാനാകുക? കാലു വെന്ത പട്ടി പിന്നെയും ഓടിക്കയറുന്നത് തീക്കടയ്ക്കലേയ്ക്കാണ്. ഒരിയ്ക്കലും മമത കൊണ്ടോ സഹാനുഭൂതി കൊണ്ടോ അല്ല ഒരു ശ്രോതാവും സത്യാഭിമുഖമായ് നിന്ന് ആത്മകഥനം നടത്തുന്ന വക്താവിന് ചെവി കൊടുക്കുന്നത്. എവിടെ തന്റെ അജയ്യതയുടെ കൊടി നാട്ടാം എന്നു കണ്ടെത്താൻ മാത്രമാണ്. വിരൽ നീട്ടിത്തൊടാനാവാത്ത സുരക്ഷിത അകലങ്ങളിൽ നിന്ന് പരിചിതഭാവം നടിയ്ക്കുന്നത് കാരുണ്യമൊന്നുമല്ല, വെറും ലോകധർമ്മി അഭിനയ പാഠം. തിരിച്ചറിയപ്പെടാത്ത, തിരസ്ക്കരിയ്ക്കപ്പെട്ട വ്യക്തിസത്തയുടെ നിർമ്മമ പ്രതികരണങ്ങൾ തെല്ലിട എന്നിൽ വിഷാദം നിറച്ചു. ഏതോ പഴയ പുസ്തകത്തിലെ മുഷിഞ്ഞ താളുകൾ ഇവിടെ എടുത്തു വച്ചതു പോലെ ശിഥിലമായ കുടുംബ ബന്ധങ്ങളെക്കുറിച്ചും അവർ പറയുന്നുണ്ട്. പക്ഷേ ബന്ധനങ്ങളിൽ നിന്നെല്ലാം മുക്തി കൊടുത്ത് സഹജീവികളെ ദുർബ്ബലരായ ജീവാത്മാക്കളായി മാത്രം നോക്കിക്കാണുകയും കുറ്റപത്രങ്ങളൊന്നും എഴുതിച്ചേർക്കാതിരിയ്ക്കുകയും ചെയ്യുമ്പോൾ അവർ കുറേ
ചുവടുകൾ കൂടി സ്വതന്ത്രമായി സഞ്ചരിയ്ക്കുന്നു.
ഞാനോർക്കുകയായിരുന്നു ഇത്രയും തീവ്രമായ രചനാ വൈഭവവും സൂക്ഷ്മ വിശകലന ശീലവുമായ് അവർ നില്ക്കുന്നത് ഈ പച്ചത്തുരുത്തിനുപുറത്തുള്ള ഉഷ്ണ ഭൂമിയിലോ ശൈത്യഭൂമിയിലോ ആണെങ്കിൽ ആഘോഷിയ്ക്കപ്പെടുമായിരുന്നു. എടുത്തുയർത്തപ്പെടുമായിരുന്നു. ഒരു തവണ സ്വന്തം ശബ്ദം പുറത്തു കേൾപ്പിയ്ക്കേണ്ട ബാദ്ധ്യതയേ അവർക്കുണ്ടാകുമായിരുന്നുള്ളൂ. പിന്നെയൊരു സംഘഗാനമായി എല്ലാവരിലും നിറഞ്ഞ് എല്ലാ വായനയിടങ്ങളിലും വർത്തമാനശകലങ്ങളിലും പതഞ്ഞുയരുന്നതായേനെ അവരുടെ ആശയലോകം. പക്ഷേ നിശ്ശബ്ദതയുടെ ഒളികെട്ട ഒന്നിനും പാകമാകാത്ത ഒരു പിൻമാറ്റത്തിന്റെ പുതപ്പ് എപ്പോഴും സൂക്ഷിയ്ക്കുന്നവർക്ക് ഈ നർത്തക സംഘത്തിൽ ചേരുക സാദ്ധ്യമല്ല. അവരുടെ ഗീതം ഒരേകഭാവനയായ് ആരും കേൾക്കാതെ മൗനത്തിൽ ലയിയ്ക്കുകയേയുള്ളൂ. വായനയവസാനിച്ചപ്പോൾ ഇത്തരമൊരു നിരാശയിൽ നിന്നുണ്ടായ നിസ്സംഗത എന്നിൽ തലയുയർത്തി. എന്തു പറഞ്ഞാണവസാനിപ്പിയ്ക്കുക ? ഈ പുസ്തകം വീണ്ടും വീണ്ടും വായിയ്ക്കണമെന്നോ, ഇതിലെ എഴുത്തുകാരിയെ മനസ്സിലാകും വരെയെന്നോ ? ഞാനീ വായനാ വിചാരം മുഴുമിപ്പിയ്ക്കുന്നില്ല. ജീവിതത്തെ വിശകലനം ചെയ്തു തീർക്കാനാവാത്തതു പോലെ ഈ പുസ്തകവും അസാധാരണ വെല്ലുവിളികൾ മുന്നോട്ടു വയ്ക്കുന്നുണ്ട്. ഒരിയ്ക്കലും കീഴടക്കപ്പെടാത്ത തിരിച്ചറിയപ്പെടാത്ത ഭൂവിഭാഗം പോലെ ഈ ആശയലോകവും നിലനില്കട്ടെയെന്നും യഥാർത്ഥ വായനക്കാരനുള്ള കൈ ചൂണ്ടിയായി ഈ നിരൂപണക്കുറിപ്പ് വഴിയരുകിൽ നാട്ടുക എന്നും പറഞ്ഞവസാനിപ്പിച്ചു ഞാൻ .
അയാൾ പറഞ്ഞ ദിവസം തന്നെ ലേഖനം വാങ്ങാൻ വന്നു. എനിയ്ക്കെഴുതാൻ കഴിഞ്ഞില്ലെന്നു പറയുമ്പോൾ അയാളുടെ മുഖത്തു നോക്കാതിരിയ്ക്കാൻ ശ്രദ്ധിച്ചു ഞാൻ. ആ പുസ്തകം അയാളുടെ കൈകളിലേക്ക് കൊടുക്കുമ്പോൾ ആഗ്രഹിയ്ക്കാതെ മറ്റൊരാൾക്കു മുന്നിൽ സ്വയം വെളിപ്പെടുമ്പോഴുള്ള ജാള്യതയായിരുന്നു ഉള്ളിൽ. 'മറ്റൊരിയ്ക്കൽ ഞാനെഴുതാം, ഇപ്പോഴല്ല ' ഞാനയാൾക്ക് ഒരുറപ്പു കൊടുത്തു. വിശ്വാസം വരാത്ത ഭാവത്തിൽ ഒന്നു നോക്കി അയാൾ തിരിച്ചു നടക്കുമ്പോൾ ആ പഴകിയ നിസംഗതയിലേയ്ക്ക് ഉൾവലിഞ്ഞ് നരച്ച ആകാശങ്ങൾ മാത്രം തിരയുന്ന എന്റെ കണ്ണുകളിൽ ഒരു വായനാനുഭവത്തിന്റെ പച്ചപ്പു നിറഞ്ഞു നില്പുണ്ടായിരുന്നു.
8. സ്വപ്നസന്നിഭം
തിരക്കിട്ട് ഇറങ്ങിയതാണ്.
യാത്രാ വാഹനങ്ങൾ
കുറച്ചേയുള്ളൂ ഈ വഴിക്ക്.
ഇങ്ങോട്ടു താമസം മാറിയതിൽപ്പിന്നെ
എപ്പോഴും ഉത്ക്കണ്ഠകളും ആവലാതികളുമാണ്. ഒന്നും ശരിയാവുന്നില്ല എന്ന വ്യാകുലതയും.
ഇപ്പോൾ ഒരു ബസ് കിട്ടിയാലേ
ജോലി സ്ഥലത്ത് കൃത്യമായി എത്തൂ.
പെട്ടെന്ന് ഒരു ലൈൻ ബസ് വന്നു നിന്നു.
ഞാൻ ആവേഗത്തോടെ
കയറുകയും ചെയ്തു. മാത്രമല്ല
ഒരൊഴിഞ്ഞ സീറ്റിൽ ഇരിക്കുകയും
അതുവരെ അനുഭവിച്ച പിരിമുറുക്കങ്ങളെല്ലാം ഒന്നുകൂടി
അയവിറക്കി കൃത്യമായ അനുഭവങ്ങളാക്കി അടുക്കി വയ്ക്കുകയും ചെയ്തിട്ടാണ് ചുറ്റുപാടും
കണ്ണോടിക്കുന്നത്. ബസിനെന്തോ ഒരു പ്രത്യേകതയുണ്ടല്ലോ എന്നാദ്യം തോന്നി.
ബസ് ഒരു തുറന്ന വേദി പോലെയായിരുന്നു. ലോംഗ് സീറ്റുകളല്ല. ഉറപ്പിയ്ക്കാത്ത കസേരകളാണ് ഇരിപ്പിടങ്ങൾ. അവിടവിടെ
വട്ടത്തിൽ കസേരകളിട്ട് ആളുകൾ
ഇരിക്കുന്നു. എല്ലാവരുടേയും മുഖത്ത്
ചായം തേച്ചിട്ടുണ്ട് . സ്ത്രീകളും പുരുഷന്മാരും കുട്ടികളും അടങ്ങിയ ഒരു ആൾക്കൂട്ടം. മൂന്നു കുട്ടികൾ കസേരയുടെ അരികിൽ നിലത്തിരുന്ന് എന്നെ കൗതുകത്തോടെ നോക്കുന്നു. എനിക്ക്
വല്ലാത്ത ഒറ്റപ്പെടൽ അനുഭവപ്പെടാൻ തുടങ്ങിയതപ്പോഴാണ് . അതൊരു നാടക സംഘമാണെന്നു തോന്നി. ചിലരൊക്കെ
സംഭാഷണം ഉറക്കെ പറഞ്ഞു പഠിക്കുന്നുണ്ടായിരുന്നു. പക്ഷേ എല്ലാവരിലും ഒരന്യത , അതു വ്യക്തമായിരുന്നു. അവരിൽ ഒരു പെൺകുട്ടി
അത്ര ആകർഷകമൊന്നുമല്ലാത്ത കൂർത്ത
എലിമുഖമുള്ള പെൺകുട്ടി - അവൾ അല്പം അനുതാപം കാട്ടി. തെറ്റുപറ്റി എന്നെന്നെ
മനസ്സിലാക്കിത്തരുന്ന ഒരു നോട്ടം അവളിൽ ഞാൻ കണ്ടു. എന്നാൽ അവരെപ്പറ്റിയൊന്നും ഞാനറിയേണ്ടെന്നു
തന്നെയാണ് അവളുടേയും ഭാവം.
പക്ഷേ എനിക്കു പോകേണ്ടയിടത്തേയ്ക്കുള്ള ബോർഡ്
ബസിനുണ്ടായിരുന്നുവെന്ന്
ഞാനവളോട് പറഞ്ഞു നോക്കി. ഇല്ല എന്ന ഒറ്റവാക്കിൽ അവൾ സംസാരം
നിർത്തി. ആരും എന്നോടൊന്നും മിണ്ടാൻ ഭാവമില്ലെന്നു വ്യക്തം. വല്ലാത്ത അപമാനവീകരണവും അസ്വസ്ഥതയും തിങ്ങിനിറയുന്നുണ്ടായിരുന്നു. പ്രതികരിക്കാനാവാത്ത നിസ്സഹായതയും. ബസ് ഓടാൻ തുടങ്ങിയിട്ട് കുറേ
നേരമായെന്നു തോന്നി. വഴിയുടെ ഇരുവശവും എനിക്കൊട്ടും പരിചയം തോന്നിയില്ല. ഇടയ്ക്കെവിടേയും വണ്ടി
നിറുത്തുകയോ ആരും കയറുകയോ ഇറങ്ങുകയോ ഉണ്ടായില്ല. അപ്പോഴും
എനിക്കു ഭയം തോന്നിത്തുടങ്ങിയിരുന്നില്ല. പിന്നെ ഞാനെണീറ്റ് എനിക്കു മുഖം തന്ന
പെൺകുട്ടിയുടെ അരികിലെത്തി. അവൾ
ഉടനേ കുറേ ലഗ്ഗേജുകൾക്കിടയിൽ നിന്ന് എന്റെ ബാഗും പേഴ്സും ഫോണും എടുത്തു കയ്യിൽ തന്നപ്പോഴാണ്
അവയൊന്നും എന്റെ കയ്യിലില്ലായിരുന്നു
എന്നോർമ്മ വരുന്നത്. അപ്പോൾ ചേരാത്ത ഭാഗം ഒട്ടിച്ചു ചേർത്ത പോലെ ജനാലയിലൂടെ കണ്ടു മറഞ്ഞ ദൃശ്യം ഞാൻ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ ഓഡിറ്റോറിയമാണ് . അവിടെ നിന്ന് എന്റെ ഒരു സഹപ്രവർത്തകൻ സദസിനോട് സംസാരിക്കുകയാണ്.
ശബ്ദ ഗാംഭീര്യത്തിന് എല്ലാവരാലും
അഭിനന്ദിക്കപ്പെടുന്നയാൾ എനിക്കൊരു
സൂചകമായി പ്രവർത്തിക്കുന്നതു പോലെ തോന്നി. ഉടനേ ബസ് നിന്നു. ഇറങ്ങിക്കോളൂ എന്ന നിർദ്ദേശവും വന്നു. ഇതിനിടെ മറ്റൊരാകാംക്ഷ എന്നെ ഭരിക്കാൻ തുടങ്ങി. എന്റെ ബാഗിൽ
എന്റേതല്ലാത്ത ചാരനിറത്തിലുള്ള ഒരു തുണിസഞ്ചി കൂടി കാണുന്നു. എന്താണത്? തുറന്നു നോക്കണോ ഇവിടെ കളയണോ -
ഒരു തർക്കം ഉള്ളിൽ പെരുക്കുമ്പോൾ
ബസ് പൊയ്ക്കഴിഞ്ഞിരുന്നു. ബസ്സിൽ നിന്ന് മുഖം മൂടിയണിഞ്ഞ ഒരു പാടു മുഖങ്ങൾ എന്നെ നോക്കി കൈ വീശുന്നു..
ഓഫീസിലേക്കു കയറുമ്പോൾ
അത്ഭുതവും അമ്പരപ്പുമായിരുന്നു
മനസ്സിൽ . പ്രിയപ്പെട്ട കൂട്ടുകാരിയോട്
മുഴുവനും വിസ്തരിച്ചു
പറയണമെന്ന ആവേശവും ഉണ്ടായിരുന്നു. അവൾ ലീവ്. പതിവുപോലെ
അന്നത്തെ ഓഫീസ് ഫയലുകളിൽ കണ്ണും മനസ്സും.
അതിനിടെ പ്രഭാതയാത്രാ വിസ്മയങ്ങളെപ്പറ്റിയുള്ള
ചിന്തകളുടെ ഗതിമാറി. പിന്നെ വൈകുന്നേരം വീട്ടിലെത്തി തിരക്കുകളെല്ലാം ഒതുക്കി ഒട്ടു
വിശ്രാന്തിയിലെത്തിയപ്പോഴാണ്
രാവിലെ എങ്ങിനെ പോയി
എന്നൊരു പതിവില്ലാച്ചോദ്യവുമായി പതി
അവതരിച്ചത്. അത് -
പറയാൻ തുടങ്ങിയതാണ്. ആ സമയത്ത് ബസൊന്നും
ഉണ്ടായിരുന്നില്ല. ഞാനുടനേ ഇറങ്ങിയിരുന്നു. പക്ഷേ സ്റ്റോപ്പിൽ കണ്ടില്ലല്ലോ. ആരുടെയെങ്കിലും
ലിഫ്റ്റ് കിട്ടിയോ - എന്ന ചോദ്യത്തുടർച്ചയിൽ ഞാൻ ഒടുങ്ങി ബസൊന്നും ആ സമയത്തില്ലേ -
എന്നൊരു ചോദ്യം
ചോദിക്കുക മാത്രമാണ് ചെയ്തത്. ഇല്ല. പിന്നേയും 1 മണിക്കൂർ കഴിയണം
നഗരത്തിലേക്ക് ഒരു ബസു വരാൻ. ങേ, പക്ഷേ -
വീണ്ടും പറയാൻ തുടങ്ങിയതാണ്. അപ്പോൾ വർത്തമാനം തുടങ്ങിയയാൾ മതിയാക്കി പൊയ്ക്കഴിഞ്ഞിരുന്നു. ഞാൻ വീണ്ടും രാവിലത്തെ യാത്രാ വിസ്മയത്തിൽ ഉറഞ്ഞു കിടന്നു.
ആ വാഹനത്തിലെ സീറ്റുകൾ ഒക്കെ ഒരിടത്തും ബന്ധിക്കാതിരുന്നിട്ടും
ഇളകാതിരുന്നത് ഇപ്പോഴാണ് ഓർക്കുന്നത്. ഡ്രൈവറേയും ഞാൻ കണ്ടിരുന്നില്ല. യഥാർത്ഥത്തിൽ ആ വാഹനം സഞ്ചരിച്ചിരുന്നോ? അതോ വഴിയരികിലെ ഒരു നാടക റിഹേഴ്സൽ ക്യാമ്പിൽ ഞാൻ കയറി നോക്കിയതാണോ - പക്ഷേ ഞാൻ
ഓഫീസിൽ എത്തിയല്ലോ.. പെട്ടെന്നാണ്
ഫോണടിച്ചത്. ഓഫീസിലെ എന്റെ അടുത്ത കൂട്ടുകാരിയുടെ വിളിയാണ് . 'രാവിലത്തെ പ്രോഗ്രാമിന് കണ്ടില്ലല്ലോ. വനിതാകമ്മീഷനംഗം പങ്കെടുത്തിരുന്നു.
നല്ല പ്രോഗ്രാം. എന്തു പറ്റി?' 'ഞാനിത്തിരി വൈകി എത്താൻ ' എന്നു പറഞ്ഞൊഴിഞ്ഞപ്പോൾ എന്നിട്ടെവിടെപ്പോയി? ഞാനന്വേഷിച്ചു സീറ്റിൽ വന്നിരുന്നു , ലീവായിരിക്കാം എന്നാണ് എസ്. ഒ പറഞ്ഞത്.' തുടങ്ങിയ ചോദ്യങ്ങൾ, നിഗമനങ്ങൾ . 'അതേ, പെട്ടെന്നു മടങ്ങേണ്ടി വന്നു . കടുത്ത തലവേദനയും ശ്വാസം മുട്ടലും.' പിന്നെയും
നുണ പറഞ്ഞു. സോക്ടറെക്കണ്ടില്ലേ മരുന്നു കഴിച്ചോ
തുടങ്ങിയ അന്വേഷണപ്പെരുമഴക്കൊപ്പം
എങ്കിൽ വിശ്രമിച്ചോളൂ എന്ന അനുശാസനം മറയാക്കി വേഗം ഫോൺ വച്ചു. എന്നാലും ഒരു മണിക്കൂർ യാത്രയിൽ എനിക്കെന്നെ നഷ്ടപ്പെട്ടിരിക്കുമോ? രൂപവും ഭാവവും ഇല്ലാതായിരിക്കുമോ? പിന്നെ ഓഫീസിലും
ഞാനുണ്ടായിരുന്നില്ലേ.. എവിടേയും പോകാതെ ഇവിടെത്തന്നെ ഉണ്ടായിരുന്നോ ഞാൻ? വല്ലാതെ സങ്കീർണ്ണമായ മനസോടെയാണ് ഉറങ്ങാൻ കിടന്നത്. അനുഭവങ്ങളൊക്കെ
സ്വപ്നമായി മാറുന്ന മാദ്ധ്യമത്തിലേക്ക് ,
ഉറക്കത്തിലേയ്ക്ക് വീണു പോകുന്നതും
വിഷമപ്രശ്നങ്ങളുടെ കുരുക്കഴിയുന്നതും
വീണ്ടും വീണ്ടും സങ്കല്പിച്ചു കൊണ്ട്
അവൾ മറ്റൊരു സ്വപ്നത്തിലേയ്ക്ക് നടന്നു തുടങ്ങി.